ആത്മീയതയിലലിഞ്ഞ അജ്മീര്‍ യാത്ര

അബ്ദുറഹ്മാന് കട്ടത്താര്‍

അല്‍ഹംദുലില്ലാഹ് ഒരാഴ്ചയലിധികം നീണ്ട യാത്രക്ക് നാന്ദി കുറിക്കാന്‍ ഇനി ഒരു രാവും പകലും ബാക്കി. ഒരാഴ്ചക്കാലാം പ്രസിദ്ധ മണ്ണില്‍ ചരിത്രത്തിന്‍റെ ഓര്‍മകളിലേക്ക് മനസ്സ് തുറക്കാന്‍ ഞാന്‍ പോകുകയാണ്.
അജ്മീറിലെ ആത്മീയ തിരക്കില്‍ ഒരു ബിന്ദുവായി അലിഞ് ചേര്‍ന്ന്, പ്രാര്‍ത്ഥന നിര്‍ഭരമായ ഹൃദയത്തോടെ ഖാജയുടെ തൂമന്ദഹാസങ്ങള്‍ക്ക് സാക്ഷിയായ പുണ്യ ഭൂമികയില്‍ ഇഴുകിച്ചേരാന്‍ സൗഭാഗ്യം ലഭിച്ചിരിക്കുകയാണ്….

യാത്ര തുടര്‍ന്നു…..

സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തിന്‍റെ വിശ്രുതനായ സൂഫീ ചക്രവാളത്തിലെ ജ്യോതിര്‍ഗോളമായ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ അന്ത്യവിശ്രമ സ്ഥലമായ അജ്മീരിലേക്ക് നടന്നു നീങ്ങി. വിശുദ്ധ ജീവിതത്തിലൂടെ ആത്മീയതയുടെ വിഹായുസ്സില്‍ വിരാചിച്ചിരുന്ന ഖ്വാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ചക്രവര്‍ത്തി പദം അലങ്കരിച്ചുകൊണ്ടിരിക്കുന്നു. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമായിരുന്ന ഖ്വാജാ തങ്ങളുടെ പ്രബുദ്ധമായ പ്രബോധന കേന്ദ്രമായിരുന്ന അജ്മീറിന്‍റെ മണ്ണ് ജാതിമത ഭേദമന്യേ ഇന്നും ലക്ഷങ്ങള്‍ക്ക് ആശ്വാസ കേന്ദ്രമാണ്.

അങ്ങനെ ഞങ്ങള്‍ ഖ്വാജാ(റ)ന്‍റെ ചരിത്രത്താളുകള്‍ സാക്ഷിയായ ആനാസാഗരിലെത്തി അവിടുത്തെ പുരാതന കരകൗശ വസ്തുക്കളെയും വിശാലമായ തടാക സാഗരത്തെയും നോക്കിയപ്പോള്‍ ഓര്‍മ്മകളിലേക്ക് ഓടിയെത്തിയത് അവിടത്തെ പ്രസിദ്ധമായ ചരിത്ര പശ്ചാത്തലങ്ങളാണ്. മഹാനായ ഖ്വാജാ (റ) ദൈനം ദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വെള്ളമെടുത്തിരുന്നത് ആ തടാകത്തില്‍ നിന്നായിരുന്നു. പതിവു പോലെ വെള്ളമെടുക്കാന്‍ പോയ ഒരു ദിവസം ഖ്വാജാ(റ)നെയും അനുയായികളെയും തടയാന്‍ ശ്രമം നടന്നു. ആ വെള്ളത്തിന് പുണ്യം കല്‍പിച്ചിരുന്ന അവിശ്വാസികള്‍ ഭരണാധികാരിയായിരുന്ന പൃഥ്വിരാജിനോട് പരാതി പറഞ്ഞു. തന്നെയും അനുയായികളെയും ശല്യം ചെയ്തവരോട് ഖ്വാജാ (റ) ഏറ്റുമുട്ടലിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചില്ല. ഒരു പാത്രം വെള്ളമെടുത്ത് പിന്മാറി. പിറ്റേ ദിവസത്തെ വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു. ആനാസാഗറിലെ വെള്ളം വറ്റിവരണ്ടിരിക്കുന്നു. അത്ഭുതവാര്‍ത്ത പരന്ന് അജ്മീര്‍ ജനസാഗരമായി.

