ഉമ്മുഅമ്മാറ: അടര്‍കളത്തിലെ ധീരവനിത

എം.ഇര്‍ശാദ് വേങ്ങര

ഖസ്റജ് ഗോത്രത്തിന്‍റെ ഉപവിഭാഗമായ ബനൂ നജ്ജാറിലായിരുന്നു ഉമ്മുഅമ്മാറ(റ) യുടെ ജനനവും വളര്‍ച്ചയും.ജീവിതത്തിലുടനീളം അനര്‍ഘ വ്യക്തിത്വ വിഷേഷണങ്ങള്‍ മഹതി സ്വന്തമാക്കി.അചഞ്ചല വിശ്വാസം,സ്നേഹം,ധീരത,ക്ഷമ,സഹിഷ്ണുത,ജ്ഞാനം എന്നീ മൂല്യങ്ങളുടെ സമാഹാരമായിരുന്നു ഉമ്മുഅമ്മാറ (റ) യുടെ ജീവിതം.

അന്‍സ്വാരീങ്ങളില്‍ പെട്ടയാളാണ് ഉമ്മുഅമ്മാറ (റ).പ്രവാചകന്‍(സ്വ) യുടെ അനുമതിയോടെ മിസ്ഹബ് ബിന്‍ ഉമൈര്‍(റ) മദീനയിലെത്തി ഇസ്ലാമിക പ്രചരണം ആരംഭിച്ചു.നിരവധി പേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു. മുസ്ലിമായവര്‍ പ്രവാചകനെ കാണാനും ബൈഅത്ത് ചെയ്യാനും വേണ്ടി മക്കയിലേക്ക് പുറപ്പെട്ടു.എഴുപത്തി മൂന്ന് പുരുഷډാരും രണ്ട് സ്ത്രീകളുമായിരുന്നു ആ സാര്‍ത്ഥക വ്യൂഹം.സ്ത്രീകളായ രണ്ടു പേരിലൊരാള്‍ ഉമ്മുഅമ്മാറ (റ) ആയിരുന്നു.രണ്ടാമത്തേയാള്‍ അസ്മ ബിന്‍ത്ത് അംറ് ബിന്‍ ആദി(റ) യും.അവരെല്ലാവരും ഒരു മലയുടെ താഴ്വാരത്ത് വെച്ച് പ്രവാചകനുമായി ഉടമ്പടി ചെയ്തു. ഇസ്ലാമിക ചരിത്രത്തില്‍ ഈ ഉടമ്പടി ‘രണ്ടാം അഖബ ഉടമ്പടി ‘ എന്നറിയപ്പെടുന്നു.ഉടമ്പടിക്ക് ശേഷം ഉമ്മുഅമ്മാറ (റ) മദീനയിലേക്ക് തിരികെ വന്നു.ശേഷം വിജ്ഞാനപ്രസരണത്തിലും മദീനയിലെ സ്ത്രീകളെ ശരീഅത്തില്‍ പ്രബുദ്ധരാക്കാനുമായിരുന്നു ഉമ്മുഅമ്മാറ (റ) സമയം ചിലവഴിച്ചത്.

സൈദ് ബിന്‍ ആസിം മാസിനിയാണ് ഉമ്മുഅമ്മാറ (റ) യുടെ ആദ്യഭര്‍ത്താവ്.ആ ദാമ്പത്യത്തില്‍ അബ്ദുല്ല,ഹബീബ് എന്നിവര്‍ ജനിച്ചു.ഇരുവരും പ്രവാചകന്‍ (സ്വ) യുടെ അനുയായികളായിരുന്നു.മഹതിയുടെ രണ്ടാം വിവാഹം ഖാസിയ്യ ബിന്‍ അംറ് മാസിനിയുമായിട്ടായിരുന്നു.ഖൗല,തമീം എന്നീ രണ്ട് സന്തതികള്‍ അവര്‍ക്ക് ജനിച്ചു.

