ഇസ്ലാം വസ്ത്ര വിശേഷങ്ങള്‍

ജുനൈദ് എം പെരുമുണ്ടശ്ശേരി

പരിശുദ്ധ ഇസ്ലാം വസ്ത്ര ധാരണത്തിന് വളരെയേറെ മഹത്വവും പ്രസക്തിയും കല്‍പിച്ചിട്ടുണ്ട്.അതിന് ചില നിബന്ധനകള്‍ ഇസ്ലാം മുന്നോട്ട് വെക്കുകയും ചെയ്യുന്നുമുണ്ട്.അല്ലാഹു സൃഷ്ടിച്ച സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടനാണ് മനുഷ്യന്‍.അതിനാല്‍ മനുഷ്യന്‍ മാത്രമാണ് വസ്ത്രം ധരിക്കുന്നത്.ഇത് മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഒന്നാണ്.വസ്ത്രധാരണത്തില്‍ അമിതവ്യയമോ,പൊങ്ങച്ചമോ കാണിക്കാന്‍ ഇസ്ലാം കല്‍പിക്കുന്നില്ല.ആധുനിക യുഗത്തില്‍ മുസ്ലിമിന്‍റെ വസത്രധാരണ രീതി അഹങ്കാരത്തിലും പൊങ്ങച്ചത്തിലുമായി മാറിയിരിക്കുകയാണ്.
ഒരു മനുഷ്യന് നഗ്നത മറക്കല്‍ എപ്പോഴും നിര്‍ബന്ധമാണ്.തന്‍റെ ഭാര്യയുടെയും അടിമസ്ത്രീയുടെയും അരികില്‍ ഒഴികെ ബാക്കിയെല്ലായിടത്തും നഗ്നത മറക്കല്‍ നിര്‍ബന്ധമാണ്.നബി(സ്വ) പറഞ്ഞു:ഭാര്യയും തന്‍റെ അവകാശത്തിലുള്ള അടിമസ്ത്രീയുമല്ലാത്തവരില്‍ നിന്ന് നിന്‍റെ നഗ്നത മറക്കുക(അബൂദാവൂദ്,തുര്‍മുദി).പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും വിസര്‍ജ്ജന സ്ഥലത്ത് പോലും വസ്ത്രമുണ്ടായിരിക്കെ വിവസ്ത്രനായിരിക്കാന്‍ പാടില്ല(റാസി:23/178).വസ്ത്രം ധരിച്ചവനെ അല്ലാഹുവിന് വസ്ത്രമില്ലാത്തവനായി കാണാന്‍ കഴിയുമെങ്കിലും വസ്ത്രം ധരിച്ചവനെ അല്ലാഹു മര്യാദ കാണിച്ചവനായും വിവസ്ത്രനെ മര്യാദക്കേട് കാണിച്ചവനായും അല്ലാഹു കണക്കാക്കുന്നു(മുഗ്നി:185/ശര്‍വാനി:2/110).വസ്ത്രധാരണത്തിന് ചില നിയമങ്ങളും നിബന്ധനകളും ഇസ്ലാം കല്‍പിച്ചിട്ടുണ്ട്.വസ്ത്ര ധാരണ കാര്യത്തില്‍ ഒരു ഇടുങ്ങിയ സമീപനവും ഇസ്ലാം കല്‍പിക്കുന്നില്ല.ഇതില്‍ ഒരു പൊങ്ങച്ചവും ദുര്‍വ്യയവും കാണിക്കാതിരിക്കാന്‍ ഇസ്ലാം കല്‍പിക്കുന്നു.
