റാബിഅത്തുല്‍ അദവിയ്യ (റ); ഇലാഹീ അനുരാഗത്തിന്‍റെ പ്രകാശ താരകം

റാഫി ടി.എം ഒറ്റപ്പാലം

ആത്മീയ ലോകത്ത് പാറിപ്പറന്ന വിശുദ്ധ പക്ഷിയാണ് ചരിത്രത്തില്‍ രണ്ടാം മറിയം എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിഅത്തുല്‍ അദവിയ്യ (റ). പ്രപഞ്ച പരിപാലകനോടുള്ള അദമ്യമായ അനുരാഗത്തിന്‍റെ മായാവലയത്തില്‍ അകപ്പെട്ട് ദിവ്യാനുരാഗത്തിന്‍റെ മധുരം നുകര്‍ന്ന പ്രപഞ്ച വിസമയമാണവര്‍. സത്യത്തില്‍ ത്യാഗത്തിന്‍റെ സപര്യകളില്‍ ഇതിഹാസങ്ങള്‍ രചിച്ച് ജീവിത വഴിത്താരകള്‍ ധന്യമാക്കിയ ആ വിശുദ്ധ പേടകത്തിന്‍റെ ജീവചരിത്രം മാനവ സമൂഹത്തിന് ഒരു നിദര്‍ശനം തന്നെയാണ്.
ഇറാഖിലെ ബസ്വറയിലുള്ള ഒരു ദരിദ്ര കുടുംബത്തില്‍ എ.ഡി 717 ലാണ് റാബിഅ (റ) ജനനം കൊള്ളുന്നത്. തന്‍റെ കുടുംബത്തിലെ നാലാമത്തെ പെണ്‍കുട്ടിയെന്ന നിലക്ക് വീട്ടുകാര്‍ അവരെ റാബിഅ എന്ന പേരില്‍ വിളിച്ചു. ഇസ്ലാമിക ചരിത്രത്തില്‍ റാബിഅത്തുല്‍ അദവിയ്യ എന്നും റാബിഅത്തുല്‍ ബസ്വരിയ്യ എന്നുമാണ് മഹതിയുടെ നാമം ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.

ദാരിദ്ര്യത്തിന്‍റെ കഷ്ടതകള്‍ നിറഞ്ഞ സാഹചര്യത്തിലായിരുന്നു മഹതിയുടെ ജനനം. പതിനൊന്നാം വയസ്സിന്‍റെ പടിവാതിലില്‍ കാലെടുത്തു വെച്ചപ്പോഴാണ് പിതാവിന്‍റെ വിയോഗം നടന്നത്. പിന്നീട് അനാഥത്വത്തിന്‍റെ കൈപ്പുനീര്‍ പാനം ചെയ്തുള്ള ജീവിതമായിരുന്നു അവരുടേത്. ഒരിക്കല്‍ അനാഥമായ മഹതിയുടെ കുടുംബത്തെ ഒരു കൊള്ളസംഘം അക്രമിക്കികയും പ്രിയ മാതാവിനെ വധിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പെണ്‍കുട്ടികളെ വീതിച്ചെടുക്കുകയും അടിമച്ചന്തയില്‍ വില്‍പ്പനക്കായി കാഴ്ചവെക്കുകയും ചെയ്തു..

അടിമത്വത്തിന്‍റെ ദിനരാത്രങ്ങളില്‍ മഹതി പലരാലും കൈമാറപ്പെട്ടുകൊണ്ടേയിരുന്നു. പിന്നീടങ്ങോട്ട് ത്യാഗത്തിന്‍റെയും വേപഥുവിന്‍റെയും ദിന രാത്രങ്ങളില്‍ മഹതി സ്വയം സമര്‍പ്പിതയായി. യജമാനډാരുടെ കല്‍പ്പനകള്‍ക്ക് വിധേയപ്പെട്ട് കുറേ കാലം വിവാഹച്ചടങ്ങുകളിലെ നര്‍ത്തകിയായും ഗായികയായും അവര്‍ ജീവിതം കഴിച്ചുകൂട്ടി. രാത്രികാലങ്ങളില്‍ വല്ലപ്പോഴായി പോവാറുണ്ടായിരുന്ന സൂഫീ സദസ്സുകളില്‍ നിന്നും ലഭിച്ച ആത്മീയജ്ഞാനത്തിന്‍റെ ഇത്തിരിവെട്ടം മഹതിയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം പരമാത്മാവിനെ തേടിപ്പിടിക്കലാണെന്ന് ബോധ്യപ്പെട്ട മഹതി, പിന്നീട് സൃഷ്ടാവിനെ പ്രാപിക്കാനുള്ള ആത്മ സഞ്ചാരത്തിന്‍റെ വീചികള്‍ തേടിപുറപ്പെടുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