യുദ്ധകളത്തില്‍ പ്രകടിപ്പിച്ച അസാമാന്യ വൈഭവം ഉമ്മുഅമ്മാറ (റ) യെ ചരിത്രത്തില്‍ ധീര പരിവേശം നല്‍കി.ഉഹ്ദ് യുദ്ധത്തിലെ മഹതിയുടെ ധീരോദാത്തമായ പ്രകടനങ്ങള്‍ പ്രവാചകന്‍ (സ്വ) യെ പോലും അമ്പരപ്പിച്ചു.പതറി പോയ മുസ്ലിം സൈന്യത്തിന് മഹതിയുടെ ശൂരത നവചൈതന്യം പകര്‍ന്ന് കൊടുക്കുകയും പരാജയത്തിന്‍റെ ആക്കം കുറക്കുകയും ചെയ്തു. മത്രമല്ല,ശത്രുക്കളുടെ സ്വപ്നങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയായി മാറി.ഇമാം തഹ്ബി പറയുന്നു :’ രണ്ടാം അഖബ ഉടമ്പടി, ഉഹ്ദ് യുദ്ധം,ഹുനൈന്‍ യുദ്ധം,യമാമ യുദ്ധം,ഹുദൈബിയ യുദ്ധം എന്നീ ചരിത്രസംഭവങ്ങളില്‍ ഉമ്മുഅമ്മാറ (റ) പങ്കെടുത്തു.വാള്‍ കൊണ്ട് മഹതി കാണിച്ച നീക്കങ്ങള്‍ അവിടെയുള്ളവരെയെല്ലാം അത്ഭുതപ്പെടുത്തി.പ്രവാചകന്‍ (സ്വ) പറഞ്ഞു :’ യുദ്ധ കളത്തിന്‍റെ ഏത് ഭാഗത്തേക്ക് നോക്കിയാലും പ്രതിരോധത്തിന്‍റെ പടവാളേന്തിയ ഉമ്മുഅമ്മാറനെയാണ് കാണാന്‍ കഴിഞ്ഞത്’

ഉഹ്ദ് യുദ്ധത്തിലെ നിര്‍ണായക നിമിഷങ്ങളെ ഉമ്മുഅമ്മാറ (റ) വിവരിക്കുന്നു :’ പരാജയഭീതി മുസ്ലിം സൈന്യം മുഖാമുഖം കണ്ട അവസരത്തില്‍,അവര്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടി.അംഗുലീപരിമിതമായ ആളുകള്‍ മാത്രം കാലിടറാതെ പോരാട്ടമുഖത്ത് ഉറച്ച് നിന്നു.ഉമ്മുഅമ്മാറ, മഹതിയുടെ ഭര്‍ത്താവ്,രണ്ട് മക്കള്‍ എന്നിവര്‍ പിന്തിരിഞ്ഞോടാതെ കളത്തില്‍ തന്നെ നിന്നു.അവര്‍ പ്രവാചകന്‍ ( സ്വ) ക്ക് ചുറ്റും ശരീരം കൊണ്ട് സംരക്ഷണഭിത്തി തീര്‍ത്തു.പ്രവാചകന്‍ (സ്വ) ക്ക് നേരെ വരുന്ന ശത്രുക്കളുടെ അക്രമണങ്ങള്‍ അവര്‍ എല്ലാ വിധേനയും തടഞ്ഞു.ഒരു കയ്യില്‍ വാളും മറുകയ്യില്‍ പരിചയും മഹതിയെടുത്തു.കുതിച്ച് വരുന്ന ശത്രുക്കളുടെ അവര്‍ അരിഞ്ഞ് വീഴ്ത്തി.

