തറാവീഹ് : ഇരുപത് റകഅത്ത് തന്നെ..!

വിശുദ്ധ റമളാനില്‍ ഏറെ പുണ്യം കല്‍പിക്കപ്പെടുന്ന നിസ്ക്കാരമാണ് തറാവീഹ്. അനവധി പ്രതിഫലങ്ങള്‍ ലഭ്യമാകുന്ന ഈ ഇബാദത്ത് പതിനാലു നൂറ്റാണ്ടു കാലമായി വളരെ കണിശതയോടെ മുസ്ലിം സമൂഹം നിര്‍വഹിച്ചു പോരുന്നു. റസൂലുല്ലാഹി (സ) പറയുന്നു: ‘വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചും ആരെങ്കിലും റമളാനില്‍ നിസ്കരിച്ചാല്‍ അവന്‍റെ പൂര്‍വകാല പാപങ്ങള്‍ മുഴുവനും പൊറുക്കപ്പെടുന്നതാണ്’.(മുസ്ലിം,മുവത്വ). തറാവീഹ് നിസ്കാരം സുന്നത്താണെന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബിലും ഇമാം സര്‍ഖസി മബ്സൂത്വിലും വിവരിക്കുന്നുണ്ട്.

പ്രതിഫലങ്ങള്‍ വാരിക്കോരി നല്‍കപ്പെടുന്ന തറാവീഹിനെ ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനു പകരം റകഅത്തുകളുടെ എണ്ണം പറഞ്ഞ് കലഹമുണ്ടാക്കുന്നത് തീര്‍ത്തും അപലപനീയമാണ്. മഹാനായ ഉമര്‍ (റ) ന്‍റെ കാലത്ത് ജമാഅത്തായി ഇരുപത് റകഅത്ത് നിസ്കരിച്ചു എന്നത് അവിതര്‍ക്കിതമാണ്. പിന്നെ അവാന്തര വിഭാഗങ്ങള്‍  തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങളുടെ സഫലീകരണത്തിനായി ഉയര്‍ത്തിക്കാട്ടുന്നത് നബി(സ) റമളാനിലും അല്ലാത്തപ്പോഴും 11 റകഅത്തിനേക്കാള്‍ കൂടുതല്‍ നിസ്കരിച്ചിട്ടില്ല എന്ന് ആഇശ ബീവി(റ)യെ ഉദ്ധരിച്ച് ബുഖാരി ഇമാം റിപ്പോര്‍ട്ട് ചെയ്ത ഹദീസിനെയാണ്. പക്ഷെ ഇത് വിത്റാണെന്നാണ് ഭൂരിഭാഗം പണ്ഡിതന്‍മാരുടെയും അഭിപ്രായം. കാരണം ആഇശ ബീവിയുടെ ഇതേ ആശയത്തിലുള്ള മറ്റൊരു ഹദീസ് ഇമാം ബുഖാരി (റ) വിത്റിനെ വിവരിക്കുന്ന അദ്ധ്യായത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഒരിക്കല്‍  അസ്വദ് ബിന്‍ യസീദ് (റ) ആയിശ (റ) യോട് നബി (സ) യുടെ രാത്രി നിസ്കാരത്തെപ്പറ്റി ചോദിച്ചപ്പോള്‍ മഹതി പറഞ്ഞു: തിരുനബി (സ) രാത്രയില്‍ 13 റകഅത്ത് നമസ്കരിക്കുമായിരുന്നു. പിന്നെ അവിടുന്ന് 11 റകഅത്ത് നിസ്കരിച്ചു, 2 ഒഴിവാക്കി, പിന്നീട് അവിടുന്ന് വഫാതാവുമ്പോള്‍ 9 റകഅത്തായിരുന്നു നിസ്കരിച്ചിരുന്നത്.അവിടുത്തെ രാത്രിയിലെ അവസാന നിസ്കാരം ഒറ്റയായിരുന്നു. (അബൂദാവൂദ്)

അഥവാ പല സമയങ്ങളില്‍ പല രൂപത്തില്‍ നിര്‍വഹിക്കപ്പെട്ട ഇതു വിത്റാണെന്നതില്‍ തര്‍ക്കമില്ല. തിരുനബി (സ്വ) വിത്റ് 11 റകഅത്ത് നിസ്കരിച്ചുവെന്നാണ് ഈ ഹദീസുകളുടെ വിവക്ഷ. അല്ലാതെ 8 തറാവീഹും 3 വിത്റും നിസ്കരിച്ചു എന്നല്ല. അതു കേവലം മര്‍ക്കഠമുഷ്ടിയുടെ സൃഷ്ടി മാത്രമാണ്. താബിഉകളില്‍ മുതിര്‍ന്നവരും പ്രധാനിയുമായിരുന്ന സുവൈദ് ബിന്‍ ഗഫല (റ) എന്നവര്‍ ഇമാമായി നിന്ന് 20 റകഅത്ത് നിസ്കരിച്ചിരുന്നുവെന്ന് ഇമാം ബുഖാരി (റ) തന്‍റെ താരീഖിലും, ഇമാം ബൈഹഖി സുനനുല്‍ കുബ്റായിലും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല മുപ്പതോളം പണ്ഡിതന്‍മാരില്‍ നിന്ന് ദീനീ ജ്ഞാനം സ്വീകരിച്ച ഇബ്നു അബീ  മുലൈക്ക(റ), ശുതൈറു ബിന്‍ ശകല്‍ (റ), സഈദ് ബിന്‍ ഫൈറൂസ് (റ) എന്നീ താബിഉകളും 20 ആണ് നിസ്കരിച്ചത്.(മുസന്നഫ് ഇബ്നു അബീ ശൈബ) ഇവയില്‍ നിന്നെല്ലാം ഉമര്‍ (റ) ന്‍റെ കാലം മുതല്‍ സ്വഹാബത്തും ശേഷം താബിഉകളും തറാവീഹ് 20 റകഅത്ത് നിലനിര്‍ത്തിപ്പോന്നു  എന്ന് വ്യക്തമാണ്. ആ പാരമ്പര്യം തന്നെയാണ് ഇന്നും ഇരു ഹറമുകളിലും, മുസ്ലിം ലോകത്തിലെ ബഹുഭൂരിഭാഗം മസ്ജിദുകളിലും നടന്നുവരുന്നത്. അതു നാം ഖിയാമം വരെ കൊണ്ട് നടക്കേണ്ടതുമാണ്. അല്ലാതെ എട്ടും പൊട്ടും തിരിയാതെ തറാവീഹ് എട്ടാണെന്ന് വാദിക്കുന്നവര്‍ക്ക് ചെവി കൊടുത്ത് റമളാനിലെ രാപ്പകലുകള്‍ ബഹളമയമാക്കുകയല്ല വേണ്ടത് . റമളാനിലെ വിജയികളുടെ കൂട്ടത്തില്‍ നാഥന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

Be the first to comment

Leave a Reply

Your email address will not be published.


*