Sorry.. പ്രധാനമന്ത്രീ, ആ പഴയ മോദിയില്‍നിന്ന് ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് പറയേണ്ടിവരുന്നതിൽ

”…നേരത്തെ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അവര്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണംചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കണോ? നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടോ? … അമ്മമാരുടെയും പെണ്‍മക്കളുടേയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ പണം വിതരണംചെയ്യുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ കാലത്താണ് സമ്പത്തില്‍ ആദ്യത്തെ അധികാരം മുസ്ലിംകള്‍ക്കാണ് എന്ന നിലപാടെടുത്തത്. ഈ നഗര മാവോയിസ്റ്റുവാദം അനുസരിച്ച് നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും താലിമാല പോലും ബാക്കിയുണ്ടാകില്ല….”

ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജസ്ഥാനില്‍ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധനചെയ്യവെ പറഞ്ഞ വാക്കുകളാണിത്. ഇന്നലെ രാത്രി വാര്‍ത്ത വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരിക്കലൂടെ വായിച്ചു നോക്കി, പ്രധാനമന്ത്രി തന്നെയാണോ ഈ പറയുന്നതെന്ന് ഉറപ്പിക്കാന്‍. മതേതര, ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ, ഈ രാജ്യത്തെ 130 കോടിയിലേറെ വരുന്ന പൗരന്‍മാരെ ഒരുപോലെ കാണേണ്ട ഭരണാധികാരിയുടെ വാക്കുകള്‍ ത്‌നനെയായിരുന്നു അത്.

‘സബ്കാ സാഥ് സബ്കാ വികാസ്’ അഥവാ എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. എന്നിട്ടാണ് തെരഞ്ഞെടുപ്പില്‍ എങ്ങിനെയെങ്കിലും ജയിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ഇതുപോലൊരു പരാമര്‍ശം മോദി നടത്തിയിരിക്കുന്നത്. മോദിയും ബിജെപിയും പറയുന്നതും, ഈ വിവാദ പ്രസംഗത്തെ ന്യായീകരിക്കാനായി സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ കൊണ്ടുവരുന്നതും ഡോ. മോന്‍മോഹന്‍ സിങ്ങിന്റെ 2006ലെ ഒരു പ്രസംഗമാണ്. 

ദേശീയ വികസന കൗണ്‍സിലിന്റെ യോഗത്തില്‍ സംസാരിക്കവെ രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങളുടെ വികസനത്തെക്കുറിച്ച് സംസാരിച്ച് ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞത് ഇപ്രകാരമായിരുന്നു. 

”…കൃഷി, ജലസേചനം, ജലസ്രോതസ്സുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിര്‍ണായക നിക്ഷേപം, കൂടാതെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ അവശ്യ പൊതുനിക്ഷേപ ആവശ്യങ്ങള്‍, എസ്‌സി/എസ്ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിനായുള്ള പരിപാടികള്‍ ആണ് ഞങ്ങളുടെ കൂട്ടായ മുന്‍ഗണനകള്‍ എന്ന് ഞാന്‍ ഈ അവസരത്തില്‍ വ്യക്തമാക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് വികസനത്തിന്റെ ഫലങ്ങള്‍ തുല്യമായി പങ്കുവയ്ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നൂതനമായ പദ്ധതികള്‍ നാം ആവിഷ്‌കരിക്കേണ്ടതുണ്ട്. അവര്‍ക്ക് വിഭവങ്ങളില്‍ മുന്‍ഗണന ഉണ്ടായിരിക്കണം…” 

ഇതാണ് മന്‍മോഹന്‍ സിങ്ങ് പറഞ്ഞതെങ്കിലും അതിനെ ഇന്ത്യയുടെ പ്രധാനമന്ത്രി വ്യാഖ്യാനിച്ചത് പക്ഷേ മറ്റൊരു വിധത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലായിരുന്നിട്ടും ബിജെപി തൂത്തുവാരിയ സംസ്ഥാനമാണ് രാജസ്ഥാന്‍. പക്ഷേ ഇക്കുറി അവിടെ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും ഏറെ ക്രെഡിബിലിറ്റിയുള്ള ലോക് പോള്‍ അടക്കമുള്ള ഏജന്‍സികളുടെ സര്‍വേ പുറത്തുവന്നുകൊണ്ടിരിക്കെയാണ് മോദിയില്‍നിന്ന് ഇത്തരത്തിലുള്ള ഒരു പ്രസംഗം ഉണ്ടായിരിക്കുന്നത്.

എന്തായാലും മോദിയുടെ പ്രസംഗത്തിനെതിരേ പരാതി കൊടുക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തീരുമാനിച്ചിട്ടുണ്ട്. അത് നല്ലതാണെങ്കിലും ഇത്തരമൊരു പ്രസംഗം പ്രധാനമന്ത്രി പദംപോലൊരു ഭരണഘടനാ പദവി കൈകാര്യംചെയ്യുന്ന ആളില്‍നിന്ന്ഉണ്ടാവാന്‍ പാടില്ലാത്തതാണ്. വിവാദപ്രസംഗങ്ങള്‍ മുമ്പും മോദി നടത്തിയിട്ടുണ്ട്.

2017ല്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തിലിരിക്കെ, ഒരു തെരഞ്ഞെടുപ്പ് സമയത്ത് യു.പിയിലെ ഫതഹ്പൂരില്‍ മോദി പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു: ”ഖബര്‍സ്ഥാനുകള്‍ ഉണ്ടാക്കുകയാണെങ്കില്‍ തീര്‍ച്ചയായും ശ്മശാനങ്ങളും ഉണ്ടാക്കണം, റംസാന്‍ മാസത്തില്‍ വൈദ്യുതി ഉണ്ടെങ്കില്‍ തീര്‍ച്ചയായും ദീപാവലിക്കും വൈദ്യുതി ഉണ്ടാകണം..” എന്തായിരുന്നു ഇതിനൊക്കെ അര്‍ത്ഥം?
വേഷം കണ്ടാല്‍ തിരിച്ചറിയാമെന്നാണ് സി.എ.എ പ്രക്ഷോഭകരെക്കുറിച്ച് 2019ല്‍ മോദി പറഞ്ഞത്. 

ഇപ്പോഴത്തെ മോദിയുടെ പ്രസംഗം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയിയിരിക്കെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും നമ്മെ ഓര്‍മിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

‘ഹം പാഞ്ച് ഹമാരാ പാഞ്ച്…’ അഥവാ നാം അഞ്ച് നമുക്ക് 25 എന്നാണ് അന്ന് മോദി പ്രസംഗിച്ചത്. അതും ഗുജറാത്ത് കലാപാനന്തരംനടന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്. അന്നത്തെ ആ മോദിയില്‍നിന്ന് പ്രധാനമന്ത്രി പദവിയില്‍ പത്തുവര്‍ഷം ഇരുന്നിട്ടും മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ പ്രസംഗത്തില്‍നിന്ന് നമുക്ക് മനസ്സിലാകുന്നത്.

About Ahlussunna Online 1174 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*