മക്കൾ കുടിയിറങ്ങുന്ന കാലത്തെ പ്രതിരോധ വഴികൾ

സലാം റഹ് മാനി കൂട്ടാലുങ്ങല്‍

പ്രണയത്തിന്ർറെയും മറ്റു താല്ക്കാലികാശ്വാസങ്ങളുടെയും പേരിലുള്ള വേലിചാട്ടങ്ങളും വസ്ത്രം മാറുന്ന ലാഘവത്തോടെ മതകീയ ചിഹ്നങ്ങളെ വലിച്ചെറിഞ്ഞ് മതനിരാസത്തിന്ർറെ വഴികളിലേക്കുള്ള ഇറങ്ങിപ്പോക്കുകളും/ഇറക്കിക്കൊണ്ടുപോകലുകളും നമ്മുടെ കുടുംബ പരിസരങ്ങളെ കണ്ണീരിലാഴ്ത്തുന്ന വാർത്തകൾ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റിലും തക്കം പാർത്തിരിക്കുന്ന കെണിവലകളിലകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ഒപ്പം, പ്രതിരോധത്തിoന്റെ ആദ്യപാഠങ്ങൾ നാം അഭ്യസിക്കേണ്ടത് വീടകങ്ങളില് നിന്നാണ്. നമ്മുടെ അകത്തളങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകളാണ് മക്കളുടെ ഭാവിയെ എല്ലാ അർത്ഥത്തിലും സുരക്ഷിതമാക്കുന്നതെന്ന തിരിച്ചറിവാകണം നമ്മെ നയിക്കേണ്ടത്.
സന്താനങ്ങളും സമ്പത്തും ഭൗതിക ജീവിതത്തിന്‍റെ സൗന്ദര്യങ്ങളാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍റെ അധ്യാപനം. അല്ലാഹു കനിഞ്ഞേകിയ ആ സൗഭാഗ്യങ്ങള്‍ ഇഹലോക ജീവിതത്തിലും പരലോകത്തും സുഗന്ധം പെയ്യുന്ന സൂനങ്ങളായി മാറണം. അതിനുള്ള വഴികളെയാണ് നാമന്വേഷിക്കേണ്ടതും പകര്‍ത്തേണ്ടതും. നമ്മുടെ സന്താനങ്ങള്‍ നമുക്ക് കണ്‍കുളിര്‍മയേകുന്നതാവണം. ആത്മസംതൃപ്തിയോടെ അവരെ നോക്കി നിന്ന് സായൂജ്യമടയാനാവണം. ഒരു യഥാര്‍ത്ഥ മുസ്ലിമിന്‍റെ മക്കള്‍ ഇങ്ങനെയൊക്കെയാവണമെന്നത് ഇസ്ലാമിന്‍റെ നിര്‍ബന്ധമാണ്. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ദൈവികമതമായ ഇസ്ലാം സമര്‍പ്പിച്ചിട്ടുണ്ട്. ജീവിത സാഹചര്യങ്ങളുടെ വിവിധ തലങ്ങള്‍ ക്രിയാത്മകരീതിയില്‍ കൂടിച്ചേരുമ്പോള്‍ മാത്രമെ നമ്മുടെ അകവും പുറവും സംതൃപ്തിയേകുന്ന രീതിയില്‍ നമ്മുടെ സന്താനങ്ങള്‍ മാറുകയുള്ളൂ. രക്ഷിതാക്കളുടെ സമീപനങ്ങള്‍, കുടുംബ ചുറ്റു പാടുകള്‍, പരിതസ്ഥിതികള്‍, കൂട്ടു കെട്ടുകള്‍ തുടങ്ങിയവയെല്ലാം അശുദ്ധമായ അവസ്ഥകളില്‍ നിന്നും മുക്തി നേടുമ്പോള്‍ മാത്രമെ ഈ അവസ്ഥ നമ്മുടെ മുന്നില്‍ രൂപപ്പെടുകയുള്ളൂ.