അതിനിടയില്‍ ഉമ്മുഅമ്മാറ (റ) യെ കൊലപ്പെടുത്താന്‍ ശത്രു മിന്നലാക്രമണം നടത്തിയെങ്കിലും മഹതി പരിച കൊണ്ട് അവയെല്ലാം തടുത്തു.പിറകോട്ട് തിരിഞ്ഞ് ശത്രുവിന്‍റെ കുതിരയുടെ വാല്‍ പിടിച്ച് മഹതി ചുഴറ്റി.വാള് കൊണ്ട് കുതിരയുടെ പിറക് വശത്ത് മുറിവേല്‍പ്പിച്ചു.കുതിര നിലം പതിച്ചപ്പോള്‍ കടിഞ്ഞാണോട് കൂടെ ശത്രുവിനെയും മഹതി കൂട്ടി പിടിച്ചു.ഈ രംഗം കണ്ട പ്രവാചകന്‍ (സ്വ) ഉമ്മയെ സഹായിക്കാന്‍ അബ്ദുല്ല (റ) നോട് ആജ്ഞാപിച്ചു.ഇരുവരൂം ചേര്‍ന്ന് ശത്രുവിനെ വകവരുത്തി.

അബ്ദുല്ല ബ്നു ഉമ്മുഅമ്മാറ (റ) പറയുന്നു :’ മുസ്ലിം പോരാളികള്‍ നാല് ഭാഗത്തേക്കും ചിതറിയോടി.അബ്ദുല്ല(റ) ഉം ഉമ്മയും പ്രവാചകന്‍റെ സമീപത്തെത്തി സംരക്ഷണവലയം തീര്‍ത്തു.പ്രവാചകന്‍ (സ്വ) ശത്രുക്കളെ തുരത്തിയോടിക്കാന്‍ ആഹ്വാനം മുഴക്കി.അദ്ധേഹം കല്ലെടുത്ത് ശത്രുവിന് നേരെ നീട്ടിയെറിഞ്ഞു.അത് ചെന്ന് പതിച്ചത് ശത്രു ഉപയോഗിച്ചിരുന്ന കതുരയുടെ കണ്ണിലാണ്.കുതിര നിലം പതിച്ചു.മറ്റൊരു വലിയകല്ലെടുത്ത് അദ്ധേഹം വീണ്ടും എറിഞ്ഞു.അത് ശത്രുവിന്‍റെ ജീവനെടുത്തു.ഈ കാഴ്ച്ച പ്രവാചകന്‍ (സ്വ) യെ വളരെ സന്തോഷിപ്പിച്ചു. ആ സമയത്താണ് ഉമ്മുഅമ്മാറ (റ) ന്‍റെ ചുമലില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നത് പ്രവാചകന്‍ (സ്വ ) യുടെ ശ്രദ്ധയില്‍ പെടുന്നത്.ഉടനെ അബ്ദുല്ല (റ) നെ വിളിച്ച് ഉമ്മയുടെ ചുമല്‍ തുണികഷ്ണം കൊണ്ട് കെട്ടാന്‍ ആവശ്യപ്പെട്ടു.

ഈ കുടുംബത്തിന്‍റെ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി അവര്‍ക്ക മേല്‍ ക്ഷേമവും ഉയര്‍ച്ചയും ഉണ്ടാവാന്‍ പ്രവാചകന്‍ (സ്വ) ദുഅ ചെയ്തു.അത് പോലെ അവര്‍ സ്വര്‍ഗത്തില്‍ തന്‍റെ സുഹൃത്തുക്കളായിരിക്കുമെന്നും പ്രവാചകന്‍ (സ്വ) പറഞ്ഞു.

