മാതാപിതാക്കള്‍; നന്മപൂക്കും തണല്‍മരങ്ങള്‍

അനസ് അതിരുമട

വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാ പിതാക്കളും തമ്മിലുള്ള ബന്ധത്തിന്‍റെ ഇഴയടുപ്പം അനീര്‍വചനീയമാണ്.സന്താനങ്ങളുടെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ആ ബന്ധം സുദൃഢമായി കൊണ്ടോയിരിക്കും.ജീവിതത്തിന്‍റെ അടക്കവും അനക്കവും മക്കള്‍ക്ക് വേണ്ടിചെലവഴിക്കാനാണ് രക്ഷിതാക്കള്‍ക്കിഷ്ടം.മക്കള്‍ സ്വായത്തമാക്കുന്ന നേട്ടങ്ങള്‍ ജീവിതത്തിലെ കര്‍മ്മസാഫല്യത്തിന്‍റെ ആനന്ദവും  വീഴ്ച്ചകള്‍ അസ്സഹനീയ വേദനയും രക്ഷിതാക്കള്‍ക്ക് സമ്മാനിക്കുമെന്നതിന് നാമൊരോരുത്തരും അനുഭവസ്ഥരാണ്.മാതാപിതാക്കളുടെ വളര്‍ച്ചയും തളര്‍ച്ചയും മക്കളെ ആശ്രയിച്ചാണെന്ന് ചുരുക്കം.

സൗകര്യങ്ങളുടെയും പുരോഗതിയുടെയും പാരമ്യത കൈയിലൊതുക്കിയ നവ തലമുറ മാതാവിന്‍റെയും പിതാവിന്‍റയും മഹത്വമറിയാതെ അപഥസഞ്ചാരത്തിലാണ്.കുഞ്ഞു നാളില്‍ മൈയ്യും മനസ്സും സമര്‍പ്പിച്ച് പോറ്റി വളര്‍ത്തിയവരെ അകലേക്ക് അടിച്ചോടിക്കുന്ന രോദനമൂറുന്ന കഥകള്‍ നാം ദിനേനെ കേട്ട്കൊണ്ടിരിക്കുന്നു.കുഞ്ഞായിരിന്നപ്പോള്‍,വാത്സല്യവും പരിചരണവും സ്നേഹവും മതിവരുവോളം ആസ്വദിച്ചും അനുഭവിച്ചും വളര്‍ന്നവര്‍ ആ വികാരങ്ങള്‍ തിരിച്ച് നല്‍കേണ്ട സമയത്ത് മുഖം തിരിച്ച് നില്‍കുന്നു.ജീവിതത്തില്‍ സയാഹ്ന ദശ അഭിമുഖീകരിക്കേണ്ടതാണെന്ന തിരിച്ചറിവില്ലാതെ.വീടിന്‍റെ പടിക്ക്പുറത്ത് സ്ഥാനം നല്‍കി ആ സ്നേഹഗോപുരങ്ങളെ ഇല്ലാതാക്കാന്‍ വ്യഗ്രതകൂട്ടൂന്നവര്‍ ഭാവി മറന്ന് പ്രതികരിക്കുന്നവരാണ്.പരാജയം വഴികളില്‍ കാത്തിരിക്കുന്നെന്ന ഓര്‍മ സൂക്ഷിക്കുന്നത് നന്ന്.  വൃദ്ധ പരിചരണ സൗധങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഈ സമിപനത്തെ പൂര്‍ണമായും ശരിവെക്കുന്നുണ്ട്.വിശാദം നിറഞ്ഞ വൃദ്ധ മുഖങ്ങളും രോദനങ്ങളും പുതു തലമുറയുടെ ജീര്‍ണതബാധിച്ച മനസ്സുകളുടെ പ്രവര്‍ത്തന പ്രതിഫലമാണ്.