ആത്മീയതയുടെ മഹാ വിഹായസ്സില്‍ നിന്ന് മഹാനായ അമീര്‍ ഖുസ്രുവിനെ പോലുള്ളവര്‍ക്ക് ഈമാനിന്‍റെ തെളിനീര് നല്‍കിയ നിളാമുദ്ധീന്‍ ഔലിയയുടെ തിരുചാരത്തേക്കാണ് അടുത്ത നീക്കം.ഭാരതം ജന്മം നല്‍കിയ അല്ലാഹു ഇഷ്ടദാസന്മാരായ മഹോന്നത വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ. മഹാനുവഭാവന്‍റെ ജീവിതത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ മഹത്തായ വ്യക്തി പ്രഭാവത്തിന്‍റെ പ്രഭുവാണദ്ദേഹമെന്നത് സുതരാം വ്യക്തമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇന്ത്യയുടെ ആത്മീയ നവോത്ഥാനത്തിന്‍റെ ചെങ്കോലേന്തിയവരായിരുന്നു മഹ്ബൂബേ ഇലാഹി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ. ആത്മീയവും ഭൗതികവുമായ സകല സദ്ഗുണങ്ങള്‍ക്കും ഉടമയായ മഹാനുഭാവന്‍ പതിനാറാം വയസ്സിലാണ് ഭൂതൗനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. മഹാനുഭാവന്‍റെ തനിമയും മഹിമയും അഗാധമായ വിജ്ഞാനവും മനസ്സിലാക്കി ഇന്ത്യന്‍ ഗവണ്‍മെന്‍റ് പോലും ഒരു ട്രെയിനിന് വരെ നാമം നല്‍കി, നിസാമുദ്ദീന്‍ എക്സ്പ്രസ്.

ശേഷം നിസാമുദ്ധീന്‍ ഔലിയയുടെ തിരുചാരത്ത് മയങ്ങുന്ന അമീര്‍ ഖുസ്രുവിനേയും സന്ദര്‍ശനം നടത്തി, ഇന്ത്യയുടെ പച്ച തത്ത എന്നറിയപ്പെട്ടിരുന്ന അമീര്‍ ഖുസ്രു ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു. ദൈവത്തെ പ്രിയപ്പെട്ടവനാക്കി, സുതാര്യമാക്കി ദര്‍ശനപരമായ ഔന്നിത്യത്തിന്‍റെ പടവുകള്‍ കയറിയ ഖുസ്രു ധാരാളം കവിതകള്‍ രചിച്ചു. അതില്‍ മിക്കതും സ്നേഹത്തെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ ഹിന്ദു മുസ്ലിം ഐക്യത്തിന്‍റെ ദുതനും വാക്താവുമായിരുന്നു. ഹിന്ദുസ്ഥാനില്‍ കുസ്രു രചിച്ച കാവ്യങ്ങള്‍ സുല്‍ത്താന്‍ അലാഹുദ്ദീന്‍ ഖില്‍ജിയെപ്പോലും സ്വാധീനിച്ചു.

മഹാനായ ഖ്വാജയുടെ(റ) പരമ്പരയില്‍ ഖ്വാജയുടെ ഖലീഫയായ ഡല്‍ഹി മെഹ്റോളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആത്മീയ ജോതിസ്സായ ഖുതുബുദ്ദീന്‍ ഭക്തിയാറുല്‍ കഹ്ക്കിയുടെ ചാരത്ത് പ്രതീക്ഷയുടെ ഹസ്തങ്ങള്‍ ഉയര്‍ത്തി.
കടന്നു പോയ ദിവസങ്ങള്‍….

