നബിയെ അങ്ങയുടെ സമീപനങ്ങള്‍

റാഫി ഒറ്റപ്പാലം

ഇന്നിന്റെ സാഹചര്യം വളരെ മോശമാണ്. യഥാർത്ഥത്തിൽ തിരിച്ചറിവിന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. ആധുനികതയുടെ മൂല്യങ്ങളെ പലരും ഇന്ന് കണ്ടില്ലെന്ന് നടിക്കുന്നു. കൂടാതെ സഹോദര്യമെന്ന അഭിലഷണീയമായ കരുതലിനെ മറന്നുകൊണ്ടുള്ള ജീവിതങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഉദാഹരണമായി ഒരാൾ തന്റെ വീട്ടിലെ മാലിന്യമെടുത്ത് അന്യന്റെ സ്ഥലത്തേക്ക് വലിച്ചെറിയുന്നു.. ഇവിടെ മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെയാകുമ്പോൾ അത് ആധുനികതയോട് കാണിക്കുന്ന വിരുദ്ധതയാകും. ഇവിടെയാണ്‌ തിരിച്ചറിവിന്റെ സാധ്യതകൾ ഉയിർകൊള്ളേണ്ടത്. അപ്പോൾ പിന്തുടർച്ചയെന്നോണം പൂർവ്വിക പാരമ്പര്യങ്ങൾ പഠിക്കണം, പോരാ. പ്രാവർത്തികമാക്കുകയും വേണം. സാഹോദര്യത്തിന്റെയും, സംസ്ക്കാരത്തിന്റെയും മൂല്യങ്ങൾ ഭൂത ദയയുടെയും, വർത്തമാന സ്ഥിരതയുടെയും, ഭാവി ഭാസുരതയുടെയും കരുതലിനായി വിനിയോഗിക്കണം.

പുണ്യ പ്രവാചകന്റെ ഇടപെടലുകളാണ് ചരിത്രത്തിൽ മാനവികതയുടെ കെട്ടും മട്ടും ആവാഹിച്ചതെന്ന് നിസ്സംശയം പറയാം. മാനവിക മൂല്യങ്ങൾക്ക് പ്രതീക്ഷയുടെ കരുത്ത് പകർന്നു കൊണ്ട് നബി (സ)ജീവിച്ചപ്പോൾ സർവ്വ ലോക ചരാചര ഭേദമന്യേ പരന്നൊഴുകുകയായിരുന്നു നബി മാതൃകകൾ. മനുഷ്യനെ മനുഷ്യനെന്ന സ്വത്വത്തിൽ നിലനിർത്താനും അവിടുന്ന് പഠിപ്പിച്ചു. താനല്ലാതെ മറ്റൊരുത്തനും ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് വേണ്ടത്. അപരത്വത്തെ മാനിക്കണമെന്ന പാഠങ്ങൾ നബി (സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. അപരോന്മുഖത്വം നൈതികതയുടെ മുഖമുദ്രയാണ്. താനല്ലാത്ത മറ്റൊരുത്തനെ കുറിച്ചുള്ള കരുതലാണ് നീതി. ആ നീതി സംരക്ഷിക്കാൻ നബി (സ)ശ്രമിച്ചു. അതിലൂടെ സമത്വവും, സാഹോദര്യവും, സമാദാനവും സാധ്യമായി. കറുത്ത വർഗ്ഗക്കാരനായ ബിലാൽ (റ) യഥാർത്ഥത്തിൽ ഒരു പേരായിരുന്നില്ല. കറുത്തവന് സ്വാഗതമോതിയ ഇസ്‌ലാമിന്റെ മാനവിക മുഖമായിരുന്നത്. മോഷ്ടിച്ചത് തന്റെ മകൾ ഫാത്തിമയാണെങ്കിൽ പോലും കൈമുറിച്ച് നീതിനടപ്പാക്കണമെന്ന് പ്രഖ്യാപിച്ച ഒരു നേതാവിനെ നമുക്ക് മറ്റെവിടെ കാണാൻ കഴിയും.
യുദ്ധ ഭീകരതയുടെ മൂടുപടങ്ങൾ ഇസ്‌ലാമിന് നേരെയും, യുദ്ധക്കൊതിയനെന്ന പേര് നബി (സ)ക്ക് നേരെയും പടച്ചുവിടുമ്പോൾ സമാധാന കരാർ ഉണ്ടാക്കിയ നബി ചരിത്രം വായിക്കാത്തത്തിന്റെ ബുദ്ധിശൂന്യതയാണെന്ന് മനസിലാക്കാം.