മത ബോധത്തിന്‍റെ അഭാവം ഈ സാമൂഹികഅപചയത്തില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.മതം വിട്ട് ഭൗതികവിദ്യാഭ്യാസത്തിലേക്കുള്ള കൂടുമാറ്റം മാതാവാരെന്നൊ പിതാവാരെന്നൊ തിരിച്ചറിയാന്‍ കഴിയാത്തവരാക്കി സമൂഹത്തെ ധാര്‍മികമായി പിന്നോട്ടടിപ്പിച്ചു.കൊലാപതകങ്ങളും പീഢനവാര്‍ത്തകളും വീടിന്‍റെ അരമനകള്‍ക്കുള്ളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നതും സമൂഹത്തിലെമൂല്യച്യുതിയുടെ പ്രാവര്‍ത്തിക വശമാണ്.മക്കളും മാതാപിതാക്കളും ഇരകളും അപരാധികളുമായി മാറുന്ന നെറികെട്ട ചിത്രങ്ങളിലെ  പ്രധാനവില്ലന്‍ മത വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്തയാണെന്ന് സുവിതിദം. മതവീഥിയിലൂടെയുള്ള സമുദ്ധാരണമാണ് പ്രശ്ന പരിഹാരം.

അദ്വിതീയ സ്ഥാനം നല്‍കി മാതാപിതാക്കളെ ഇസ്ലാം ആദരിച്ചിട്ടുണ്ട്.വിശ്വാസികളുടെ മൗലികകടമകള്‍ ഉദ്ധരിച്ച ഭാഗങ്ങളിലാണ് മാതാപിതാക്കളെ സംരക്ഷിക്കാനും സ്നേഹിക്കാനും ഇസ്ലാം ഉണര്‍ത്തുന്നത്. അതിന്‍റെ ഗൗരവം മനസ്സിലാക്കിനല്‍കുന്നതിനും വിശ്വാസ ഭാഗമായി ഗൗനിക്കുന്നതിനും വേണ്ടിയാണിത്. നിങ്ങള്‍ അല്ലാഹുവേ ആരാധിക്കുകയും അവനോട് പങ്ക് ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല രീതിയില്‍ വര്‍ത്തിക്കുകയും ചെയ്യുക( സൂറ: നിസാഅ് 36)

നബിയേ പറയുക,നിങ്ങള്‍ വരൂ ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിശിദ്ധമാക്കിയത് ഞാന്‍ നിങ്ങള്‍ക്ക് കേള്‍പ്പിച്ച് തരാം.അവനോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കരുത്.മാതാപിതാക്കള്‍ക്ക് നാം ചെയ്യണം( സൂറ: അന്‍ആം 151) തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കളോട് നന്മ ചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു (സൂറ: ഇസ്റാഅ് 23)

മനുഷ്യന്‍ തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുഷാസനം നല്‍കിയിരിക്കുന്നു.ക്ഷീണത്തിന് മേല്‍ ക്ഷീണവുമായിട്ടാണ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്.അവന്‍റെ മുല കുടി നിര്‍ത്തുന്നതാകട്ടെ രണ്ട് വര്‍ഷം കൊണ്ടുമാണ്.എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. (സൂറ:ലുഖ്മാന്‍ 14)

ഏകനായ റബ്ബിനോട് കാണിക്കേണ്ട കടപാടുകളും കടമകളും മാതാപിതാക്കളോടുള്ളതിനേട് അഭേദ്യമായി സമരസപ്പെടുന്നുവെന്ന് പഠിപ്പിക്കുകയാണ് ഖുര്‍ആന്‍.ജീവിതത്തീലുടനീളം ജാഗ്രതയോടെ സൂക്ഷിക്കേണ്ട ശിര്‍ക്കിനോട് ചേര്‍ത്ത് മാതാപിതാക്കളെ പരിചരിക്കേണ്ട ഉത്തരവാദിത്തം എടുത്തുപറയുന്നതിലെ ഉദ്ദേശം,അവരുടെ കാര്യത്തിലും വീഴ്ച്ചകള്‍ക്കതീതമായ സൂക്ഷ്മത പാലിക്കല്‍ അത്യാവശ്യമാണ്.വാക്കിലും നോക്കിലും വെറുപ്പിന്‍റെയും അതൃപ്തിയുടെയും ഭാവങ്ങള്‍ കലരരുതെന്ന് ഇതില്‍ നിന്നും വ്യക്തമാവുന്നു.  ‘അവരോട് നډയോടെ വര്‍ത്തിക്കേണ്ടത് നിര്‍ബന്ധിതബാധ്യതയാണെന്ന് ഈ ആയത്തുകള്‍ തെളിയിക്കുന്നു'( തഫ്സീര്‍ റാസി)