നമ്മുടെ സന്താനങ്ങള്‍ വ്യക്തിതലങ്ങളിലും കുടുംബ ചുറ്റുപാടുകളിലും സാമൂഹിക ഇടങ്ങളിലും സ്വീകരിക്കേണ്ട സ്വഭാവ രീതികളെ പറ്റിയുള്ള ഇസ്ലാമിക നിലപാടുകള്‍ നമുക്ക് പരിശോധിക്കാം. രക്ഷിതാക്കള്‍ ഇസ്ലാമിക കാഴ്ചപ്പാടുകളിലടിയുറച്ച് ജീവിക്കാന്‍ സന്താനങ്ങളുടെ മനസ്സുകളെ പാകപ്പെടുത്തിയേ മതിയാകൂ. മക്കളുടെ വഴി നിര്‍ണ്ണയിക്കുന്നതിന്‍റെ ആത്യന്തിക ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണല്ലോ. ശുദ്ധപ്രകൃതി (ഫിത്റത്തുന്‍ സലീമ) യോടെ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളെയും വിവിധ സംസ്കാരങ്ങളുടെ ആളുകളാക്കിത്തീര്‍ക്കുന്നത് അവരുടെ രക്ഷിതാക്കളാണെന്ന പ്രവാചകാധ്യാപനത്തിന്‍റെ വിവക്ഷയും ഇതാണ്. രക്ഷിതാക്കള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായ രീതിയില്‍ നിറവേറ്റിയ ശേഷം മാത്രമേ തങ്ങളുടെ സന്താനങ്ങള്‍ ഇരുലോകത്തും തനിക്കൊരു താങ്ങും തണലുമാവണമെന്ന് ആശിക്കാന്‍ വകയുള്ളൂ എന്നര്‍ത്ഥം.
വലീദുബ്നു ഉമൈര്‍(റ) വില്‍ നിന്നും നിവേദനം. ‘സ്വഹാബികളെ ഉദ്ധരിച്ച് എന്‍റെ പിതാവ് ഉമൈറുബ്നു ഔസ്(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. നബി(സ) പറയുന്നു: നന്മ അല്ലാഹുവില്‍ നിന്നും സംസ്കാരം പിതാക്കളില്‍ നിന്നും ലഭിക്കുന്നതാകുന്നു(ബുഖാരി). മക്കള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന മാതൃകകള്‍ ഇസ്ലാമിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കാന്‍ മാത്രം സമ്പന്നമാവണം. വിശ്വപ്രസിദ്ധ പണ്ഡിതനായ സയ്യിദ് അബുല്‍ ഹസന്‍ നദ്വി വിവരിക്കുന്നത് കാണുക. എന്‍റെ വിദ്യാഭ്യാസ ക്രമത്തില്‍ മാതാവ് വളരെ ശ്രദ്ധാലുവായിരുന്നു. ചരിത്രകാരനും ഭിഷഗ്വരനുമായിരുന്ന പിതാവ് ഡോക്ടര്‍ അബ്ദുല്‍ ഹയ്യ് നേരത്തെ മരിച്ചു. ശേഷം മാതാവാണ് വളര്‍ത്തിയത്. താന്‍ ദയൂബന്തിലും ലഖ്നോവിലുമെല്ലാം പഠിക്കുമ്പോഴെല്ലാം ഉമ്മയുടെ കത്തുകളുണ്ടാവും. മകനേ അലീ, ഐഹിക ജീവിതത്തിന്‍റെ വര്‍ണ്ണപ്പകിട്ടില്‍ നീ വഞ്ചിതനാവരുത്. നീ പഠിച്ചു പ്രബോധകനും പണ്ഡിതനുമാവണം. ബാരിസ്റ്ററോ ജഡ്ജിയോ ആവണമെന്നല്ല ഞാനാഗ്രഹിക്കുന്നത്. നിന്‍റെ ജ്വേഷ്ഠന്‍ മോഡേണ്‍ മെഡിസിനില്‍ ഡിഗ്രി എടുത്ത ആളാണെങ്കിലും തികഞ്ഞ മത പണ്ഡിതന്‍ തന്നെയാണ്. എനിക്ക് നൂറ് മക്കളുണ്ടായാലും അവരെയെല്ലാം പണ്ഡിതന്മാരാക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അവര്‍ മാത്രമേ റബ്ബിനെ ഭയപ്പെടുകയുള്ളൂ. എന്‍റെ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടിയാകട്ടെ മകനേ നിന്‍റെ പഠനം. അല്ലാഹു അനുഗ്രഹിക്കട്ടെ. ഈ വാക്കുകള്‍ അബുല്‍ ഹസന്‍ നദ്വിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മഹാന്‍ വിവരിച്ചിട്ടുണ്ട്.
