എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക സമ്മേളനത്തിന് ഒരുക്കങ്ങളായി

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക സമ്മേളനം ഫെബ്രുവരി 2,3,4 തീയതികളിൽ കോഴിക്കോട് ‘മുഖദ്ദസി’ൽ നടക്കും. സത്യം, സ്വത്വം, സമർപ്പണം എന്ന പ്രമേയത്തിലാണ് സമ്മേളനം. രണ്ടിന് ഉദ്ഘാടന സമ്മേളനം, മൂന്നിന് പ്രതിനിധി ക്യാംപ്, നാലിന് വിജിലന്റ് വിഖായ സമർപ്പണവും സമാപന പൊതുസമ്മേളനവും എന്നിവ നടക്കും.

സമ്മേളന പരിപാടികളുടെ ഭാഗമായി 30നു വിവിധ മഖാമുകളിൽ സ്മൃതിയാത്രയും വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാമിൽനിന്ന് കൊടിമര ജാഥയും പുറപ്പെടും. 31നു വൈകീട്ട് മൂന്നിനു വരക്കൽ മഖാമിൽനിന്ന് പതാക ജാഥ പുറപ്പെടും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന നടത്തും. തുടർന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് മുഖദ്ദസ് നഗരിയിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. 5.30നു വേദി 2 മറൈൻ ഗ്രൗണ്ടിൽ ‘സ്‌കെയ്പ്’ എക്‌സ്‌പോ തുടങ്ങും. വൈകീട്ട് ഏഴിന് ‘ജനറേഷൻ കോൺഫ്ളുവെൻസ്’ മുൻകാല സംസ്ഥാന, ജില്ലാ ഭാവാഹികളുടെ നേതൃസംഗമം നടക്കും. വാക്കോട് മൊയ്തീൻകുട്ടി ഫൈസിയുടെ അധ്യക്ഷതയിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് സർഗസന്ധ്യ നടക്കും.
ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന ടാലന്റ് മീറ്റിൽ ദർസ്, അറബിക് കോളജുകളിൽനിന്ന് മത്സരാടിസ്ഥാനത്തിൽ തിരത്തെടുത്ത വിദ്യാർഥികൾ മാറ്റുരക്കും. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. റാജിഹലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. വൈകീട്ട് 4.30നു നടക്കുന്ന വിദ്യാർഥി സംവാദം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ആത്മീയ സമ്മേളനം എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കെ.ടി ഹംസ മുസ്‌ലിയാർ മുഖ്യാതിഥിയാകും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഷക്കീറലി ഹൈതമി, ഹംസ റഹ്മാനി വിഷയാവതരണം നടത്തും. മജ്‌ലിസുന്നൂറിന് ഏലംകുളം ബാപ്പു മുസ്‌ലിയാർ നേതൃത്വം നൽകും.
രണ്ടിന് വൈകീട്ട് നാലിന് ത്വലബ വളണ്ടിയർ മാർച്ച് ടി.പി.സി തങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ചിന് ശംസുൽ ഉലമാ മൗലിദ് പാരായണത്തിന് ഒളവണ്ണ അബൂബകർ ദാരിമി നേതൃത്വം നൽകും. വൈകീട്ട് ഏഴിന് ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനാകും. മുഫ്തി അലി അലാഉദ്ദീൻ ഖാദിരി മഹാരാഷ്ട്ര മുഖ്യാതിഥിയാകും. സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തും. നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ സുവനീർ പ്രകാശനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഇ.ടി മുഹമ്മദ് ബഷീർ എം.പിയും സത്യധാര സ്‌പെഷൽ പതിപ്പ് പ്രകാശനം എം.കെ രാഘവൻ എം.പിയും നിർവഹിക്കും.

അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇബ്‌റാഹീം ഫൈസി പേരാൽ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവർ വിഷയാവതരണം നടത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്‌റത്ത് ഉദ്ഘാടനം ചെയ്യും. മൗലാനാ അബ്ദുൽ മതീൻ സാഹിബ് വെസ്റ്റ് ബംഗാൾ മുഖ്യാതിഥിയാകും. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന പ്രബോധനം സെഷനിൽ സാലിം ഫൈസി കൊളത്തൂർ, സിംസാറുൽ ഹഖ് ഹുദവി ക്ലാസെടുക്കും. ഉച്ചയ്ക്കു ശേഷം സ്വത്വവിചാരം പാനൽ ഡിസ്‌കഷൻ നടക്കും. ശുഐബുൽ ഹൈതമി, മുഹമ്മദ് ഫാരിസ് പി.യു, മുജ്തബ ഫൈസി, മുസ്തഫ ഹുദവി അരൂർ പങ്കെടുക്കും.
വൈകീട്ട് ഏഴിനു സമർപ്പണചിന്ത സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷനാകും. 35 ആദർശ പ്രഭാഷകരുടെ സമർപ്പണവും നടക്കും. ശേഷം ‘നമ്മുടെ കർമരംഗം’ പാനൽ ഡിസ്‌കഷൻ നടക്കും. തുടർന്ന് അഹ് ലുസ്സുന്ന അഹ്ലുൽ ബിദ്അ ഡിബേറ്റിന് എം.ടി അബൂബക്കർ ദാരിമി, മുസ്ത്വഫ അശ്‌റഫി കക്കുപടി നേതൃത്വം നൽകും. നാലിനു രാവിലെ 9.30ന് വേദി 1ൽ ഗ്ലോബൽ മീറ്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുൽ വഹാബ് എം.പി മുഖ്യാതിഥിയാകും. സൈനുൽ ആബിദിൻ സഫാരി മുഖ്യപ്രഭാഷണം നടത്തും. വേദി 2ൽ ട്രെന്റ് ടി.ആർ.ബി കോൺവെക്കേഷൻ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഉദ്ഘാടനം ചെയ്യും. ബസിം അഹമ്മദ് അൽ ഗഫൂരി യമൻ മുഖ്യാതിഥിയാകും. 11നു വിജിലന്റ് വിഖായ റാലിയുടെ അസംബ്ലി ചേരും.
സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് മുഖദ്ദസ് നഗരിയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. അവാർഡ് ദാനവും എജ്യു കെയർ പദ്ധതി സമർപ്പണവും ജിഫ് രി തങ്ങൾ നിർവഹിക്കും. വിജിലന്റ് വിഖായ സമർപ്പണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും. എം.ടി അബ്ദുല്ല മുസ്‌ലിയാർ, കൊയ്യോട് പി.പി ഉമർ മുസ്‌ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി, ശർമാൻ അലി എം.എൽ അസം പ്രസംഗിക്കും. ഹൈദർ ഫൈസി പനങ്ങാങ്ങര, എം.പി മുസ്തഫൽ ഫൈസി, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, സത്താർ പന്തലൂർ, ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ, അനീസ് അബ്ബാസി രാജസ്ഥാൻ വിഷയാവതരണം നടത്തും. വിദേശ പ്രതിനിധികൾ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, ട്രഷറർ ഫഖ്‌റുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തളി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, സംസ്ഥാന സെക്രട്ടറിമാരായ ആശിഖ് കുഴിപ്പുറം, ഒ.പി അഷ്‌റഫ് കുറ്റിക്കടവ് എന്നിവർ പങ്കെടുത്തു.

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*