സമസ്ത ഫത് വകള്‍ തെന്നിന്ത്യയിലെ മതവിധികളുടെ സുപ്രീം കോടതി

സയ്യിദ് മുഹമ്മദ് മുഹ്സിന്‍ ഹുദവി കുറുമ്പത്തൂര്‍

പുതിയകാലത്തെ സര്‍വകലാശാല ഗവേഷണങ്ങളില്‍ ഫത് വകള്‍ക്കും മുഫ്തിമാര്‍ക്കും പ്രത്യേക ഇടമുണ്ട്. യൂനിവേഴ്സിറ്റി ഓഫ് മലായയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ മതപഠന മേഖലയില്‍ നടന്ന പകുതിയിലധികം റിസേര്‍ച്ചുകളും ഫത്വകളില്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത തലങ്ങളെ സ്പര്‍ശിക്കുന്നതായിരുന്നു. കാരണം, ഫത്വകള്‍ കേവലം മതപരമായ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ മാത്രമല്ല, മറിച്ച് ഫത്വ ചോദിച്ചവരുടെയും (മുസ്തഫ്തി) ഫത്വ പുറപ്പെടുവിച്ചവരുടെയും (മുഫ്തി) സാമൂഹിക സാംസ്കാരിക ചുറ്റുപാടുകളിലേക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടി കൂടിയാണ്. ഫത് വകളില്‍ കാലത്തിനും സ്ഥലത്തിനും അഭിസംബോധനം ചെയ്യപ്പെടുന്നവര്‍ക്കും അനുസരിച്ച് മാറ്റങ്ങള്‍ സാധ്യമാണ്. അതുകൊണ്ട് മുസ്ലിം സമൂഹം വ്യത്യസ്ത ദേശങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ അനുവര്‍ത്തിച്ച ചടങ്ങുകളിലേക്കും മുന്‍ഗണനാ വിഷയങ്ങളിലേക്കും പിടിച്ചുലച്ച പ്രതിസന്ധികളിലേക്കു ഫത്വകള്‍ ചരിത്രപരമായി വിരല്‍ ചൂണ്ടും, നിര്‍ണായകമായ വിവരങ്ങള്‍ പകര്‍ന്നുതരും.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ കേരളീയ മുസ്ലിം പരിസരത്ത് സമസ്തയുടെ സാന്നിധ്യം സാധിച്ചെടുത്ത വികസനങ്ങളും പരിവര്‍ത്തനങ്ങളും അനിഷേധ്യമാണ്. കേരള മുസ്ലിംകള്‍ക്ക്  മതത്തിന്‍റെ ആധികാരിക ശബ്ദമായി നിലകൊണ്ട പ്രസ്ഥാനത്തിന്‍റെ ഫത് വകളും അവയുടെ സ്വാധീനവും വിസ്തരിച്ചുള്ള പഠനത്തിന് പ്രസക്തിയുള്ള ഇടങ്ങളാണ്.

സമസ്ത ഫത് വയുടെ ചരിത്രം

സമസ്തയുടെ ഫത് വകള്‍ക്ക് സമസ്തയോളം പഴക്കമുണ്ട്. ശൂന്യമായ ഒരു ചരിത്ര പശ്ചാതലത്തിലല്ല സമസ്തയുടെ ബീജാവാപം. പ്രത്യുത, വിശ്വാസപരമായും കര്‍മ്മശാസ്ത്രപരമായും പരമ്പരാഗത സമൂഹം നേരിട്ട സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ക്കുള്ള മറുപടിയെന്നോണമാണ് സമസ്ത പിറവിയെടുക്കുന്നത്. അതുകൊണ്ട്, തുടക്കം മുതല്‍ തന്നെ, വ്യത്യസ്ത വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയും വികലമായതിനെ കൃത്യമാക്കിയും പിഴവുകളെ  തിരുത്തിയും സമസ്ത ഫത് വകളും പുറപ്പെടുവിച്ചു. പലതും വ്യക്തികള്‍ക്കുള്ളതാണെങ്കില്‍ പലതും വ്യാപകമായി പ്രസക്തിയുള്ള പ്രമേയങ്ങളായി പുറത്തുവന്നു.

സമസ്ത ഫത് വകള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനം മനസ്സിലാക്കിയത് കൊണ്ടുതന്നെ വളരെ മുന്‍കരുതലുകളോടെയും കൃത്യമായ പശ്ചാത്തല പഠനത്തിന് ശേഷവുമാണ് സമസ്ത മുശാവറ ഫത് വ പറയുന്നത്. 1957 നവംബര്‍ 3 ന് കോഴിക്കോട് സമസ്ത ഓഫീസില്‍ സമസ്ത പ്രസിഡന്‍റ് അബ്ദുല്‍ ബാരി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗ തീരുമാനം ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. സമസ്തയുടെ പേരില്‍ ഫത് വ യിറക്കുമ്പോള്‍ പുലര്‍ത്തേണ്ട നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു യോഗ തീരുമാനം. “സമസ്തയിലേക്ക് ഫത്വക്കായി ഒരു ചോദ്യം വന്നാല്‍ സംഭവത്തെപ്പറ്റി ശരിയായി അന്വേഷിച്ച ശേഷം ഉത്തരമെഴുതി ഫത്വാ കമ്മിറ്റിയടക്കം എട്ട് പേരെകൊണ്ട് ഒപ്പു വെപ്പിച്ചാലല്ലാതെ ഫത്വ കൊടുക്കരുതെന്നും അങ്ങനെയല്ലാതെ വല്ല മുശാവറ അംഗവും ഫത്വ കൊടുത്താല്‍ അയാളുടെ പേരില്‍ നടപടി എടുക്കേണ്ടതാണെന്നും തീരുമാനിച്ചു.

സമസ്ത ഫത് വ പറയുമ്പോള്‍ പുലര്‍ത്തുന്ന സൂക്ഷ്മതക്കും കൃത്യതക്കുമുള്ള അനേകം തെളിവുകളിലൊന്നാണ് മേല്‍ പറഞ്ഞത്. സമസ്തയുടെ മുശാവറ യോഗ തീരുമാനങ്ങളിലൂടെ കണ്ണോടിച്ചാല്‍ സുപ്രധാനമായ പല ഫത് വകളും തീരുമാനങ്ങളായി രേഖപ്പെടുത്തപ്പെട്ടതായി കാണാം.

ഉദാഹരണത്തിന് “ജുമുഅയുടെ ഖുതുബയില്‍ അറബിയല്ലാതെ മറ്റു ഭാഷകള്‍ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുന്‍കറത്തായ ബിദ്അതുമാണെന്ന് ഉണര്‍ത്തി” (1947 മാര്‍ച്ച് 15 കോഴിക്കോട് മീഞ്ചന്ത ജുമുഅത്ത് പള്ളിയില്‍ അബുല്‍ ഹഖ് ജനാബ് മൗലാനാ അബ്ദുല്‍ ബാരിയുടെ അധ്യക്ഷതയില്‍ കൂടിയ മുശാവറ തീരുമാനം.

“സിനിമയെക്കുറിച്ച് വന്ന ചോദ്യത്തിന് ‘സിനിമ പൊതുവെ ഹറാമാ’ണെന്ന് മറുപടി നല്‍കാന്‍ തീരുമാനിച്ചു” (1961 മെയ് 4 ന് താനൂര്‍ കേന്ദ്ര മദ്റസയില്‍ ചേര്‍ന്ന മുശാവറ തീരുമാനം).