പ്രവാചകന്‍ (സ്വ) യുടെ പ്രാര്‍ത്ഥനവചസ്സ് അവരുടെ മനസ്സില്‍ ആത്മീയകുളിര്‍മ പകര്‍ന്നു.ശരീരത്തിലെ നോവുകളുടെ വേദനകള്‍ മറന്ന് നവചൈതന്യത്തോടെ അവര്‍ വീണ്ടും അടര്‍കളത്തിലേക്ക് കുതിച്ച് ചെന്നു. ആ കുതിപ്പിനിടയാല്‍ അബ്ദുല്ല (റ) ന്‍റെ ഇടത് കയ്യില്‍ വെട്ടേറ്റു.മുറിവില്‍ നിന്നുഭ രക്തം ധാരധാരയായി പുറത്തേക്കൊഴുകി.അദ്ധേഹത്തോട് മുറിവിനെ തുണികഷ്ണം കൊണ്ട് പൊതിയാന്‍ പ്രവാചകന്‍ (സ്വ) കല്‍പ്പിച്ചു. ഉമ്മുഅമ്മാറ (റ) നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന മകനെയാണ് കാണുന്നത്.അടുത്തേക്കോടി വേട്ടേറ്റ ഭാഗത്ത് മഹതി തുണി വെച്ച് കെട്ടി.അക്രമിയുടെ മര്‍ദ്ദനം വീര്യം ചോര്‍ത്തരുതെന്ന് മകനെ ഉമ്മ ഉപദേശിച്ചു.പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജം പകരുകയായിരുന്നു ഉമ്മുഅമ്മാറ (റ).സിംഹകൂട്ടിലെക്കാണ് മകനെ പറഞ്ഞയക്കുന്നതെങ്കിലും പുത്രത്യാഗത്തില്‍ ആ മാതൃഹൃദയം വിതുമ്പിയില്ല.

ഈ കുടുംബം ചെയ്ത അസാമാന്യ സ്ഥൈര്യത്തെ പ്രവാചകന്‍(സ്വ) പുഞ്ചിരി കൊണ്ട് അഭിനന്ദിച്ചു.പ്രവാചകന്‍ (സ്വ) അത്ഭുതത്തൊടെ ചോദിച്ചു :’ ഉമ്മുഅമ്മാറ..! നീ എവിടുന്നാണ് ഈ ആര്‍ജവം സംഭരിച്ചത് ?

പിന്നീട് സുരക്ഷകവചമായി നബി(സ്വ) യുടെ മുമ്പില്‍ വാള് കൈയില്‍ പിടിച്ച് ഉമ്മുഅമ്മാറ (റ) നിന്നു.മകനെ വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ അവളുടെ മുന്നിലേക്ക് ചാടി വീണു.അയാളെ ചൂണ്ടികാണിച്ച് പ്രവാചകന്‍ (സ്വ) പറഞ്ഞു :’ നിന്‍റെ മകനെ വെട്ടി മുറിപ്പെടുത്തിയ അക്രമിയാണ് ഇദ്ധേഹം ‘.ഉമ്മുഅമ്മാറ (റ) ചീറ്റപുലിയെ പോലെ അദ്ധേഹത്തിന് നേരെ ചാടി.അദ്ധേഹത്തിന്‍റെ കാല് വെട്ടി അരിഞ്ഞു.ശത്രു മുഖം കുത്തി നിലത്ത് വീണു.മറ്റു മുസ്ലിം സൈന്യം വന്ന് ശത്രുവിനെ കൊലപ്പെടുത്തി.ഈ ധീരത പ്രവാചകന്‍ (സ്വ) യെ കൂടുതല്‍ സന്തുഷ്ടനാക്കി.മഹതിക്ക് കരുത്ത് നല്‍കിയ അല്ലാഹുവിനെ പ്രവാചകന്‍ (സ്വ) സ്തുതിച്ചു.

ഉഹ്ദ് യുദ്ധത്തില്‍ പന്ത്രണ്ട് മുറിവുകള്‍ ഉമ്മുഅമ്മാറ (റ) ശരീരത്തിലേറ്റിരുന്നു.ചുമലിലേറ്റ മുറിവായിരുന്നു അതില്‍ ഏറ്റവും സാരമയി ബാധിച്ചത്.ഇബ്നു ഖുമൈഹ് എന്ന ശത്രുവാണ് മഹിയുടെ തോളിന് വെട്ടിയത്.ഒരു വര്‍ഷത്തോളമെടുത്തു ആ മുറിവ് സുഖപ്പെടാന്‍.യുദ്ധത്തിന് ശേഷം സ്വബോധം തിരിച്ച് കിട്ടയപ്പോള്‍ മഹതി ആദ്യം തിരക്കിയത് പ്രവാചകന്‍ (സ്വ) യെ കുറിച്ചായിരുന്നു.സ്വന്തം ഭര്‍ത്താവിനെ കുറിച്ചോ സന്താനങ്ങളെ കുറിച്ചോ ആ മനസ്സ് ആകുലപ്പെട്ടില്ല.

