കൊടപ്പനക്കലില്‍ ജനപ്രവാഹം നിലക്കുന്നില്ല; പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ കഴിയാത്ത സങ്കടത്തില്‍ ആയിരങ്ങള്‍

മലപ്പുറം: എത്രയോ കാലമായി എല്ലാ വെള്ളിയാഴ്ചയും ഈ വീട്ടുമുറ്റത്തെത്തുന്നവളാണ് ഞാന്‍. ഏതാള്‍ക്കൂട്ടത്തിലും എന്നെ കാണുമ്പോള്‍ പേരെടുത്ത് വിളിക്കും. വിവരങ്ങളന്വേഷിക്കും&വേണ്ടത് ചെയ്തു തരും.ഒന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ തേങ്ങലടക്കാനാവുന്നില്ല ആ അമ്മക്ക്. കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് താനനുഭവിച്ച കാരുണ്യത്തെ കുറിച്ച് പറഞ്ഞിട്ടും മതിയാവുന്നില്ല അവര്‍ക്ക്.
ആയിരക്കണക്കിന് ആളുകളാണ് ഇന്നും കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ഒഴുകിയെത്തുന്നത്. പലരും ജനാസ കാണാനും ഖബറടക്കത്തില്‍ പങ്കെടുക്കാനും ആശിച്ചെത്തിയവര്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഉള്ളവര്‍. അതിനുമപ്പുറത്തുള്ളവര്‍. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് ഖബറടക്കം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഖബറടക്കം പുലര്‍ച്ചെ 2.30ന് തന്നെ നടത്തുകയായിരുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണവാര്‍ത്ത പലരും ഞെട്ടലോടെയാണ് കേട്ടത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും തിരിച്ചുവരുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനെടെയാണ് മരണവാര്‍ത്തയും എത്തുന്നത്. മരണവിവരം അറിഞ്ഞത് മുതല്‍ മലപ്പുറം കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരിക്കും ഖബറടക്കം എന്നറിയിച്ചതോടെ ആ സമയം കണക്കാക്കി പ്രവര്‍ത്തകര്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച മലപ്പുറം ടൗണ്‍ ഹാളിലേക്കും പുറപ്പെട്ടു.
മൃതദേഹം ടൗണ്‍ഹാളിലേക്ക് എത്തും മുമ്പ് തന്നെ റോഡിനിരുവശവും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. എല്ലാവര്‍ക്കും മൃതദേഹം കാണാന്‍ അവസരമുണ്ടാകും ആരും തിരക്ക് കൂട്ടരുതെന്ന് ഇടക്കിടെ മൈക്കില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ പൊലിസിനും ഗാര്‍ഡുകള്‍ക്കും നിയന്ത്രിക്കാനാവാത്ത രീതിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായി. അതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ടൗണ്‍ഹാളിലേക്ക് എത്തിക്കൊണ്ടിരുന്നു.

പക്ഷേ രാത്രി 12 മണിയോടെയായപ്പോഴേക്കും കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ടു. മൂക്കില്‍ നിന്ന രക്തം വന്നുതുടങ്ങിയതോടെ മൃതദേഹം കൂടുതല്‍ നേരം പൊതുദര്‍ശനത്തിന് വെക്കുന്നത് ഉചിതമാകില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശവും കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു.
അപ്പോഴാണ്കൂടി നിന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ടാണ് പൊതുദര്‍ശനം നിര്‍ത്തുന്നുവെന്ന പ്രഖ്യാപനം പാണക്കാട് സാദിഖലി തങ്ങള്‍ നടത്തിയത്. തൊട്ട് പിന്നാലെ തന്നെ ഖബറടക്കം ഉടന്‍ നടത്തുമെന്ന വിവരവും പുറത്ത് വന്നു. അപ്പോഴും റോഡിനിരുവശവും ജനലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.തുടര്‍ന്ന് മൃതദേഹം കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പുലര്‍ച്ചെ 2.30നായിരുന്നു ഖബറടക്കാന്‍ തീരുമാനിച്ചത്. അര്‍ദ്ധരാത്രിയിലും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം നടത്തിയത്.

About Ahlussunna Online 1166 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*