നബിയെ, അങ്ങ് പ്രകാശമാണ്

റാഫി ടി.എം ഒറ്റപ്പാലം

അന്ധകാരത്തിലകപ്പട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കലാണ് പ്രവാചകത്വ ലബ്ദിയുടെ ഉദ്ദേശം. പ്രസ്തുത ദൗത്യം ഏറ്റെടുത്തുകൊണ്ട് അജ്ഞതക്കെതിരെ ധര്‍മ്മ സമരം ചെയ്ത് ലോകത്ത് മുഴുവന്‍ വെളിച്ചം വിതറിയ നേതാവായിരുന്നു തിരു നബി (സ്വ). പരിശുദ്ധ ദീനിന്‍റെ സല്‍സരണികള്‍ സമൂഹ സമക്ഷം സമര്‍പ്പിക്കാന്‍ നിയുക്തരായ റസൂല്‍(സ്വ) ലോകത്തിനെന്നും പ്രകാശമായിരുന്നു.

പ്രപഞ്ച നാഥന്‍ ആദ്യമായി ലോകത്ത് പടത് തിരുനബി(സ്വ)യുടെ പ്രകാശത്തെയാണ്. ആ വെളിച്ചം ഇന്നും നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. റബീഉല്‍ അവ്വലില്‍ പിറന്ന പൊന്നമ്പിളി സകല ജീവജാലങ്ങള്‍ക്കും വെളിച്ചം പകര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നബി(സ്വ)യുടെ പ്രകാശമാണ് പ്രഥമ പ്രകാശമെന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ കാണാം. ജാബിറുബ്നു അബ്ദില്ലാഹില്‍ അന്‍സ്വാരിയില്‍ നിന്ന് നിവേദനം; ജാബിര്‍ (റ) നബി(സ്വ)യോട് ചോദിച്ചു: “നബിയേ, എല്ലാത്തിനും ആദ്യമായി അല്ലാഹു പടച്ചത് എന്തിനെയാണ്?” നബി തങ്ങള്‍ പറഞ്ഞു: “ജാബിറേ, നിന്‍റെ നബിയുടെ പ്രകാശമാണ് എല്ലാ വസ്തുക്കള്‍ക്കും മുമ്പെ പടച്ചത്”. (റൂഹുല്‍ മആനി 9/100).

തിരുനബി(സ്വ)യുടെ പ്രകാശത്തെക്കുറിച്ച് ഖുര്‍ആന്‍ പ്രസ്താവിച്ചത് ഇങ്ങനെയാണ്: “നബിയെ, തീര്‍ച്ചയായും നിങ്ങളെ ഞാന്‍ ഒരു സാക്ഷിയും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ,അല്ലാഹുവിന്‍റെ ഉത്തരവ് അനുസരിച്ച് അവനിലേക്ക് ക്ഷണിക്കുന്നവനും പ്രാകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു” (അഹ്സാബ് 45-46). തിരുനബി (സ്വ) ലോകൈക ജനങ്ങളെ മുഴുവനും അല്ലാഹുവിന്‍റെ വഴിയിലേക്ക് ക്ഷണിക്കാന്‍ നിയോഗിതരായ വിളക്കാണെന്നാണ് പരിശുദ്ധ ഖുര്‍ആനിക വചനം സൂചിപ്പിക്കുന്നത്. സൂറത്തുല്‍ അസ്ഹാബിലെ വചനം നബിയുടെ സവിശേഷതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാക്ഷിയും സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനുമാണവന്‍. അതോടൊപ്പം തന്നെ ജനങ്ങള്‍ക്ക് പ്രകാശം നല്‍കുന്നവനും സ്വയം പ്രകാശിക്കുന്നവനുമാണെന്നാണ് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്.ഇവിടെ റസൂലിനെ “സിറാജന്‍ മുനീറാ” എന്ന വചനം കൊണ്ടാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. നബി (സ്വ) സ്വയം പ്രകാശിക്കുന്ന വിളക്കും അവിടുത്തെ മൊഴികളും കര്‍മ്മങ്ങളും അനുവാദങ്ങളുമെല്ലാം അവസാനനാള്‍ വരെ ലോകത്തിന് മുഴുവന്‍ വെളിച്ചവുമായി നിലകൊള്ളുന്നതുമാണ്. നബി (സ്വ) സ്വയം വിളക്കായിത്തീര്‍ന്നതല്ല, മറിച്ച് അല്ലാഹു വിളക്കാക്കിത്തീര്‍ത്തതാണ്. ഈ വിളക്ക് അവസാന നാള്‍ വരെയുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശ്ശനമേകാനുള്ളതെന്നുമാണ് പണ്ഡിത ഭാഷ്യം.