ഉഹ്ദില്‍ നിന്നും മടങ്ങി മദീനയിലെത്തി ഒരു ദിവസം കഴിഞ്ഞതിന് ശേഷം പ്രവാചകന്‍(സ്വ) ഹംറല്‍ അസദിലേക്ക് സൈനികനീക്കം നടത്താന്‍ ആഹ്വാനം മുഴക്കി.വിളിയാളം കേട്ട ഉമ്മുഅമ്മാറ (റ) സൈന്യത്തിനൊപ്പം ചേരാന്‍ മാനസികമായി കൊതിച്ചെങ്കിലും ശരീരികവൈഷ്യമങ്ങള്‍ തടസ്സമായി നിന്നു.അതില്‍ നിന്ന് തിരിച്ചു വന്നതിന് ശേഷം സഹോദരന്‍ അബ്ദുല്ല ബിന്‍ കഅബല്‍മാസിനിയോട് മഹതിയുടെ അസുഖ വിവരം പ്രവാചകന്‍ (സ്വ) ആരാഞ്ഞു.ശരീരത്തിലെ മുറിവുകള്‍ സുഖമായി വരുന്നുവെന്ന സന്തോഷ വാര്‍ത്ത കേട്ടപ്പോള്‍ പ്രവാചകന്‍ (സ്വ) ആശ്വാസത്തിന്‍റെ നെടുവീര്‍പ്പിട്ടു.

ഇതേ ധീരത ഉമ്മുഅമ്മാറ (റ) ഹുനൈന്‍ യുദ്ധത്തിലും മക്കാ വിജയത്തിലും പ്രകടിപ്പിച്ചു. മുസൈലിമത്തുല്‍ കദ്ദാബിനെതിരെ നടന്ന യുദ്ധത്തിലും ആ ധീരതയുടെ തനി ആവര്‍ത്തനം ദൃശ്യമായി.യുദ്ദത്തില്‍ പതിനൊന്ന് മുറിവുകള്‍ മഹതി സ്വയം ഏറ്റുവാങ്ങി.ഒരു കരം ഛേദിക്കപ്പെട്ടു.മുസൈലിമയുടെ വേട്ടേറ്റ് മകന്‍ ഹബീബ് ബ്നു സൈദ് ശഹീദായി.ഇങ്ങനെ കയ്പ്പേറിയ നഷ്ടങ്ങള്‍ പിണഞ്ഞിട്ടും മഹതിയില്‍ ശക്തിക്ഷയം പ്രകടമായില്ല.പകരം ഈമാനിക പ്രഭ കൂടുതല്‍ പ്രശോഭിതമാവുകയായിരുന്നു.

ബനൂ ഖുറൈള യുദ്ധത്തിലും മറ്റു സ്വഹാബി വനിതകള്‍ക്കൊപ്പം മഹതി പങ്കെടുത്തു.യുദ്ധത്തില്‍ പിടിച്ചെടുത്ത ഗനീമത്ത് സ്വത്തിന്‍റെ ഒരു വിഹിതം ഉമ്മുഅമ്മാറ(റ) കൈപറ്റിയിരുന്നു ഉദൈബിയ സന്ധിയിലും മഹതി സന്നിഹിതയായിരുന്നു.അതിനെ പറ്റി മഹതി വിവരിക്കുന്നു :’ ഉംറ നിര്‍വഹിക്കാന്‍ പ്രവാചകന്‍റെ നേതൃത്വത്തില്‍ മദീനയില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടു.മക്കയിലേക്ക് കടക്കാന്‍ ഖുറൈശികള്‍ അനുവദിക്കാത്തതിനാല്‍ ഞങ്ങള്‍ ഹുദൈബിയയില്‍ യാത്ര നിര്‍ത്തി.ഖുറൈശികളുമായി സന്ധിസംഭാഷണം നടത്താന്‍ ഉസ്മാന്‍ (റ) നെ പ്രവാചകന്‍ (സ്വ) മക്കയിലേക്ക് പറഞ്ഞയച്ചു.