കുട്ടിത്തത്തിന്‍റെ ആത്യന്തിക മൂലധനമായ ശുദ്ധപ്രകൃതി(ഫിത്റത്തുന്‍ സലീമ) യെ യഥാര്‍ത്ഥ രീതിയില്‍ വഴി നടത്തിയാല്‍ ഖുര്‍റത്തു ഐന്‍ (കണ്‍കുളിര്‍മ) ആയി അവര്‍ നമുക്ക് മുന്നില്‍ രീപാന്തരപ്പെടുമെന്നതിന്‍റെ ചെറിയ ചിത്രമാണ് മുകളിലുദ്ധരിച്ചത്.
ചെറുപ്രായത്തില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഇമാം ബുഖാരി(റ), ഇമാം ശാഫിഈ(റ) യുമെല്ലാം ഇതിന്‍റെ പ്രകടമായ ഉദാഹരണങ്ങളാണ്. ഖുര്‍ആനിലുദ്ധരിക്കപ്പെട്ട പ്രാവാചകന്മാരുടെ ചരിത്രങ്ങളും ലുഖ്മാനുല്‍ ഹഖീം (റ) ന്‍റെ മകനോടുള്ള ഉപദേശവും നമ്മുടെ സന്താനങ്ങളോടുള്ള സമീപന രൂപീകരണത്തില്‍ നാം മാതൃകകളായി സ്വീകരിക്കണം. നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളുമായി നിരന്തരം ആശയ വിനിമയം നടത്തുക. അവരുടെ സ്വഭാവങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുകയെന്ന പുണ്യനബി(സ) യുടെ ആഹ്വാനവും നമുക്ക് പാഠമാവണം.
വീടിനുള്ളിലും പുറത്തും മക്കള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ കണ്ണുണ്ടാവുമ്പോള്‍ മാത്രമേ നല്ല സന്താനങ്ങള്‍ വളരുകയുള്ളൂ എന്ന ചിന്ത ഏത് നിമിഷവും നമ്മുടെ സഹയാത്രികരായി കൂടെ വേണം. രക്ഷിതാക്കളോടുള്ള ഇമാം ഗസ്സാലി(റ) യുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കാണുക. കുട്ടികളുടെ ഹൃദയത്തില്‍ നന്മയുടെ വിത്തുകള്‍ പാകണം. നന്മയിലൂടെ വളര്‍ന്ന കുട്ടി, അവന്‍ വിജയം നേടുന്നതോടൊപ്പം മാതാപിതാക്കള്‍ക്കും ഗുരുനാഥന്മാര്‍ക്കും പ്രതിഫലം ലഭ്യമാക്കുകയും ചെയ്യും. എന്നാല്‍ തിന്മയിലൂടെ വളര്‍ന്ന കുട്ടി നിര്‍ഭാഗ്യവാനാവുകയും അതിന്‍റെ ഉത്തരവാദിത്വം രക്ഷിതാക്കളുടെ മേല്‍ ചാര്‍ത്തപ്പെടുകയും ചെയ്യും. ഭക്ഷണം ഹലാലാകണം, ഹറാം ഭക്ഷിപ്പിക്കരുത്, അമിതമാക്കരുത്, ഖുര്‍ആനും ഹദീസും പഠിപ്പിക്കണം. വെള്ളവസ്ത്രം അവന് ഇഷ്ടമുള്ളതാക്കിത്തീര്‍ക്കണം, കുട്ടികളില്‍ നിന്ന് നന്മ പ്രകടമായാല്‍ പരസ്യമായി തന്നെ പ്രശംസിക്കുകയും സമ്മാനം നല്‍കി ആദരിക്കുകയും ചെയ്യുക, തിന്മകള്‍ കണ്ടാല്‍ രഹസ്യമായി ശ്വാസിക്കുകയും ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്യുക (ഇഹ്യ). ഈ രീതിയില്‍ മക്കളെ വഴി നടത്തുമ്പോള്‍ മാത്രമേ അല്ലാഹുവിന്‍റെ സമ്മാനമായ സന്താനങ്ങളെന്ന വലിയ നിഅ്മത്തിനോട് നന്ദി ചെയ്തു എന്ന് നമുക്കാശിക്കാനാവുകയുള്ളൂ.