ആധുനിക യുഗത്തെ വസ്ത്ര ധാരണ രീതി വളരെ നീചവും വൃത്തിഹീനവുമാണ്.അഹങ്കാരത്തോട് കൂടി വസ്ത്രം ധരിച്ച് ആളുകള്‍ക്കിടയിലൂടെ നടന്ന് പോകുമ്പോള്‍ ആളുകളുടെ മനസ്സില്‍ ദുര്‍വിചാരങ്ങള്‍ ഉണ്ടാകുന്ന ഒരു രീതിയാണ് നമ്മള്‍ കാണുന്നത്.പുരുഷന്മാരും സ്ത്രീകളും പരസ്പരം നഗ്നത കാണുന്ന ഒരു രീതിയും നമ്മള്‍ കാണുന്നു.ഒരു പുരുഷന്‍റെ വസ്ത്രധാരണാ രീതി മുന്‍ദ്വാരവും പിന്‍ദ്വാരവും മറയുന്ന രീതിയിലുള്ള ഒരു വേഷമാണ് അവന് സ്വന്തം ഉള്ളപ്പോള്‍ ധരിക്കേണ്ടത്.പുരുഷന്‍റെ മുട്ടുപൊക്കിളിന്‍റെ ഇടയിലുള്ള ഒരു വസ്ത്ര ധാരണ രീതിയാണ് ഗൗനിക്കേണ്ടത്.ഇതിന് അടിസ്ഥാനമായ ധാരാളം ഹദീസുകള്‍ നമുക്ക കാണാന്‍ സാധിക്കും.നബി(സ്വ) പറഞ്ഞു:പുരുഷന്‍ മറ്റൊരു പുരുഷന്‍റെ നഗ്നതയിലേക്കോ ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്കോ നോക്കരുത്.ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ വസ്ത്ര ധാരണ രീതിക്ക് ഒരുപാട് അതിര്‍ വരമ്പുകള്‍ വെച്ചിട്ടുണ്ട്.സ്ത്രീ ഒറ്റക്കാണെങ്കില്‍ മുട്ടുപൊക്കിളിന്‍റെ ഇടയിലുള്ള ഭാഗം മറക്കല്‍ നിര്‍ബന്ധമാണ്.കുടുംബന്ധം,മുലകുടി ബന്ധം,വിവാഹ ബന്ധം എന്നിവ വിവാഹം നിശിദ്ധമായവരുടം സാന്നിദ്ധ്യത്തില്‍ അവള്‍ മുട്ടുപൊക്കിളിനിടയിലുള്ള സ്ഥലം മറച്ചാല്‍ മതി.
മനുഷ്യന് നഗ്നത മറക്കാനും ഭൂമിയില്‍ അലങ്കാരമായികൊണ്ടും അല്ലാഹു ധാരാളം വസ്ത്രങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഈ വസ്ത്രങ്ങള്‍ മറ്റു ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്ഥനാക്കുന്നു. അടിസ്ഥാനപരമായ അനിവാര്യതയാണ് വസ്ത്രം.വസ്ത്ര ധാരണ രീതിക്ക് എല്ലാ വിധത്തിലുമുള്ള മാതൃക നബി(സ്വ) ആകുന്നു.പരിശുദ്ധ ഇസ്ലാം സ്ത്രീകള്‍ക്ക് വസ്ത്ര ധാരണ രീതി പഠിപ്പിക്കുന്നുണ്ട്.ആധുനിക യുഗത്തിലെ മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണ രീതി വളരെ അബദ്ധമായി കാണാം.സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങിയിരിക്കാന്‍ ഇസ്ലാം കല്‍പിക്കുന്നുണ്ട്.സ്ത്രീകള്‍ക്ക് അനുയോജ്യമാണ് പര്‍ദ്ദ സമ്പ്രദായം.പര്‍ദ്ദ നിയമം സ്ത്രീകള്‍ക്ക് വീടു വിട്ടിറങ്ങാനുള്ള അനുവാദമല്ല.മറിച്ച് അവളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ്.അന്യപുരുഷന്മാരുടെ മുമ്പില്‍ തന്‍റെ ശരീര മാംസളങ്ങള്‍ കാണിച്ച് കൊണ്ട് നടക്കുന്ന സ്ത്രീകള്‍ക്ക് പര്‍ദ്ദ ഒരു രക്ഷാ കവചം തന്നെയാണ്.ഭര്‍ത്താവിന്‍റെ സമ്മതമില്ലാതെ ഒരു സ്ഥലത്തും പോകാന്‍ ഭാര്യക്ക് അനുവദനീയമല്ല.സ്ത്രീകള്‍ പുരുഷന്മാരുടെ വേഷം കെട്ടല്‍ ഹറാമാണ്.അബൂഹുറൈറ (റ) പറയുന്നു:സ്ത്രീ വേഷം കെട്ടുന്ന പുരുഷന്മാരെയും പുരുഷ വേഷം കെട്ടുന്ന സ്ത്രീയെയും നബി(സ്വ) ശപിച്ചിരിക്കുന്നു(രിയാളുസ്സ്വാലിഹീന്‍ 1630).
