അങ്ങനെയെങ്കില്‍,പ്രക്ഷോഭങ്ങള്‍ക്കും’സ്റ്റേ’ഇല്ല

എഡിറ്റേറിയല്‍

ഏറെ വിവാദമായ പൗരത്വനിയമ ഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 144 ഹരജികള്‍ പരിഗണിച്ച് സുപ്രീംകോടതി നാലാഴ്ച കൂടി മറുപടി പറയാന്‍ കേന്ദ്രത്തിനു സമയം അനുവദിച്ചിരിക്കുകയാണ്.രാജ്യത്തിന്‍റെ സകല മുക്കുമൂലകളിലും പ്രതിഷേധ ജ്വാല ഉയര്‍ന്നതിനു പുറമെ സ്വന്തം ഘടക കക്ഷികളില്‍ നിന്നും അനുകൂലികളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടുന്ന ബി.ജെ.പി അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.പക്ഷെ അണമുറിയാത്ത സമര പോരാട്ടങ്ങളെ അഭിമുഖീകരിക്കുകയും മുഖവിലക്കെടുക്കാതിരിക്കുകയും ചെയ്യുന്ന ഭരണ കര്‍ത്താക്കളുടെ സമീപനങ്ങളില്‍ നിന്നും മനസ്സിലാവുന്നത് ഈ നിയമ ഭേദഗതി കാലങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തതാണെന്നാണ്.എങ്കിലും ഘര്‍വാപസി മുതല്‍ ബാബരി വരെ ഫാസിസം ഓരോ പടിയെടുത്തു വെച്ചപ്പോഴേക്കും നിശബ്ദമായിരുന്ന മതേതര ജനാധിപത്യ ബോധം ഇത്രയധികം ശക്തിയോടെ സടകുടഞ്ഞെഴുന്നേല്‍ക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല.

ഭരണഘടനയില്‍ നീതിയുള്ളത് കൊണ്ട് ഇനി ഏക പ്രതീക്ഷ ജുഡീഷ്യറിയിലാണ്.1950 ജനുവരി 26നു പ്രാബല്യത്തില്‍ വന്ന ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുടെ കാവല്‍ ഭടന്മാരായ നീതിന്യായ വിഭാഗം പൊതുതാല്‍പര്യത്തെ മാനിക്കാതിരിക്കാന്‍ സാധ്യതയില്ല.പൗരത്വ നിയമ ഭേദഗതിയെ എങ്ങനെ ന്യായികരിച്ചാലും അത് തികച്ചും ഭരണഘടന വിരുദ്ധമാണെന്ന് നിരവധി അഭിഭാഷകര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.പക്ഷേ നിയമം സ്റ്റേ ചെയ്യാതെ വാദം കേള്‍ക്കലും വിധി പറയലും നീട്ടി വെക്കുന്നതിലൂടെ മതേതര ഇന്ത്യയുടെ സമരാവേശം കുറയുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.കാരണം മുത്വലാഖിനെയോ,ബാബരിയെയോ മാത്രം ബാധിക്കുന്നത് പോലെയല്ല ഓരോ മതേതര വിശ്വാസിയുടെ അടിവേരാണ് ചോദ്യം ചെയ്യുന്നത്.വ്യക്തമായ ഒരു തീരുമാനമുണ്ടാവുന്നത് വരെ ഞങ്ങളുടെ സമര പോരാട്ടങ്ങള്‍ക്കും ‘സ്റ്റേ’ പ്രതീക്ഷിക്കേണ്ടതില്ല.

Be the first to comment

Leave a Reply

Your email address will not be published.


*