ഒരു ജീവാത്മാവിന്‍റെ പരിത്യാഗങ്ങള്‍ക്ക് റാബിഅ ഒരു ഉദാത്ത മാതൃക തന്നെയായിരുന്നു. അടിമത്വത്തിന്‍റെ ജീവിതവഴികളില്‍ നിലനില്‍ക്കുമ്പോഴും ത്യാഗങ്ങള്‍ക്ക് വിധേയമാക്കപ്പെടുമ്പോഴും തന്‍റെ ഹൃദയം അനശ്വരനായ ഹൃദയനാഥനുമായി സല്ലപിക്കുകയായിരുന്നു. ഒരിക്കല്‍ തന്‍റെ യജമാനന്‍ മുറിയിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത് ഒരു പ്രഭാവലയത്തിനുള്ളില്‍ പ്രാര്‍ത്ഥാനാ നിരതയായിരിക്കുന്ന റാബിഅയെയായിരുന്നു .

പ്രാര്‍ത്ഥനക്കിടയില്‍ മഹതി ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു: ‘എന്‍റെ കണ്ണുകളുടെ അനന്തമായ പ്രഭയെ അങ്ങയെ ഹൃദയപൂര്‍വ്വം സേവിക്കാനും കല്‍പ്പനകള്‍ പാലിക്കുവാനും ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും അവിടുത്തേക്ക് അറിയാമല്ലോ. സ്വതന്ത്രയായിരുന്നുവെങ്കില്‍ ഞാന്‍ രാപ്പകല്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുമായിരുന്നു. എന്നാല്‍ എന്നെ അങ്ങ് ഒരു മനുഷ്യജീവിയുടെ അടിമയാക്കിയിരിക്കുമ്പോള്‍ ഞാന്‍ എന്തുചെയ്യാനാണ്?’ ഇതുകേട്ട് ചിന്തയിലാണ്ടുപോയ യജമാനന്‍ റാബിഅയില്‍ അന്തര്‍ലീനമായിക്കിടക്കുന്ന സദാചാരബോധത്തിന്‍റെയും ആത്മീയതയുടെയും ആഴംതിരിച്ചറിഞ്ഞ് അവരെ സ്വതന്ത്രയാക്കി. പിന്നീടങ്ങോട്ടുള്ള ജീവിത്തില്‍ മഹതിക്ക് ഹൃദയനാഥനോട് കൂടുതല്‍ അഭിരമിക്കാന്‍ പ്രാപ്തമാവുകയും വിലായത്തിന്‍റെ വിസ്മയലോകത്തേക്ക് ഹ്രസ്വകാലത്തെ ആത്മീയജീവിതം കൊണ്ട് തന്നെ പറന്നെത്തുകയും ചെയ്തു.
ആത്മീയ ചൈതന്യം നിറഞ്ഞൊഴുകിയ ആസൂഫി വനിതയുടെ പ്രകാശ സ്ഫുരിതമായ രംഗങ്ങള്‍ കേട്ടറിഞ്ഞവര്‍ പിന്നീട് വീടുതേടി പരന്നൊഴുകാന്‍ തുടങ്ങി. നിഷ്കളങ്കതയുടെയും നിഷ്കപടതയുടെയും അര്‍പ്പണ ബോധം സമര്‍പ്പിച്ച് ആത്മീയ സുകൃത സൂനമായി മാറിയ റാബിഅ (റ) തന്‍റെ അടുക്കല്‍ വരുന്ന ആളുകള്‍ക്ക് ആശ്വാസവാക്കുകള്‍ നല്‍കിയും നീറുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിനല്‍കിയും സന്തോഷത്തോടെ തിരിച്ചയച്ചു.

