മനസ്സും സമാധാനവും മനുഷ്യന് എന്നും വേണം

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍

പ്രമുഖ ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കോയ്ലോ തന്‍റെ വിഖ്യാതമായ ആല്‍ക്കമിസ്റ്റില്‍ ഉദ്ധരിക്കുന്ന ഒരു കഥയുണ്ട്. ഒരു സമ്പന്നനായ കച്ചവടക്കാരന്‍ അയാളുടെ മകനെ സന്തോഷത്തിന്‍റെയും മനസ്സമാധാനത്തിന്‍റെയും രഹസ്യമെന്തന്നറിഞ്ഞുവരാന്‍ അക്കാലത്തെ ഏറ്റവും പ്രമുഖനായ ഒരു ജ്ഞാനിയുടെ അരികിലേക്കയച്ചു. ഏതാണ്ട് 40 നാളോളം അവന്‍ മരുഭൂമിയില്‍ അലഞ്ഞു നടന്നു. ഒടുവില്‍ പിതാവ് പറഞ്ഞ ജ്ഞാനിയുടെ വാസസ്ഥലം കണ്ടുപിടിച്ചു. ഒരു കുന്നിന്‍ മുകളിലെ അതിമനോഹരമായൊരു കൊട്ടാരം. അകത്തു ചെന്നപ്പോള്‍ അതിലും വലിയ വിസ്മയം! !ഒരു ഭാഗത്ത് ഗാനമേള, അതി സമൃദ്ധമായ വിരുന്നു മേശ, ഏല്ലാ നിലക്കും സര്‍വ്വ ആഢംബരങ്ങളും നിറഞ്ഞ കൊട്ടാരം.

അവന്‍ തന്‍റെ വരവിന്‍റെ ഉദ്ദേശ്യം ജ്ഞാനിയെ അറിയിച്ചു. അദ്ദേഹത്തിന്‍റെ മറുപടി: ‘സന്തോഷത്തിന്‍റെ രഹസ്യമറിയണമല്ലേ, തല്‍ക്കാലം അല്‍പ്പം തിരക്കുണ്ട്. പോയി എന്‍റെ കൊട്ടാരമൊക്കെ ഒന്നു ചുറ്റിക്കണ്ടവു വരൂ’.

ഒരു ചെറിയ സ്പൂണെടുത്ത് അവനു നേരെ നീട്ടി. അതില്‍ രണ്ടു തുള്ളി എണ്ണയുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ‘നടക്കുമ്പോള്‍ എണ്ണ തുളുമ്പാതെ നോക്കണം’.

കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയും ഇറങ്ങിയും അവന്‍ നേരം കഴിച്ചുകൂട്ടി. പക്ഷേ, മനസ്സ് മുഴുവന്‍ ആ സ്പൂണിലെ എണ്ണയിലായിരുന്നു.  തുളുമ്പിപ്പോകരുതല്ലോ. അവന്‍ വീണ്ടും ജ്ഞാനിയുടെ അടുത്തെത്തി.

കൊട്ടാരത്തിലെ സൗകുമാര്യതയെപ്പറ്റി ജ്ഞാനി അഭിപ്രായമാരാഞ്ഞു. യഥാര്‍ത്ഥത്തില്‍ കൊട്ടാരത്തിന്‍റെ അത്ഭുത ദൃശ്യം അവന്‍റെ മനസ്സില്‍ പതിഞ്ഞിരുന്നില്ല. സ്പൂണിലെ എണ്ണയിലായിരുന്നു ശ്രദ്ധ മുഴുവനും. അവന്‍ ജ്ഞാനിയുടെ മുന്നില്‍ കുറ്റസമ്മതം നടത്തി. ഒന്നുകൂടി പോയി എല്ലാം വിസ്തരിച്ചു കണ്ടുവരൂ. ജ്ഞാനി വീണ്ടും അവനെ അയച്ചു. അപ്പോഴും കൈയിലുണ്ടായിരുന്നു സ്പൂണും എണ്ണയും. അവന്‍ എല്ലാം വിസ്തരിച്ചു കണ്ടു. ഉദ്യാനങ്ങള്‍, പൂക്കള്‍, തടാകങ്ങള്‍. വീണ്ടും ജ്ഞാനിയുടെ മുന്നിലെത്തി. കണ്ട കഥകള്‍ പറഞ്ഞു. പക്ഷേ, ജ്ഞാനി ചോദിച്ചു: ‘ ഞാന്‍ നിന്‍റെ കൈയിലേല്‍പ്പിച്ച എണ്ണയെവിടെ?’ അപ്പോഴാണവന്‍ കൈയില്‍ പിടിച്ചിരുന്ന സ്പൂണിലേക്ക് നോക്കിയത്, അത് തികച്ചും ശൂന്യമായിരുന്നു. ജ്ഞാനി പറഞ്ഞു: ‘ ഈ ലോകത്തെ സുഖങ്ങളും സൗകര്യങ്ങളും ആസ്വദിച്ചുകൊള്ളൂ. അപ്പോഴും കൈവശമുള്ള സ്പൂണും അതിലെ രണ്ടു തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം. അതു തന്നെയാണ് സന്തോഷത്തിന്‍റെയും മനസ്സമാധാനത്തിന്‍റെയും രഹസ്യം’.

