മതം പഠിപ്പിക്കുന്ന പ്രതികരണ രീതികള്‍

കെ ടി ഹനീഫ് റഹ്മാനി

‘നല്ലതും ചീത്തയും തുല്യമാകില്ല.തിന്മയെ അത്യുത്തമമായതുകൊണ്ട് തടയുക.ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശത്രുതയുണ്ടോ അതോടെ അവന്‍ ആത്മ മിത്രമായിത്തീരുന്നതാണ്.ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാവൂ.മഹാ സൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല'(ഫുസ്സിലത്ത്34,35).

ഉത്തമ മതത്തിന്‍റെ അനുയായി ചുറ്റുപാടുകളില്‍ നിന്നു വരുന്ന അസ്ത്രങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് വ്യക്തമാക്കുകയാണ് വിശുദ്ധ ഖുര്‍ആനിലെ ഉപര്യുക്ത വചനം.അടിച്ചവനെ തിരിച്ചടിക്കുന്നത് ഒരു കഴിവല്ല.അതു പഠിപ്പിക്കാന്‍ ഒരു സംസ്കൃതിയും ആവശ്യമില്ല.എത്ര വേണമെങ്കിലും അടിച്ചോളൂ എന്ന മട്ടില്‍ നിന്നുകൊടുക്കുന്നതും ക്ഷന്തവ്യമല്ല; പകച്ചോടുന്നത് ഭീരുത്വവും.എന്നിരിക്കെ,സമര്‍ത്ഥവും സാഹസികവുമായ നിലപാടിലൂടെ ശത്രുമനസ്സിലെ വൈരം പിഴുതെടുത്ത് സ്നേഹത്തിന്‍റെ രസതന്ത്രം പയറ്റാനാണ് മതം പ്രരിപ്പിക്കുന്നത്.എത്രയേറെ ശക്തവും സൗന്ദര്യാത്മകവുമായ സന്ദേശമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്! നന്മയും തിന്മയും ഒരിക്കലും ഒന്നാകില്ലെന്ന മുഖവുരയില്‍ തുടങ്ങി നന്മയുടെ വാക്താവിന്‍റെ ശൈലിയും ശീലവും നന്മയുടേത് മാത്രമാവണമെന്ന് ഊന്നി അതിനുവേണ്ടി സഹനത്തിന്‍റെയും സൗമ്യതയുടെയും പാരമ്യതയില്‍ അടിപതറാതിരിക്കാന്‍ ആണയിട്ട് ആഹ്വാനം ചെയ്യുന്നു.

ശത്രുവിനെ മിത്രമാക്കാന്‍ സൗഹാര്‍ദ്ദമാവണം നിന്‍റെ പരിചയെന്ന് പഠിച്ചും പരിശീലിച്ചും പയറ്റിയും
സഹിഷ്ണുതയുടെയും സംയമനത്തിന്‍റെയും വീര ചരിത്രങ്ങള്‍ രചിച്ചിട്ടുമെന്തേ ആക്രമണങ്ങളുടെ അപ്പോസ്തലനായി നീ അവതരിപ്പിക്കപ്പെടുന്നു?ലോകം നിന്നെ തീവ്രവാദത്തിന്‍റെ മേലങ്കിയണിയിക്കുന്നു? നിന്‍റെ ഐഡന്‍റിറ്റിയാകുന്ന താടിയും തലപ്പാവും ഭീകരവാദികള്‍ കട്ടെടുക്കുന്നു? നിരപരാധികള്‍ക്കിടയുലേക്ക് നിറയൊഴിച്ചും അരുമക്കിടാങ്ങളുടെ കഴുത്തറുത്തും ജനത്തിരക്കുകളില്‍ പൊട്ടിത്തെറിച്ചും നടത്തപ്പെടുന്ന ഭീരുത്വത്തിന്‍റെ ഒളിയുദ്ധങ്ങള്‍ക്കെങ്ങനെ നന്മയുടെ മതത്തിന്‍റെ ലേബല്‍ നല്‍കപ്പെടുന്നു?!