ഇബ്റാഹീമുബ്നു അദ്ഹം, ഫുളൈലുബ്നു ഇയാള്, ഹസന്‍ ബസ്വരി എന്നിവര്‍ റാബിഅ(റ)യുടെ കാലത്തെ സൂഫി ചക്രവാളത്തില്‍ വിരാചിച്ചവരായിരുന്നു. ഇവരില്‍ പ്രവാചക ശിഷ്യരുടെ തൊട്ടടുത്ത തലമുറിലെ അതുല്യ പണ്ഡിതനായിരുന്ന ഹസന്‍ ബസ്വരി (റ) ആത്മീയ പരതയുടെ നീര്‍ച്ചാലുകള്‍ പരന്നൊഴുകിയ റാബിഅ(റ)യുടെ കൂടെ ഇടപഴകാന്‍ സൗഭാഗ്യം സിദ്ധിച്ച മഹാനായിരുന്നു. അവരുമായുള്ള ഇടപഴകലില്‍ ആത്മീയ തീരം കണ്‍കുളിര്‍ക്കെ കാണാന്‍ ഹസന്‍ ബസ്വരിക്ക് സാധിച്ചു. തന്‍റെ രചനാ സ്വാധീനത്തിലും പ്രഭാഷണ വേദികളിലും ഹസന്‍ ബസ്വരിക്ക് റാബിഅ(റ)യുടെ ജീവിതത്തെ തുറന്നുകാണിക്കാന്‍ പ്രചോദനമേകിയത് ഇതുതന്നെയായിരുന്നു.

