ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; അന്തിമ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കരുതെന്ന് സി.ബി.ഐ

കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചു.
സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി ഡാര്‍വിന്‍ ആണ് എറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ സി.ബി.ഐ തീരുമാനിച്ചതെന്നാണ് വിവരം.
ഖാസിയുടെ മരണം സംബന്ധിച്ച് കാസര്‍കോട് പരപ്പ സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ പി.എ.അശ്‌റഫ് നടത്തിയ നിര്‍ണായക വെളിപ്പെടുത്തലുകളെ തുടര്‍ന്നായിരുന്നു അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈക്കോടതിയെ സമീപിച്ചത്. മൗലവി മരണപ്പെടുന്നതിന് തലേദിവസം രണ്ടുപേരെ തന്റെ ഓട്ടോറിക്ഷയില്‍ മൗലവിയുടെ വീട്ടില്‍ എത്തിച്ചിരുന്നെന്നും ഇവരെ അതിനുമുന്‍പും പലതവണ മൗലവിയുടെ വീട്ടില്‍ എത്തിച്ചിട്ടുണ്ടെന്നും അശ്‌റഫ് വെളിപ്പെടുത്തിയിരുന്നു. മൗലവിയുടെ മരണം സംബന്ധിച്ച് തനിക്കറിയാവുന്ന വിവരങ്ങള്‍ 13 പേജുകളിലായി അശ്്‌റഫ് സി.ബി.ഐക്ക് എഴുതിനല്‍കിയിരുന്നു.
കൂടാതെ രണ്ടുമണിക്കൂറോളം സി.ബി.ഐ കൊച്ചി ഓഫിസില്‍ വിളിച്ചുവരുത്തി അശ്‌റഫിന്റെ മൊഴിയും രേഖപ്പെടുത്തി. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ജി.എം കോടതിയും സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. കേസ് ഇന്നലെ പരിഗണിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി തീരുമാനിച്ചിരുന്നെങ്കിലും സ്ഥലംമാറി പ്പോയ ജഡ്ജിക്കുപകരം പുതിയ ജഡ്ജി വരാതിരുന്നതിനാല്‍ പരിഗണിച്ചില്ല.
2010 ഫെബ്രുവരി 15നാണ് ഖാസിയെ കൊല്ലപ്പെട്ട നിലയില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*