 മനസ്സമാധാനം നല്‍കുന്ന ഘടകങ്ങളെക്കുറിച്ച് നിലവിലുള്ള കാഴ്ചപ്പാടുകളിലെ സത്യത്തിന്‍റെയും മിഥ്യയുടെയും സ്വാംശീകരണവുമായി ബന്ധപ്പെട്ട് ഈ കഥ വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്.

പുതിയ ലോകക്രമം പുരോഗമനത്തിന്‍റെയും വികസനത്തിന്‍റെയും ബാക്കിപത്രമാണ്. സാങ്കേതിക വിദ്യകളെയും ശാസ്ത്രീയ പദ്ധതികളെയും ഉപയോഗപ്പെടുത്തി മുന്‍കാലങ്ങളേക്കാള്‍ അതിശക്തമായ കുതിച്ചു ചാട്ടമാണ് മനുഷ്യ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു സാമ്പത്തിക ജീവിയായി എല്ലാം കൈപ്പിടിയിലൊതുക്കിയെന്നഹങ്കരിക്കുമ്പോഴും ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്നു. ഭൗതിക ജീവിതത്തിന്‍റെ തള്ളിക്കയറ്റത്തില്‍ മനസ്സമാധാനം എന്നത് പ്രഹേളികയായി തുടരുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഈ പ്രതിസന്ധികള്‍ കൂടുകെട്ടിയ കാലുഷ്യം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് മനസ്സമാധാനവും ശാന്തിയും തേടിയുള്ള യാത്രകളും അന്വേഷണങ്ങളുമാണ് പുതിയ കാലത്തെ വര്‍ത്തമാനം.

മനസ്സംഘര്‍ഷങ്ങളികപ്പെട്ടു കഴിയുന്ന മനുഷ്യന് മുമ്പില്‍ സാമ്പത്തിക നേട്ടങ്ങളോ വൈജ്ഞാനിക വിപ്ലവങ്ങളോ പരിഹാരം നിര്‍ദ്ദേശിക്കുന്നില്ലെന്നത് ഈ മുന്നേറ്റങ്ങള്‍ അപൂര്‍ണ്ണമാണെന്നതിനെ വിളിച്ചറിയിക്കുന്നു. സമൂഹത്തിന്‍റെ മനസ്സമാധാനത്തിന് വേണ്ടിയുള്ള അന്വേഷണങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെയും ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മേലുള്ള കാപട്യം നിറഞ്ഞ സങ്കല്‍പ്പങ്ങളെയും ആലോചനയ്ക്കു വിധേയമാക്കേണ്ടത് കാലം തേടുന്ന അനിവാര്യതയാണ്.