ടെലിവിഷന്‍ കാണുന്നതിനെ സംബന്ധിച്ച് സമസ്ത ഫത് വ കമ്മിറ്റിയുടെ ഒരു ഫത് വയില്‍ വായിക്കാം: “ടെലിവിഷനില്‍ കൂടിയല്ലാതെ കേള്‍ക്കുകയും കാണുകയും ചെയ്യല്‍ അനുവദനീയമായത് ടെലിവിഷനില്‍ കൂടിയും കേള്‍ക്കുകയും കാണുകയും ചെയ്യാവുന്നതാണ്.

സ്ത്രീധനം (കാശ്, പണം വാങ്ങല്‍) സംബന്ധിച്ചു ഓര്‍ക്കാട്ടേരിക്കാരുടെ ചോദ്യത്തിന് ‘അത് ശറഅ് വിരോധിച്ചിട്ടില്ലെന്ന്’ മറുപടി കൊടുക്കാന്‍ ജോ.സെക്രട്ടറിയെ അധികാരപ്പെടുത്തി. (1963 സെപ്തംബര്‍ 21ന് വൈസ് പ്രസിഡന്‍റ് കെ. സ്വദഖതുല്ലാ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗ തീരുമാനം).

മറ്റൊരു വേളയില്‍ വധുവിന്‍റെ ഭാഗത്ത് നിന്ന് നിശ്ചിത പണം നിബന്ധന വെച്ചുള്ള കല്യാണങ്ങള്‍ നിരോധിക്കാനുള്ള ശറഈ തെളിവുകളില്ലെന്നും, പക്ഷേ അവ സമൂഹത്തില്‍ നിന്ന് നിരുത്സാഹപ്പെടുത്തണമെന്നും സമസ്ത ഫത്വകളിലൂടെ വ്യക്തമാക്കി.

മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ സമസ്ത ഫത്വാ കമ്മറ്റിയുണ്ടാക്കുന്നതിന് മുമ്പും സമസ്ത ഫത്വകളുമായി സജീവമായിരുന്നു എന്നതിനുള്ള അനേകം തെളിവുകളില്‍ ചിലത് മാത്രമാണ്.

സമസ്ത ഫത്വാ കമ്മിറ്റി

1963 ഡിസംബര്‍ 29ന് ഞായറാഴ്ച കാസറഗോട് ജുമുഅത്ത് പള്ളിയില്‍ സദഖത്തുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയിലാണ് അഞ്ചംഗങ്ങളുള്ള പ്രഥമ ഫത്വാ കമ്മിറ്റി രൂപീകൃതമാകുന്നത്. പ്രഥമ കമ്മിറ്റിയില്‍ അഞ്ച് പ്രഗത്ഭരായ പണ്ഡിതരെ തിരഞ്ഞെടുത്തു. 1. പി. ഇബ്റാഹീം മുസ്ലിയാര്‍, 2. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, 3. ടി.അബൂബക്കര്‍ മുസ്ലിയാര്‍ കോട്ടുമല, 4. കെ.കെ.സ്വദഖത്തുള്ള മുസ്ലിയാര്‍, 5. ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍.ഈ കമ്മിറ്റിയുടെ ഉത്ഭത്തോടു കൂടെ സമസ്ത ഫത്വകള്‍ക്കുള്ള ഒരു ഔദ്യോഗിക പ്ലാറ്റ്ഫോം നിലവില്‍ വന്നു. ഈ അഞ്ചംഗങ്ങളും ചേര്‍ന്നുകൊണ്ടുള്ള ഫത്വ മാത്രമേ സമസ്തയുടെ ഔദ്യോഗിക ഫത്വയായി അംഗീകരിക്കുകയുള്ളൂ എന്ന് തീരുമാനിച്ചു.(ഈ ഔദ്യോഗിക കമ്മിറ്റി നിലവില്‍ വരുന്നതിന്  മുമ്പ് സമസ്തയില്‍ ഒരു ഫത്വാ കമ്മിറ്റിയുള്ളതായി അറിവില്ല. എങ്കിലും, 1957ലെ മുശാവറ യോഗ തീരുമാനങ്ങളില്‍ ‘ഫത്വാ കമ്മിറ്റിയടക്കം’ എന്ന പ്രയോഗം ഏതര്‍ത്ഥത്തിലാണ് ഉപയോഗിച്ചതെന്ന് ലേഖകന് അവ്യക്തമാണ്).

മേല്‍പറയപ്പെട്ട അഞ്ചംഗ കമ്മിറ്റിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി 1964 ആഗസ്റ്റ് 13ന് ഇബ്റാഹീം മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ചില പരിഷ്കാരങ്ങള്‍ വരുത്തി. അവയില്‍ പ്രധാനപ്പെട്ടത് ഫത്വാ കമ്മിറ്റിയിലെ അഞ്ച് പേരും ഒന്നിച്ച് തീരുമാനിച്ചാല്‍ മാത്രമേ “സമസ്ത ഫത്വ’ എന്ന ലേബലില്‍ പറയാന്‍ പറ്റൂ എന്നത് മാറ്റി” അഞ്ചില്‍ മൂന്നാള്‍ യോജിച്ചാല്‍ അത് സമസ്ത ഫത്വയായി ഗണിക്കാമെന്ന് തീരുമാനിച്ചു. അഞ്ചാളുകളും എല്ലാ വിഷയങ്ങളിലും യോജിക്കുക എന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് പിന്നില്‍. അഞ്ചില്‍ മൂന്ന് പേരുടെ ഭൂരിപക്ഷമില്ലാത്ത കാര്യങ്ങള്‍ സമസ്ത മുശാവറ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചു.

സമസ്ത ഫത്വാ കമ്മിറ്റിയുടെ പ്രസക്തി ബോധ്യമാകുന്നത് സങ്കീര്‍ണമായ കര്‍മ്മശാസ്ത്ര പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോഴും സാമൂഹികമായ പ്രതിസന്ധികളും വിവാദങ്ങളും ഉണ്ടാകുമ്പോഴുമാണ്. നിത്യജീവിത പ്രശ്നങ്ങളും നിസ്സാര സംശയങ്ങളും പ്രാദേശികമായുള്ള പണ്ഡിതരെയും സമീപസ്ഥരായ മുശാവറ മെമ്പര്‍മാരെയും കണ്ട് പരിഹരിക്കുന്ന സമ്പ്രദായമാണ് കേരള മുസ്ലിംകള്‍ക്ക് പൊതുവെ ഉള്ളത്. സമസ്ത മുശാവറയിലുള്ള മുഴുവന്‍ പണ്ഡിതരും ഫത്വ കൊടുക്കാന്‍ അര്‍ഹരാണെങ്കിലും ചിലര്‍ ഫത്വയുടെ വിഷയത്തില്‍  പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അവരുടെ അഭിപ്രായങ്ങള്‍ തേടി വിദൂരങ്ങളില്‍ നിന്ന് വരെ ചോദ്യങ്ങളെത്തി. ചില സമയങ്ങളില്‍ കോടതിയിലെ ന്യായാധിപര്‍ വരെ അവരുടെ ഉപദേശമാരാഞ്ഞതും ചരിത്രത്തിലുണ്ട്. അവരില്‍ പ്രധാനികളാണ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ (ഖ.സി.), ശംസുല്‍ ഉലമ (ഖ.സി.), നിലവിലെ ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍. ഇങ്ങനെ പ്രാദേശിക പണ്ഡിതരിലൂടെയും മുശാവറ മെമ്പര്‍മാരിലൂടെയും പരിഹാരങ്ങള്‍ കണ്ടെത്താനുള്ള വഴികളുണ്ടായിട്ടും പിന്നെയും കമ്മിറ്റിയെ ലക്ഷ്യമാക്കി അയക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമസ്ത ഫത്വകളുടെ പഠനത്തില്‍ നിന്ന് മനസ്സിലായത് ഒന്നുകില്‍ വളരെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളാണ് അല്ലെങ്കില്‍ ആ വിഷയത്തില്‍ വിശ്വാസികള്‍ രണ്ടായി തിരിഞ്ഞിരിക്കുന്നു, അവര്‍ ഏകോപിച്ച് അംഗീകരിക്കാവുന്ന ഒരു പരിഹാരം തേടിയാണ് സര്‍വാംഗീകൃതമായ സമസ്ത ഫത്വാ കമ്മിറ്റിയിലേക്ക് ചോദ്യങ്ങള്‍ വരുന്നത്.