ഇനി സന്താനങ്ങളുടെ ധര്‍മ്മങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം. മാതാപിതാക്കളോടും കുടുംബത്തോടും സമൂഹത്തോടും ഏത് രീതിയിലാണ് വളര്‍ന്നുവരുന്ന തലമുറ വര്‍ത്തിക്കേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ നിലപാടുകള്‍ ഇസ്ലാം സമര്‍പ്പിക്കുന്നുണ്ട്. ഈ ധര്‍മ്മങ്ങള്‍ ഓരോരുത്തരും നിറവേറ്റേണ്ടത് സാമൂഹ്യ ബാധ്യത കൂടിയാണ്. ഓരോരുത്തരും അവരവരുടെ ഭാഗദേയങ്ങള്‍ നല്ലനിലയില്‍ നിറവേറ്റുമ്പോള്‍ മാത്രമേ സംതൃപ്ത സമൂഹം രൂപം കൊള്ളുകയുള്ളൂ.
നമുക്ക് വേണ്ടി ത്യാഗനിര്‍ഭരമായ ജീവിതങ്ങള്‍ നയിച്ച് കഷ്ടതകളേറെ സഹിച്ച മാതാപിതാക്കള്‍ നമുക്ക് ചെയ്ത് തന്ന കാര്യങ്ങള്‍ തിരിച്ചറിയുകയെന്നതാണ് ഒരു കുട്ടിയുടെ ഏറ്റവും വലിയ ധര്‍മ്മം. നാമറിഞ്ഞതും അറിയാത്തതുമായ ഒട്ടനവധി പ്രയാസങ്ങള്‍ അവര്‍ നമുക്ക് വേണ്ടി അനുഭവിച്ചിട്ടുണ്ട്. പിതാക്കളേക്കാള്‍ കൂടുതല്‍ മാതാക്കളാണ് കുട്ടികളുടെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്നത്. പത്ത് മാസം ഗര്‍ഭം ധരിച്ച് വേദന സഹിച്ച് പ്രസവിക്കുകയും തലയില്‍ വെച്ചാല്‍ പേനരിക്കുമെന്നും താഴെ വെച്ചാല്‍ ഉറുമ്പരിക്കുമെന്നും ഭയന്ന് ഒക്കത്തേറ്റി കണ്ണീര്‍ വരാതെ സൂക്ഷിച്ച എത്രയെത്ര നിമിഷങ്ങളാണ് അവരുടെ ജീവിതത്തില്‍ കഴിഞ്ഞിട്ടുണ്ടാവുക. അത്കൊണ്ടാണ് മാതാവിനോടാണ് കൂടുതല്‍ ബാധ്യതയുള്ളതെന്ന് നബി(സ) പഠിപ്പിച്ചത്. സഹബുബ്നു ഹകീം(റ) പറയുന്നു: ഞാന്‍ നബി(സ)യോട് ചോദിച്ചു. ഞാന്‍ ആരോടാണ് നന്മ ചെയ്യേണ്ടത്?. നബി(സ) നിന്‍റെ മാതാവിനോട്. പിന്നെ ആരോടാണ്? നിന്‍റെ ഉമ്മയോട് പിന്നെ ആരോടാണ്?നിന്‍റെ പിതാവിനോടും നിന്നോട് അടുത്തവരോടും (തുര്‍മുദി)
മാതാപിതാക്കള്‍ നമ്മുടെ ജീവിതത്തോട് എത്രമേല്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്നതാണ് ഉദ്ധൃതവചനം സൂചിപ്പിക്കുന്നത്. മൂന്ന് കാര്യങ്ങള്‍ കൊണ്ടല്ലാതെ മൂന്ന് കാര്യങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്ന് നബി(സ) പറയുകയുണ്ടായി. നബി(സ) ക്ക് വഴിപ്പെടല്‍ കൊണ്ട് മാത്രമേ അല്ലാഹുവിനോട് വഴിപ്പെടല്‍ സ്വീകരിക്കുകയുള്ളൂ, സക്കാത്ത് വീട്ടിയെങ്കില്‍ മാത്രമേ നിസ്കാരം ഖബൂല്‍ ചെയ്യപ്പെടുകയുള്ളൂ, മാതാപിതാക്കള്‍ക്ക് നന്ദി ചെയ്യാതെ റബ്ബിന് നന്ദി ചെയ്താല്‍ സ്വീകരിക്കുകയില്ലڈ. അല്ലാഹുവിനോടുള്ള