വസ്ത്രത്തില്‍ അഹങ്കാരം കാണിക്കാന്‍ പാടില്ല. അഹങ്കാരത്തോടെ പാന്‍റ്സ്,തുണി തുടങ്ങിയവ കാലിന്‍റെ ഞെരിയാണിക്കു താഴെ താഴ്ത്തിയിടല്‍ ഹറാമാണ്.അബൂഹുറൈറ(റ)പറയുന്നു,നബി(സ്വ) പറഞ്ഞു:അഹങ്കാരത്തോടെ തുണി നിലത്തിഴക്കുന്നവനെ അന്ത്യനാളില്‍ അല്ലാഹു നോക്കുകയില്ല (രിയാളുസ്സ്വാലിഹീന്‍).ആധുനിക യുഗത്തില്‍ വസ്ത്രം താഴ്ത്തിയിട്ടുകൊണ്ട് അഹങ്കാരത്തോടെ നടക്കുന്ന ആളുകളെ നമുക്ക് കാണാന്‍ സാധിക്കും.മേല്‍മുണ്ടും ഖമീസും തലപ്പാവുമൊന്നും ഞെരിയാണിക്കു താഴെ താഴ്ത്തിയിടാന്‍ പാടില്ല.അഹങ്കാരത്തോടെ ആണെങ്കില്‍ ഹറാമാണ്.ഈസാനബി(അ)പറഞ്ഞു: മുന്തിയ വസ്ത്രം ധരിക്കല്‍ ഹൃദയത്തില്‍ അഹംഭാവം ഉണ്ടാക്കും.നബി(സ്വ) പറഞ്ഞു:പ്രസിദ്ധിയുണ്ടാക്കുന്ന വസ്ത്രം ആരെങ്കിലും അണിഞ്ഞാല്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ടവനാണെങ്കില്‍ പോലും അത് അഴിച്ചു വെക്കുന്നത് വരെ അല്ലാഹു അവനിലേക്ക് നോക്കുകകയില്ല.
വസ്ത്ര ധാരണത്തില്‍ വിനയത്തോടുള്ള വസ്ത്രം ധരിക്കാന്‍ സാധിക്കണം.അബൂഹുറൈറ(റ)-ല്‍ നിന്ന് നിവേദനം,നബി(സ്വ)പറഞ്ഞു:വസ്ത്രത്തിന് പരിഗണന നല്‍കാതെ മുഷിഞ്ഞ വസ്ത്രം ധരിച്ചവനെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും.വിനയത്തോട് കൂടി വസ്ത്രം ധരിച്ച് കൊണ്ട് സമൂഹത്തില്‍ ഉന്നത പദവി ലഭിച്ചവരെ നമുക്ക് കാണാന്‍ സാധിക്കും.നബി(സ്വ)പറഞ്ഞു:അല്ലാഹുവിന്‍റെ വിശാലമായ അനുഗ്രഹത്തില്‍ പരസ്യമായി ചിരിക്കുകയും രഹസ്യമായി കരയുകയും ചെയ്ത (ശിക്ഷ ഭയന്ന്) ഒരു വിഭാഗം ജനങ്ങള്‍ എന്‍റെ സമുദായത്തില്‍ ഉന്നതന്മാരില്‍ പെടുന്നു.അവരുടെ ചെലവ് ജനങ്ങള്‍ക്ക് ഭാരം കുറഞ്ഞതും അവര്‍ക്ക് ഭാരം കൂടിയതും ആയിരിക്കും.അവര്‍ പഴയ വസ്ത്രം ധരിക്കുകയും ജ്ഞാനികളെ അനുഗമിക്കുകയും ചെയ്യും.അവര്‍ ഭൂമിയിലും ഹൃദയങ്ങള്‍ അര്‍ശിലുമായിരിക്കും.ഇങ്ങനെ മലക്കുകള്‍ എന്നെ അറിയിച്ചിട്ടുണ്ട്(ഹാദി,ഇഹ്യ:4/228).വിനയത്തോടെയുള്ള വസ്ത്രം ധരിക്കല്‍ പല പുണ്യാത്മാക്കളും കല്‍പിച്ചിട്ടുണ്ട്.
