സഊദിയില്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫീസ് ഈടാക്കുമെന്നത് വ്യാജ പ്രചാരണം

റിയാദ്: സഊദിയില്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് മാര്‍ച്ച് മുതല്‍ ഫീസ് ചുമത്തുമെന്ന പ്രചാരണം വ്യാജമാണെന്നും സഊദി അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഉംറ തീര്‍ഥാടകര്‍ക്കും ഫീസ് ഈടാക്കുമെന്നും പ്രത്യേക തസ്‌രീഹ് (അനുമതിപത്രം) ലഭിക്കാതെ ഉംറക്ക് പോകാന്‍ പാടില്ലെന്നും അനുമതിപത്രത്തിനായി 700 റിയാല്‍ നല്‍കണമെന്നായിരുന്നു വ്യാജ പ്രചാരണം. എന്നാല്‍ ഇതെല്ലം അടിസ്ഥാന രഹിതമാണെന്നും ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ:അബ്ദുല്‍ ഫത്താഹ് മുഷാത് പറഞ്ഞു.

മക്ക നിവാസികളല്ലാത്ത വിദേശികള്‍ക്കാണ് ഫീസ് ഈടാക്കുന്നതെന്നായിരുന്നു പ്രചാരണം. മക്ക പ്രവേശന കവാടത്തില്‍ പ്രത്യേക ഓഫീസുകള്‍ ഇതിനായി ഒരുങ്ങിയെന്നുമടക്കമുള്ള വാര്‍ത്തകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയകളിലടക്കം വാര്‍ത്ത ചൂടോടെ പ്രചരിച്ചതോടെയാണ് ഇത്തരമൊരു വിശദീകരണവുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം രംഗത്തെത്തിയത്. പ്രചാരണം തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും മികച്ച സൗകര്യമൊരുക്കി വിഷന്‍ 2030 ഓടെ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 30 ദശലക്ഷമാക്കി ഉയര്‍ത്താനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*