പ്രളയം: 10,000 രൂപ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും, എലിപ്പനി തടയാന്‍ നടപടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടുകളില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ഉപസമിതിയോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു.

ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.

എലിപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. എലിപ്പനി പ്രതിരോധ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. രോഗം വന്ന് മരിച്ചവരില്‍ ഒരാളൊഴികെ ആരും പ്രതിരോധ മരുന്ന് കഴിച്ചവരല്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി 60 ലക്ഷം പ്രതിരോധ ടാബ് ലറ്റ് പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നു.

പല പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് കൊതുകുജന്യരോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും കൊതുകു നശീകരണത്തിന് കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനും തീരുമാനിച്ചു.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ സെപ്റ്റംബര്‍ 7നകം പൂര്‍ത്തിയാക്കണം. കാണാതായവരില്‍ ഇനി തിരിച്ചുവരാന്‍ സാധ്യതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവരുടെ കുടുംബങ്ങള്‍ക്കും വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കണം. ഓഖി ദുരന്തമുണ്ടായപ്പോള്‍ സ്വീകരിച്ച നടപടിക്രമം ഇക്കാര്യത്തിലും അനുവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

കുട്ടനാട്ടില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിന് കൂടുതല്‍ പമ്പുകള്‍ ഉപയോഗിക്കും. നിലവില്‍ ജില്ലാഭരണസംവിധാനത്തിന്റെ 23 പമ്പുകളും പാടശേഖര സമിതിയുടെ 30 പമ്പുകളും ഉപയോഗിക്കുന്നുണ്ട്. അതിനുപുറമെയാണ് കൂടുതല്‍ പമ്പുകള്‍ കൊണ്ടുവരുന്നത്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്തണം. വിവിധ ഏജന്‍സികള്‍ നല്‍കിയ ദുരിതാശ്വാസ സാധനങ്ങളില്‍ ബാക്കിയുളളവ വിതരണം ചെയ്യുന്നതിനുളള മാനദണ്ഡം യോഗം അംഗീകരിച്ചു. വിതരണം പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളെ കൂടി ചുമതലപ്പെടുത്തും. പ്രളയം ബാധിച്ച കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അടിയന്തരമായി നോട്ടുപുസ്തകം ലഭ്യമാക്കും.

മാലിന്യസംസ്‌കരണം ഊര്‍ജിതമായി നടത്തും. ഇതിനകം 32,000 ടണ്‍ അജൈവമാലിന്യം ശേഖരിച്ചിട്ടുണ്ട്. വീടുകളില്‍ ബാക്കിയുളള അജൈവ മാലിന്യങ്ങള്‍ വളന്റിയര്‍മാരെ അയച്ച് ശേഖരിക്കും. 160 പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിച്ചുവയ്ക്കാനുളള സ്ഥലം ലഭിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ 12,900 വീടുകളേ ഇനി വൃത്തിയാക്കാനുളളുവെന്നും യോഗം വിലയിരുത്തി.

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*