ഇസ്ലാമികപാതയില്‍ പ്രതിരോധത്തിന് വേണ്ടി പടച്ചട്ടയിണിയുന്നത് വളരെ പുണ്യകരമാണ്.എന്നാല്‍ ഈ ജീവ ത്യാഗത്തേക്കാള്‍ മഹത്വമേറിയതായാണ് മാതാപിതാക്കളെ പരിചരിക്കുന്നതിനെ ഇസ്ലാം വീക്ഷിക്കുന്നത്.ഈ രണ്ട് പ്രവര്‍ത്തനത്തിലും ആത്മാര്‍ത്തതോടെയുള്ള ആത്മ സമര്‍പ്പണം നിര്‍ബന്ധമാണ്.അതില്ലിത്തവര്‍ക്ക് കൂടുതല്‍ നേരം ഗോഥയില്‍ പിടിച്ച് നില്‍ക്കാനാവില്ല.

അബ്ദുല്ലാഹിബ്നു ഉമര്‍(റ) ല്‍ നിന്ന് നിവേദനം. യുദ്ധത്തിന് അനുമതി തേടി ഒരാള്‍ തിരു സന്നിധിയിലെത്തി.ആഗതനോട് റസൂല്‍(സ) ചോദിച്ചു:മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ? . ‘അതെ ‘ എന്ന് മറുപടി പറഞ്ഞു.’എന്നാല്‍ അവരില്‍ നീ പോരാടുക’ റസൂല്‍ അദ്ദേഹത്തോട് പറഞ്ഞു.

മാതാപിതാക്കളുടെ ജീവിതകാലത്ത് അവരുടെ കാര്യങ്ങളില്‍ സന്തോഷവും സമാധാനവും സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നവന്‍റെ പ്രവര്‍ത്തനത്തങ്ങള്‍ രണാങ്കളത്തില്‍ ജീവന്‍ മരണ പോരാട്ടം നടത്തുന്ന പോരാളിയിയുടേതിനോട് താദാത്മ്യപെടുന്നു.അവരുടെ പ്രതിസന്ധികളില്‍ കവചവും ആനന്ദത്തില്‍ പങ്കാളിയുമായി മാറാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ മക്കള്‍.അവരെ അവഗണിക്കുന്നവര്‍ ധര്‍മ്മ ബോധത്തില്‍ പുഴുകുത്തേറ്റവരാണ്.

