ജീവിതം ധന്യമാക്കിയ മഹത്തുക്കള്‍

ശഫീഖു റഹ്മാന്‍ കൊടിഞ്ഞി

കേരളത്തിലെ മുസ്ലിംകള്‍ക്ക് ഏറെ നഷ്ടം സംഭവിച്ച മാസമാണ് റബീഉല്‍ ആഖിര്‍.ഖുത്ബുല്‍ അഖ്ത്വാബ് ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍,ഉസ്താദുല്‍ ആസാതീദ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍,ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍,ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍,അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍(ഖു:സി) തുടങ്ങി ഒട്ടനവധി മഹാരഥന്മാരാണ് റബീഉല്‍ ആഖിറില്‍ നാഥന്‍റെ സവിധത്തിലേക്ക് യാത്രയായത്.ആത്മീയതയും പാണ്ഡിത്യവും സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജീവിതം ധന്യമാക്കിയ മഹാരഥന്മാരായിരുന്നു ഈ മഹത്തുക്കള്‍.അവരുടെ ഓരോ ചലനങ്ങളിലും ഒരായിരം നന്മയുടെ അധ്യായങ്ങള്‍ പൂത്തു നിന്നിരുന്നു.അവയോരോന്നിലും നാഥനിലേക്കുള്ള വഴികള്‍ തെളിഞ്ഞുകാണാം.
കേരളത്തിലെ മുസ്ലിംകള്‍ കാലങ്ങളായി ഏറെ ആദരവോടെയും ബഹുമാനത്തോടെയും സ്മരിക്കുന്ന നാമമാണ്,ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ:സി).ജനനവും ശൈശവവും കൗമാരവും വിവാഹവും തുടങ്ങി ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളും അത്ഭുതപൂര്‍വ്വമായ സംഭവവികാസങ്ങള്‍ക്ക് ഹേതുവായ ജീവിതമായിരുന്നു മഹാനവര്‍കളുടേത്.ചെറുപ്പത്തില്‍ തന്നെ വിജ്ഞാന സമ്പാദനത്തിനുവേണ്ടി മറുനാടുകളിലേക്ക് സഞ്ചരിക്കുകയും മത വിജ്ഞാനത്തില്‍ അഗാധ ജ്ഞാനിയായിത്തീരുകയും ചെയ്തു.തന്‍റെ ബുദ്ധി കൂര്‍മ്മത കൊണ്ട് പല മസ്അലകള്‍ക്കും അദ്ധേഹം പൂരണം കണ്ടെത്തി.മതത്തിനെതിരില്‍ വരുന്ന എല്ലാ കൂരമ്പുകളെയും അദ്ധേഹം ശക്തിയുക്തം എതിര്‍ത്തു കൊണ്ടേയിരുന്നു.പാണ്ഡിത്യത്തിന്‍റെ ഗരിമയും ആത്മീയതയുടെ ഗര്‍വ്വും ജനങ്ങളെ അദ്ധേഹത്തിലേക്കും ഇസ്ലാമിലേക്കും അടുപ്പിച്ചു.ശൈഖ് ജീലാനി(ഖ:സി) കേരള മുസ്ലിംകളില്‍ അഗാധമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്.അദ്ധേഹത്തിന്‍റെ ഒരുപാട് മാല മൗലിദുകളും റാത്തീബുകളും രചിക്കപ്പെടുകയും,അവകളെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി കാണുകയും വര്‍ഷം തോറും അദ്ധേഹത്തിന്‍റെ ആണ്ടുകള്‍ കഴിക്കപ്പെടുകയും ചെയ്യാറുണ്ട്.
കേരള മുസ്ലിംകളുടെ ആത്മീയ ഗുരുവര്യന്മാരില്‍ ഒഴിച്ചുകൂടാനാവാത്ത മറ്റൊരു പണ്ഡിതനാണ് ശൈഖുനാ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ (ഖ:സി).പണ്ഡിതര്‍ പ്രവാചകന്മാരുടെ അനന്തരവാകാശികള്‍ ആണെന്ന തിരു മൊഴിയെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു അവിടുത്തേത്.നമ്മുടെ കണ്ണില്‍ വലുതല്ലെന്ന് തോന്നുന്ന സ്ഖലിതങ്ങള്‍ പോലും വളരെ ഗൗരവത്തോടെയും പ്രാധാന്യത്തോടെയുമാണ് ശൈഖുനാ പരിഗണിച്ചിരുന്നത്.സമുദായത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ അവിടുത്തെ വാക്കുകളിലൂടെയും ഉയര്‍ത്തുന്ന കൈകളിലൂടെയും പരിഹരിക്കപ്പെട്ടു.ആത്മീയമായി സ്വയം സംസ്കരണം നടത്തുകയും മറ്റുള്ളവരെ സംസ്കരിച്ചെടുക്കുന്നതിലും ഉഴിഞ്ഞു വെച്ച ജീവിതമായിരുന്ന മഹാനവര്‍കളുടേത്.