തിരുനബി (സ്വ) നൂറായിരുന്നു. അതിനാല്‍ തന്നെ സൂര്യപ്രകാശത്തിലോ നിലാ വെളിച്ചത്തിലോ നബി തങ്ങള്‍ നടന്നാല്‍ നബിയുടെ നിഴല്‍ വെളിവാകില്ലായിരുന്നു (ശറഉസര്‍ക്കാനി). നബി (സ്വ)യുടെ പ്രകാശത്തിനെക്കുറിച്ച് ഹദീസുകളില്‍ ധാരാളമായിക്കാണാം. നബി (സ്വ) നടക്കുന്ന വിശയ സംബന്ധിയായി പറയുന്ന സ്ഥലത്ത് ഖസ്തല്ലാനി (റ) ‘മഹാവിബുലദുന്നിയ’ എന്ന ഗ്രന്ഥത്തിലും സര്‍ക്കാനിയുടെ അതിന്‍റെ ശറഇലും ഇങ്ങനെ കാണാം. നബി(സ്വ)ക്ക് സൂര്യനിലോ ചന്ദ്രനിലോ നിഴലുണ്ടായിരുന്നില്ല. ഇബ്നു സബാ അതിന്‍റെ കാരണം പറയുന്നത് നബി (സ്വ) തന്നെ പ്രകാശമായിരുന്നു എന്നാണ്. നബിയുടെ നിഴല്‍ ഒരു കാഫിറും ചവിട്ടാതിരിക്കാന്‍ വേണ്ടിയാണിതെന്നാണ് പറയപ്പെടുന്നത്.

മറ്റൊരു ഹദീസില്‍ കാണാം, ആഇശാ ബിവിയുടെ മൗലയെത്തൊട്ട് തുര്‍മുദിയും ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് ഇബ്നുല്‍ ജൗസിയും റിപ്പോര്‍ട്ട് ചെയ്യുന്നു: “നബി(സ്വ)ക്ക് നിഴലുണ്ടായിരുന്നില്ല. സൂര്യപ്രകാശത്ത് നില്‍ക്കുമ്പോള്‍ നബി(സ്വ)യുടെ പ്രാകാശം സൂര്യപ്രകാശത്തേക്കള്‍ മികച്ചതായിരിക്കും. ഏതൊരു വിളക്കിന്‍റെ പ്രകാശത്തെക്കാള്‍ റസൂല്‍(സ്വ)യുടെ പ്രകാശം മികച്ച് നില്‍ക്കുമായിരുന്നു”.

റസൂല്‍ (സ്വ) കൂടെ ജീവതം കഴിച്ചുകൂട്ടിയവര്‍ അവിടുത്തെ പ്രകാശത്തെക്കുറിച്ച് വാചലരായിട്ടുണ്ട്. ആഇശാ (റ) നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: “ഞാന്‍ നബി(സ്വ)യുടെ വസ്ത്രം തുന്നിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ സൂചി നിലത്ത് വീണു. എത്ര തിരഞ്ഞിട്ടും അത് ലഭ്യമായില്ല. താമസംവിനാ റസൂല്‍ (സ്വ) കടന്നുവന്നു. ആ തിരുമുഖത്ത് നിന്ന് പ്രസരിച്ച പ്രകാശത്താല്‍ ഞാനാസൂചി പെറുക്കിയെടുത്തു” (കന്‍സുല്‍ ഉമാല്‍).