റാബിഅ (റ) തന്നെക്കുറിച്ചോ മറ്റോ സ്വയം എഴുതിയിരുന്നില്ല. അതുകൊണ്ട്തന്നെ തലമുറകളായി ആ ചരിത്ര ശകലങ്ങള്‍ വിരചിതമാകാതെ സൂക്ഷിക്കപ്പെട്ടു. ചരിത്രകാരനും സൂഫിയുമായ ഫരീദുദ്ദീന്‍ അത്താര്‍ ആണ് മഹതിയുടെ ജീവിതത്തിന് പുതുജീവന്‍ നല്‍കുന്നത്. തന്‍റെ രചനകളിലൂടെ റാബിഅ(റ)യെ അദ്ദേഹം പരിചയപ്പെടുത്തി. ‘ദൈവികമായ ഏകാന്തതയെ ആത്മാവിലറിഞ്ഞ റാബിഅ ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും പ്രകാശനമായിരുന്നു. പ്രണയസ്വരൂപം തന്നെ ദേഹമണിഞ്ഞ അവര്‍ ദിവ്യ പ്രണയത്തില്‍ സ്വയം ഇല്ലാതെയായി. രണ്ടാം പരിശുദ്ധ മറിയം തന്നെയാണ് റാബിഅ’. ദൈവ സന്നിധിയിലേക്ക് പറന്നുയര്‍ന്ന ആത്മീയ വനിതക്ക് ചരിത്ര ഗ്രന്ഥികളില്‍ പിന്നീട് പ്രചരണങ്ങള്‍ നിറഞ്ഞുനിന്നു. തൂലികകള്‍ റാബിഅ(റ)യെ പ്രകീര്‍ത്തിച്ച് രംഗത്തിറങ്ങി. ചരിത്രത്തില്‍ സ്ത്രീ രത്നമായി വിരചിതമാക്കപ്പെടുകയാണ് റാബിഅ (റ). മഹതിയുടെ മഹത്വം തിരിച്ചറിഞ്ഞ ഓഷോ ഇങ്ങനെ പറഞ്ഞു: മനുഷ്യ ചരിത്രത്തിലെ അത്യപൂര്‍വ്വ വനിതയാണ് റാബിഅ ബസ്വരിയ്യ. വിരലിലെണ്ണാവുന്ന വനിതകള്‍ മാത്രമേ ചരിത്രത്തില്‍ റാബിഅയോട് ഉപമിക്കുന്നതായുള്ളൂ. മീര, തെരേസ, ലൈല തുടങ്ങിയവര്‍. അവര്‍ക്കിടയിലും റാബിഅ അപൂര്‍വ്വമായി നിലകൊള്ളുന്നു. റാബിഅ ഒരു കോഹിനൂര്‍ രത്നമാണ്. മനുഷ്യകുലം ജന്മം നല്‍കിയതില്‍ ഏറ്റവും അമൂല്യമായ സ്ത്രീ രത്നം. ഇത്തരം നിര്‍വ്വചനങ്ങള്‍ക്ക് റാബിഅ(റ)യുടെ ജീവിതം നിദാനമായിട്ടുണ്ട്.
ഇലാഹീ പ്രണയം സാക്ഷാത്കരിക്കുകയെന്നത് റാബിഅ(റ)ക്ക് ജീവിത ലക്ഷ്യമായിരുന്നു. പ്രപഞ്ചനാഥനോടുള്ള പ്രണയത്തിന് അര്‍ത്ഥ തലങ്ങള്‍ സമ്മാനിക്കാന്‍ റാബിഅ(റ)ക്ക് കഴിഞ്ഞു. ഭൗതിക ഭ്രമം മഹതി പുഛത്തോടെ ദര്‍ശിച്ചു. എന്നാല്‍ പാരത്രിക താല്‍പര്യങ്ങളോട് അരികുചേര്‍ന്ന് ജീവിക്കുകയും ചെയ്തു. “ദൈവമേ, നരകത്തോടുള്ള ഭയം കാരണമാണ് ഞാന്‍ നിന്നെ ആരാധിക്കുന്നതെങ്കില്‍ നീയെന്നെ നരകത്തിലിട്ട് ഭസ്മീകരിച്ചുകളയുക. സ്വര്‍ഗ്ഗത്തെ മോഹിച്ചാണ് ഞാന്‍ നിന്നെ ആരാധിക്കുന്നതെങ്കില്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ എന്‍റെ മുന്നില്‍ അടച്ചുകളയുക. എന്നാല്‍ നിന്‍റെ വിശുദ്ധ ദര്‍ശനം മാത്രമാഗ്രഹിച്ച് നിന്നെ മാത്രം പ്രണയിക്കുന്ന എന്‍റെ മുന്നില്‍ അതുമാത്രമെനിക്ക് സാധ്യമാക്കിത്തരണേ…” പാരത്രിക ലക്ഷ്യത്തിന്‍റെ വേറിട്ട രീതിയാണ് റാബിഅ (റ) തന്‍റെ മൊഴികളിലൂടെ അവതരിപ്പിച്ചത്. വാസ്തവത്തില്‍ തന്‍റെ ഹൃദയനാഥനെ അന്വേഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച ആത്മീയ വിഹായുസ്സിലെ ജ്യോതിര്‍ ഗോളമായിരുന്നു മഹതി. ദൈവികാനുരാഗം തുളുമ്പിനിന്ന ആ പൂമുഖത്ത് സദാ സമയവും ജീവിതാത്മാവിന്‍റെ പ്രപഞ്ചനാഥനോടുള്ള കടപ്പാടുകള്‍ മിന്നിമറയുന്നുണ്ടായിരുന്നു.