കണ്ണിയത്ത് ഉസ്താദിന്‍റെ അരുമ ശിഷ്യനായി അറിവ്കൊണ്ട് ലോകരില്‍ തന്നെ വ്യാപരിച്ചു നിന്ന മാഹാനാണ് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍(ഖ:സി).കേരള മുസ്ലിം ജനതക്ക് പടച്ച തമ്പുരാന്‍ നല്‍കിയ വലിയ അനുഗ്രഹമായിരുന്നു ആ ശംസ്.കിതാബുകളില്‍ അഗാധ പാണ്ഡിത്യവും വിവിധ ഭാഷാ പരിജ്ഞാനവും ഉള്ളതോടൊപ്പം തന്നെ ആത്മീയമായി വലിയ പദവികള്‍ കീഴടക്കിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയാണ് ശൈഖുനാ.സമുദായത്തിന്‍റെ ഉന്നമനത്തിനും പുരോഗമനത്തിനും വേണ്ടി അഹോരാത്രം പരിശ്രമിച്ച ശൈഖുനാ ഇസ്ലാമിനെതിരില്‍ വരുന്ന കൂരമ്പുകള്‍ പ്രതിരോധിച്ചു കൊണ്ട് ഇസ്ലാമിന്‍റെ സംരക്ഷണ കോട്ടയായി നിലകൊണ്ടു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന കേരളത്തിലെ ഇസ്ലാമിന്‍റെ പ്രതിരൂപം ഇത്രമേല്‍ സുശക്തവും സുഭദ്രവും ആയി കെട്ടിപ്പടുക്കുന്നതില്‍ മഹനവര്‍കള്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.
ശംസുല്‍ ഉലമയ്ക്ക് ശേഷം പ്രവര്‍ത്തനങ്ങളിലെ ചടുലത കൊണ്ടും തീരുമാനങ്ങളിലെ ഉള്‍ക്കാഴ്ച്ച കൊണ്ടും അദ്ധേഹത്തിന്‍റെ പകരക്കാരനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത പ്രസ്ഥാനത്തിന് വരദാനമായി ലഭിച്ച നിധിയായിരുന്നു ശൈഖു റഹ്മാനിയ്യ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍.സമ്മേളനങ്ങളും മറ്റു സംഘടനാ പ്രവര്‍ത്തനങ്ങളും വിജയിപ്പിച്ചെടുക്കുന്നതില്‍ പ്രത്യേക പാടവം മഹാനവര്‍കള്‍ക്കുണ്ടായിരുന്നു.മാത്രമല്ല,അണികളെ അതിനു വേണ്ടി പ്രാപ്തമാക്കുന്നതിനുള്ള കമാന്‍റിങ്ങ് പവറും ശൈഖുനായില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.മറ്റിതര ആശയക്കാരോടും മതവിഭാഗക്കാരോടും പൊതു പ്രശ്നങ്ങളിലും ഇസ്ലാമിക ശരീഅത്ത് വിഷയങ്ങളിലും സമസ്തയുടെയും അവരുടെയും ഇടയിലെ പാലമായി വര്‍ത്തിച്ചതും ശൈഖുന ആയിരുന്നു.മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍റെ തറവാട്ടു മുറ്റമായ കടമേരി റഹ്മാനിയ്യയും സമസ്തയുടെ മുഖ പത്രമായ സുപ്രഭാതവും ശൈഖുനയുടെ ജീവിതത്തിന്‍റെ പ്രതിഫലങ്ങളില്‍ പ്രധാനപ്പെട്ടതു മാത്രമാണ്.ബാപ്പു ഉസ്താദിന്‍റെ വഫാത്തിനു ശേഷം മുസ്ലിം കൈരളിയുടെ തീരാ നഷ്ടങ്ങളില്‍ ഒന്നായിരുന്നു അത്തിപ്പറ്റ ഉസ്താദിന്‍റെ വേര്‍പാട്.അപഥ സഞ്ചാരങ്ങളില്‍ കൂപ്പു കുത്തുകയും ആധുനികതയില്‍ പരിലസിക്കുകയും മതത്തെയും മതാചാരങ്ങളെയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മുത്ത് നബി(സ) ജീവിച്ച് കാണിച്ച ശാന്തി സുന്ദരമായ ജീവിതത്തെ ജീവിച്ച് കാണിച്ചു തന്ന ശൈഖുനാ അത്തിപ്പറ്റ മുഹ് യുദ്ധീന്‍ മുസ്ലിയാര്‍ (ഖു:സി) ആത്മീയ ചക്രവാളത്തിലെ പൊന്‍ നക്ഷത്രമായിരുന്നു.മനുഷ്യനോടും പക്ഷി മൃഗാദികളോടും സസ്യ ലതാദികളോടും സ്നേഹത്തോടെ വര്‍ത്തിച്ച മഹാനവര്‍കള്‍ ലാളിത്യത്തിന്‍റെയും ശാന്ത സ്വഭാവത്തിന്‍റെയും പര്യായമായിരുന്നു.
തിډകള്‍ തിമിര്‍ത്തു പെയ്യുന്ന ഉത്തരാധുനികതയുടെ വൃത്തിഹീനമായ ഈ അന്തരീക്ഷത്തിലും ലോകത്തിനെ പിടിച്ചു നിര്‍ത്തുന്ന വ്യക്തി ജീവിതങ്ങളായിരുന്നു ഇവരുടേത്.ഈ മഹാന്മാര്‍ വെട്ടിത്തെളിച്ച പാഥേയങ്ങളെ അനുഗമിക്കലാണ് നാം അവരോട് ചെയ്യേണ്ട ബാധ്യത.അതു മാത്രമാണ് നമ്മുടെ ജീവിത വിജയത്തിന്‍റെ ആകത്തുകയും.

About Ahlussunna Online 1170 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*