ടോക്കിയോ ഒളിംപിക്‌സില്‍ ഹലാല്‍ ഭക്ഷണം ഉറപ്പാക്കാന്‍ റാബിത്വ രംഗത്ത്

റിയാദ്: 2020ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് ഹലാല്‍ ഭക്ഷണം ഒരുക്കാന്‍ മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) രംഗത്ത്. ഇതിനായി റാബിത്വ സെക്രട്ടറി ജനറല്‍ ഡോ: മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസായും ജാപ്പനീസ് അധികൃതരും കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവച്ചു. ഇതോടെ മക്ക കേന്ദ്രമായയുള്ള റാബിത്വ ടോക്കിയോ ഒളിംപിക്‌സില്‍ ഹലാല്‍ ഭക്ഷണം ഉറപ്പാക്കും.

ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ നഗരത്തില്‍ 2020 ല്‍ അരങ്ങേറുന്ന ഒളിംപിക്‌സ് നഗരിയില്‍ വിശ്വാസികള്‍ക്ക് ആവശ്യമായ ഹലാല്‍ ഭക്ഷണം ഒരുക്കുന്നതിനാണ് കരാര്‍. കരാര്‍ ഒപ്പുവച്ചതോടെ റാബിത്വ നിര്‍ദേശിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഹലാല്‍ ഭക്ഷണം ഉറപ്പാക്കുമെന്ന് കരാര്‍ ഒപ്പിട്ട ശേഷം ജപ്പാന്‍ അധികൃതര്‍ വ്യക്തമാക്കി.

ലോക മുസ്‌ലിം സമൂഹത്തിനു റാബിത്വ നല്‍കുന്ന സാമൂഹിക സേവനത്തിന്റെയും പിന്തുണയുടെയും ഭാഗമായാണ് ഇത്തരമൊരു ഉദ്യമത്തിനു റാബിത്വ നേതൃത്വം നല്‍കുന്നതെന്ന് റാബിത്വ സെക്രട്ടറി ജനറല്‍ ഡോ:മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ പറഞ്ഞു. മുസ്‌ലിംകള്‍ക്ക് പുറമെ മുസ്‌ലിംകളല്ലാത്തവര്‍ക്കും ആരോഗ്യപരമായ ഭക്ഷണം ഉറപ്പു വരുത്തുകയെന്നതും പദ്ധതി ഏറ്റെടുത്തതിലൂടെ റാബിത്വ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

ജപ്പാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് മിത്സുഹിറോ മിയകോശി, ഹിറോയോഷി രാജകുമാരന്‍, രാജകുടുംബാംഗങ്ങള്‍, ഇസ്‌ലാമിക് സെന്റര്‍ പ്രതിനിധികള്‍, ജപ്പാനിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.

സുപ്രഭാത0

Be the first to comment

Leave a Reply

Your email address will not be published.


*