കേരളത്തിലെ ഏറെക്കുറെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ സമസ്തയുടെ  ഫത്വാ കളക്ഷനില്‍ കാണാനിടയായി. കേരളത്തിന് പുറമേ, കര്‍ണാടക, തമിഴ്നാട്, അന്ധമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നും സമസ്തയിലേക്ക് ചോദ്യങ്ങളെത്തുന്നു. അപൂര്‍വമായാണെങ്കിലും മലേഷ്യ, സിംഗപൂര്‍, അറബ് നാടുകളില്‍ താമസമാക്കിയ മലയാളികളും ഫത്വകള്‍ക്കായി സമസ്തയെ സമീപിക്കുന്നു.

മതവിധികളുടെ അവസാന വാക്ക്

കേരള മുസ്ലിംകള്‍ക്ക് മത നിയമങ്ങളുടെ അവസാന വാക്ക് എന്ന രീതിയിലാണ് സമസ്തയെ വീക്ഷിക്കപ്പെടുന്നത്. ഇത് സമസ്ത പണ്ഡിതരുടെ ആഴത്തിലുള്ള ഉത്തരവാദിത്വ ബോധത്തിലൂടെ സമഗ്രമായ മതജ്ഞാനത്തിനുമുള്ള സാക്ഷിപത്രമാണ്.

കോടതി വിധി പറഞ്ഞ ഒരുപാട് കേസുകളില്‍ മതപരമായ കാഴ്ചപ്പാട് തേടി പൊതുജനം സമസ്തക്ക് ചോദ്യങ്ങളയക്കുന്നു. ഇത് കേരള മുസ്ലിംകളുടെ മതപ്രതിബദ്ധതയുടെ പരിഛേദവും സമസ്ത പണ്ഡിതരുടെ ശക്തമായ സ്വാധീനത്തിന്‍റെ നേര്‍കാഴ്ചയുമാണ്.

ഒരിക്കല്‍, വ്യഭിചാരമാരോപിക്കപ്പെട്ട ഒരു സ്ത്രീയുടെ വിവാഹജീവിതത്തിന്‍റെ സാധുതയും അവരുടെ കുഞ്ഞിന്‍റെ അവകാശിയെയും ചൊല്ലി ഒരു മഹല്ലില്‍ ചില കോലാഹലമുണ്ടായി. ഇതില്‍ ആരോപിതയായ സ്ത്രീ നിയമപരമായി ഒരാളെ കല്യാണം കഴിക്കുകയും വിവാഹം കഴിഞ്ഞ് ഏഴു മാസശേഷം ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഭര്‍ത്താവ് കുഞ്ഞിന്‍റെ പിതൃത്വം നിഷേധിച്ചതിലൂടെ   പ്രശ്നം സങ്കീര്‍ണമായി. തുടര്‍ന്ന് കോടതിയെ സമീപിക്കുകയും ഡി.എന്‍.എ. ടെസ്റ്റ് നടത്തി കുട്ടി ഭര്‍ത്താവിന്‍റേതല്ലെന്ന് തെളിയുകയും, കോടതി ഭര്‍ത്താവല്ല കുട്ടിയുടെ പിതാവെന്ന് വിധിക്കുകയും ചെയ്തു. ഈ വിഷയം മുന്‍നിര്‍ത്തി കേരളത്തിലെ ഒരു മഹല്ല് സെക്രട്ടറി മഹല്ല് കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ സമസ്ത ഫത്വാ കമ്മിറ്റിക്ക് കത്തയച്ചു. ഇതിന് മറുപടിയില്‍ സമസ്ത ഫത്വാ കമ്മിറ്റി പറഞ്ഞു:

“ചോദ്യത്തില്‍ പറഞ്ഞ സ്ത്രീയുടെ വിവാഹം സാധുവാകുന്നതാണ്. പ്രസ്തുത വിവാഹത്തിന് ശേഷം ചോദ്യത്തില്‍ പറഞ്ഞ പ്രകാരം 7 മാസത്തിന് ശേഷം പ്രസവിക്കുന്ന കുട്ടിയുടെ പിതൃത്വം ഡി.എന്‍.എ. പരിശോധന പ്രതികൂലമാണെങ്കിലും ശറഅ് പ്രകാരം ഭര്‍ത്താവിന് സ്ഥിരപ്പെട്ടതാണ്.”

ഈ ഒരു സംഭവം പല യാഥാര്‍ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്നു.

1. ഡി.എന്‍.എ. ടെസ്റ്റിലൂടെ സ്ഥിരപ്പെട്ടിട്ടും മതപരമായ കാഴ്ചപാടിന് വില കല്‍പ്പിക്കുന്ന മുസ്ലിം സമൂഹം.

2. കോടതി വിധി വന്നതിന് ശേഷവും ശരീഅത് നിയമ പ്രകാരം വിഷയത്തിന്‍റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ഇഷ്ടപ്പെടുകയും പരിശ്രമിക്കുകയും ചെയ്യുന്ന മുസ്ലിം സമൂഹം.

3. കോടതി വിധിയോട് എതിരാണെങ്കിലും മതനിയമം കൃത്യമായി പഠിപ്പിക്കുന്ന പണ്ഡിത വൃന്ദവും അവരുടെ സംവിധാനങ്ങളും

.ഇങ്ങനെ നീണ്ടുപോകുന്ന പല സുപ്രധാനമായ വിഷയങ്ങളിലേക്കും ഈ ഫത്വ സാക്ഷ്യപ്പെടുത്തുന്നു.