മനശ്ശാന്തിയുടെ വഴിയും വര്‍ത്തമാനവും

കാലനൈരന്തര്യങ്ങളിലൊക്കെയും ശാന്തിയും സമാധാനവും ഭൂമിയില്‍ സ്ഥാപിക്കാന്‍ അല്ലാഹു അവന്‍റെ ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. മാനവികതയുടെ സുന്ദര ആശയങ്ങളാണ് ഈ പ്രവാചകന്മാര്‍ പ്രബോധനം ചെയ്തത്. നൈമിഷിക സുഖാസ്വാദനമെന്നതിലുപരി ഇഹപര ശാന്തി ലക്ഷ്യം വെച്ചുള്ളതാവുന്നു പ്രവാചകന്മാരുടെ കര്‍മപദ്ധതികള്‍. അതിഭാവുകത്വത്തിന്‍റെ കാഴ്ചപ്പാടുകളില്ലാതെ തികച്ചും പ്രകൃതിപരമായ ഇടപെടലുകളിലൂടെ ഭൂമിയില്‍ ധര്‍മവും സമാധാനവും നിലനിര്‍ത്തുകയെന്ന ആത്യന്തിക ലക്ഷ്യമായിരുന്നു അവര്‍ക്കു മുന്നില്‍.

ഈ പാതയില്‍ നിന്ന് സമൂഹം സഹജമായ പിന്‍മാറ്റങ്ങള്‍ നടത്തുമ്പോള്‍ തുടരെ പ്രവാചകന്മാരെ അയച്ച് അല്ലാഹു യഥാര്‍ത്ഥ ശാന്തിയും ആത്യന്തിക സമാധാനവും നടപ്പിലാക്കാനുള്ള മാര്‍ഗങ്ഹള്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) വരെയുള്ള പരമ്പര ഏറ്റെടുത്തു നടത്തിയത് ഈ ദൗത്യമായിരുന്നു. ഈ ദര്‍ശനങ്ങളുടെ തുടര്‍ച്ചകള്‍ വഴിയാണ് ആത്മീയതയുടെ നല്ല വശങ്ങളിലൂടെ സമൂഹ മനസ്സുകള്‍ ആത്യന്തിക സമാധാനത്തിന്‍റെ വഴിയറിഞ്ഞത്.

എന്നാല്‍, ഇതോടൊപ്പം തന്നെ ചരിത്രത്തിലുടനീളം സമാധാനം പകരാനുള്ള കൃത്രിമ ശ്രമങ്ങളും അപരവല്‍ക്കരണവും നടന്നിട്ടുണ്ടെന്നതും സത്യമാണ്. പ്രവാചകന്മാര്‍ നډയിലേക്ക് വഴി നടത്തിയപ്പോള്‍ തന്നെ ശാന്തിയുടെ കൃത്രിമ ഗീതങ്ങളും കപടവാദങ്ങളും അരങ്ങേറിയിട്ടുണ്ട്. റബ്ബില്‍ ഭരമേല്‍പ്പിച്ച് ജീവിതം നയിക്കാനുള്ള അധ്യാപനങ്ങളെ മറികടന്ന് സമൂഹത്തിന്‍റെ ആത്മീയ ജീവിതത്തില്‍ പൗരോഹിത്യ വര്‍ഗം കൃത്രിമമായി ഇടപെടുകയും സമാധാനത്തിന്‍റെ തെറ്റായ വശങ്ങളിലേക്ക് നയിക്കുകയും ചെയ്ത രംഗങ്ങള്‍ ചരിത്രത്തില്‍ സുവിദിതമാണ്.

 ആധുനിക ദശയിലും അഭംഗുരം തുടരുന്നു. മനസ്സമാധാനത്തിന്‍റെയും ശാന്തിയുടെയും പുകമറ തീര്‍ത്ത് മനുഷ്യരുടെ അന്വേഷണങ്ങളെ വഴിതിരിച്ചു വിടുന്ന ശ്രമങ്ങളെ നമുക്കൊന്ന് വിലയിരുത്തേണ്ടതുണ്ട്.