യുദ്ധനീതിയുടെ പര്യായമായി നബി (സ) മാറി. യുദ്ധങ്ങൾ പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അതിനായി പലവിധത്തിലുള്ള സമാധാന സന്ധികളും രൂപീകരിച്ചിരുന്നു. മക്കം ഫത്ഹിന് ശേഷം നബി (സ)കാണിച്ച കരുണയുടെ ചരിത്രം പ്രശംസനീയമാണ്. കാരണം യുദ്ധങ്ങളിൽ തോറ്റവർ ജയിച്ചവരുടെ അടിമകളാണെന്ന് ഗണിക്കപ്പെടുന്ന കാലമായിരുന്നു അത്. എന്നാൽ ചരിത്രം പോലും അത്ഭുതത്തോടെ സാക്ഷ്യം വഹിച്ച ആ സംഭവങ്ങൾ നബി (സ)
പഠിപ്പിച്ച മാനവിക പാഠങ്ങളായിരുന്നു. ഇസ്‌ലാമിലെ ചരിത്ര സമ്മേളനമായ ഹജ്ജത്തുൽ വദാഇന്റെ ജനനിബിഡമായ സദസ്സിനെ മാനവിക സംരക്ഷണം കാത്തുസൂക്ഷിക്കുന്ന നായകൻ നബി (സ)അഭിസംബോധനം ചെയ്തത് ഏയ് ജനങ്ങളെ.. എന്നായിരുന്നു. അവിടെ ഒരുമിച്ചു കൂടിയവർ വിശ്വാസികൾ മാത്രമായിരുന്നു എന്ന് ഓർക്കണം. എന്നിട്ടും നബി സമീപനം തീർത്തും വ്യത്യസ്തമായിരുന്നു. നബി (സ)തുടർന്നു. നിങ്ങളുടെ രക്ഷിതാവ് ഒരുവനാണ്. നിങ്ങളുടെ പിതാവും ഒരുവനാണ്. അതുകൊണ്ട് അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. അതുപോലെ കറുത്തവന് ചുവന്നവനെക്കാളോ
, ചുവന്നവന് കറുത്തവനേക്കാളോ സ്ഥാനമില്ല. സങ്കുചിത ദേശീയതയുടെയും, വംശീയതയുടെയും ചലനങ്ങൾക്ക് പ്രതിരോധം തീർക്കുന്ന പ്രഖ്യാപനമായിരുന്നത്. വിശ്വ മാനവിക സംസ്ക്കാരത്തിന്റെ ഇസ്‌ലാമിക കാഴ്ചപ്പാടുകൾ നബി (സ) പകർന്നു നൽകുകയായിരുന്നു.

മനുഷ്യരെന്ന ദൈത്വ സമൂഹത്തിലെ ഒരു ഭാഗമാണ് സ്ത്രീ. സ്ത്രീ സംരക്ഷണം ഇസ്‌ലാമിൽ ശ്രദ്ധേയമാണ്. പരിശുദ്ധ ഇസ്‌ലാമിലെ സ്ത്രീ സുരക്ഷിതയാണെന്ന യാഥാസ്ഥികത ഉൾക്കൊള്ളാൻ ചിലർക്കെങ്കിലും സാധിക്കുന്നില്ലെങ്കിലും നബി (സ)പഠിപ്പിച്ച മാനവിക സന്ദേശങ്ങളിൽ സ്ത്രീക്കും ഒരു വലിയ സ്ഥാനം തന്നെ നൽകുന്നുണ്ട്. മാതാവിന്റെ കാൽ ചുവട്ടിലാണ് സ്വർഗമെന്ന നബി വചനം കേവലമൊരു മഹത്വവൽക്കരണത്തിന്റെ പ്രതീകമല്ല. മറിച്ച്, ജനിച്ചു വീണത് പെൺകുഞ്ഞായാൽ ജീവനോടെ കുഴിച്ചു മൂടിയിരുന്ന കാലത്ത് ആ സ്ത്രീയെ സ്നേഹിക്കാനും, സംരക്ഷിക്കാനും പ്രഖ്യാപിച്ച വാഗ്ദാനമാണ്. മനുഷ്യനെ ഒന്നായി കാണാനാണ് അവിടുന്ന് ആഗ്രഹിച്ചതും, അനുചരരോട് പ്രേരിപ്പിച്ചതും. ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്ത നബി (സ) വംശീയ വിവേചനങ്ങളോട് തുറന്ന യുദ്ധം തന്നെ നടത്തി. ലോകം ഇന്ന് വരെ ദർശിക്കാത്ത മാനവിക സംസ്ഥാപനത്തിന്റെ ശില്പിയായി നബി (സ)മാറുകയായിരുന്നു.

നബി (സ)യുടെ മാനവിക സന്ദേശങ്ങൾ അന്യമതക്കാരന്റെ മയ്യിത്ത് കൊണ്ടുപോയപ്പോൾ ആദരവ് പ്രകടിപ്പിച്ചതിന്റെ രൂപത്തിലും നമുക്ക് വായിക്കാം. അയൽവാസി അമുസ്‌ലിമാണെങ്കിൽ പോലും അവനെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ച നബിയേക്കാൾ മറ്റൊരു മതേതര പുരുഷനെ ചരിത്രത്തിൽ കാണൽ അസാധ്യമാണ്. ജന്തുജാലങ്ങൾ, സസ്യ ജലാധികൾ തുടങ്ങിയവയിലേക്ക്‌ അവിടുത്തെ ഇടപെടലുകൾ പരക്കുകയുണ്ടായി. പ്രകൃതി സ്നേഹിയായ പ്രവാചകനെ നമുക്ക് ചരിത്രത്തിൽ കാണാനാകും. ജലമലിനീകരണം, വായു മലിനീകരണം തുടങ്ങി പ്രപഞ്ചത്തിലെ സകല പ്രകൃതി ദത്തങ്ങൾക്കും പ്രവാചകൻ (സ്വ)കരുതലൊരുക്കിയിരുന്നു. മനുഷ്യൻ അധിവസിക്കുന്ന ഭൂമിയിൽ സുരക്ഷയും, സ്വസ്ഥതയും വേണമെന്ന അവിടുത്തെ ചിന്തകൾ അവിശ്വസനീയമാണ്. അങ്ങിനെ നീളുകയാണ് നബി (സ്വ)പകർന്നു തന്ന മാനവിക പാഠങ്ങലഖിലവും.

About Ahlussunna Online 1170 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*