ഒരു കുഞ്ഞിന്‍റെ പിതൃവ്യം സ്ഥിരപ്പെടുന്ന സന്ദര്‍ഭങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളും ഇമാം ഇബ്നുഹജര്‍ അല്‍ഹൈതമി(റ)യുടെ തുഹ്ഫതുല്‍ മുഹ്താജ് ബി ശറഹില്‍ മിന്‍ഹാജ് (വാള്യം 8, പേ: 214) അടക്കം പല ഗ്രന്ഥങ്ങളിലും സവിസ്തരം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വ്യഭിചാരം പോലുള്ള ഹദ്ദ് നിര്‍ബന്ധമാകുന്ന കുറ്റങ്ങള്‍ സ്ഥിരപ്പെടാന്‍ ഒന്നുകില്‍ പ്രതിയുടെ കുറ്റസമ്മതമോ അല്ലെങ്കില്‍ യോഗ്യരായ സാക്ഷികളുടെ മൊഴികളോ ആവശ്യമാണ്. ഇതാണ് ശാഫിഈ, ഹനഫി, മാലികീ സരണികളിലെ പ്രബലാഭിപ്രായം. ഇവിടെ മറ്റു സംവിധാനങ്ങള്‍ ഡി.എന്‍.എ. ടെസ്റ്റ്, ക്യാമറ, വീഡിയോ തുടങ്ങിയവ സാക്ഷികളുടെ സ്ഥാനത്തിന് അയോഗ്യരാണ്. ഡി.എന്‍.എ. ടെസ്റ്റില്‍ വിദൂരത്താണെങ്കിലും, തെറ്റ്, അവ്യക്തത, സാദൃശ്യതയൊക്കെ സംഭവിക്കാനുള്ള സാധ്യത ആധുനിക ശാസ്ത്രവും തള്ളിക്കളയുന്നില്ല. ഇതുകൊണ്ട് തന്നെയാവണം ഡി.എന്‍.എ. ടെസ്റ്റിലും ഭര്‍ത്താവല്ല കുഞ്ഞിന്‍റെ പിതാവെന്ന് ബോധ്യപ്പെട്ടിട്ടും സമസ്ത ഫത്വാ കമ്മിറ്റി നിയമപരമായ വിവാഹത്തിന് ശേഷം ഏഴ് മാസത്തിന് ശേഷമായ കാരണത്താല്‍ ഭര്‍ത്താവ് തന്നെയാണ് പിതാവ് എന്ന് വിധിയെഴുതിയത്.ചില സന്ദര്‍ഭങ്ങളില്‍ മഹല്ലില്‍ പെട്ട ഒരംഗം കര്‍മ്മശാസ്ത്ര വിഷയത്തിലെ പരിഹാരത്തിനായി മഹല്ല് കമ്മിറ്റിയെ സമീപിക്കുന്നതും മഹല്ല് കമ്മിറ്റി  അവനോട് സമസ്ത ഫത്വാ കമ്മിറ്റിയോട് ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നതും തുടര്‍ന്ന് അവന്‍ സമസ്തയിലൂടെ തന്‍റെ സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്തുകയും ചെയ്യുന്ന രംഗങ്ങളും സമസ്ത ഫത്വയുടെ പഠനങ്ങളില്‍ കാണാനായി. ഇത് കര്‍മശാസ്ത്ര വിഷയങ്ങളില്‍ കേരളത്തില്‍ ആധികാരികതയുറപ്പിക്കാന്‍ സമസ്തക്കായി എന്നതിനുള്ള ദൃക്സാക്ഷിത്വങ്ങളാണ്.

ആശ്ചര്യകരമായി, അത്യപൂര്‍വമാണെങ്കിലും കേരളത്തിലെ പൊതുജനം സമസ്ത പണ്ഡിതരില്‍ നിന്നുള്ള ചിലരില്‍ തന്നെ വൈരുദ്ധ്യമായ നിലപാടുകള്‍ സംജാതമാകുന്നുവോ എന്ന് സംശയിക്കുന്ന വേളകളില്‍ പോലും ആ വിഷയങ്ങളിലുള്ള അവ്യക്തതകള്‍ തുടച്ചുനീക്കാന്‍ സമീപിക്കുന്നത് സമസ്ത ഫത്വാ കമ്മിറ്റിയെയാണ്. “നിങ്ങള്‍ പരാതിയുന്നയിച്ച വ്യക്തിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ വിശദീകരണം തേടുന്നതാണ്” എന്ന മറുപടിയാണ് തതുല്യമായ ഒരു വിഷയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.9കേവലം ഒരു മുഫ്തി-മുസ്തഫ്തി ബന്ധത്തേക്കാള്‍ ആഴത്തില്‍ വേരൂന്നിയ ഒരു രക്ഷിതാവിന്‍റെ റോള്‍ തോന്നിപ്പിക്കുന്ന സമ്പര്‍ക്ക ശൈലിയാണ് സമസ്ത ഫത്വാ കമ്മിറ്റിയും കേര മുസ്ലിംകളും തമ്മിലെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പല ഫത്വകളും തേടിയുള്ള ചോദ്യങ്ങളുടെയും അവസാനങ്ങളില്‍ “ഈ വിവാദത്തിന് അറുതി വരാനും ഞങ്ങളുടെ മഹല്ലിലെ ഐക്യം നിലനിര്‍ത്താനും സമസ്തയുടെ ഒരു ഓദ്യോഗിക ഫത്വ ഞങ്ങള്‍ ആവശ്യപ്പെടുന്നു” എന്ന് മുസ്തഫ്തി എഴുതിച്ചേര്‍ക്കുന്നത്.

കേരള മുസ്ലിംകള്‍ വളരെ വിപുലമായി ആചരിക്കുന്ന ദിനങ്ങളിലൊന്നാണ് ബദ്റ് ദിനം-റമളാന്‍ പതിനേഴ്. ഒരു മഹല്ലില്‍ ബദ്റ് ദിനവുമായി ബന്ധപ്പെട്ട് ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടു. ആ മഹല്ലില്‍ മുപ്പത് വര്‍ഷത്തോളമായി ബദ്റ് ആഘോഷിക്കുന്നത് റമളാന്‍ 16ന് അസ്വറ് നിസ്കാരാനന്തരമാണ്. ഇടക്കാലത്ത് ഒരു വിഭാഗം ബദ്റ് യുദ്ധം നടന്നത് 17നാണെന്നും അതുകൊണ്ട് പരിപാടികള്‍ 17ലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. മറുവിഭാഗം മുപ്പത് വര്‍ഷം നടന്നുപോരുന്ന ചര്യകളും പൈതൃകവും തുടര്‍ന്നാല്‍ മതി, അതിന് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന വാദവുമായി രംഗത്തെത്തി. വാദങ്ങളും മറുവാദങ്ങളും മൂര്‍ഛിച്ചുവന്ന് മഹല്ലില്‍ ഒരു വിഭജനത്തിന്‍റെ വക്കോളമെത്തി. ഈ പ്രശ്നത്തിന് അറുതി വരുത്താന്‍ അവര്‍ സമസ്ത ഫത്വാ കമ്മിറ്റിയിലേക്ക് എഴുത്തയച്ചു: “ഓരോ വര്‍ഷവും ഇതിന്‍റെ പേരിലുണ്ടാകുന്ന വിവാദമവസാനിപ്പിക്കാന്‍ പണ്ഡിതډാരില്‍ നിന്ന് ഒരു തീരുമാനം രേഖാമൂലം എഴുതി വാങ്ങിക്കാന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചതിനാലാണ് ഈ കത്തെഴുതുന്നത്. ആയതിനാല്‍ ബദ്റ് ദിനം കൊണ്ടാടാന്‍ ഏറ്റവും അനുയോജ്യമായ ദിനമേതാണെന്ന് രേഖാമൂലം അറിയിച്ചുതന്ന് മഹല്ലിലുള്ള ഐക്യം നിലനിര്‍ത്താന്‍ ഞങ്ങളെ സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. എന്ന് മഹല്ല് കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ പ്രസിഡന്‍റ് ഒപ്പ് വെച്ച് കത്തയച്ചു. ഈ വാക്കുകളില്‍ മുഴങ്ങുന്നുണ്ട് മഹല്ലില്‍ തദ്വിഷയകമായി രൂപം കൊണ്ട വിവാദങ്ങളുടെ ആഴവും അത് പരിഹരിക്കാന്‍ സമസ്തയുണ്ടാക്കിയ സ്വാധീനത്തിന്‍റെയും അധികാരത്തിന്‍റെയും നേര്‍ചിത്രവും.