ധ്യാന കേന്ദ്രങ്ങളും ആള്‍ദൈവങ്ങളും ഈ വഴിയില്‍ നൈമിഷിക സുഖാസ്വാദനങ്ങള്‍ വിറ്റഴിച്ച് ആത്യന്തിക സമാധാനത്തിനു നേരെ കണ്ണടക്കുന്ന രീതിയാണ് പിന്തുടരുന്നത്. മനുഷ്യ മനസ്സിന്‍റെ ചാപല്യങ്ങളെ വിറ്റു കാശാക്കുന്ന വാണിജ്യ താല്‍പര്യമുള്ള ഈ ആത്മീയ ചൂഷകരുടെ വാദങ്ങളെ കീറിമുറിച്ച് വിലയിരുത്തി മനസ്സമാധാനത്തിന്‍റെ യഥാര്‍ത്ഥ വഴികള്‍ ഏതെന്നു തിരിച്ചറിയുക എന്നതായിരിക്കും ഇവിടെ ഉചിതമായിട്ടുള്ളത്.

സന്യാസ കേന്ദ്രമായി പരിണമിച്ച ആശ്രമങ്ങളും മഠങ്ങളും അവയുടെ ആദ്യാത്മിക ആവശ്യ നിര്‍വ്വഹണത്തില്‍ പരാജയപ്പെടുകയും കാലാന്തരത്തില്‍ അവ സ്ഥാപനങ്ങലായി മാറുകയും ചെയ്ത രംഗങ്ങളാണ് പില്‍ക്കാലത്ത് ഇന്ത്യയില്‍ കണ്ടത്. ധ്യാനവും സന്യാസത്തെപ്പോലെ ബുദ്ധ ദര്‍ശനത്തില്‍ നിന്ന് ഹിന്ദു ധര്‍മ്മത്തിലേക്ക് പ്രവേശിച്ച ഒന്നാണ്. ബുദ്ധ ധര്‍മ്മാനുയായി എന്ന നിലയില്‍ പ്രസിദ്ധനായ പദാജ്ഞലി മഹര്‍ഷിയുടെ പാതാജ്ഞലയോഗ സൂത്രം എന്ന ഗ്രന്ഥത്തിലാണ് ധ്യാനത്തിന്‍റെ വിശദീകരണങ്ങള്‍ കാണുന്നത്.

ബുദ്ധ സന്യാസിമാര്‍ അനുഷ്ഠിച്ചിരുന്ന നിശ്ചേതനാ സമ്പ്രദായവും സെന്‍ ബുദ്ധിസ്റ്റുകള്‍ പിന്തുടര്‍ന്നിരുന്ന ധ്യാന രീതികളും അവലംബിച്ചാണ് ഹിന്ദു സന്യാസിമാര്‍ ധ്യാനത്തെ വികസിപ്പിച്ചത്. സന്യാസ മഠങ്ങളും ആശ്രമങ്ങളും ധ്യാന പരിശീലന കേന്ദ്രങ്ങളായി പരിവര്‍ത്തിക്കപ്പെടുകയും പുതിയ കാലത്ത് ആത്മീയ ചൂഷണോപാധിയും മനസ്സമാധാനം നല്‍കുന്ന പ്രധാന ഘടകവുമായി ധ്യാനം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ശ്രീരാമ ചന്ദ്രമിഷന്‍, ചിന്മയാ മിഷന്‍, ബ്രഹ്മകുമാരി ആര്‍ട് ഓഫ് ലിവിംഗ് തുടങ്ങിയ കേന്ദ്രങ്ങള്‍ ധ്യാനത്തിന്‍റെ കച്ചവട സാധ്യത നല്ലപോലെ ഉപയോഗിക്കുന്നവരാണ്. വ്യാജമായ പല മഹത്വങ്ങളും കെട്ടിച്ചമച്ചാണ് ധ്യാനത്തിന്‍റെ പേരില്‍ പല കേന്ദ്രങ്ങളും പിടിച്ചു നില്‍ക്കുന്നത്.

‘ധ്യാനങ്ങള്‍ മനസ്സിനും ബുദ്ധിക്കും ആത്മാവിനും വളര്‍ച്ചയും സമാധാനവും നല്‍കുന്നു. മസ്തിഷ്കത്തിലെ സൂക്ഷ്മോ കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ബുദ്ധിപരമായ പല ശേഷികളും നല്‍കുന്ന ആത്മീയ അദ്ധ്യാത്മിക ശക്തികളെ ഉണര്‍ത്തുന്നു. ദിവ്യത്വവും ആധ്യാത്മിക പുരോഗതിയുമുണ്ടാക്കുന്നു. മനഃശ്ശാന്തിയും സമാധാനവും സൃഷ്ടിക്കുന്നു’. (ധ്യാനം, അതിന്ദ്രീയതയുടെ വാതായനം. പേജ് 32 അഭൗമാനന്ദ)ധ്യാന കേന്ദ്രങ്ങളുടെ വ്യാപന്തതിന് വേണ്ടി കൃത്രിമമായി നിര്‍മ്മിച്ചെടുത്ത വാദങ്ങളില്‍ ചിലതാണിവ.

