ഉപകാരസ്മരണകളിൽതിളങ്ങുന്ന കളങ്കവിധികൾ

ജ്ഞാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുവാദം കൊടുത്ത് ഉത്തരവിട്ട വരാണസി മുൻ ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശയെ ഓംബുഡ്സ്മാനായി നിയമിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. 2024 ജനുവരി 31ന് സർവിസിന്റെ അവസാന ദിവസത്തിലായിരുന്നു ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്കും ആരാധാന നടത്താൻ ജഡ്ജി അനുകൂല ഉത്തരവിറക്കിയത്. ബാബരി തകർത്ത കേസിൽ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിങ് തുടങ്ങി 32 പ്രതികളെ കുറ്റമുക്തരാക്കിയ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവിനെ യോഗി സർക്കാർ ഉപലോകായുക്തയായി നിയമിച്ചിരുന്നു.

അജയ് കൃഷ്ണ വിശ്വേശയെപ്പോലെ, സർവിസിന്റെ അവസാന ദിവസത്തിലായിരുന്നു യാദവിന്റെയും ബാബരി കേസിലെ വിധി. ഇതാദ്യമായല്ല രാജ്യത്തെ ജുഡിഷ്യറിക്ക് കളങ്കമാകുന്ന വിധികൾ പുറപ്പെടുവിച്ച ജഡ്ജിമാർക്ക് സർക്കാർ വരമ്പത്ത് കൂലി കൊടുക്കുന്ന കീഴ് വഴക്കം സൃഷ്ടിക്കുന്നത്.
ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകിയുള്ള വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ച് ഒരു മാസത്തിനുള്ളിൽ രാജ്യസഭാംഗമാകുന്നതാണ് രാജ്യം കണ്ടത്.

വിധിപറയും മുമ്പുതന്നെ ഗൊഗോയിക്കെതിരായ സുപ്രിംകോടതി മുൻ ജീവനക്കാരിയുടെ ലൈംഗിക പീഡനാരോപണം തേച്ചുമായ്ച്ചു കളഞ്ഞിരുന്നു. ബാബരി കേസിലെ വിവാദ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് എസ്. അബ്ദുൽ നസീറിനെ കേന്ദ്രസർക്കാർ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചു. ജസ്റ്റിസ് ലോയ, ഹരൺ പാണ്ഡ്യ അടക്കം നിരവധി കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച സുപ്രിംകോടതി ജഡ്ജി അരുൺ മിശ്ര ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാണ്

ഇ.ഡിക്ക് അനിയന്ത്രിത അധികാരം നൽകുന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമത്തിലെ വകുപ്പുകൾ ശരിവച്ചുള്ള വിവാദ വിധി പുറപ്പെടുവിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് എ.എം ഖാൻവിൽക്കറിനെ ലോക്പാൽ ചെയർപേഴ്‌സണായി നിയമിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഖാൻവിൽക്കറും വിധി പറഞ്ഞത്. ഈ വിധി പുനപ്പരിശോധിക്കാൻ പോകുകയാണ് സുപ്രിംകോടതി. ഈ വിധി ആധാരമാക്കിയാണ് ഇ.ഡിയെ സർക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്.

ജഡ്ജിമാർ ഭരിക്കുന്നവരുടെ താൽപര്യങ്ങൾക്കനുസരിച്ച് വിധികൾ പുറപ്പെടുവിക്കുകയും പിന്നാലെ അവർ രാഷ്ട്രീയ നിയമനങ്ങളിൽ ഉൾപ്പെടുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്റെ ജുഡിഷ്യറിയിലുള്ള വിശ്വാസത്തിലാണ് ഇളക്കം തട്ടിക്കുന്നത്. ജുഡിഷ്യറി സംശയങ്ങൾക്കിടനൽകാത്തവിധം സംശുദ്ധമായിരിക്കണം. ജുഡിഷ്യൽ സംവിധാനം സ്വതന്ത്രവും നിഷ്പക്ഷവും രാഷ്ട്രീയ താൽപര്യങ്ങൾക്ക് അതീതവുമായിരിക്കുക എന്നതാണ് ജനാധിപത്യ സംവിധാനത്തിന്റെ കാതൽ. ജഡ്ജിമാർ ഗവർണർമാരായി നിയമിക്കപ്പെടുന്നത് ശരിയായ രീതിയല്ലെന്ന് ചൂണ്ടിക്കാട്ടിയത് 49ാമത് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് യു.യു ലളിതാണ്. വിരമിച്ചശേഷം അധ്യാപനമല്ലാത്തൊരു പദവിയും സ്വീകരിക്കാൻ ജസ്റ്റിസ് ലളിത് തയാറായതുമില്ല.

അടിയന്തരാവസ്ഥക്കാലത്ത് എ.ഡി.എം ജബൽപൂർ കേസിൽ ഇന്ദിരാഗാന്ധിക്കെതിരേ വിധിയെഴുതിയ ഏക ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹാൻസ് രാജ് ഖന്ന അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് നൽകിയ മറുപടി രാജ്യത്തിന്റെ ജുഡിഷ്യറിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടതാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി സർക്കാർ നടത്തിയ അതിക്രമങ്ങൾ അന്വേഷിക്കുന്ന കമ്മിഷന്റെ ചെയർമാനാകാനാണ് ഖന്നയോട് സർക്കാർ ആവശ്യപ്പെട്ടത്. ഇന്ദിരാ ഗാന്ധി സർക്കാരിനെതിരേ നിലപാടെടുത്ത താൻ അവർക്തെിരേയുള്ള അന്വേഷണ കമ്മിഷന്റെ ചെയർമാനായാൽ തന്റെ നിഷ്പക്ഷതയെക്കുറിച്ച് ജനങ്ങൾക്ക് സംശയമുണ്ടാവുമെന്നായിരുന്നു മൊറാർജി ദേശായിയുടെ ഓഫർ നിരസിച്ച് ജസ്റ്റിസ് ഖന്നയുടെ മറുപടി.