നാം എല്ലാ പ്രവര്‍ത്തനങ്ങളുടെയും ആത്യന്തിക ഫലമായി സ്വര്‍ഗലബ്ധിയെ കാണുന്നവരാണ്.ദുന്‍യാവ് ആ ജീവിതാഭിലാഷത്തിലേക്കുള്ള കര്‍മ്മ കളരിയുമാണ്.സ്വര്‍ഗസ്ഥനാവാന്‍ മാതാപിതാക്കളെ പരിചരിക്കല്‍ നമുക്ക് കൂടുതല്‍ സഹായകമാവും.മനുഷ്യകര്‍മ്മങ്ങളില്‍ ഏറ്റവും ഉദാത്തമായി അതിനെ ഇസ്ലാം എണ്ണുന്നു.  അബ്ദുല്ല ഇബ്നു മസ്ഊദ് (റ) റസൂലിനോട് ചോദിച്ചു : ഏറ്റവും പവിത്രമായ കാര്യമെന്താണ്?  റസൂല്‍ പറഞ്ഞു: നിസ്ക്കാരം സമയത്ത് നിര്‍വഹിക്കുക.വീണ്ടും ചോദിച്ചു: പിന്നെയോ?. റസൂല്‍ (റ) പറഞ്ഞു :  മാതാപിതാക്കള്‍ക്ക്  ഗുണം ചെയ്യുക. കൂലി കരസ്ഥമാവാന്‍ കൂടുതല്‍ അഭികാമ്യമുള്ള പ്രവര്‍ത്തനസാഹചര്യങ്ങള്‍ വീടകങ്ങളില്‍ തന്നെയുണ്ട്. നമ്മുടെ കൂടെ കഴിയുന്ന നിര്‍മ്മല ഹൃദയത്തിന്‍റ ഉടമസ്ഥരായ മാതാപിതാക്കള്‍ക്ക് ആവശ്യഘട്ടങ്ങളില്‍  സഹായഹസ്ഥമാവലാണ്.കാരണം അവരുടെ ആശകളെയും പ്രതീക്ഷളെയും സംരക്ഷിച്ച് തൃപ്ത്തിപ്പെടുത്തല്‍ പടച്ചവന്‍റെ സംതൃപ്തി കരഗതമാക്കുന്നതിന്‍റ മാനദണ്ഡം കൂടിയാണത്.അവരെ വേദനിപ്പിച്ച് അതൃപ്തി ഏറ്റുവാങ്ങുന്നതോ,അല്ലാഹുവിന്‍റെ ഗോപത്തിന്‍റെയും. റസൂല്‍ (സ്വ) പറഞ്ഞു :അല്ലാഹുവിന്‍റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും അവന്‍റെ ഗോപം മാതാപിതാക്കളുടെ ഗോപത്തിലുമാണ് കുടികൊള്ളുന്നത്.(തിര്‍മിദി)പടച്ചവന്‍റെ ഇഷ്ട-അനിഷ്ടങ്ങളുടെ നിദാനം നമ്മള്‍  മാതാപിതാക്കളോട് വെച്ച് പുലര്‍ത്തുന്ന സമീപനത്തിന്‍റെ ഫലങ്ങളിലൂടെ ആവിഭര്‍വിക്കുന്നതാണ്.സത്യസന്ധമായ സനേഹത്തിലൂടെ മാതാ-പിതൃ ബന്ധത്തിന്‍റെ മാധുര്യം നുണയുന്നവര്‍ പടച്ചവന്‍റെയും പ്രിയപ്പെട്ടവരൂമായിരിക്കും.ജീവിത കാലത്ത് അവരുടെ  ഹൃദയത്തെ നുള്ളി നോവിപ്പിക്കുന്നവരെ അല്ലാഹുവിന്‍റെ ഭയാനകശിക്ഷകാത്തിരിക്കുന്നുവെന്ന്തീരു ഹദീസ് ഉണര്‍ത്തുന്നു.

സ്വര്‍ഗ പ്രവേശനത്തിന്‍റെ കാരണക്കാരായ മാതാപിതാക്കളെ ശ്രദ്ധിക്കാതെ സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നവരെ പ്രവാചകന്‍ പഴിക്കുന്നത് കാണുക : വൃദ്ധ മാതാപിതാക്കളുണ്ടായിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്തവര്‍ക്ക് നാശം ( തിര്‍മിദി) സ്വര്‍ഗത്തിലേക്ക് നടന്നടുക്കാനാവശ്യമായ പാഥേയം മാതാപിതാക്കളുടെ രൂപത്തില്‍ അല്ലാഹു നമുക്കിടയില്‍ ഇറക്കി തന്നിട്ടും അവഗണിക്കുന്നവരുടെ ഇഹ പര തകര്‍ച്ചക്ക് വേണ്ടിയാണ് പ്രവാചക ദുഅ.പരിചരണവും പ്രത്യേകശ്രദ്ധയും ആവശ്യമായി വരുന്ന വാര്‍ദ്ധക്യകാലത്ത് ,ഊന്നുവടിയായിമാറേണ്ടമക്കള്‍ തിരിഞ്ഞു നോക്കാനില്ലാതെ പിടീക തിണ്ണയിലും തെരുവിലും കഷ്ടാപാടുകളോട് മല്ലിട്ട് അന്ത്യം കാത്ത് കഴിയുന്നവര്‍ ഏറിവരുന്ന ഈ കാലത്ത് പ്രവാചക ദുഅയുടെ പ്രസക്തി ഏറിവരികയാണ്.സ്വര്‍ഗത്തിലേക്കുള്ള പ്രവേശനാനുമതി കാല്‍ക്കല്‍വീണ് കിടന്നിട്ടും കരസ്ഥമാക്കാന്‍ കഴിയാത്ത ഹതഭാഗ്യര്‍.