ഉസ്മാന്‍ (റ) ന്‍റെ മടങ്ങിവരവ് തമാസിച്ചപ്പോള്‍ അദ്ധേഹം കൊല്ലപ്പെട്ടുവെന്ന കിംവദന്തി സ്വഹിബാക്കള്‍ക്കിടയില്‍ പരന്നു.അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവാചകന്‍ (സ്വ) മരചുവട്ടില്‍ ഇരിക്കുകയും സ്വഹാബാക്കള്‍ ബൈഅത്ത് ചെയ്യുകയും ചെയ്തു.ആയുധം സൂക്ഷിച്ചവര്‍ കയ്യിലെടുത്തു.എന്നാല്‍ ഭുരിഭാഗം സ്വഹാബാക്കളും നിരായുധരായിരുന്നു.ഉമ്മു അമ്മാറ(റ) കയ്യില്‍ വടിയും അരപട്ടയില്‍ കത്തിയും സൂക്ഷിച്ചിരുന്നു.പക്ഷെ,കിംവദന്തി വാസ്തവമല്ലെന്ന് ബോധ്യപ്പെട്ടു.ശേഷം ഖുറൈശികളുമായി കാരാറിലേര്‍പ്പെട്ടു.ആ കരാറിനെയാണ് ഹുദൈബിയ സന്ധി എന്ന് വിളിക്കപ്പെടുന്നത്.

ഇരുപതോളം സ്വഹാബി വനിതകള്‍ കൈബര്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.അവരിലൊരാള്‍ ഉമ്മുഅമ്മാറ (റ) ആയിരുന്നു.പങ്കെടുത്ത എല്ലാവര്‍ക്കും ഗനീമത്ത് മുതലിന്‍റെ ഒരു ഓഹരി ലഭിച്ചു.വലികൂടിയ ഡ്രസ്സുകളും ആഭരണങ്ങളും രണ്ട് ദീനാറും ഉമ്മുഅമ്മാറ (റ) ന് പ്രവാചകന്‍ (സ്വ) കൊടുത്തു.ഹുനൈന്‍ യുദ്ധത്തിലും മഹതി വര്‍ദ്ധിതവീര്യത്തോടെ ശത്രുപാളയത്തെ നേരിട്ടു.യുദ്ധമുതലിന്‍റെ വിഹിതം ലഭിച്ചവരില്‍ മഹതിയുമുണ്ടായിരുന്നു.ശത്രു പകകഷത്തായിരുന്ന് ബനൂ ഹുവാസ് ഗോത്രത്തില്‍ പെട്ടൊരാള്‍ കൈയില്‍ പതാകയുമായി കുതിരപുറത്ത് കയറി യുദ്ധകളത്തിലേക്ക് കടന്നുവന്നു.ഉമ്മുഅമ്മാറ (റ) പിറക് വശത്ത് നിന്ന് അദ്ധേഹത്തിന്‍റെ കുതിരയെ വെട്ടി.കുതിര പുറത്ത് നിന്ന് അദ്ധേഹം കളത്തിലേക്ക് തെറിച്ച് വീണു.നിലത്ത് വീണ അദ്ധേഹത്തെ മഹതി മാരക മുറിവേല്‍പ്പിച്ചു. അതില്‍ നിന്ന് പിന്നീട് അദ്ധേഹം മരണം വരെ രക്ഷപെട്ടിട്ടില്ല.