വസ്ത്രങ്ങള്‍ ഹറാമായതും ഹലാലായതും ഉണ്ട്.പട്ട് വസ്ത്രം പുരുഷന്മാര്‍ക്ക് ഹറാമാണ്.പട്ട് വസ്ത്രം ധരിക്കാനോ ഇരിക്കാനോ ഉപയോഗിക്കല്‍ പുരുഷന് ഹറാമാണ്.ഭൗതിക ലോകത്ത് പട്ട് ധരിച്ചവര്‍ പരലോകത്ത് അത് ധരിക്കില്ലെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു(രിയാളുസ്സ്വാലിഹീന്‍:804).അത്പോലെ തന്നെ മുന്തിയ വസ്ത്രം ധരിക്കല്‍ ഇസ്ലാം വിലക്കിയിട്ടുണ്ട്.മുന്തിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് സംബന്ധമായി ധാരാളം പ്രമാണങ്ങള്‍ കാണാന്‍ സാധിക്കും.
വസ്ത്രങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് വെള്ള വസ്ത്രമാണ്. നബി(സ്വ) പറഞ്ഞു:നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക.അതാണ് ഏറ്റവും ഉത്തമമായത്.മയ്യിത്തിനെ കഫം ചെയ്യേണ്ടതും അതുകൊണ്ടാണ്(രിയാളുസ്സ്വാലിഹീന്‍:878).വെള്ള വസ്ത്രത്തിന്‍റെ ശ്രേഷ്ഠതയെക്കുറിച്ച് ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ സാധിക്കും.ജുമുഅക്ക് പോകുമ്പോള്‍ വെള്ള വസ്ത്രം ധരിക്കല്‍ സുന്നത്താണ്.ഇഹ്റാമിലല്ലാത്തവര്‍ക്ക് കുങ്കുമ ചായം മുക്കിയ വസ്ത്രങ്ങള്‍ ധരിക്കല്‍ പുരുഷന്മാര്‍ക്ക് ധരിക്കല്‍ ഹറാമാണ്.വ്യത്യസ്ത വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കല്‍ അനുവദനീയമാണ്.
നജസായ വസ്ത്രങ്ങള്‍ ധരിക്കല്‍ ഇസ്ലാം വിലക്കിയിട്ടുണ്ട്.ഈ വിലക്കുകള്‍ എല്ലാ മേഖലയിലും ഇല്ല.നിസ്കാരത്തില്‍ നജസായ വസ്ത്രങ്ങള്‍ ധരിക്കല്‍ ഹറാമാണ്.നജസായ വസ്ത്രം വൃത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ ധരിക്കാതെ നിസ്ക്കരിക്കുകയും പിന്നീട് മടക്കി നിസ്ക്കരിക്കുകയും വേണം.അത്പോലെ തന്നെ പട്ട് വസ്ത്രമല്ലാതെ മറ്റൊന്നും ലഭിക്കില്ലെങ്കില്‍ അത് ധരിച്ച് നിസ്കരിക്കണം.ചെറിയ നജസുകള്‍ക്ക് ചിലപ്പോള്‍ ഇളവുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ട്.ചെള്ള പോലെയുള്ളത് അടിച്ച് കൊല്ലുകയോ ചോരകുരു പോലെയുള്ളത് ഞെക്കുകയോ ചെയ്ത കാരണത്താല്‍ വസ്ത്രത്തില്‍ രക്തം പുരണ്ടാല്‍ അത് കൂടുതലുണ്ടെങ്കിലും മനപ്പൂര്‍വ്വം ചെയ്ത കാരണത്താല്‍ ഇളവ് ലഭിക്കുകയില്ല.
ഇങ്ങനെ വസ്ത്രത്തിന്‍റെ പവിത്രതകളും വിലക്കുകളും ഇസ്ലാം പഠിപ്പിക്കുന്നു.ലോകത്ത് വസ്ത്രത്തിനെക്കുറിച്ച് ഇത്രത്തോളം പരാമര്‍ശങ്ങളും അത് ധരിക്കേണ്ടതിന്‍റെ ആവശ്യതകളെ കുറിച്ച് പറഞ്ഞ ഇസ്ലാമല്ലാത്ത ഒരു മതത്തിനും സാധ്യമായിട്ടില്ല എന്ന് നമുക്ക് ബോധ്യമാകുന്നതാണ്

About Ahlussunna Online 1172 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*