ഇസ്ലാമിന്‍റെ പ്രതികാരങ്ങള്‍ക്ക് കണ്ണും കാതുമുണ്ടാവണമെന്നതിലപ്പുറം കരളും കനിവുമുണ്ടാവണം.പോരാട്ടം അവന്‍റെ ആവനാഴിയിലെ അവസാന അസ്ത്രമാണ്.തിന്മക്ക് വിത്തിടില്ല.കലഹത്തിനു തിരുകൊളുത്തില്ല.എരിയുന്ന അഗ്നിയില്‍ എണ്ണയൊഴിക്കില്ല.

‘നിന്‍റെ കാര്യത്തില്‍ അല്ലാഹുവിനോട് എതിര് ചെയ്തവന് നീ നല്‍കുന്ന വലിയ ശിക്ഷ അവന്‍റെ കാര്യത്തില്‍ നീ അല്ലാഹുവിനെ അനുസരിക്കലാണ് ‘എന്ന് ഉമറു ബ്നുല്‍ ഖത്താബ് (റ).നിന്നോട് ഉപദ്രവം ചെയ്തവനോട് നീ കാണിക്കുന്ന കാരുണ്യം നിന്നെ സ്നേഹിക്കാന്‍ അവനെ നിര്‍ബന്ധിതനാക്കും.നിന്‍റെ പകയെ നീ നിയന്ത്രിച്ച് നിര്‍വീര്യമാക്കുന്നതിലൂടെ ശത്രുവിന്‍റെ വിരോധമാണ് പിടിച്ചുകെട്ടുന്നത്.അത് വന്‍ വിജയവും വമ്പിച്ച പ്രതിഫലാര്‍ഹവുമാണ്.വലിയ ബുദ്ധിജീവികളുടെ ഉത്കൃഷ്ട ഗുണവുമാണ്.’അവര്‍ തിന്മയെ നന്മ കൊണ്ട് പ്രധിരോധിക്കുന്നു.പരലോകത്ത് ശോഭന പര്യവസാനമാണ് അവര്‍ക്കുള്ളത്'(അര്‍റഅ്ദ്:22).വിവേകികള്‍ പരിസരലോകത്തിന്‍റെ അപശ്ശബ്ദങ്ങളിലും അവഹേളങ്ങളിലും മനസ്സുടക്കില്ല.തിന്മകളുടെ ലോകത്ത് നിന്ന് പരിമളം പരക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.’കരുണാമയനായ അല്ലാഹുവിന്‍റെ അടിമകള്‍ വിനയാന്വിതരായി ഭൂമിയില്‍ സഞ്ചരിക്കുന്നവരും അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപൂര്‍വം പ്രതികരിക്കുന്നവരുമാകുന്നു'(അല്‍ ഫുര്‍ഖാന്‍:63).സംസ്കാര ശൂന്യനു നീ വിധേയനായാല്‍ അവനൊന്നും പറഞ്ഞില്ലെന്നും നീയൊന്നും കേട്ടില്ലെന്നും നടിക്കലാവും ഉചിതം.

എങ്ങനെ മികച്ച നിലയില്‍ പ്രതികരിക്കുമെന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു ലോകാനുഗ്രഹി മുഹമ്മദ് നബി (സ്വ).സത്യസന്ദേഷത്തിന്‍റെ പ്രബോധനവുമായി ത്വാഇഫിലെ അമ്മാവന്‍മാരെയും ബന്ധുക്കളെയും സമീപിച്ച വേളയില്‍ അസഭ്യം പറഞ്ഞും കല്ലെറിഞ്ഞും ആട്ടിയോടിക്കപ്പെട്ട പരീക്ഷണ ഘട്ടം.അവരുടെ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.അവര്‍ക്ക് കടുത്ത ദുരന്തം സമ്മാനിക്കാന്‍ അനുവാദം തേടിയെത്തിയ മലക്കുകളെ തിരിച്ചയച്ചു.തങ്ങളെ വധിക്കാന്‍ തക്കം പാര്‍ത്തുവന്ന കൊടിയ ശത്രുക്കള്‍ അവിടത്തെ സ്നേഹമാസ്മരികതയില്‍ വന്ന ദൗത്യം മറന്ന് അംഗരക്ഷകരായി പരിവര്‍ത്തനം ചെയ്യപ്പെട്ടു.ജന്മ നാട്ടില്‍ സ്വൈര്യവും സമാധാനവും നല്‍കാതെ,തന്നെയും അനുചരന്മാരെയും തുരത്തിയോടിക്കുകയും യുദ്ധങ്ങളുടെ പരമ്പര തീര്‍ക്കുകയും ചെയ്തവര്‍ മക്കാ വിജയത്തിലൂടെ അടിയറവ് പറഞ്ഞപ്പോള്‍ നിങ്ങളോട് ഒട്ടും പ്രതികാരമില്ലെന്നും എല്ലാവരും സ്വതന്ത്രരാണെന്നുമുള്ള സാമാധാന പ്രഖ്യാപനം നടത്തി വിശാലമാപ്പിന്‍റെ വീരേതിഹാസം രചിച്ചു.