യഥാര്‍ത്ഥത്തില്‍ മനുഷ്യ മനസ്സിന്‍റെയും മസ്തിഷ്കത്തിന്‍റെയും സാധ്യതകള്‍ ഉപയോഗിച്ച് മിഥ്യയായ ചില അവസ്ഥാന്തരങ്ങളില്‍ എത്തുന്നതാണ് ധ്യാനത്തിന്‍റെ നേട്ടമായി ചിത്രീകരിച്ചു കാണുന്നത്.

മൗനം, നിശ്ചലാവസ്ഥ, ശ്വസന നിയന്ത്രണം, മനസ്സിനെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചുള്ള ഏകാംഗ്രതാശ്രമം എന്നിവയിലൂടെ മനസ്സിന്‍റെയും ചിന്തയുടെയും ശേഷിയും സാധ്യതയും വര്‍ധിപ്പിക്കാനായേക്കാം. ചിന്തകളുടെ അലകള്‍ ശാന്തമാക്കിയാല്‍ മനസ്സിന് ശാന്തവും സ്വഛന്തവുമായ ഒരു അവസ്ഥയുണ്ടാവുക സ്വാഭാവികമാണ്. മനസ്സിന്‍റെ ചിന്തകളും ആശങ്കകളും അവസാനിപ്പിക്കുന്നത് മനസ്സമാധാനത്തിന്‍റെ താല്‍ക്കാലിക ഉപാധിയായിത്തീരാറുണ്ട്. നമുക്കിഷ്ടപ്പെട്ട ഗാനങ്ങള്‍ ആസ്വദിക്കല്‍, സുഹൃത്തുക്കളുമായി സംവദിക്കല്‍, നല്ല ദൃശ്യങ്ങളെ ആസ്വദിക്കല്‍ തുടങ്ങിയവയും താല്‍ക്കാലിക മനസ്സമാധാനം നല്‍കുന്നതു പോലോത്ത സാധ്യതകള്‍ മാത്രമാണ് ധ്യാനത്തിലും നിലനില്‍ക്കുന്നത്.

ധ്യാനത്തിന്‍റെ രീതി,  പശ്ചാത്തലം, സ്വഭാവം, സമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ക്ക് താല്‍ക്കാലിക മനശ്ശാന്തി ലഭിച്ചേക്കാമെങ്കിലും പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമായി ഇവ ഫലപ്രദമല്ല. ഈ രംഗത്തെ ശാശ്വത പരിഹാരം കൃത്യമായ വിശ്വാസത്തിന്‍റെയും കര്‍മത്തിന്‍റെയും ഫലമായി മാത്രമേ ലഭിക്കൂ. ധ്യാനം പോലോത്ത അവ്യക്തവും കൃത്രിമവുമായ മാര്‍ഗത്തിലൂടെ ശാശ്വത മനസ്സമാധാനം ലഭ്യമാവുകയില്ല. താല്‍ക്കാലികാനുഭവങ്ങളുടെ ആകത്തുകയെ ആത്യന്തിക മനശ്ശാന്തിയായി വിലയിരുത്തുന്നത് മാഢ്യം നിറഞ്ഞ കാഴ്ചപ്പാടിന്‍റെ ഭാഗമാണ്.