നമ്മുടെ പ്രത്യക്ഷവും പരോക്ഷവുമായ കാര്‍മങ്ങള്‍ മാതാപിതാക്കളുടെ ഹൃദയത്തെ വ്രണപ്പെടുത്തരുത്.അന്യരുടെ മാതാപിതാക്കളുടെ കാര്യത്തിലും തികഞസൂക്ഷമത അവലംബിക്കണം.അവരെയും ഇകഴ്ത്തുന്ന പ്രവര്‍ത്തികള്‍ നമ്മില്‍ നിന്നുണ്ടാവരുതെന്ന് പ്രവാചകന്‍ ഉത്ബോധിപ്പിക്കുന്നു:സ്വന്തം മാതാപിതാക്കളെ ചീത്തപറയുന്നത് വന്‍കുറ്റമാണ്.സ്വഹാബികള്‍ ചോദിച്ചു : അങ്ങനെ സംഭിവിക്കുമോ ? . പ്രവാചകന്‍ വിശദീകരിച്ചു : ഒരാള്‍ മറ്റുള്ളവന്‍റെ മാതാപിതാക്കളെ ചീത്ത പറയും. അപ്പോള്‍ അവന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും( ബുഖാരി).

മാതാപിതാക്കള്‍ക്കിടയില്‍ മാതാവിനാണ് വലിയ സ്ഥാനം.മാതാവ് മക്കള്‍ക്ക് വേണ്ടി അനുഭവിച്ച യാതനകളും വേദനകളും ജീവിതത്തില്‍ ആരും അനുഭവിച്ചിട്ടില്ല.തളരുമ്പോള്‍ തണലായും വേദനിക്കുമ്പോള്‍ കൈതാങ്ങായും ഉമ്മ നമ്മുടെ കൂടെ നിന്നു.വൈകി വീട്ടിലെത്തുന്ന നമ്മളെ നിറ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ ഉമ്മറപടിയില്‍ കാത്തിരിക്കുന്ന ഉമ്മയുടെ ത്യാഗസന്നദ്ധത വിലമതിക്കാനാവാത്തതാണ്.

എല്ലാകാര്യങ്ങളിലും മക്കള്‍ക്ക് മുന്‍ ഗണന നല്‍കുകയും അവരുടെ സാനിധ്യമില്ലാതെ ചെയ്യാന്‍ വൈമനസ്യം കാണിക്കുകയും ചെയ്യുന്ന മാതൃഹൃദയം അവര്‍ണനീയം തന്നെ.ഇഷ്ട ഭക്ഷണങ്ങള്‍ പാകം ചെയ്യുമ്പോള്‍ മക്കളുടെ സാനിധ്യം അവര്‍ക്ക് നിര്‍ബന്ധമായിരിക്കും.ഭക്ഷണ വിഭവങ്ങള്‍ തികയാതെ വരുമ്പോള്‍ തനിക്കിഷ്ടമില്ലതെന്ന് പറഞ്ഞ് മക്കളുടെ ഭക്ഷണതളികയിലേക്ക് ബാക്കി ഭക്ഷണം നീട്ടി നല്‍കുന്ന നിസ്വാര്‍ത്ഥതയുടെ ആള്‍രൂപമായി മാറാന്‍ കഴിയുന്ന മാതാവിന്‍റെകഴിവ് അപാരമാണ്.ഏത് സര്‍വ്വകലാശാലകളിലും പഠനവിധേയമാക്കിയാലും മാതാവിന്‍റെ വിശാലഹൃദയത്തെ പൂര്‍ണമായി അളെന്നെടുക്കാന്‍ സാധ്യമല്ല.ലോക രാഷ്ട്രങ്ങളുടെ ചെങ്കോലേന്തിയപലനേതാക്കളുടെയും മാതൃകവ്യക്തിതങ്ങള്‍ അവരുടെ മാതാവായിരുന്നു.അമേരിക്കയുടെ മുന്‍പ്രസിഡന്‍റായിരുന്ന എബ്രഹം ലിങ്കന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠശാല മാതാവായിരുന്നെന്ന് അദ്ധേഹം ആത്മകഥയിലൂടെ വ്യക്തമാക്കുന്നു.അവരുടെ പുരോഗതിയുടെ പടവുകളിലെ നിദാനം മാതാപിതാക്കളുടെ അനുകൂലസ്വാധീനമായിരുന്നു.മാതാപിതാക്കളുമായുള്ള അഭേദ്യബന്ധം അവരെ ലോകത്തിന്‍റെനെറുകയിലെത്തിച്ചു.

