സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷം; 8316 കോടി രൂപയുടെ നാശനഷ്ടമെന്ന് മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമായി 27 ഡാമുകളും തുറന്നു 444 ഗ്രാമങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും 30,000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി സഭാ യോഗത്തിനു ശേഷം കാലവര്‍ഷക്കെടുതിയുടെ സര്‍ക്കാര്‍ വിലയിരുത്തലുകളാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, അതിലുപരി നാട്ടുകാര്‍ എല്ലാവരും പരസ്പരം സഹായിക്കുകയും സജീവമായി ഇടപ്പെടുകയും ചെയ്തു. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെയായി 8316 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

  • 20,000 വീടുകള്‍ പൂര്‍ണമായും നശിച്ചു
  • 215 ഇടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി
  • കാലവര്‍ഷക്കെടുതിയില്‍ 38 പേര്‍ മരിച്ചു
  • നാലു പേരെ കാണാതായി

കേരള ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തെ 27 ഡാമുകള്‍ തുറക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഏകദേശം 10,000 കി.മീറ്റര്‍ റോഡുകള്‍ തകര്‍ന്നു. വ്യാപകമായി കൃഷി നാശമുണ്ടായി. അതിനാല്‍ കര്‍ഷകര്‍ക്ക് വിത്ത് സൗജന്യമായി നല്‍കും. പല സ്ഥലങ്ങളും കാലവര്‍ഷക്കെടുതിയില്‍ ഒറ്റപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരും ഭൂമിയും വീടും നഷ്ടപ്പെട്ടവരുമുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. വീട് വാസയോഗ്യമല്ലാതായവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കും. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങുന്നതിന് ആറു ലക്ഷം രൂപ നല്‍കും. ഇത് മൂന്നു സെന്റ് മുതല്‍ അഞ്ച് സെന്റ് ഭൂമി വാങ്ങുന്നതിന് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍ വീട് മുങ്ങിയപ്പോള്‍ മാറിത്താമസിക്കുന്നവര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

♦ കാലവര്‍ഷക്കെടുതിയില്‍ നഷ്ടപ്പെട്ട രേഖകള്‍ നല്‍കാന്‍ അദാലത്ത് സംഘടിപ്പിക്കും 
♦ അദാലത്ത് നടപ്പാക്കാന്‍ സെപ്തംബര്‍ 30 വരെ സമയം അനുവദിക്കും
♦ രേഖകള്‍ നല്‍കാനോ അപേക്ഷിക്കാനോ ജനങ്ങള്‍ ഫീസ് നല്‍കേണ്ടതില്ല
♦ 444 ഗ്രാമങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും
♦ 30,000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു

കേരളത്തിന്റെ പ്രളയക്കെടുതി നേരിട്ടു കണ്ടു മനസിലാക്കാന്‍ കേന്ദ്രസംഘം എത്തി. അവര്‍ അടിയന്തരമായി 100 കോടി രൂപ അനുവദിച്ചു. കൂടാതെ 1220 കോടി രൂപ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയത്തിന്റെ വ്യാപ്തി കൂടുതല്‍ മനസിലാക്കാന്‍ വീണ്ടും കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് വരാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതു പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ എല്ലാവരെയും മുഖ്യമന്ത്രി പ്രശംസിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഗൗരവതരമാണ്. അതിനാല്‍ തന്നെ ദുരിതമേഖലയില്‍ ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നടത്താര്‍ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടികളെല്ലാം നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

About Ahlussunna Online 1140 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*