വെട്ടത്തൂര്‍ യത്തീംഖാന കുട്ടിക്കടത്തിനും തെളിവില്ലെന്ന് സി.ബി.ഐ

കൊച്ചി: വിവാദമുണ്ടാക്കിയ കേരളത്തിലെ മുക്കം യതീംഖാന കുട്ടിക്കടത്ത് കേസ് സി.ബി.ഐ എഴുതി തള്ളിയതിന് പിന്നാലെ മലപ്പുറം വെട്ടത്തൂര്‍ യത്തീംഖാന കുട്ടിക്കടത്ത് കേസും തെളിവില്ല എന്ന കാരണത്താല്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ യുവജന വിഭാഗമായ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയാണ് വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ യത്തീംഖാന നടത്തിയിപ്പ്. 2014 മെയ് 25 ന് പശ്ചിമ ബംഗാളില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാതെ 123 കുട്ടികളെ പാലക്കാട് റയില്‍വെ സ്‌റേഷനില്‍ യത്തീംഖാനയിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടി എത്തിച്ചിരുന്നു. ഇത് കുട്ടിക്കടത്താണെന്ന് ആരോപിച്ച് പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും റെയില്‍വെ പൊലിസും കേസെടുത്തിരുന്നു.

കുട്ടികളോടൊപ്പം ഉണ്ടായിരുന്ന അബുബക്കര്‍, മന്‍സൂര്‍, ദോശ് മുഹമ്മദ്, ജാഹിറുദീന്‍ എന്നി ബംഗാള്‍ സ്വദേശികളെ കുട്ടിക്കടത്ത് ഏജന്റുമാര്‍ എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ കേസന്വേഷണം സി.ബി.ഐക്ക് വിടണം എന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ച് സി.ബി.ഐക്ക് വിട്ടു. ഇതിനെതിരെ വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ യതീംഖാന അഡ്വ.കെ.എ ജലീല്‍, അഡ്വ. സുല്‍ഫിക്കര്‍ അലി എന്നിവര്‍ മുഖേനെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പിച്ചു.

ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ സമൂഹ്യ നീതിക്കായുള്ള സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് അപ്പീല്‍ ഫലയില്‍ സ്വീകരിച്ച് സി.ബി.ഐയോട് വിശദീകരണം ചോദിച്ചു. കഴിഞ്ഞ നാല് വര്‍ഷം നാല് സംസ്ഥാനങ്ങളിലാകെ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് കുട്ടികടത്ത് നടന്നിട്ടില്ലെന്ന് കണ്ടെത്തി സി.ബി.ഐയുടെ ഡല്‍ഹി യൂനിറ്റ് ഡെപ്യുട്ടി സൂപ്രിം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയത്.

പശ്ചിമബംഗാളില്‍ നിന്നും വന്ന കുട്ടികള്‍ യാതൊരു വിധ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായിട്ടില്ലെന്ന് സി.ബി.ഐ കണ്ടെത്തി. രക്ഷിതാക്കളുടെ സ്വന്തം ഇഷ്ടപ്രകാരം തങ്ങളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യസവും, ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നതിന് വേണ്ടിയാണ് കേരളത്തിലേക്ക് അയച്ചത് എന്നാണ് രക്ഷിതാക്കള്‍ സി.ബി.ഐക്ക് മൊഴി നല്കിയത്. സാമൂഹ്യ നീതി വകുപ്പ് 2013 ജൂണ്‍ 22ന് ഇറക്കിയ ഉത്തരവ് പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരാന്‍ യത്തീംഖാനകള്‍ക്ക് അനുമതി ഉണ്ടായിരുന്നതായി സി.ബി.ഐ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യത്തീം ഖാനയുടെ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തി ഉറവിടം അന്വേഷിച്ച സി.ബി.ഐ എസ്.വൈ.എസിന്റെ സംസ്ഥാന കമ്മിറ്റി നല്‍കുന്ന സാമ്പത്തിക സഹായം കൊണ്ടാണ് അന്‍വാറുല്‍ ഹുദാ യതീംഖാന പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതായി സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*