യാത്ര തുടര്‍ന്നു. ചരിത്രത്താളുകള്‍ക്ക് സാക്ഷിയായ ഡല്‍ഹി ജുമാമസ്ജിദിലെത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ജുമാമസ്ജിദ്….. മുകള്‍ കാലഘട്ടത്തിന്‍റെ പ്രൗഢിയുടെ അടയാളമായി ഇന്നും തലയെടുപ്പോടെ നിലനില്‍ക്കുന്ന ചരിത്രസ്തംഭം. 1656 ഷാജഹാന്‍റെ കരങ്ങള്‍ കൊണ്ട് 12 കൊല്ലം കൊണ്ട് പണി കഴിച്ച ഈ മസ്ജിദ് ചെങ്കോട്ടക്ക് എതിര്‍വശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. മൂന്ന് പ്രവേശന കവാടങ്ങളും നാല് മിനാരങ്ങളും ഖുബ്ബകളും അടങ്ങിയതാണ് ഇതിന്‍റെ ആര്‍ക്കിട്ടെക്ച്ചര്‍. ഉള്ളില്‍ ഏകദേശം ആയിരം ആളുകള്‍ക്കും പുറത്ത് 25000 ആള്‍ക്കാര്‍ക്കും നിസ്കരിക്കാനുള്ള സൗകര്യവുമുണ്ട്… ഒരു നില മാത്രമേ ഉള്ളൂ. മിമ്പറും ഇമാമിന്‍റെ സ്ഥാനവും മാര്‍ബിള്‍ കൊണ്ടുള്ള ലളിതമായ ഡിസൈനാണ്. പള്ളിയുടെ മുമ്പില്‍ തന്നെ അംഗ വിശുദ്ധിക്ക് വേണ്ടി ചെറിയൊരു കുളമുണ്ട്. ഇന്നിത് കേവലം മസ്ജിദ് എന്നതിലുപരി ഒരു ചരിത്ര സ്മാരകമായാണ് ഇതിനെ കണക്കാക്കുന്നത്. ജാതി മത ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ ചരിത്രസ്മാരം സംരക്ഷിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. ഈ കടുത്ത ചൂടിലും വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജുമാമസ്ജിദിന്‍റെ മാഹാത്മ്യം അറിയാനായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.

ഈ യാത്രയിലെ ഏറ്റവും വലിയ സന്തോഷം നല്‍കിയ, ഈ യാത്ര ഉപകാരപ്രദമായ നിമിഷം ഡല്‍ഹി ജുമാമസ്ജിദിലെ ബലവത്തായ സനദുള്ള തിരുനബിയുടെ ആസാറുകല്‍(തിരു കേശം, തിരു പാദരക്ഷ, തിരു പാദം പതിഞ്ഞ പാറ) അലി(റ) വിന്‍റേയും ഹസന്‍ (റ) വിന്‍റേയും ഖുര്‍ആന്‍ കൈയ്യെയുത്ത് പ്രതികള്‍ ഇവ കാണാനും മുത്തം നല്‍കാനും സാധിച്ച ഭാഗ്യ നിമിഷമായിരുന്നു….

ജുമാമസ്ജിദില്‍ പോയാലും അധിക പേര്‍ക്കും ലഭിക്കാത്ത ഭാഗ്യ നിമിഷമാണിതെന്നത് പറയാതെ വയ്യ…..

അവിടത്തെ ചരിത്ര സംഭവങ്ങള്‍ സ്മരിച്ചുകൊണ്ട് ഞങ്ങള്‍ ഖുതുബ് മീനാറിന്‍റെ ചാരത്തെത്തി. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ ഉയരമേറിയ മിനാരമാണ് ഖുതുബ് മിനാര്‍. ഇന്ത്യന്‍ ഇസ്ലാമിക വാസ്തുശില്‍പകള്‍ക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. ദക്ഷിണ ദില്ലിയിലെ മെഹ്റോളയിലെ ഖുതുബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കൊയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഖുതുബ് മിനാറും ഉള്‍പ്പെട്ടിട്ടുണ്ട്.