നബി (സ്വ)യുടെ സ്വഭാവം വിശദീകരിച്ച് ആഇഷ(റ) പറയുന്നു:’തങ്ങള്‍ തിന്മ കൊണ്ട് തിന്മയെ പ്രതിരോധിക്കാറുണ്ടായിരുന്നില്ല.തങ്ങള്‍ മാപ്പു നല്‍കും.വിട്ടു കൊടുക്കും.'(തുര്‍മുദി).ഉത്കൃഷ്ട കര്‍മങ്ങളെക്കുറിച്ച് ആരാഞ്ഞ ഉഖ്ബത്തുബിന്‍ ആമിര്‍(റ)വനോട് തങ്ങള്‍ പറഞ്ഞു:’ഉഖ്ബാ,ബന്ധം വിച്ഛേദിച്ചവരോട് നീ ബന്ധം ഊട്ടിയുറപ്പിക്കണം.നിനക്ക് തടഞ്ഞവര്‍ക്ക് നീ നല്‍കണം.നിന്നെ ഉപദ്രവിച്ചവര്‍ക്ക് നീ വിട്ടുകൊടുക്കണം'(അഹ്മദ്).തന്‍റെ കാലശേഷം സമുദായം നന്മയില്‍ വര്‍ത്തിക്കണമെന്ന് ഉപദേഷിച്ചു കൊണ്ട് നബി(സ്വ) കൂട്ടത്തില്‍ പറഞ്ഞു:’ മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തില്‍ നിന്ന് വല്ലവനും വല്ല അധികാരവും ഏറ്റെടുത്താല്‍ അവരിലെ ഗുണവാന്‍മാരില്‍ നിന്ന് അവന്‍ സ്വീകരിച്ച് കൊള്ളട്ടെ,അവരിലെ അധര്‍മ്മകാരികള്‍ക്ക് അവന്‍ മാപ്പു നല്‍കട്ടെ.'(ബുഖാരി)

തിന്മ ചെയ്തവനോട് തത്തുല്യമായത് ചെയ്യല്‍ തെറ്റാണെന്നല്ല ഇസ്ലാം പഠിപ്പിച്ചത്.മറിച്ച്,അവന് മാപ്പ് നല്‍കി നന്മയുടെ വക്താവാക്കിയെടുക്കല്‍ വലിയ ധര്‍മസമരമാണെന്നും മഹത്തായ പ്രതിഫലനത്തിന് നിമിത്തമാണെന്നും ബോധവല്‍ക്കരിച്ചു.’ ഒരു തിന്മയുടെ പ്രതിഫലം തത്തുല്യമായൊരു തിന്മ തന്നെ.എന്നാല്‍ ഒരാള്‍ മാപ്പരുളുകയും സന്ധിയുണ്ടാക്കുകയുമാണെങ്കില്‍ അവന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയാണ്.അക്രമം പ്രവര്‍ത്തിക്കുന്നവരെ അവന്‍ ഇഷ്ടപ്പെടുകയില്ല തന്നെ'(ശൂറാ:40).നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമിയോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക.ധര്‍മനിഷ്ട പാലിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിവയ്ക്കപ്പെട്ടതത്രെ അത്.സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെയ്ക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി.സല്‍കര്‍മകാരികളെ അല്ലാഹു സ്നേഹിക്കുന്നു'(ആലു ഇംറാന്‍:133,134).