ഉമ്മുഅമ്മാറ (റ) ന്‍റെ മകനായ ഹബീബ് ബിന്‍ സൈദ് (റ) നെ തെറ്റുകള്‍ തിരുത്താനും യഥാര്‍ത്ഥത്തെ വിവരിച്ച് കൊടുക്കാനും പ്രതിനിധിയായി മുസൈലിമത്തുല്‍ കദ്ദാബിന്‍റെയടുത്തേക്ക് പ്രവാചകന്‍ (സ്വ) അയച്ചു.പക്ഷെ അദ്ധേഹത്തെ മുസൈലിമത്തുല്‍ കദ്ദാബ് തൂണില്‍ കെട്ടിയിട്ടു.മുസൈലിമ ചോദിച്ചു :’ മുഹമ്മദ് പ്രവാചകനാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ?’.അംഗീകരിക്കുന്നുവെന്ന് അദ്ധേഹം ഉറച്ച ശബ്ദത്തില്‍ മറുപടി നല്‍കി. മുസൈലിമ വീണ്ടും ചോദിച്ചു :’ ഞാന്‍ പ്രവാചകനാണെന്ന് നീ അംഗീകരിക്കുന്നുണ്ടോ ?’. അദ്ധേഹം പറഞ്ഞു :’ ഞാന്‍ ബധിരനാണ്.നിങ്ങളുടെ സംസാരത്തെ കേള്‍ക്കുന്നില്ല ‘. മുസൈലിമ സമാന ചോദ്യം ആവര്‍ത്തിച്ചെങ്കിലും അദ്ധേഹത്തിന്‍റെ മറുപടിയില്‍ മാറ്റം വരുത്തിയില്ല.കോപിതനായ മുസൈലിമ അദ്ധേഹത്തിന്‍റെ ഓരോ ഓരോ ഭാഗങ്ങള്‍ മുറിച്ചെടുത്തു.ഇഞ്ചിഞ്ചിയായി അദ്ധേഹത്തെ കൊലപ്പെടുത്തി.ഈ ദാരുണമായ വാര്‍ത്ത മഹതിയുടെ കാതുകളിലുമെത്തി.എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സഹനത്തിന്‍റെ മൂര്‍ത്തീഭാവമായി ഉമ്മുഅമ്മാറ (റ) നിലകൊണ്ടു.മഹതിയെ പ്രവാചകന്‍ (സ്വ) സാന്തനപ്പെടുത്തീകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

അബൂബക്കര്‍ (റ) ന്‍റെ ഖിലാഫത്ത് കാലത്ത്,മുസൈലിമയോട് ഏറ്റുമുട്ടാന്‍ ഒരു മുസ്ലിം സൈന്യത്തെ പറഞ്ഞയച്ചു.ഉമ്മുഅമ്മാറ (റ) മകന്‍ അബ്ദുല്ല ബ്നു സൈദും സൈന്യത്തില്‍ അംഗങ്ങളായിരുന്നു.ഉമ്മുഅമ്മാറക്ക് അറുപത് വയസ്സായിരുന്നു പ്രായം.മുസൈലിമയുടെ ഘാതകരിലൊരാള്‍ അബ്ദുല്ല ബിന്‍ സൈദായിരുന്നു.യുദ്ധത്തിനിടയില്‍ മഹതിയുടെ കരം അറ്റ് തൂങ്ങി.പതിനൊന്ന് വെട്ടുകള്‍ മഹതി ശരീരം കൊണ്ട് ഏറ്റുവാങ്ങി.സൈനിക തലവനായ ഖാലിദ് ബിന്‍ വലീദ് (റ) മുറിവില്‍ പുരട്ടാന്‍ ലേപനം നല്‍കി.എന്നാല്‍ മുറിവിന്‍റെ നോവുകള്‍ മുസൈലിമ കൊല്ലപ്പെട്ടെന്ന് വിവരം അറിഞ്ഞതോടെ മഹതിയുടെ മനസ്സില്‍ നിന്നും അപ്രത്യക്ഷമായി.