1199 ല്‍ ദില്ലി സുല്‍ത്താനായിരുന്ന ഖുതുബുദ്ദീന്‍ ഐബക്കായിരുന്നു ഈ മിനാറിന്‍റെ ആദ്യ നില പണിതത്. സുല്‍ത്താന്‍ ഇല്‍ത്തുമിഷ് 1229 ഓടെ മറ്റു നാലു നിലകള്‍ പണി പൂര്‍ത്തീകരിച്ചു.

മടങ്ങുകയായി….

ഇനി വിട ചോദിക്കട്ടെ…!

അപകടങ്ങളേതുമില്ലാതെ അസ്വസ്ഥതള്‍ സ്പര്‍ശിക്കാത്ത യാത്രക്ക് തൗഫീഖ് നല്‍കിയ നാഥന് സര്‍വ്വ സ്തുതി. യാത്ര വളരെയധികം ആനനദായകവും ആത്മനിര്‍വൃതി നല്‍കുന്നതുമായിരുന്നെങ്കിലും നാട്ടിലെ പ്രളയ ദുരന്തം മനസ്സിനെ വല്ലാതെ മുറിവേല്പിച്ചു.

ഇപ്പൊ മലയാള നാട്ടിലേക്കു മടങ്ങുകയാണ്..
പുണ്യ നഗരങ്ങളേ വിട .
വീണ്ടും വരാന്‍ അടങ്ങാത്ത കൊതിയുമയി…
ഖാജയുടെ വെള്ള ഖുബ്ബ മനസ്സില്‍
കൊണ്ട് പോരുകയാണ്..

മടങ്ങുമ്പോള്‍ കൂടെ കൊണ്ട് പോരാന്‍ ബസാറില്‍ നിന്നും വാങ്ങിയതല്ല കാര്യം.
ഖാജ മനസിലുണ്ടാകണേ…’
എന്നാണ് പ്രാര്‍ത്ഥന.!
ഒട്ടേറെ സുഹൃത്തുക്കളും വന്ദ്യരായ ഗുരുവര്യറും ദുആ വസ്വിയത്തു ചെയ്തിരുന്നു.
വാക്ക് പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അള്ളാഹു സ്വീകരികട്ടെ..
ഇനി കേരളത്തിന്‍റെ പച്ചപ്പിലേക്ക്.
കാത്തിരിക്കുന്നവരുടെ സ്നേഹ വലയത്തിലേക്ക്.
യാത്രകള്‍ തന്നെയാണല്ലോ ജീവിതം! എന്നെങ്കിലും എവിടെയെങ്കിലും അവസാനിക്കുമ്പോള്‍ വീണ്ടുമൊരു യാത്രാ വാഹനം നമ്മെ കാത്ത് പള്ളിചെരുവില്‍ ഇരികുന്നുണ്ടാകും.
അതുവരെ നമുക്ക് മുസാഫിറാകാം.. ധര്‍വേശായി ഖാന്‍ഖാഹുകളിലേക്ക്
ജപ മണികളുമായി നടക്കാം..
പുണ്യ നഗരങ്ങളേ,
വീണ്ടും വരാമെന്ന വിദൂര പ്രതീക്ഷയോടെ യാത്രാ മൊഴി!
ഈ വരികള്‍ വായിച്ചു ഖാജയുടെ തിരുസന്നിധിയില്‍ അണയാന്‍ കൊതിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്ക് അജ്മീറിന്‍റെ മാറിലണയാന്‍ അള്ളാഹു തൗഫീഖ് നല്‍കട്ടെ……

യാത്രയിലെ സന്തോഷങ്ങള്‍ക്ക് നൂറിന്‍റെ പത്തരമാറ്റ് നല്‍കിയ ചങ്ങാതി ചങ്ങാതിമാര്‍ക്ക് സ്നേഹത്തില്‍ ചാലിച്ച നന്ദി..

നന്ദി….
പ്രപഞ്ചത്തിലെ ഞാന്‍ അറിയുന്നതും,
അറിയാത്തതുമായ എല്ലാ കാരണങ്ങള്‍കും..

Be the first to comment

Leave a Reply

Your email address will not be published.


*