“നക്ഷത്രങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ ചന്ദ്രനെപ്പോലെ അല്ല, അതിലും ഉന്നതമായി അങ്ങ് ഞങ്ങള്‍ക്കിടയില്‍ പ്രകാശം പരത്തുന്നു” (മന്‍ഖൂസ് മൗലിദ്). നാഗരികതകള്‍ പോലും നാണം കെട്ടുപോവുന്ന ഇരുണ്ട യുഗത്തില്‍ സാംസ്ക്കാരിക നൈര്‍മല്യത്തോടെ വഴിവിളക്കായി പ്രത്യക്ഷപ്പെട്ട തിരുനബി (സ്വ) പാടിപ്പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത വിധം വിശേഷണങ്ങള്‍ക്ക് പാത്രീഭൂതനായിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

പ്രാകശ കിരണങ്ങള്‍ ലോകത്തിനാകമാനം ചൊരിഞ്ഞ് നല്‍കിയ തിരുനബി (സ്വ) അജ്ഞതകളെ അറിവെന്ന പരിചകൊണ്ട് വിപാടനം ചെയ്തത് ഒരു സാമൂഹ്യ പരിഷ്കര്‍ത്താവിന്‍റെ റോളിലായിരുന്നു. ലഹരിയും ലൈംഗീകാതിക്രമങ്ങളും സ്ഥിര പ്രതിഷ്ഠനേടിയ സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ ആചാരങ്ങളായി മാറി. മാനുഷിക പരിഗണന അവഗണനയുടെ സ്വരങ്ങളായി രൂപപ്പെടുമ്പോള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടത് സ്ത്രീ സമൂഹമായിരുന്നു. ഈ സാഹചര്യത്തില്‍ പരിശുദ്ധ ദീനിന്‍റെ ധ്വജവാഹകരായ തിരു നബി (സ്വ) ആ ദീനിന്‍റെ അന്തസത്തയെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത് തീര്‍ത്തും തന്‍റെ സല്‍ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. സത്യവും ധര്‍മ്മവും നീതിയും കാരുണ്യവുമെല്ലാം അവിടുത്തെ ജീവിതത്തില്‍ സ്ഫുരിക്കുന്നത് സ്വഹാബത്തുകള്‍ക്ക് തെളിഞ്ഞു കാണാമായിരുന്നു.

തിരുനബി(സ്വ)യുടെ ഒളിവ് സത്യ ദീനിന് പ്രകാശം പരത്തി. ആ ദീനിന്‍റെ അനുധാവകര്‍ക്കും പ്രകാശം ചൊരിഞ്ഞു. സസ്യ ജന്തുക്കള്‍തീതമായും ആ പ്രകാശ കിരണങ്ങള്‍ ലോകത്ത് പരന്നപ്പോള്‍ ഇരുളുകള്‍ അകന്നു പോയി. ഇനിയും ഒളിമങ്ങാത്ത ആ തിരുനബി പ്രകാശം ലഭിക്കുന്നവരാവേണ്ടേ നമ്മള്‍..? നബിയേ, ഞങ്ങളാഗ്രഹിക്കുന്നു, അങ്ങയുടെ പ്രകാശത്തിന് കീഴിലാവാന്‍. വിശ്വാസി വൃന്ദങ്ങള്‍ക്കെന്നും പ്രകാശനമായും വ്യക്തമായ മാര്‍ഗദര്‍ശനമായും റസൂല്‍ (സ്വ) ഇന്നും നിലനില്‍ക്കുമ്പോള്‍ ജീവത വിജയം കൈവരിക്കാന്‍ നാം തയ്യാറാവണം. നാഥന്‍ തുണക്കട്ടെ, ആമീന്‍.

Be the first to comment

Leave a Reply

Your email address will not be published.


*