ഒരിക്കല്‍,ഖുര്‍ആനില്‍ പുരുഷന്‍മാരെ മാത്രം പരാമര്‍ശിക്കുകയും സ്ത്രീകളെ ഒഴിവാക്കുകയാണെന്നും പ്രവാചകനോട് ഉമ്മുഅമ്മാറ (റ) പരാതിപ്പെട്ടു.ഉടനെ ഖുര്‍ആനിലെ 33 ാം സൂക്തത്തിലെ 35ാം ആയത്ത് ഇറങ്ങി

‘ അല്ലാഹുവിന് കീഴ്പ്പെടുന്നവരായ പുരുഷډാര്‍, സ്ത്രീകള്‍, വിശ്വിസികളായ പുരുഷന്മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷډാര്‍, സ്ത്രീകള്‍,സത്യസന്ധരായ പുരുഷന്മാര്‍, സ്ത്രീകള്‍,ക്ഷമാശീലരായ പുരുഷډാര്‍, സ്ത്രീകള്‍,വിനീതരായ പുരുഷന്മാര്‍, സ്ത്രീകള്‍,ദാനം ചെയ്യുന്ന പുരുഷډാര്‍, സ്ത്രീകള്‍,വ്രതമനുഷ്ടിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍,തങ്ങളുടെ ഗുഹ്യവയവങ്ങള്‍ സൂക്ഷിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍,ധാരളമായി അല്ലാഹുവിനെ ഓര്‍ക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍ ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു(സൂറഃഅഹ്സാബ്:35).

ഒരിക്കല്‍,സ്വര്‍ഗത്തില്‍ കൂട്ടുക്കാരായി കഴിയാനുള്ള ഭാഗ്യം ലഭിക്കാന്‍ പ്രവാചകന്‍ (സ്വ) യോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു.ആ കുടുംബാഗങ്ങള്‍ മുഴുവന്‍ തന്‍റെ സുഹൃത്തുക്കളായിരിക്കുമെന്ന് പ്രവാചകന്‍ (സ്വ) മഹതിയോട് പ്രാര്‍ത്ഥനാരൂപത്തില്‍ പറഞ്ഞു.

മരണം വരെ ഉമ്മുഅമ്മാറ(റ) യുദ്ധഭൂമികയിലെ ശൂരതയുടെ ഉരുക്കുകോട്ടയായി നിലനിന്നു. ഇസ്ലാമിക സംരക്ഷണ ചുമതല പ്രതിജ്ഞാബന്ധമായി മഹതി ഏറ്റെടുത്തു.മഹതിയുടെ അപാര യുദ്ധ വൈഭവത്തിന് മുമ്പില്‍ ശത്രുക്കളുടെ ചങ്ങലകെട്ടുകള്‍ തകര്‍ന്ന് തരിപ്പണമായി.ഈ സ്വര്‍ഗ്ഗീയ പാതയില്‍ മഹതി കുടുംബത്തിനെ മുഴുവന്‍ വഴിനടത്തി.രണ്ട് അരുമസന്താനങ്ങളും ശഹാദത്തിന്‍റെ പദവി നേടി സ്വര്‍ഗത്തിലേക്ക് രാജാജി കിളികളെ പോലെ ചിറകടിച്ചുയര്‍ന്നു.ജീവിതം പൂര്‍ണമായും വേദനകള്‍ നിറഞ്ഞതായിരുന്നുവെങ്കിലും ഇസ്ലാമിക സംരക്ഷണത്തിന്‍റെയും പ്രവാചകസ്നേഹത്തിന്‍റെയും മൂമ്പില്‍ അതെല്ലാം അലിഞില്ലാതെയായി.

 

 

 

1 Comment

Leave a Reply

Your email address will not be published.


*