മാതാപിതാക്കളുടെ പ്രാര്‍ത്ഥനകള്‍ അല്ലാഹുവിന്‍റെയടുക്കല്‍ സ്വീകാര്യയോഗ്യമാണ്.അവര്‍ മക്കള്‍ക്ക് അനുകൂലമായും പ്രതികൂലമായും നടത്തുന്നദുഅകള്‍ പുലര്‍ന്നനിരവധിചരിത്രങ്ങള്‍ നമുക്ക് കാണാം.ഏകാന്തനായി മല മുകളില്‍ പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന മകനെ കാണാന്‍ മാതാവ് മലഞ്ചെരുവിലെത്തി.പുറത്ത് നിന്നവനെ വിളിച്ചു.നിസ്ക്കാരത്തില്‍ മുഴുകിയ മകന്‍ മാതാവിന്‍റെ വിളിക്കുത്തരം നല്‍കിയില്ല.രണ്ടാം ദിവസവും അതേ പടി ആവര്‍ത്തിച്ച.മൂന്നാം ദിവസവും വിളിക്കുത്തരം നല്‍കാതിരുന്ന മകന്‍റെ പ്രവര്‍ത്തിയില്‍ ക്ഷുഭിതയായ മാതാവ് ദുആ ചെയ്തു: ‘വ്യഭിചാരിണിയുടെ മുഖത്തേക്ക് നോക്കാതെ അവനെ മരിപ്പിക്കരുതെ’. മാതാവിന്‍റെ പ്രാര്‍ത്ഥനയുടെ തിക്തഫലം ആ മകന്‍ ജീവിതകാലത്ത് അനുഭവിച്ചു.വ്യഭിചാരിത്തിലൂടെ ഗര്‍ഭം ധരിച്ച സ്ത്രീ അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്ത് വന്നു.ജനങ്ങള്‍ അദ്ദേഹത്തിനെ കൊള്ളെ തിരിഞ്ഞു.അദ്ദേഹത്തിന്‍റെ ആരാധനമണ്ഡപം തകര്‍ത്തു.എന്നാല്‍ അല്ലാഹുവിന്‍റെ സഹായത്തോടെ അദ്ദേഹം തന്‍റെ നിരപരാധിത്തം തെളിയിച്ചു.മാതാവിന്‍റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചതിന്‍റെ ചരിത്രതെളിവാണിത്. നډകള്‍ കിനിഞ്ഞിറങ്ങുന്ന മാതൃഹൃദയത്തിന്‍റെ ഉള്ളറകളില്‍ നിന്നുണ്ടാവുന്ന പ്രാര്‍ത്ഥനകള്‍ സ്വീകാര്യ യോഗ്യമാണെന്നതില്‍ സന്ദേഹമില്ല.

ഇതിനെ ബലപ്പെടുത്തി പ്രവാചകന്‍ പറയന്നു:’മൂന്ന് പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുമെന്നതില്‍ സംശയില്ല.മാതാപിതാക്കളുടെ പ്രാര്‍ത്ഥന,അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥന,യാത്രക്കാരന്‍റെ പ്രാര്‍ത്ഥന(അബൂ ദാവൂദ്)മക്കളുടെ ജീവിത വിജയത്തിനും പരാജയത്തിനും വേണ്ടി മനമുരുകി മാതാപിതാക്കള്‍ നടത്തുന്ന പ്രാര്‍ത്ഥന സാക്ഷാത്ക്കരിക്കപ്പെടുമെന്ന് പ്രവാചകവചനം ഉണര്‍ത്തുന്നു.നിരാലംബരായി മാറുന്ന വൃദ്ധമാതാപിതാക്കളെ വീണ്ടും കഷ്ടപാടിന്‍റെ പെരുവഴിയില്‍ നിര്‍ത്തുന്ന ആധുനിക  കാഴ്ച്ചപാടിനെ ഉന്മൂലനം ചെയ്യാനും ഈ വചനങ്ങള്‍ ആവശ്യപ്പെടുന്നു.