ആള്‍ദൈവം ചമഞ്ഞ് ആത്മശാന്തിയുടെ വിപണനം നടത്തുന്ന ആര്‍ട്ട് ഓഫ് ലിവിംഗും അമൃത?സായി ദര്‍ശനങ്ങളുമെല്ലാം ചൂഷണോപാധിയായി മനുഷ്യമനസ്സുകളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഞെളിഞ്ഞു നിന്ന് കണ്‍കെട്ട് വിദ്യകളിലൂടെ നിലനില്‍ക്കുന്ന സായി ദര്‍ശനവും വിശക്കുന്നവന്‍റെ മുന്നിലെ ദൈവം പണമാണെന്ന കാഴ്ചപ്പാടിനെ വക്രമായി ഉപയോഗപ്പെടുത്തി കോടികളുടെ ദുരിതാശ്വാസം നടത്തി ദൈവം മാതാ അമൃതാനന്ദമയിയും കെട്ടിച്ചമച്ച ഫലങ്ങള്‍ കൊണ്ടലങ്കരിച്ച് ഇന്ത്യന്‍ യോഗയിലെ പ്രാണയാമവും ഹിപ്നോട്ടിസം തന്ത്രങ്ങളും സമന്വയിപ്പിച്ച് രൂപം നല്‍കിയ ആര്‍ട്ട് ഓഫ് ലിവിംഗ് എന്ന ജീവനകലയും മനസ്സമാധാനത്തിന്‍റെ തെറ്റായ വശങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നത്. അതിഭാവുകത്വം നിറഞ്ഞ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അനുയായി വൃന്ദത്തിന്‍റെ അവബോധ രാഹിത്യത്തെ അധമത്വാധിഷ്ഠിത വിശ്വാസധാരയിലേക്ക് നയിക്കുകയാണ് ഈ ആത്മീയ ചൂഷകര്‍. ഇതിന്‍റെ അനന്തരമെന്നോണം ശാന്തിയന്വേഷിക്കുന്നവര്‍ മാലിന്യങ്ങളില്‍പ്പെട്ടുലഴുന്നു.

മനസ്സമാധാനത്തിന്‍റെ ഇസ്ലാമിക ഭാഷ്യം

ഈ പ്രത്യേക സാഹചര്യത്തില്‍ ഏതാണ് യഥാര്‍ത്ഥ ആത്മശാന്തിയും മനസ്സമാധാനമെന്നും അതിനു പാലിക്കേണ്ട ഘടകങ്ങളും വിശ്വാസധാരകളുമേതെന്നും നാമറിഞ്ഞിരിക്കേണ്ടതുണ്ട്. സംഘര്‍ഷങ്ങളിലകപ്പെട്ട് കേഴുന്ന മനസ്സുകള്‍ക്കു മുന്നില്‍ ആത്യന്തികവും ശാശ്വതവുമായ പരിഹാരം നിര്‍ദേശിക്കുന്നത് ഇസ്ലാം മാത്രമാണ്.

ഇലാഹീ ബോധമാണ് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളമുള്ള മനസ്സമാധാനത്തിന്‍റെ അടിത്തറ. ഈ രീതിയാണ് ഇസ്ലാം പിന്തുടരുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളുമായി ബന്ധപ്പെടുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന ദൃഷ്ടാന്തങ്ങളോരോന്നും ഇലാഹീ അസ്തിത്വത്തിന്‍റെ തെളിവുകളുമായി അവതരിപ്പിക്കുകയും കാലാകാലങ്ങളില്‍ പ്രബോധനം നിര്‍വഹിച്ച പ്രവാചകന്മാരുടെ ജീവിതവും സന്ദേശവും കൃത്യമായ മാനദണ്ഡങ്ങളാല്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുകയെന്നതാണ് ഇസ്ലാമിന്‍റെ നിര്‍ദേശം. ഇപ്രകാരം കരുണാവാനായ അല്ലാഹുവിലലിഞ്ഞു ചേരുക വഴി മനസ്സും ശരീരവും ശാശ്വത സമാധാനത്തിലെത്തിച്ചേരുകയും ചെയ്യുന്നു.

നാമം കൊണ്ടു തന്നെ ശാന്തിയും സമാധാനവും ഇസ്ലാം പ്രതിനിധീകരിക്കുന്നു. അല്ലാഹുവിന്‍റെ കാരുണ്യം സകല ജീവികളോടും ബന്ധപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്‍റെ കാരുണ്യം സകല ജീവികളോടും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സകല പ്രതിസന്ധി നിമിഷങ്ങളിലും ഈ കരുണയെ പ്രതീക്ഷിക്കുക വഴി മനസ്സുകള്‍ സമാധാനത്തിലെത്തിച്ചേരുന്നു.

