കൊറോണ: കൂടുതല്‍പേര്‍ നിരീക്ഷണത്തില്‍, കൊല്ലത്ത് അഞ്ചുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കൊല്ലം: കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലത്ത് അഞ്ചുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍ശിച്ച വീട്ടിലെ മൂന്നുപേരും അയല്‍വാസിയായ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഒരുകുട്ടിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളുടെ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ഇവരാണ് ‘പത്തനംതിട്ട കുടുംബ’ത്തെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കാന്‍ പോയത്. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണമുണ്ട്.ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയില്‍ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനക്ക് കുടുംബം വിധേയരായിരുന്നില്ല.

ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയിട്ടും കൊറോണ വൈറസ് പരിശോധന നടത്താത്തവര്‍ ഇനിയുമുണ്ടെന്ന് റാന്നി എം.എല്‍.എ രാജു കെ എബ്രഹാം പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ ജാഗ്രതയുടെ ഭാഗമായി പൊതുപരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

ജില്ലയില്‍ മാസ്‌കുകള്‍ക്ക് അധിക വില ഈടാക്കുന്നത് സംബന്ധിച്ച് പരിശോധിക്കും. ഡോക്ടറുടെ കുറിപ്പടയില്ലാതെ വരുന്നവര്‍ക്ക് മരുന്നുകള്‍ നല്‍കുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ പൊതുപരിപാടികളും, വിവാഹങ്ങളും മാറ്റിവയ്ക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്കായി മുഴുവന്‍ സമയ കോള്‍സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. വിളിക്കേണ്ട നമ്പറുകള്‍: 0471-23 09 250, 0471-23 09 251, 0471-23 09 251, 047123 09 252

Be the first to comment

Leave a Reply

Your email address will not be published.


*