കേന്ദ്രത്തില്‍ ‘അവിശ്വാസ’മില്ല; വോട്ടെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയും വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ പരിഗണനക്ക് വരാനിരിക്കെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന സൂചന നല്‍കി എ.ഐ.എ.ഡി.എം.കെയും നവീന്‍പട്‌നായിക്കിന്റെ ബി.ജെ.ഡിയും. പ്രമേയം പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പായി അവസാന വട്ട ചര്‍ച്ചകളിലാണ് പ്രതിപക്ഷവും ഭരണപക്ഷവും. പരമാവധി പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് ഇരുവിഭാഗത്തിന്റെയും ശ്രമം. അതിനിടെയാണ് ആരോടൊപ്പവുമില്ലെന്ന നിലപാടുമായി ഇരു പാര്‍ട്ടികളും രംഗത്തെത്തിയിരിക്കുന്നത്.
ചര്‍ച്ചകളില്‍ പങ്കെടുത്ത് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഇവരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇരു പാര്‍ട്ടികള്‍ക്കും കൂടി 68 അംഗങ്ങളാണുള്ളത്.

ആന്ധ്രാപ്രദേശിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ടി.ഡി.പി പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. പാര്‍ലമെന്റില്‍ കാവേരി പ്രശ്‌നം വന്നപ്പോള്‍ ആരും തമിഴ്‌നാടിനെ പിന്തുണച്ചിട്ടില്ല. അതിനാല്‍ പ്രമേയ വോട്ടെടുപ്പില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി ഇ. പളനി സ്വാമി വ്യക്തമാക്കി.

ഗത്യന്തരമില്ലാതെയാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ മോദിസര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.  ഈയടുത്ത നാള്‍വരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന തെലുഗുദേശം പാര്‍ട്ടിയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പോകുന്നതെന്നതാണു സവിശേഷത. കോണ്‍ഗ്രസ്, സി.പി.എം, ആര്‍.എസ്.പി, മുസ്‌ലിംലീഗ് തുടങ്ങി വിവിധ കക്ഷികള്‍ നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസുകളില്‍ ടി.ഡി.പിയുടേതിനാണു സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇന്നലെ അവതരണാനുമതി നല്‍കിയത്. ടി.ഡി.പി എം.പി കെസിനേനി ശ്രീനിവാസാണ് നോട്ടിസ് നല്‍കിയത്. അമ്പതിലധികം എം.പിമാര്‍ അവിശ്വാസപ്രമേയ നോട്ടിസില്‍ ഒപ്പുവച്ചു.

പ്രമേയത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കാനാവില്ലെങ്കിലും ഇരുസഭകളിലും സര്‍ക്കാരിനെതിരേ അതിശക്തമായ വിമര്‍ശന ശരം തൊടുക്കാനുള്ള സുവര്‍ണാവസരമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. 545 അംഗ ലോക്‌സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 273 അംഗങ്ങളുടെ പിന്തുണയാണു ഭരണകക്ഷിക്കു വേണ്ടത്. ബി.ജെ.പിക്കു തനിച്ച് 272 അംഗങ്ങളുണ്ട്. ഇപ്പോഴും ഉറച്ചുനില്‍ക്കുന്ന സഖ്യകക്ഷികളുടെ പിന്തുണകൂടിയാകുമ്പോള്‍ മോദി സര്‍ക്കാര്‍ ഇളകാതെ നില്‍ക്കും.

Be the first to comment

Leave a Reply

Your email address will not be published.


*