അടിയന്തരാവസ്ഥക്കാലത്ത്, ഒന്നു കാണണമെന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആവശ്യംപോലും പരിഗണിക്കാത്ത സുപ്രിംകോടതി ജഡ്ജിയും നമുക്കുണ്ടായിരുന്നു_ വി.ആർ കൃഷ്ണയ്യർ. ജസ്റ്റിസ് ഖന്നയിൽ നിന്നും ജസ്റ്റിസ് കൃഷ്ണയ്യരിൽ നിന്നും ജസ്റ്റിസുമാരായ ഖാൻവിൽക്കറിലേക്കും ഗൊഗോയിലേക്കും എത്തുമ്പോഴാണ് ജഡ്ജിമാരുടെ അധഃപതനത്തിൽ രാജ്യത്തിന് തലകുനിച്ചു നിൽക്കേണ്ടിവരുന്നത്.
ജഡ്ജിയായി നിയമിക്കുന്നതുവരെ ഫേസ്ബുക്കിലൂടെ മുസ് ലിംകൾക്കെതിരേ വിദ്വേഷ പ്രചാരണം മാത്രം നടത്തിയിരുന്ന ആളായിരുന്നു വിശാൽ മിശ്ര.

മിശ്രയുടെ ഫേസ്ബുക്ക് അക്കൗണ്ട് 2014 ഏകദേശം മധ്യമായതോടെ ആക്ടീവല്ലാതായി. ആക്ടിവായിരുന്ന കാലത്ത് 2013 ഒക്ടോബർ 12ലെ ഒരു പോസ്റ്റ് ഇങ്ങനെയാണ്: ‘നെഹ്റു-_ഗാന്ധി കുടുംബത്തെ മുസ് ലിംകളായി കണക്കാക്കുന്നതിന് ഇതാണ് കാരണം. ഗാന്ധി കുടുംബം ഹിന്ദുക്കളെ വെറുക്കുന്നു’. മോത്തിലാൽ നെഹ്റുവിന്റെ പിതാവ് മുതൽ താഴേക്കുള്ളവരെല്ലാം മുസ് ലിംകളായിരുന്നുവെന്ന ചാർട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണിത് പറയുന്നത്. അതിൽ നെഹ്റുവിന്റെ പിതാവിന്റെ പേര് മബ്റൂഖ് അലിയെന്നാണ്.

സുപ്രിംകോടതി ജഡ്ജിയായിരിക്കെ 540 ബെഞ്ചുകളുടെ ഭാഗമായ അരുൺ മിശ്ര 132 വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചത്. 2015 മുതൽ 2019 വരെ ഭൂരിഭാഗം പ്രധാനപ്പെട്ട കേസുകളിലും വിവിധ ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം. അതിൽ സഞ്ജീവ് ഭട്ട് കേസ്, ലോയ കേസ് മുതൽ ഹരൻപാണ്ഡ്യ കേസ് വരെ വിവാദമായ അനവധി കേസുകളിൽ അരുൺ മിശ്ര പുറപ്പെടുവിച്ച വിധികളെ ചോദ്യം ചെയ്യുന്നവർ അനവധിയുണ്ട്.

മോശം പെരുമാറ്റത്തിന്റെ പേരിൽ ജഡ്ജിമാർക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടി ശരിവച്ച് 2022ലെ ഒരു വിധിയിൽ ഇന്നത്തെ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ബേല എം. ത്രിവേദിയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് പറഞ്ഞു: ജഡ്ജിമാർ സീസറുടെ ഭാര്യയെപ്പോലെ സംശയത്തിന് അതീതമായിരിക്കണം. ജുഡിഷ്യൽ ഉത്തരവുകൾ പാസാക്കുന്നതിൽ ആരോടെങ്കിലും പ്രീതി കാട്ടുന്നത് ഏറ്റവും മോശമായ ജുഡിഷ്യൽ സത്യസന്ധതയില്ലായ്മയും തെറ്റായ പെരുമാറ്റവുമാണ്’. ഡി.വൈ ചന്ദ്രചൂഡ് ഇപ്പോൾ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസാണ്. അദ്ദേഹത്തിന്റെ കൺമുന്നിലാണ് കളങ്കിത വിധികൾ പുറപ്പെടുവിച്ച ജഡ്ജിമാർ സർക്കാരിന്റെ അച്ചാരം പറ്റുന്ന പദവികളിലേക്ക് വരുന്നത്.

ജുഡിഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ആദ്യ നടപടി ഉന്നത ജുഡിഷ്യറിയിൽ നിന്നാണ് ഉണ്ടാകേണ്ടത്. വൈകുന്തോറും ഈ ചീത്ത ശീലങ്ങൾ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയെ തകർക്കുന്ന പൊതുരീതിയാവാനാണ് സാധ്യത.

About Ahlussunna Online 1167 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*