എന്‍റെ കാരുണ്യം സര്‍വ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതാണ്. (സൂറത്തുല്‍ അഹ്റാഫ് : 156) “നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ എന്ന് പറയുക. കാരുണ്യം നിങ്ങളുടെ ബാധ്യതയായി നിങ്ങളുടെ നാഥന്‍ നിശ്ചയിച്ചിരിക്കുന്നു. അതായത്, നിങ്ങളില്‍ ആരെങ്കിലും അജ്ഞത മൂലം തിന്മ പ്രവര്‍ത്തിക്കുകയും പിന്നീടതിനു ശേഷം പശ്ചാത്തപിക്കുകയും പ്രവര്‍ത്തനം നന്നാക്കുകയും ചെയ്താല്‍ അവന്‍ അതെല്ലാം പൊറുക്കുന്നവനും മഹാകാരുണികനുമാകുന്നു.” (സൂറത്തുല്‍ അന്‍ആം : 54)

പാപപങ്കില ജീവിതം നയിച്ച് വ്യാകുലപ്പെടുന്നവരോട് ആത്മാവുമായ പശ്ചാതാപത്തിലൂടെ നിര്‍മല മനസ്കരായി സമാധാനത്തിലെത്തിച്ചേരാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. “പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമിം പ്രവര്‍ത്തിച്ച ദാസന്മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ ആശ മുറിയരുത്. നിശ്ചയം റബ്ബ് പാപങ്ങള്‍ പൊറുക്കുന്നവനാണ്.” (39:)

ആത്യന്തികമായി അല്ലാഹു കാരുണ്യവാനാണ്. ഈ കാരുണ്യത്തിന്‍റെ ആകെത്തുകയായ അല്ലാഹുവിനെ ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും മനസ്സില്‍ ധ്യാനിക്കേണ്ടതും സ്മരിക്കേണ്ടതും അടിമകളായ മനുഷ്യരുടെ ബാധ്യതാ നിര്‍വഹണത്തിന്‍റെ ഭാഗമാണ്.

അല്ലാഹു പറയുന്നു: “അതായത്, വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മകള്‍ക്കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരേ, ശ്രദ്ധിക്കുക, അല്ലാഹുവിനെപ്പറ്റിയുള്ള ഓര്‍മകള്‍ക്കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (റഅ്ദ് : 28)

സ്രഷ്ടാവായ അല്ലാഹുവിനെ സ്മരിക്കുന്നതു വഴി മാത്രമേ മനുഷ്യ മനസ്സുകള്‍ ആത്യന്തികവും ശാശ്വതവുമായ മനസമാധാനത്തിലെത്തിച്ചേരൂ എന്നാണ് ഈ ആയത്ത് സൂചിപ്പിക്കുന്നത്. മറ്റിതര കൃത്രിമത്വങ്ങള്‍ നിറഞ്ഞ ക്രയവിക്രയങ്ങള്‍ക്കൊണ്ട് ശാശ്വത സമാധാനത്തിലെത്താനാവില്ല.

പരസ്പരം കണ്ടുമുട്ടുമ്പോള്‍ പോലും സമാധാനത്തിന്‍റെ അഭിവാദനം കൊണ്ട് കല്‍പ്പിച്ച ഇസ്ലാം മനുഷ്യ മനസ്സിന്‍റെ ആത്മശാന്തിക്കും രക്ഷയ്ക്കുമായി ഒട്ടനവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. ജീവിത വ്യവഹാരങ്ങളില്‍ ഈ മാര്‍ഗ നിര്‍ദേശങ്ങളെ വിസ്മരിച്ചതാണ് സമൂഹ മനസ്സുകള്‍ സംഘര്‍ഷ ഭൂമിയായി മാറിയതിനുള്ള കാരണം. അശാന്തിയും അസ്വസ്ഥതകളും സൃഷ്ടിക്കുന്ന സംഗതികളെ അകറ്റി നിര്‍ത്തി സമൂഹത്തെ മനസ്സമാധാനത്തിന്‍റെ തീരത്തേക്കാനയിക്കുന്ന ചില കര്‍മപദ്ധതികളെ ഇവിടെ വിവരിക്കാം.

അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക.

ഭൂമിയിലെ ജീവിതം അല്ലാഹു നല്‍കിയതാണ്. ഇവിടെ അല്ലാഹുവിന്‍റെ പ്രതിനിധികളാണ് മനുഷ്യര്‍. അതുകൊണ്ടു തന്നെ നമ്മുടെ വ്യവഹാരങ്ങളില്‍ റബ്ബിന്‍റെ നിയമനിര്‍ദേശങ്ങ ക്കനുസരിച്ച് ജീവിക്കുകയും അവനില്‍ ഭരമേല്‍പ്പിച്ച് മുന്നോട്ടു പോവുകയും ചെയ്യുമ്പോള്‍ മനസ്സുകള്‍ക്ക് സങ്കടപ്പെടേണ്ടി വരില്ല. നബി(സ) പറയുന്നു: “നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ട വിധം ഭരമേല്‍പ്പിച്ചാല്‍ പക്ഷികള്‍ക്ക് അല്ലാഹു ഉപജീവനം നല്‍കുന്നതുപോലെ നിങ്ങള്‍ക്കും നല്‍കുന്നതാണ്. അവ രാവിലെ ഒട്ടിയ വയറുമായി പോകുന്നു. നിറഞ്ഞ വയറുമായി മടങ്ങുകയും ചെയ്യുന്നു”. (അഹ്മദ്, തിര്‍മുദി) തനിക്ക് ചെയ്യാനാവുന്നതൊക്കെ ഞാന്‍ ചെയ്തു എന്ന് ഒരു വിശ്വാസിക്ക് നിര്‍വൃതിയടയാന്‍ സാധിച്ചാല്‍ വല്ലാത്ത സ്വസ്ഥതയും ആശ്വാസവുമായിരിക്കും അനുഭവപ്പെടുക.

നിരാശയെ അകറ്റി നിര്‍ത്തുക.

പ്രയാസങ്ങളുണ്ടാവുമ്പോള്‍ നിരാശയിലകപ്പെടരുതെന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട്. ഖുര്‍ആന്‍ പറയുന്നു: “അല്ലാഹുവില്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്”. (12:87) പ്രയാസങ്ങളും പ്രതിസന്ധികളും റബ്ബിന്‍റെ പരീക്ഷണമാണെന്ന ബോധം വളരേണ്ടതുണ്ട്. റബ്ബിലുള്ള പ്രതീക്ഷ മനുഷ്യനെ നിരാശയില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. നിറഞ്ഞ ഖജനാവുകളുടെ ഉടമയായ അല്ലാഹുവാണ് തന്‍റെ രക്ഷകനും ആരാധ്യനുമെന്നു തിരിച്ചറിയുമ്പോള്‍ ആശ്വാസത്തിന്‍റെ തെളിനീരുകള്‍ മനസ്സുകളെ ആനന്ദതുന്ദിലമാക്കുന്നു.

അമിതവ്യയത്തെ പ്രതിരോധിക്കുക.

ജീവിതത്തില്‍ ധൂര്‍ത്തുകളില്ലെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നു നമുക്ക് രക്ഷപ്പെടാം. ആദാനത്തിനനുസൃതമായ പ്രദാനവുമാവുമ്പോള്‍ ജീവിതത്തില്‍ സുന്ദരമായി മുന്നേറാം. അല്ലാഹു പറയുന്നു: “നിന്‍റെ കൈ കഴുത്തിലേക്ക് കെട്ടപ്പെട്ടവനാവരുത് (പിശുക്കനാവരുത്), കൈ പാടേ നിവര്‍ത്തി വെക്കുകയുമരുത് (ധൂര്‍ത്തനാവരുത്). അങ്ങനെ ചെയ്താല്‍ നിന്ദിതനും ദുഃഖിതനുമായി ഇരിക്കേണ്ടി വരും.

 

 

1 Comment

Leave a Reply

Your email address will not be published.


*