പത്തുദിവസത്തേക്ക് രാജ്യത്ത് കളിചിരികള്‍ പാടില്ല; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

പോങ്യാങ്: പത്തുദിവസത്തേക്ക് ചിരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയയിലാണ് ഈ വിചിത്ര ഉത്തരവ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉത്തരവ്. ഡിസംബര്‍ 17നാണ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികം. അന്ന് മുതല്‍ 10 ദിവസത്തേക്ക് ചിരിക്കരുതെന്നാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

ചിരിക്ക് മാത്രമല്ല ഭരണകൂടം നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. മദ്യപിക്കുന്നതിനും പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദത്തില്‍ ഏര്‍പ്പെടുത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അതിര്‍ത്തി നഗരമായ സിനുയിജുവിലെ താമസക്കാരന്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടികളും പൗരന്‍മാര്‍ക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. മുന്‍കാലങ്ങളിലെ വിലാപ വേളകളില്‍ വിലക്ക് ലംഘിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോയവരെ പിന്നെ കണ്ടിട്ടില്ല പേര് വെളിപ്പെടുത്താത്ത പൗരന്‍ പറയുന്നു.
ദുഃഖാചരണ സമയത്ത് മരണാന്തര ചടങ്ങുകള്‍ സംഘടിപ്പിക്കാനും ജന്മദിനം ആഘോഷിക്കാനും അനുവാദമില്ല. അതേസമയം, കിം ജോങ് ഇല്ലിന്റെ സ്മരണാര്‍ഥം നിരവധി പരിപാടികള്‍ ഉത്തരകൊറിയ ആസൂത്രണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെയും കലാസൃഷ്ടികളുടെയും പൊതു പ്രദര്‍ശനം, സംഗീത പരിപാടി, അദ്ദേഹത്തിന്റെ പേരിലുള്ള ;കിംജോംഗിയ’ എന്ന പുഷ്പത്തിന്റെ പ്രദര്‍ശനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഉത്തരകൊറിയയിലെ പ്രമുഖ നേതാവായിരുന്ന കിം കൊറിയന്‍ തൊഴിലാളി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്റെ ചെയര്‍മാന്‍, സൈന്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്നീ പദവികളും വഹിച്ചിരുന്നു. 2010ല്‍ ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച, ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 31ാമനായിരുന്നു. 2011 ഡിസംബര്‍ 17ന് ഒരു തീവണ്ടി യാത്രക്കിടെ ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരിക്കുന്നത്.

About Ahlussunna Online 1170 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*