ഒരു ദിവസം ബസ്വറയിലെ തെരുവിലൂടെ ഒരു കയ്യില്‍ ഒരു തൊട്ടി വെള്ളവും മറ്റേ കയ്യില്‍ ഒരു തീപന്തവും പിടിച്ച് മഹതി ഓടി. എന്തുചെയ്യുകയാണെന്നറിയാന്‍ ആരാഞ്ഞവര്‍ക്ക് മഹതി മറുപടി കൊടുത്തത് ഇങ്ങനെ: “എനിക്ക് സ്വര്‍ഗ്ഗത്തിന് തീവെക്കണം. നരകത്തെ വെള്ളത്തില്‍ മുക്കുകയും വേണം. ദൈവത്തിലേക്കുള്ള വഴിയില്‍ അവ രണ്ടും വിലങ്ങുതടികളാണ്. ശിക്ഷയെ ഭയന്നോ സമ്മാനം മോഹിച്ചോ ഉള്ള ദൈവാരാധന ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ദൈവസ്നേഹത്തെ പ്രതിയുള്ള ആരാധനയാണ് എനിക്കിഷ്ടം”. ദൈവാരാധനയിലൂടെ മഹതി ലക്ഷ്യം വെക്കുന്നത് അവന്‍റെ ലിഖാഅ് മാത്രമാണെന്നാണ് ഉദൃത ചരിത്ര ശകലം ദ്യോതിപ്പിക്കുന്നത്.