ഈ ചോദ്യത്തിന് സമസ്ത ഫത്വാ കമ്മിറ്റി “അസ്വര്‍ മുതല്‍ക്കുള്ള അമലുകള്‍ രാത്രിയുടെ അമലുകളില്‍ എഴുതപ്പെടുന്നതിനാല്‍ റമളാനിലെ ബദ്റ് ദിനാഘോഷം 16ന്‍റെ അസ്വര്‍ മുതല്‍ക്ക് തുടങ്ങുന്നതിന് വിരോധമില്ല എന്ന് മറുപടി കൊടുത്തു.10 ഈ മറപുടിയിലൂടെ രണ്ട് വിഭാഗക്കാര്‍ക്കും  സംതൃപ്തി കൈവരുന്ന ഒരു സമീപനമാണ് ഫത്വാ കമ്മിറ്റി സ്വീകരിച്ചത്. മുപ്പത് വര്‍ഷത്തെ പാരമ്പര്യം നിലനിര്‍ത്തിയതോടൊപ്പം 16ന് അസ്വറിന് ശേഷമുള്ള കര്‍മ്മങ്ങള്‍ 17 ന്‍റെ പരിധിയില്‍ രേഖപ്പെടുത്തുമെന്ന യാഥാര്‍ഥ്യം പഠിപ്പിക്കുകയും ചെയ്തു. സമസ്ത ഒരു നാട്ടില്‍ നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അവ ശറഇനോട് എതിരാകാത്ത കാലത്തോളം എതിര്‍ക്കേണ്ടതില്ലെന്നും  മറ്റേണ്ടതില്ലെന്നുമുള്ള സമീപനമാണ് സ്വീകരിക്കാറുള്ളത്.സമസ്തയിലേക്ക് വന്ന ചോദ്യങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകളില്‍ നിന്നുള്ളതാണ്. പലപ്പോഴും വൈവാഹിക-കൗടുംബികമായ വിഷയങ്ങളിലുള്ള സംശയങ്ങള്‍ ചോദിച്ചാണ് അവര്‍ എഴുതുന്നത്. ചിലപ്പോള്‍, ഫത്വകള്‍ക്കപ്പുറം അവരുടെ പരാതികള്‍ പറയാനും അവരുടെ രക്ഷക്കുള്ള പരിഹാരങ്ങള്‍ ആവശ്യപ്പെട്ടും അവര്‍ കത്തയക്കുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ അനിസ്ലാമികമായ നടപ്പും ഭര്‍തൃ കുടുംബത്തില്‍ അവളനുഭവിക്കുന്ന വേദനയും വിശദമാക്കി ഒരു സഹോദരി സമസ്തക്ക് കത്തെഴുതി. ഇതിന് മറുപടിയായി സമസ്ത ആ സഹോദരി വസിക്കുന്ന മഹല്ല് കമ്മിറ്റിയിലേക്ക് സമസ്തയുടെ ലെറ്റര്‍പാഡില്‍ കത്തയച്ചു. “നിങ്ങളുടെ മഹല്ലില്‍ താമസിക്കുന്ന (പേര്‍) എന്ന സ്ത്രീ അവരുടെ ഭര്‍ത്താവിനെ സംബന്ധിച്ചും ഭര്‍തൃ വീട്ടുകാരെ സംബന്ധിച്ചും ചില പരാതികള്‍ ബഹു. സമസ്തക്ക് അയച്ചുതന്നിട്ടുണ്ട്. ആയതിനാല്‍ ബഹുമാനപ്പെട്ട മഹല്ല് കമ്മിറ്റി ഈ വിഷയം അന്വേഷിച്ച് വേണ്ടത് ചെയ്തുകൊടുക്കണമെന്ന് താല്‍പര്യപ്പെടുന്നു” എന്നാണ് മറുപടിയിലെ വാചകങ്ങള്‍.

ഈ സംഭവ വികാസങ്ങള്‍ കേരളീയ മുസ്ലിം പരിസരത്ത് സമസ്ത നടത്തിക്കൊണ്ടിരിക്കുന്ന കൃത്യാന്തരങ്ങളിലേക്കും  സമൂഹ നിര്‍മിതിയില്‍ അതിന്‍റെ നിര്‍ണായകമായ പങ്കിലേക്കും വെളിച്ചം വീശുന്നു.

മറ്റൊരു സുപ്രധാനമായ കാര്യം, സമസ്തയും അനുയായികളും നിലകൊള്ളുന്ന രാജ്യത്തിന്‍റെ നിയമങ്ങളോടും വ്യവസ്ഥകളോടും നൂറ് ശതമാനം നീതിയും സത്യസന്ധതയും പുലര്‍ത്തുന്ന തീരുമാനങ്ങളാണ് സമസ്ത ഫത്വാ കമ്മിറ്റി സ്വീകരിക്കാറുള്ളത്. സമസ്തയുടെ ഫത്വകളിലൂടെ ശരീഅത്തിന്‍റെ നിയമങ്ങളാണ് പഠിപ്പിക്കാറുള്ളതെങ്കിലും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായിട്ടാകണം കാര്യങ്ങള്‍ ചലിപ്പിക്കേണ്ടതെന്ന് ഫത്വാ കമ്മിറ്റി ഓര്‍മ്മപ്പെടുത്തുന്നു. പലപ്പോഴും വൈവാഹിക വൈയക്തിക നിയമങ്ങള്‍ പറഞ്ഞതിന് ശേഷമാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താറുള്ളത്. “ചോദ്യത്തില്‍ പറഞ്ഞ ഭര്‍ത്താവിനെ ഫസ്ക് ചെയ്യല്‍ ശറഇല്‍ ജാഇസാണ്. പക്ഷേ, ഗവണ്‍മെന്‍റ് നിയമമനുസരിച്ച് കൊണ്ട് പ്രവര്‍ത്തിക്കേണ്ടതാണ്, ചോദ്യത്തില്‍ പറഞ്ഞ പ്രകാരം ഭര്‍ത്താവിന് ചെലവിന് വകയില്ലാത്ത പക്ഷം ഭാര്യക്ക് ഫസ്ഖ് ചെയ്യാവുന്നതാണ്. ഫസ്ഖ് നിയമാനുസൃതമാകേണ്ടതാണ് തുടങ്ങിയ മറുപടികള്‍ ഉദാഹരണങ്ങളാണ്.

ഗവണ്‍മെന്‍റിന്‍റെ തീരുമാനങ്ങളോടും നീതിന്യായ വ്യവസ്ഥിതിയോടും പരിപൂര്‍ണ പിന്തുണയും കൂറും പുലര്‍ത്തുമെങ്കിലും ശരീഅത്തിന്‍റെ അടിസ്ഥാന തത്വങ്ങളോടോ ഒരു മുസ്ലിമിന്‍റെ അടിസ്ഥാന അവകാശങ്ങളോടോ എതിരാകുമ്പോള്‍ ശറഇന്‍റെ തീരുമാനങ്ങളെ മുന്തിക്കുവാനും മതവിധികളെ ഉയര്‍ത്തിപ്പിടിക്കുവാനും സമസ്ത ധൈര്യം കാണിക്കുന്നു. “ചോദ്യത്തില്‍ പറഞ്ഞ കേരള ഗവണ്‍മെന്‍റ് മുഅല്ലിം ക്ഷേമനിധി പദ്ധതി പലിശ ഉള്‍ക്കൊള്ളുന്നതിനാല്‍ അതുമായി സഹകരിക്കാന്‍ പാടുള്ളതല്ല” എന്ന മറുപടി അതിന് ഉദാഹരണമാണ്.