തിന്മയെ നന്മകൊണ്ട് പ്രധിരോധിക്കണമെന്ന പ്രോത്സാഹനവും പ്രചോദനവും ലോക ചരിത്രത്തിന്‍റെ ഗതി മാറ്റിയെഴുതി.പക പുകയേണ്ടിടത്ത് സൗഹൃതം തളിരിട്ടു.ഇറുപ്പവനും മലര്‍ ഗന്ധമേകുമെന്നതിന്‍റെ പൊരുളില്‍ അവനവന്‍ ഒരു റോസാപ്പൂവിന്‍റെ സൗഗന്ധികമെങ്കിലും പകരാന്‍ കൊതിച്ചു.അമൃതിനു നന്ദിയോതിയ നാവ് ഒപ്പം നഞ്ഞിനും നന്ദിയോതി.

പള്ളിയിലേക്കിറങ്ങിയതായിരുന്നു ഒരു സൂഫീ വര്യന്‍.വഴിക്കുവെച്ച് തന്നെ ഒരാള്‍ ശഖാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.അവനെ അംഗീകരിച്ചതിന്നു പിറകെ ആവിശ്യം ആരാഞ്ഞു.1000 ദിര്‍ഹം നല്‍കുകയും തന്‍റെ വസ്ത്രം പുതപ്പിക്കുകയും ചെയ്തു.രോഷം പൂണ്ടവന്‍ അങ്ങനെ സ്തുതിപാഠകനായി.

ഒരാള്‍ തന്‍റെ ബന്ധുവിനെ ചീത്ത പറഞ്ഞപ്പോള്‍ ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു.’നീ പറയുന്നത് സത്യമാണെങ്കില്‍ അല്ലാഹു എനിക്ക് പൊറുത്ത് തരട്ടെ.നീ പറയുന്നത് കളവാണെങ്കില്‍ അല്ലാഹു നിനക്ക് പൊറുത്ത് തരട്ടെ.’

അനുചരന്മാരോടൊപ്പം കൂടിയിരിക്കെ നബി (സ) പറഞ്ഞു: ‘സ്വര്‍ഗാവകാശികളില്‍ പെട്ട ഒരാള്‍ ഇപ്പോള്‍ ഇതുവഴി കടന്നുവരും ‘.അന്‍സ്വാറുകളില്‍ പെട്ട ഒരു സ്വഹാബിവര്യനായിരുന്നു അങ്ങനെ കടന്നുവന്നത്.അബ്ദുല്ലാഹിബിന്‍ അംറുബ്നുല്‍ ആസ്വ് (റ) ആ സ്വഹാബിവര്യനെ അനുഗമിച്ചു.മൂന്നു രാത്രി അദ്ദേഹേത്തോടൊപ്പം താമസിച്ചു.മറ്റുള്ളവര്‍ ചെയ്യുന്നതിലപ്പുറം വിശിഷ്ട കര്‍മ്മങ്ങള്‍ ചയ്യുന്നതായി ശ്രദ്ധയില്‍ പെട്ടില്ല.എന്നിരിക്കെ നബി(സ) യില്‍ നിന്ന് ഇങ്ങനെയൊരു സാക്ഷ്യം ലഭിക്കാന്‍ അവസരമൊരുക്കിയത് എന്തായിരിക്കാം എന്ന് തിരക്കിയപ്പോള്‍ അദ്ധേഹം പറഞ്ഞു:’നിങ്ങള്‍ കണ്ടതില്‍ കൂടുതല്‍ ഞാനൊരു കര്‍മ്മവും ചെയ്യുന്നില്ല.പക്ഷേ എന്‍റെ മനസ്സില്‍ ഒരാളോടും ഒട്ടും പകയില്ല;അസൂയയില്ല’.(അഹ്മദ്).

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*