മാതാപിതാക്കളുടെ നډക്കായി പ്രയത്നിച്ചവരുടെ പ്രാര്‍ത്ഥനയും അല്ലാഹുസ്വീകരിക്കും.ഗുഹയിലകപ്പെട്ട അസ്ഹാബുല്‍ കഹ്ഫിന്‍റെ മൂന്ന് പേരിലൊരാള്‍ മാതാപിതാക്കള്‍ക്ക് ചെയ്തുകൊടുത്ത ത്യാഗത്തെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് സഹായം തേടിയപ്പോള്‍,അടഞഗുഹാ മുഖം അല്‍പ്പം തുറന്ന് കൊടുത്തു.അവരുടെ പ്രാര്‍ത്ഥന സ്വീകരിച്ചതിന്‍റെ പ്രകടതെളിവാണിത്. മാതാപിതാക്കളുടെ മരണ ശേഷം അവരുമായുള്ള ബന്ധം പ്രാര്‍ത്ഥനകളിലൂടെ നിലനിര്‍ത്തണം.മക്കളുടെ പ്രാര്‍ത്ഥനകള്‍ മാതാപിതാക്കളുടെ പാരത്രികലോകത്തെ സന്തോഷദായകജീവിതത്തിന് കാരണമാവും.അതിലൂടെ ഐഹികജീവിതവ്യവഹാരങ്ങളില്‍ സംഭവിച്ച പാപങ്ങള്‍ പൊറുക്കപ്പെടും.അബൂ ഹുറൈറ(റ) പറയുന്നു: മരണശേഷം മയ്യിത്തിന്‍റെ പദവി ഉയര്‍ത്തും.അദ്ദേഹം ചോദിക്കും:ഇതെന്ത ? അപ്പോള്‍ ഉത്തരം നല്‍കപ്പെടും: പൊറുക്കലിനെ തേടുന്ന നിന്‍റെ സന്താനം കാരണമാണിത്.(ബുഖാരി)

മനുഷ്യന്‍റെ എല്ലാ കര്‍മങ്ങളും മരണത്തോടെ അവസാനിക്കുമെന്നത് തീര്‍ച്ചയാണ്.ഇനി ഒരിക്കലും പ്രതിഫലങ്ങള്‍ സ്വരൂപിക്കാന്‍ മനുഷ്യന് അവസരമില്ല.എന്നാല്‍ ഈ നിരാലംബഘട്ടത്തിലും മക്കളുടെ പ്രാര്‍ത്ഥനകള്‍ തുണയായി മാതാപിതാക്കളുടെ ഖബറിലേക്ക് നീരുരവ പോലെ ഒഴുകിയെത്തും.റസൂല്‍ പറയുന്നു: മരണത്തോടെ മനുഷ്യകര്‍മ്മങ്ങള്‍ നിലക്കും.മൂന്ന് കാര്യങ്ങളൊഴികെ,ജാരിയായ സ്വദഖ,ഉപകാരപ്രദമായ അറിവ്,ദുആ ചെയ്യുന്ന ധര്‍മ്മബോധമുള്ള കുട്ടി (മുസ്ലിം)

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്.മതകീയ വിജ്ഞാനത്തിലുള്ള പിന്നോക്കാവസ്ഥയാണ് പ്രധാനഹേതു.അതിനാല്‍ മക്കളെ മതബോധത്തിലൂടെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാവണം.നൂല് പൊട്ടിയ പട്ടം പോലെ അലക്ഷ്യരായി ജീവിതത്തെ നയികാന്‍ അവരെ മാതാപിതാക്കള്‍ അനുവദിക്കരുത്.മക്കളെ പരിചരിക്കുന്നതില്‍ വീഴ്ച്ചകള്‍ പിണഞ്ഞാല്‍ മാതാപിതാക്കള്‍ ഭാവിയില്‍ കനത്ത വില നല്‍കേണ്ടിവരും.

 

 

 

About Ahlussunna Online 1140 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*