ഫത്വകളുടെ ചരിത്രം

ആധുനിക കര്‍മശാസ്ത്രത്തിന്‍റെ വക്താക്കളില്‍ പലരും മദ്ഹബുകളുടെയും പൂര്‍വീകരുടെ ഗ്രന്ഥങ്ങളെയും അവലംബരിച്ച് ഫത്വ പറയുന്നതിന് പകരം നേരിട്ട് ഖുര്‍ആനിലും സുന്നത്തിലും ഇജ്തിഹാദ് ചെയ്യുന്ന രീതിയെ ആശ്ലേഷിച്ചതായി കാണാം. എന്നാല്‍ സമസ്ത പരിപൂര്‍ണമായും പൂര്‍വ്വീകരായ പണ്ഡിതരുടെ ഗ്രന്ഥങ്ങളെ അവലംബിച്ചാണ് ഫത്വ പറയാറുള്ളതും. പുതിയ വിഷയങ്ങളിലുള്ള ശറഈ കാഴ്ചപാട് വ്യക്തമാക്കുന്നതും.കേരള മുസ്ലിംകളിലെ മഹാഭൂരിപക്ഷം ശാഫിഈ മദ്ഹബ് പിന്തുടരുന്നവരായാത് കൊണ്ട് 16-ാം നൂറ്റാണ്ടിലെ പ്രമുഖ ശാഫിഈ പണ്ഡിതന്‍ ഇബ്നുഹജര്‍ അല്‍ ഹൈതമി(റ)യുടെ തുഹ്ഫതുല്‍ മുഹ്താജും ഇമാം റംലി(റ)യുടെ നിഹായതുല്‍ മുഹ്താജുമാണ് സമസ്ത ഫത്വാ കമ്മിറ്റിയുടെ പ്രധാന അവലംബങ്ങള്‍.

മുകളില്‍ പറഞ്ഞ രണ്ട് ഗ്രന്ഥങ്ങളും മുസ്ലിം പണ്ഡിത ലോകത്തെ അദ്വിതീയനായ ഇമാം നവവി(റ) തങ്ങളുടെ മിന്‍ഹാജു ത്വാലിബീന്‍ എന്ന വിശ്രുത ഗ്രന്ഥത്തിന്‍റെ ശറഹുകളായി വിരചിക്കപ്പെട്ടതാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയും സമസ്ത ഫത്വാ കമ്മിറ്റിയുടെ നിലവിലെ ചെയര്‍മാനുമായdddd ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നേരിട്ട് ഇജ്തിഹാദ് നടത്തുന്നതിനെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കി പറയുന്നു.

“സമസ്തയുടെയും അതിന്‍റെ മുന്‍കാല പണ്ഡിതരുടെയും വീക്ഷണത്തില്‍ ഈ കാലഘട്ടത്തില്‍ ഖുര്‍ആനും ഹദീസും പിന്‍പറ്റുക എന്നതിന്നര്‍ത്ഥം നാലിലൊരു മദ്ഹബ് പിന്‍പറ്റുകയെന്നാണ്. അഗാധ പാണ്ഡിത്യത്തിന്‍റെ ഉടമകളും അറിവിന്‍റെ നിറകുടങ്ങളുമായ മദ്ഹബിന്‍റെ പണ്ഡിതരുടെയും ഇമാമുകളുടയും അഭിപ്രായങ്ങള്‍ പിന്‍പറ്റുന്നതിലൂടെയാണ് ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും യഥാര്‍ത്ഥ വക്താക്കളായി നാം മാറുന്നത്. അവര്‍ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും ആഴക്കടലില്‍ മുങ്ങിത്തപ്പി വിശദീകരിച്ച് തന്നതാണ് അവരുടെ ഗ്രന്ഥങ്ങളിലെ മതവിധികള്‍.ഖുര്‍ആനിന്‍റെ ആശയങ്ങള്‍ കണ്ടെത്താന്‍ സാധാരണക്കാരനോ ഈ കാലഘട്ടത്തിലെ പണ്ഡിതര്‍ക്കോ കഴിയില്ലെന്ന് ചെറുശ്ശേരി ഉസ്താദ് അടിവരയിടുന്നു. “ഖുര്‍ആന്‍ എന്നത് ലൗഹുല്‍ മഹ്ഫൂളിന്‍റെ ശറഹാണ്. അത് ഖുര്‍ആനിലെ മൂന്ന് ആയതുകളിലൂടെ മനസ്സിലാക്കാം. (ഈ ഗ്രന്ഥം താങ്കള്‍ക്ക് നാം ഇറക്കിയിരിക്കുന്നത് . സര്‍വ്വ കാര്യങ്ങള്‍ക്കുമുള്ള പ്രതിപാദനവും അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്കുള്ള മാര്‍ഗദര്‍ശനവും കാരുണ്യവും ശുഭവൃത്താന്തവും ആയിട്ടാകുന്നു). (നഹ്ല്‍:89).’

ഇറക്കിയിരിക്കുന്നത്’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആനാണെന്ന് വ്യക്തമാക്കുന്നു. അഥവാ ഖുര്‍ആനില്‍ അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. ലൗഹുല്‍ മഹ്ഫൂളിനെക്കുറിച്ചും എല്ലാം വിശദീകരിക്കപ്പെട്ടത് എന്ന രീതിയിലാണ് അല്ലാഹു പരിചയപ്പെടുത്തുന്നത് (യാതൊരു ന്യൂനതയും ഈ ഗ്രന്ഥത്തില്‍ നാം വരുത്തിയിട്ടില്ല) (അന്‍ആം: 38).അങ്ങനെ വരുമ്പോള്‍ എല്ലാം വിശദീകരിക്കപ്പെട്ടത് രണ്ട് ഗ്രന്ഥങ്ങളാണ്. ഒന്ന് ഖുര്‍ആന്‍, മറ്റൊന്ന് ലൗഹുല്‍ മഹ്ഫൂള്. ഇവിടെ ഖുര്‍ആനും ലൗഹും തമ്മിലുള്ള ബന്ധമെന്ത് എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. അതിന് മറുപടി മറ്റൊരു ആയതിലൂടെ അല്ലാഹു വ്യക്തമാക്കുന്നു (ഇത് ഗ്രന്ഥത്തിന്‍റെ വിശദീകരണമാകുന്നു) യൂനുസ്: 37).

അഥവാ ഖുര്‍ആന്‍ എന്നത് ലൗഹുല്‍ മഹ്ഫൂളിന്‍റെ വിശദീകരണമാകുന്നു. അത്രയും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന ഖുര്‍ആനിക ആശയാര്‍ത്ഥങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ സാധാരണക്കാരനോ അറബി മുന്‍ശിക്കോ കഴിയുകയില്ല. മറിച്ച്, അവര്‍ ഇല്‍മിന്‍റെ കടലുകളായി ജീവിച്ചുകാണിച്ച പണ്ഡിതരുടെ ഗ്രന്ഥങ്ങളെയും അഭിപ്രായങ്ങളെയുമാണ് അവലംബിക്കേണ്ടത്. അവരുടെ അഭിപ്രായങ്ങളെ പിന്‍പറ്റലാണ് യഥാര്‍ത്ഥത്തില്‍ ഖുര്‍ആനെയും ഹദീസിനെയും പിന്‍തുടരുകയെന്നത് കൊണ്ട് ലക്ഷ്യമാക്കുന്നത്. അതല്ലാത്ത വാദങ്ങള്‍ അര്‍ത്ഥ ശൂന്യമാണ്.”.ഇവിടെ സാധാരണ. ഉന്നയിക്കാറുള്ള വിമര്‍ശനം പൂര്‍വ്വീകരായ പണ്ഡിതരുടെ ഗ്രന്ഥങ്ങള്‍ നിരുപാധികം അവലംബിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ ഇസ്ലാമില്‍ ഏറെ പുണ്യാര്‍ഹമായ ഇജ്തിഹാദിനെ തൊട്ട് പണ്ഡിതരെയും വിദ്യാര്‍ത്ഥികളെയും കൂച്ച് വിലങ്ങിടുന്നു എന്നതാണ്.