നന്ദിയും മാതാപിതാക്കളോടുള്ള നന്ദിയും പരസ്പര പൂരകങ്ങളെന്നാണ് ഇത് പഠിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നതിന്‍റെ പ്രാധാന്യം സൂറത്ത് ഇസ്രാഇലെ 23,24 വചനങ്ങളിലൂടെ അല്ലാഹു വിവരിക്കുന്നുണ്ട്. തന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും താങ്കളുടെ മേല്‍ നാഥന്‍ കല്‍പിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ട് പേരുമോ നിന്‍റെയടുത്ത് വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചാല്‍ അവരോട് ڇഛെڈ എന്ന് പോലും പറയരുത്. അവരോട് പരുഷമായി പെരുമാറരുത്. അവരോട് മാന്യമായ വാക്കുകള്‍ പറയുക. കാരുണ്യത്താലുള്ള വിനയത്തിന്‍റെ ചിറക് നീ അവര്‍ക്ക് താഴ്ത്തി കൊടുക്കുക. നീ ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്യുക. എന്‍റെ നാഥാ, എന്നെ അവര്‍ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയത് പോലെ അവരോട് നീ കരുണ കാണിക്കേണമേ.(ഇസ്രാഅ് 23,24)
ഈ ആയത്തില്‍ അല്ലാഹു തന്നെ മാത്രം ആരാധിക്കണമെന്ന് പറഞ്ഞതിനോടൊപ്പം തന്നെ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യണമെന്ന് പറഞ്ഞതിലൂടെ മാതാപിതാക്കളോടുള്ള ഗുണകാംക്ഷ എത്രമേല്‍ പ്രാധാന്യം നിറഞ്ഞതാണെന്ന് വ്യക്തമാവുന്നുണ്ട്.
കാലനൈരന്തര്യങ്ങളില്‍ കഴിഞ്ഞ് പോയ എല്ലാ സമൂഹങ്ങളോടും മാതാപിതാക്കളുടെ പ്രാധാന്യം അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ നിര്‍മ്മിതിയുടെ അച്ചുതണ്ടായ മാതാപിതാക്കളെ അവഗണിക്കുന്നത് സാമൂഹികമായും സാംസ്കാരികമായുമുള്ള കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണെന്ന സത്യമാണ് ഇതിലൂടെ ഇസ്ലാം ഉദ്ഘോഷിക്കുന്നത്. ബനൂ ഇസ്രാഈല്‍ സമൂഹത്തോട് അല്ലാഹു മാതാപിതാക്കളെ കുറിച്ച് ഉദ്ബോധിപ്പിച്ചത് കാണുക: ഇസ്രയേല്‍ സന്തതികളുടെ കരാര്‍ നാം നിറവേറ്റിയ സന്ധര്‍ഭം ഓര്‍ക്കുക, അല്ലാഹുവിനെയല്ലാതെ മറ്റാരെയും നിങ്ങള്‍ ആരാധിക്കരുത്. മാതാപിതാക്കളോട് നല്ല വാക്ക് പറയുകയും നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്ത് കൊടുക്കുകയും ചെയ്യുവീന്‍, അപ്പോള്‍ നിങ്ങളില്‍ കുറച്ച് പേരൊഴികെ നിങ്ങള്‍ പിന്തിരിഞ്ഞു കളഞ്ഞു. നിങ്ങള്‍ വിമുഖരായിരുന്നു.(അല്‍ ബഖറ: 83)
