വിശുദ്ധ റമളാന്‍ : ഒരു മെഗാ ഓഫര്‍..!

സിദ്ധീഖ് മുതുവല്ലൂര്‍

religious hd image

ഹിജ്റ മാസങ്ങളില്‍ അതിമഹത്തായതും വിലപിടിപ്പുള്ളതുമായ മാസമാണ് പരിശുദ്ധ റമളാന്‍. റജബിലും ശഅ്ബാനിലും മുഅ്മിനിന്‍റെ അകതാരിലുണ്ടായിരുന്നത് ആ അഥിതിയുടെ ആഗമനമായിരുന്നു. ഒരു നിമിഷത്തിനു പോലും അളക്കാനാവാത്ത മൂല്യം വഹിക്കുന്ന ആ മഹനീയ ദിനരാത്രങ്ങളാണ് നമ്മുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്. പൈശാചിക പാതയിലൂടെയുള്ള അപഥ സഞ്ചാരം നിര്‍ത്തി മുസല്‍മാന്‍ തന്‍റെ അകവും പുറവും കഴുകി വൃത്തിയാക്കാന്‍ ഈ ധന്യരാവുകളെ തീര്‍ച്ചയായും ഉപയോഗപ്പെടുത്തേണ്ടതാണ്.

അല്ലാഹു പറയുന്നു: സത്യ വിശ്വാസികളെ, മുന്‍കാല സമുദായങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങളുടെ മേലും ഞാന്‍ നോമ്പിനെ നിര്‍ബന്ധമാക്കിയിരിക്കുന്നു (2/183). ശഅ്ബാനിന്‍റെ ഒടുക്കം മുതല്‍ ശവ്വാലിന്‍റെ തുടക്കം വരെയുള്ള പകലുകളില്‍ വ്രതമനുഷ്ഠിക്കല്‍ ഓരോ മുഅ്മിനിനിക്കും നിര്‍ബന്ധമാണ്. പക്ഷെ, കേവല അന്നപാനീയ വര്‍ജ്ജനമല്ല ഇതുകൊണ്ട് ഉദ്ധേഷിക്കപ്പെടുന്നത്. മറിച്ച് ശരീരത്തെ ആത്മാവിനെ നല്ല നാളേക്കായ് തളച്ചിടലാണ്; വിവേകം കൊണ്ട് വികാരങ്ങളെ തോല്‍പ്പക്കലാണ്; അധര്‍മ്മങ്ങള്‍ക്കു പകരം ധാര്‍മ്മികതയുടെ വിത്തു പാകലുമാണ് റമളാനിലെ സുലഭ നിമിഷങ്ങള്‍ ലക്ഷീകരിക്കുന്നത്.

പ്രായപൂര്‍ത്തിയും ബുദ്ധിയും നോമ്പെടുക്കാന്‍ കഴിവുമുള്ള ഏതൊരു മുസ്ലിമിനും നിര്‍ബന്ധമായ വ്രതത്തിനു ആകെ രണ്ട് ഫര്‍ളുകളാണുള്ളത്. ഒന്ന് ‘നിയ്യത്ത്’, രണ്ട് ‘നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കല്‍’. യാത്രക്കാരന്‍, അശക്തരായ വൃദ്ധര്‍, ആര്‍ത്തവമുള്ളവര്‍ എന്നിവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാവുന്നതും പകരം നഷ്ടപ്പെട്ട നോമ്പുകളുടെ തോതനുസരിച്ച് മുദ്ദുകള്‍ വിതരണം ചെയ്ത് പരിഹരിക്കാവുന്നതുമാണ്.

മൂന്ന് പത്തുകളായി വേര്‍തിരിക്കപ്പെട്ട റമളാനില്‍ ചില അതിമഹത്തായ സന്ദര്‍ഭങ്ങളുണ്ട്. ഖുര്‍ആന്‍ അവതരിക്കപ്പെട്ടതിനാല്‍ ധന്യമായ ലൈലത്തുല്‍ ഖദ്റും ബദ്റിന്‍റെ ഓര്‍മ്മകള്‍ സ്ഫുരിക്കുന്ന റമളാന്‍ 17 ഉം അതില്‍ പെട്ടതാണ്. ലൈലത്തുല്‍ ഖദ്റ് ഏത് രാവിലാണെന്ന് ക്ലിപ്തമല്ലെങ്കിലും മൂന്നാമത്തെ പത്തില്‍ അതിനെ വളരെയേറെ പ്രതീക്ഷിക്കാവുന്നതാണ്. ആ സമയത്ത് ഉടുമുണ്ട് മുറുക്കി ഇബാദത്തെടുക്കാന്‍ റസൂലുല്ലാഹി(സ) പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്.

റമളാനിലെ അതിവിശിഷ്ടമായ കര്‍മ്മങ്ങളില്‍പെട്ട തറാവീഹ് നിസ്കാരത്തെ നാം കൃത്യമായി നിര്‍വ്വഹിക്കേണ്ടതുണ്ട്. നാം ചെയ്യുന്ന ഓരോ കര്‍മ്മങ്ങള്‍ക്കും കണക്കറ്റ കൂലി ലഭിക്കുന്ന ഒരു മാസമാണിതെന്നത് അതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. മറ്റൊന്ന് സ്വദഖയാണ്. റമളാനില്‍ നല്‍കുന്ന ധാനധര്‍മ്മങ്ങള്‍ക്ക് അതിരില്ലാത്ത പ്രതിഫലങ്ങളുടെ വാതായനമാണ് നാഥന്‍ ഒരുക്കി വെച്ചിരിക്കുന്നത്.

ചുരുക്കത്തില്‍ അല്‍പകാല ആയുസ്സ് മാത്രമുള്ള മുഹമ്മദിയ്യ ഉമ്മത്തിനുള്ള വമ്പിച്ച ഓഫറുകളുടെ കാലമാണ് റമളാന്‍. ഇത് നാം നഷ്ടപ്പെടുത്തരുത്. ഒരുപക്ഷെ അവസാനത്തെ റമളാനായിരിക്കാമിത്. റമളാനില്‍ പ്രത്യേകിച്ച് അവസാനത്തെ പത്തില്‍ നടക്കുന്ന ഷോപ്പിംഗ് മാമാങ്കങ്ങളും, കേവലം പൊങ്ങച്ചത്തിനും അഹങ്കാരത്തിനുമുള്ള ഇഫ്താര്‍ മീറ്റുകളും ഉപേക്ഷിച്ച് നാം നാഥനിലേക്ക് മടങ്ങേണ്ടതുണ്ട്. കൈയ്യിലെ മൊബൈലിനു പകരം ഖബറില്‍ കൂട്ടുകാരനും സംരക്ഷകനുമായി വരുന്ന പരിശുദ്ധ ഖുര്‍ആനിനെ നമുക്ക് പകലന്തിയോളം പാരായണം ചെയ്യാം. നന്മകള്‍ നിറഞ്ഞ നോമ്പു തുറകള്‍ നടത്തി ബന്ധങ്ങള്‍ സുദൃഢമാക്കാം. അതിനാവട്ടെ ഈ പുണ്യ റമളാന്‍…. ആ നാഥന്‍ തുണക്കട്ടെ… ആമീന്‍.

Be the first to comment

Leave a Reply

Your email address will not be published.


*