ഇത്തരം വിമര്‍ശനങ്ങളോട് ചെറുശ്ശേരി ഉസ്താദ് പ്രതികരിക്കുന്നു: “ജനങ്ങളെ തടയേണ്ടയിടങ്ങളില്‍ നിന്ന് തടയേണ്ടത് പണ്ഡിത ധര്‍മ്മമാണ്. നബി തിരുമേനി(സ്വ) പറഞ്ഞു: (പല ഹലാലും ഖുര്‍ആന്‍ ഹദീസില്‍ നിന്ന് വ്യക്തമാണ്. പല ഹറാമുകളും ഖുര്‍ആന്‍ ഹദീസില്‍ നിന്ന് വ്യക്തമാണ്. അവ രണ്ടിനുമിടയില്‍ അവ്യക്തമായ ഒരുപാട് കാര്യങ്ങളുണ്ട്. അധിക ആളുകള്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയില്ല. ഇവിടെ ‘അധികമാളുകള്‍ക്കും’ അത് മനസ്സിലാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിലൂടെ ‘കുറഞ്ഞയാളുകള്‍ക്ക്’ അത് വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് മനസ്സിലാകുന്നു. ആ കുറഞ്ഞ ആളുകളാണ് മുജ്തഹിദീങ്ങളെന്ന് ഫത്ഹുല്‍ ബാരി വ്യക്തമാക്കുന്നു. ഇമാം ശാഫിഈയെ പോലുള്ള പണ്ഡിതരെയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ഇമാം ശാഫിഈ അവര്‍കളുടെ ജനനത്തിന് മുമ്പ് തന്നെ നബി തിരുമേനി(സ്വ) അവര്‍ക്ക്  വിദ്യാഭ്യാസത്തിന്‍റെ സനദ് കൊടുത്തിരുന്നു (എന്‍റെ സമൂഹത്തില്‍ ലോകമെമ്പാടും അറിവ് പരത്തുന്ന ഒരു ഖുറൈശീ പണ്ഡിതന്‍ വരും) എന്ന ഹദീസിലൂടെ ഉദ്ധേശിക്കപ്പെടുന്നത് ഇമാം ശാഫിഈ ആണെന്ന് പല പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്.  അതുകൊണ്ട്  മുജ്തഹിദുകളായ പൂര്‍വ്വിക പണ്ഡിതരുടെ വാക്കുകള്‍ പിന്‍പ്പറ്റലാണ് നമ്മുടെ ധര്‍മം. മറിച്ച് മുജ്ദഹിദ് വേഷം കെട്ടലല്ല.

ഈ വിശദീകരണത്തില്‍ നിന്ന് തന്നെ സ്തക്ക് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നേരിട്ട് ഇജ്തിഹാദ് നടത്തുന്നതിലുള്ള കാഴ്ചപാട് വ്യക്തമാകുന്നു. ചെറുശ്ശേരി ഉസ്താദ് മറ്റൊരു വേളയില്‍ ഖുര്‍ആനും പൂര്‍വ്വീക പണ്ഡിതരുടെ ഗ്രന്ഥങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിച്ചിട്ടുണ്ട്. “ഖുര്‍ആന്‍ ലൗഹിന്‍റെ വിശദീകരണമാണ്. ഹദീസ് ഖുര്‍ആനിന്‍റെ വിശദീകരണമാണ്. പൂര്‍വ്വീകരുടെ ഗ്രന്ഥങ്ങള്‍ ഹദീസിന്‍റെയും വിശദീകരണമാണ്.”ഈ മറുപടിയില്‍, ലൗഹുല്‍ മഹ്ഫൂള് – ഖുര്‍ആന്‍ – ഹദീസ് – പൂര്‍വ്വിക ഗ്രന്ഥങ്ങള്‍ എന്ന രീതിയില്‍ പരസ്പരം ബന്ധിതവും പൂരകവുമായി എല്ലാം പിണഞ്ഞുകിടക്കുന്നു. ‘ഇജ്തിഹാദിന്‍റെ വാതിലടഞ്ഞു’ എന്ന വാദവുമായി ഈ വിഷയം ബന്ധപ്പെട്ടുകിടക്കുന്നു. ഇജ്തിഹാദിന് യോഗ്യരായ പണ്ഡിതര്‍ ഈ കാലഘട്ടത്തില്‍ ഇല്ലെന്നും പൂര്‍വ്വികരായ പണ്ഡിതര്‍ തന്നെ സാധ്യമായ സര്‍വ്വ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ കണ്ടെത്തിയിരിക്കുന്നുവെന്നാണ് സമസ്തയുടെ വീക്ഷണം. മാത്രമല്ല, മദ്ഹബ് സംവിധാനത്തെ സംരക്ഷിക്കലും പൂര്‍വ്വികരുടെ ഗ്രന്ഥത്തില്‍ നിന്ന് പുതിയ കാലത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യലുമാണ് ആധുനിക പണ്ഡിതരുടെ ധര്‍മമെന്നും സമസ്ത ഓര്‍മപ്പെടുത്തുന്നു.

പഴയ ഗ്രന്ഥങ്ങളും പുതിയ പ്രശ്നങ്ങളും

ആധുനിക യുഗത്തില്‍ പിറവികൊണ്ട പുതിയ പ്രതിഭാസങ്ങളുടെ മതവിധി കണ്ടെത്താന്‍ പഴയ ഗ്രന്ഥങ്ങളില്‍ തപ്പിത്തിരഞ്ഞാല്‍ ഉത്തരം കണ്ടെത്താനാവില്ലയെന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാല്‍ ആ വിമര്‍ശനത്തിന് തീരെ കഴമ്പില്ലെന്നാണ് സമസ്തയുടെ വാദം. മറിച്ച്, ടെസ്റ്റ്  ട്യൂബ് മുതല്‍സര്‍വ കാര്യങ്ങളിലേക്കും വെളിച്ചം വീശുന്ന പരാമര്‍ശങ്ങള്‍ പൂര്‍വകാല പണ്ഡിതരുടെ ഗ്രന്ഥങ്ങളില്‍ ലഭ്യമാണെന്ന് സമസ്ത ഫത്വാ കമ്മിറ്റി അടി വരയിടുന്നു. മാത്രമല്ല, കഴിഞ്ഞ ചില വര്‍ഷങ്ങളിലായി സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമ്മേളനങ്ങളില്‍ ചില സെഷനുകള്‍ ആധുനിക വിഷയങ്ങളിലെ കര്‍മശാസ്ത്ര മാനം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്നു. അവയില്‍ അവയവ ദാനം, ഷെയര്‍ മാര്‍ക്കറ്റ് അടക്കം പല ആധുനിക വിഷയങ്ങളിലെ കര്‍മശാസ്ത്ര വിധികളെക്കുറിച്ച്  സമസ്തയുടെ യുവപണ്ഡിതര്‍ വിഷയമവതരിപ്പിക്കുകയും മുശാവറ മെമ്പര്‍മാര്‍ മോഡറേഷന്‍ നടത്തുകയും ചെയ്യുന്നു. ചര്‍ച്ചകളിലുടനീളം പൂര്‍വ്വീകരുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉപയോഗിച്ച് ഏറ്റവും പുതിയ വിഷയങ്ങള്‍ക്ക് വരെ മറുപടി പറയുന്നതായിരുന്നു അനുഭവം.