മാതാപിതാക്കളോട് ഛെ എന്ന് പോലും പറയരുതെന്ന ആയത്തിനെ വിശദീകരിച്ച് കൊണ്ട് മുഫസ്സിറുകള്‍ പറയുന്നത് കാണുക. അല്ലാഹുവിന് മറുപടി കൊടുക്കുന്നത് പോലെ താഴ്മയോടെ മറുപടി നല്‍കണം. അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു കാര്യവും തടഞ്ഞ് വെക്കരുത്. എല്ലാം സാധിപ്പിച്ച് നല്‍കണം. അവരോട് സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ കൈകള്‍ ഉയര്‍ത്തരുത്. അവര്‍ ദേഷ്യം പിടിച്ചാല്‍ പോലും അവരിലേക്ക് പരുഷമായി നോക്കുക പോലും ചെയ്യരുത്.
മക്കള്‍ക്ക് മാതാപിതാക്കളോടുള്ള കടപ്പാടിന്‍റെ രൂപം ഇതിലൂടെ നമുക്ക് വ്യക്തമാവുന്നതാണ്. ഇബ്നു ഉമര്‍(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ഇബ്നു ഉമര്‍(റ) നബി(സ) യോട് ചോദിച്ചു: ഏറ്റവും ശ്രേഷ്ടകരമായ പ്രവര്‍ത്തനം ഏതാണ്? നബി(സ) ആദ്യ സമയത്ത് തന്നെ നിസ്കാരം നിര്‍വ്വഹിക്കുക. പിന്നെ ഏതാണ്? നബി(സ): മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുകڈ.
മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ഒരാള്‍ക്ക് മുസ്ലിമായ മാതാപിതാക്കളില്‍ രണ്ട് പേരുമോ അവരില്‍ ഒരാളോ ജീവിച്ചിരിക്കുകയും അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്യുന്നിടത്തോളം കാലം സ്വര്‍ഗത്തില്‍ നിന്നുള്ള വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ തുറക്കപ്പെടും. അപ്രകാരം തന്നെ അവരില്‍ ആരെങ്കിലും മക്കളോട് കോപിക്കുന്ന അവസ്ഥയുണ്ടായാല്‍ അവര്‍ തൃപ്തിപ്പെടുന്നത് വരെ അല്ലാഹു ആ സന്താനങ്ങളെ തൃപ്തിപ്പെടുകയില്ല.
ഒരു മനുഷ്യന്‍ യുദ്ധത്തിനനുമതി തേടിക്കൊണ്ട് നബി(സ) യുടെ അടുത്തേക്ക് വന്നു. നബി(സ) അയാളോട് ചോദിച്ചു: നിന്‍റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: അതേ നബിയേ, അപ്പോള്‍ നബി(സ) പറഞ്ഞു: എങ്കില്‍ നിന്‍റെ ജീഹാദ് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കലാണ്.
മറ്റൊരിക്കല്‍ നബി(സ) യോട് കൂടെ ഹിജ്റ പോവാന്‍ താല്‍പര്യപ്പെട്ട് കൊണ്ട് ഒരാള്‍ വന്നു. ഈ സന്ദര്‍ഭത്തില്‍ തങ്ങളുടെ മകന്‍ തങ്ങളെ വിട്ട് പോവുകയാണെന്നറിഞ്ഞ് അവര്‍ കരയുകയായിരുന്നു. ഇതറിഞ്ഞ നബി(സ) പറഞ്ഞു: നീ അവരിലേക്ക് മടങ്ങുകയും അവരെ കരയിപ്പിച്ചത് പോലെ ചിരിപ്പിക്കുകയും ചെയ്യുക.

About Ahlussunna Online 1167 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*