അനശ്വരതയുടെ ആഴങ്ങള്‍ തൊട്ടറിയാന്‍ റാബിഅ (റ) വ്യഗ്രത കാണിച്ചു. അതിന് ജീവിത ഹോമങ്ങള്‍ ആത്മീയ സരണിയില്‍ അധിഷ്ഠിതമായ വഴിയെ നടത്തി. അനക്കവും അടക്കവും സൂക്ഷ്മതകള്‍ നിറഞ്ഞൊഴുകുന്നതായിരുന്നു. പ്രവര്‍ത്തന ഗോഥയില്‍ വ്യത്യസ്തമായ രീതിശാസ്ത്രങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു റാബിഅ (റ) ഉന്നതങ്ങള്‍ കീഴടക്കിയത്. വാക്കിലും പ്രവൃത്തികളിലും പ്രപഞ്ചനാഥന്‍റെ കൈയ്യൊപ്പ് ചാര്‍ത്തപ്പെട്ട ആത്മീയതയുടെ സുകൃത നിമിഷങ്ങള്‍ റാബിഅ(റ)ക്ക് സ്വന്തമായിരുന്നു. അധരമൊഴിയുടെ ആവിര്‍ഭാവങ്ങള്‍ക്ക് ഇലാഹീ പ്രണയത്തിന്‍റെ നറുമണം നിറഞ്ഞുനിന്നിരുന്നു. ഹൃദയസ്പര്‍ശനമായ വരികള്‍ മഹതിയുടെ മഹത്വത്തെ സൂചിപ്പിക്കുന്നു. “എന്‍റെ ഹൃദയനാഥാ, എനിക്ക് നീ മാത്രം മതി. നീയാണെനിക്കെല്ലാം”. ദൈവസന്നിധിയില്‍ അധരങ്ങള്‍ മന്ത്രിക്കുന്ന ഇത്തരം പ്രണയ വചസ്സുകള്‍ റാബിഅ(റ)യുടെ ജീവിത ഭാഗമായിരുന്നു. പാരത്രിക സ്മരണകളില്‍ ശ്രദ്ധ ചെലുത്തി അനുരാഗത്തിന്‍റെ ജീവവാഹിനി മൊഴിയുന്നതെല്ലാം അതുല്യതയിലാറാടി. സദാ ദൈവചിന്തയില്‍ മുഴുകുന്ന റാബിഅ(റ)യോട് ഒരാള്‍ കാര്യമന്വേഷിച്ചു. ‘അല്ല, എവിടുന്ന് വരുന്നു? എങ്ങോട്ടാണ്?’ റാബിഅ (റ) ഇങ്ങനെ മറുപടി പറഞ്ഞു: ‘ദൈവത്തില്‍ നിന്നാണ് വരുന്നത്. അവരിലേക്കാണ് നാം മടങ്ങുന്നത്’.
ദുനിയാവിന്‍റെ ലാഞ്ചനകള്‍ റാബിഅ(റ)യെ പിടികൂടുമെന്ന് മഹതി ഭയന്നിരുന്നു. അതിനാല്‍ സൂക്ഷ്മതയെ കൂട്ടുപിടിച്ചായിരുന്നു മഹതിയുടെ ജീവിതം മുന്നോട്ടു പോയിരുന്നത്ഒരുപാട് വിവാഹാന്വേഷണങ്ങള്‍ റാബിഅ(റ)യെ തേടിയെത്തി. പക്ഷേ ഹൃദയനാഥനെ പ്രാപിച്ച റാബിഅ(റ)ക്ക് എല്ലാം നിരസിക്കുകയല്ലാതെ വഴിയില്ലായിരുന്നു. തന്നെ വിവാഹമാലോചിച്ചു വന്ന ബസ്വറയിലെ അമീറിനോടുപോലും മഹതി നിരസിക്കുന്നതിന്‍റെ കാരണം ബോധിപ്പിച്ചതിങ്ങനെ: ‘നിങ്ങളെ സ്വന്തമാക്കുന്നതിലോ നിങ്ങളെ എന്‍റെ അടിമയാക്കുന്നതിലോ എനിക്ക് താല്‍പര്യമില്ല, മാത്രവുമല്ല ഒരു നിമിഷാര്‍ദ്രം പോലും എന്‍റെ ഹൃദയനാഥനായ ദൈവത്തില്‍ നിന്ന് ശ്രദ്ധ തെറ്റുന്നതിനെ ഞാനിഷ്ടപ്പെടുന്നില്ല’. നിസ്വാര്‍ത്ഥ ദൈവസ്നേഹത്തിനു മുന്നില്‍ വൈകാരിക ബന്ധങ്ങള്‍ മുഖവിലക്കെടുക്കാതെയുള്ള റാബിഅ(റ)യുടെ സമീപനം എത്രയോ മനോഹരം. പരിത്യാഗം ജ്വലിച്ചുനിന്ന ജീവിതത്തില്‍ റാബിഅ(റ)ക്ക് ലക്ഷ്യം പരിരക്ഷകന്‍റെ സാമീപ്യം തന്നെയായിരുന്നുവെന്നതിന് ചരിത്രത്തില്‍ ഉദാഹരണങ്ങളേറെ.
ആത്മീയത അനുദാവകര്‍ക്ക് പരിലസിക്കാന്‍ ഉദാത്തമാണ്. ആത്മീയാന്തരീക്ഷങ്ങള്‍ അതിനു സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കേണ്ടത് അനുദാവകരുടെ കടമയുമാണ്. ഇലാഹീ സ്നേഹവും ത്യാഗ മനോഭാവവും സമ്മിശ്രമായ സഹവര്‍ത്തിത്വത്തിലൂടെയാണ് പാരത്രിക വിജയത്തിലെത്തിച്ചേരുക. എന്നാല്‍ ആത്മീയത കൈവെടിഞ്ഞ് സമകാലിക ലോകം ജീവിച്ചുകൊണ്ടിരിക്കുന്നു. ആത്മീയ സദസ്സുകള്‍ക്കുപോലും ലക്ഷങ്ങള്‍ വിലയിടുന്ന ആള്‍ദൈവങ്ങളുടെ അതിപ്രസരണത്തില്‍ ആത്മീയത പണയം വെക്കപ്പെട്ട സാഹചര്യമാണിന്നത്തേത്. ഈ സാഹചര്യത്തില്‍ സമുദായത്തിന് ഉത്തമോദാഹരണങ്ങളായ സൂഫീ ചിന്തകളും ദര്‍ശനങ്ങളും തിരിച്ചുപിടിക്കുകയാണ് വേണ്ടത്.അതിന് കഴിഞ്ഞുപോയ പുണ്യാത്മാക്കളുടെ ജീവിതം പരതേണ്ടത് സമലോകര്‍ക്ക് അത്യാവശ്യമാണ്. പാരത്രിക ഭയത്തിന്‍റെയും നിസ്വാര്‍ത്ഥമായ ദൈവാനുരാഗത്തിന്‍റെയും വഴിയില്‍ തൂവെള്ളി സ്പര്‍ശനമായി പൊലിമ തീര്‍ത്ത റാബിഅത്തുല്‍ അദവിയ്യ(റ)യെ പോലുള്ളവര്‍ അവര്‍ക്ക് ഒരു നിതാന്ത നിദര്‍ശനവുമാണ്.

About Ahlussunna Online 1163 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*