മുന്‍കാല പണ്ഡിതരുടെ ഗ്രന്ഥങ്ങള്‍ മനുഷ്യര്‍ കാലാകാലം നേരിടാന്‍ പോകുന്ന പ്രശ്നങ്ങളില്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ വ്യക്തമാക്കുന്നതും ഉള്‍ക്കൊള്ളിക്കുന്നതുമാണ്. സമസ്തയുടെ വൈസ് പ്രസിഡന്‍റും ഫത്വാ കമ്മിറ്റി മെമ്പറുമായ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ വിശദീകരിക്കുന്നു:”ചന്ദ്രഗോളത്തില്‍ മനുഷ്യനിറങ്ങിയാല്‍ എങ്ങോട്ട് തിരിഞ്ഞ് നിസ്കരിക്കണമെന്ന് വരെ ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്ഹബിന്‍റെ ക്രോഡീകരണവും പൂര്‍ത്തീകരണവും കഴിഞ്ഞ ശേഷം ഖിയാമത് നാള്‍ വരെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സര്‍വ പ്രശ്നങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ സംബന്ധിച്ച് ഇമാമുമാര്‍ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇമാം അല്‍ ഹറമൈനിയും, ഇബനു സ്വലാഹ്(റ), ഇമാം നവവി(റ), ഇമാം സുയൂത്വി (റ) തുടങ്ങിയ പണ്ഡിതര്‍ മതവിധികള്‍ക്ക്  കൃത്യമായ ഒരു രൂപരേഖ തയ്യാറാക്കി തന്നിട്ടുണ്ട്. മൂന്നാലൊരു മാര്‍ഗത്തിലൂടെ അന്ത്യനാള്‍ വരെയുള്ള സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.

1പില്‍കാലത്ത് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി പണ്ഡിതര്‍ വ്യക്തമാക്കിയ ഉദ്ധരണികളിലൂടെ.

.2. പില്‍കാലത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ അവര്‍ പറഞ്ഞട്ടില്ലെങ്കില്‍ അതിനോട് സാദൃശ്യമായ വിഷയങ്ങളുടെ മതവിധികള്‍ മുന്‍കാല പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ടാകും. അതില്‍ നിന്ന് പില്‍കാല സംഭവങ്ങളുടെ വിധി പണ്ഡിതര്‍ക്ക് നിഷ്പ്രയാസം കണ്ടെത്താന്‍ സാധിക്കും.

3. ഇവ രണ്ടുമില്ലെങ്കില്‍ അവര്‍ പറഞ്ഞുവെച്ച പൊതുവായ നിയമങ്ങള്‍ മുന്‍നിര്‍ത്തി പുതിയ വിഷയങ്ങളുടെ മതവിധികള്‍ കണ്ടെത്താന്‍ കഴിയും.ഈ മൂന്നാലൊരു വഴിയിലൂടെ ലോകാന്ത്യം വരെയുള്ള സര്‍വ പ്രശ്നങ്ങള്‍ക്കും മുന്‍കാല പണ്ഡിതരുടെ ഉദ്ധരണികളിലൂടെ ഉത്തരം കണ്ടെത്താന്‍ സാധിക്കുമെന്ന് എം.ടി. ഉസ്താദ് സമര്‍ത്ഥിക്കുന്നു. എം.ടി. ഉസ്താദ് വിശദീകരിച്ച മൂന്ന് മാര്‍ഗങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇമാം നവവി(റ) തങ്ങള്‍ തന്‍റെ ശറഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയതായി കാണാന്‍ സാധിക്കും (ശറഹുല്‍ മുഹദ്ദബ്, വാള്യം 1, പേ: 44).മുകളിലെ വിശദീകരണങ്ങളിലൂടെ സമസ്ത ഫത്വ കമ്മിറ്റി സമ്പൂര്‍ണമായും മുന്‍കാല പണ്ഡിതരുടെ ഗ്രന്ഥങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഫത്വ പറയുന്നതെന്ന് ബോധ്യപ്പെടുത്തുന്നു. ആധുനിക യുഗത്തില്‍ സംജാതമായ നൂതന പ്രശ്നങ്ങള്‍ക്ക് പോലും പൂര്‍വ്വീകരുടെ ഉദ്ധരണികളിലൂടെ പരിഹാരം കണ്ടെത്തുന്നതില്‍ സമസ്ത ഫത്വ കമ്മിറ്റി വിജയിച്ചിരിക്കുന്നു.

സമാപ്തം

സമസ്ത ഫത്വാ കമ്മിറ്റിയുടെ കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനകത്തും പുറത്തും നിര്‍ണായകമായി സ്വാധീനിച്ചതായും തെന്നിന്ത്യയിലെ മതവിധികളുടെ സുപ്രീം കോര്‍ട്ട് ആയി മാറിയതായും വ്യക്തമാക്കുന്നു. സമസ്തയെ ശരീഅത്തിന്‍റെ ആധികാരിക ശബ്ദമായും അവസാന വാക്കായും കേരള മുസ്ലിംകള്‍ അംഗീകരിച്ച് കഴിഞ്ഞതിന്‍റെ സാക്ഷിപത്രം.

സമസ്ത ഫത്വാ കമ്മിറ്റി ഫത്വകളോടൊപ്പം അതിന്‍റെ തെളിവുകളോ കിതാബിന്‍റെ ഉദ്ധരണികളോ എഴുതാറില്ല. അതിനെക്കുറിച്ച് ശംസുല്‍ ഉലമ പറഞ്ഞത് “കേരള മുസ്ലിംകള്‍ക്ക് സമസ്ത പറഞ്ഞു എന്നതു തന്നെയാണ് ഏറ്റവും വലിയ തെളിവ്’ എന്നായിരുന്നു. ഈ വാക്കിനെ നൂറ് ശതമാനം സത്യമായി പുലര്‍ത്തുന്നതാണ് കഴിഞ്ഞകാല അനുഭവം. നിര്‍ണായകമായ വിഷയങ്ങളില്‍ പോലും ഫത്വയുടെ തെളിവുകള്‍ ആരായുന്നതിന് പകരം സമസ്തയുടെ ലെറ്റര്‍പാഡില്‍ എഴുതിത്തരണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പുകളാണ് ലേഖകന് കാണാന്‍ കഴിഞ്ഞത്. മുസ്തഫ്തി പണ്ഡിതരാണെങ്കില്‍ അവര്‍ക്ക് വേണ്ടി നേരിട്ട് വരുമ്പോള്‍ തെളിവുകളും ഉദ്ധരണികളും കമ്മിറ്റി ബോധ്യപ്പെടുത്താറുണ്ട്. മാത്രമല്ല, മറ്റു പണ്ഡിതډാരും ഫത്വാ കമ്മിറ്റികളും പുറപ്പെടുവിച്ച ഫത്വകളുടെ പുന:പരിശോധനക്കായും സമസ്തയിലേക്ക് ചോദ്യങ്ങള്‍ വരാറുണ്ട്. എന്നാല്‍ സമസ്തയുടെ ഫത്വ പുന:പരിശോധിക്കണമെന്ന ആവശ്യം ഇതുവരെയുണ്ടായിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*