തെക്കന്‍ കേരളം; പ്രതാപം തേടുന്ന ഇസ്ലാമിക ചൈതന്യം

അബ്ദുസ്സമദ് ടി. കരുവാരകുണ്ട്.

ഇന്ത്യയുടെ തെക്കുഭാഗം ഇന്ത്യന്‍ മാഹാസുമുദ്രത്താലും പടിഞ്ഞാറ് അറബിക്കടലിനാലും കിഴക്ക് പര്‍വത നിരകളാലും വടക്കുഭാഗം കായലുകളാലും നദികളാലും ചുറ്റപ്പെട്ട ഭൂപ്രദേശമാണ് ഭൂമി ശാസ്ത്രപരമായി തെക്കന്‍ കേരളം. രാഷ്ട്രീയമായും ചരിത്രപരമായും ഈ ഭൂപ്രദേശം പഴയ ചേരമണ്ഡല സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. രാഷ്ട്രീയമായ കാരണങ്ങളാല്‍ പല നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ട ഈ ദേശത്തേക്കുള്ള ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും ആഗമനത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും കൃത്യമായ രേഖകളില്ലെങ്കിലും ചില ചേര്‍ത്തുവായനകള്‍ നിഗമനങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. .

കേരളത്തിലേക്കുള്ള ഇസ്ലാമികാഗമനത്തിന്‍റെ പ്രധാന കണ്ണിയായി കരുതപ്പെടുന്ന മാലികുബ്നു ദീനാറിലൂടെത്തയൊണ് ഈ ദേശങ്ങളിലും ഇസ്ലാം വ്യാപിച്ചതെന്നാണ് കരുതേണ്ടത്. ഹിജ്റ 21ല്‍ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ ചേരമാന്‍ മസ്ജിദിന്‍റെ നിര്‍മാണത്തിനു ശേഷം അറബ് സംഘം നേരെ കൊല്ലത്തേക്കു യാത്ര ചെയ്ത് അവിടെ പള്ളി സ്ഥാപിച്ചതായാണ് ചരിത്രം. അതിന്‍റെയും മുമ്പുതന്നെ ഈ പ്രദേശങ്ങളുടെ തീരദേശങ്ങളില്‍ അറബ് വാണിക്കുകളുടെ നിരന്തര കച്ചവട സഞ്ചാരങ്ങളുണ്ടായിരുന്നുവെതില്‍ ചരിത്രത്തില്‍ രണ്ടു പക്ഷമില്ല. കൂടാതെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടില്‍ നിന്നും കരുമാര്‍ഗവും തെക്കന്‍ കേരളത്തില്‍ ഇസ്ലാം വ്യാപിച്ചു. ഇവിടെയുളള സ്വൂഫീ ചരിത്രങ്ങള്‍ വിശകലനം ചെയ്താല്‍ അക്കാര്യം ബോധ്യപ്പെടും. ചരിത്രതീരമായ തമിഴ്നാട്ടിലെ കായല്‍പട്ടണത്തുനിന്നും പഴയ കാലത്ത് മഅബര്‍ എ പേരിലറിയപ്പെട്ടിരു കോറമണ്ഡല്‍ തീരത്തുനിന്നും തേങ്ങാപട്ടണം വഴിയുമാണ് പ്രധാനമായും തെക്കന്‍ കേരളത്തിലേക്കുള്ള സ്വൂഫീ സഞ്ചാരങ്ങള്‍ നടന്നിട്ടുള്ളത്. കൂടാതെ തെക്കന്‍ കേരളത്തിലെ മുസ്ലിംകളില്‍ കച്ചവടാവശ്യാര്‍ത്ഥം ഇങ്ങോട്ടു കുടിയേറി പാര്‍ത്തവരുമാണ്. പട്ടാണികള്‍, ദഖ്നികള്‍, റാവുത്തര്‍മാര്‍, ലബ്ബമാര്‍, ഖാന്‍ വംശജര്‍ എന്നീ പേരികളിലറിയപ്പെടുന്ന പല വിഭാഗങ്ങളും സൈസിക, വ്യാപാര ആവശ്യങ്ങള്‍ക്കായി പഴയ തിരുവിതാംകൂറിലേക്ക് മാറിത്താമസിച്ചവരാണ്.

ചരിത്രത്തെ വസ്തുതാവത്ക്കരിക്കാന്‍ ആവശ്യമായ തെളിവുകള്‍ മലബാറിനെ അപേക്ഷിച്ച് തെക്കന്‍ കേരളത്തില്‍ കുറവാണെങ്കിലും, പ്രവാചക കാലത്തു കായല്‍പണത്തു നിര്‍മിക്കാപ്പെട്ടതായി കരുതപ്പെടു കടല്‍ക്കരൈപളളിയോട് ഏറെ സമാനതകളുള്ള പള്ളി കുളച്ചലില്‍ ഇന്നും കാണാം.

എഡി. പതിമൂാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരി തെക്കന്‍ കേരളത്തിലെ കൊല്ലത്തെക്കുറിച്ചും അവിടുത്തെ പള്ളിയെക്കുറിച്ചും പരാമര്‍ശിക്കുുണ്ട്. കൊല്ലം നഗരിത്തിലെ പ്രധാന പള്ളിയായ ജോനകപ്പുറം പള്ളിയാണ് പ്രസ്തുത പള്ളിയെന്നും അതിന് നൂറ്റാണ്ടുകളുടെ പഴക്കം അന്നുതയെുണ്ടായിരുുവെന്നും ചരിത്ര ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
തെക്കന്‍ കേരളത്തിലേക്കുള്ള സ്വൂഫീ സഞ്ചാരമാണ് ഇവിടങ്ങളിലെ ഇസ്ലാമിക ചരിത്രം ചികയുമ്പോള്‍ പ്രധാനമായും ഇറങ്ങിച്ചെല്ലേണ്ട ഒരിടം. വിവിധ കാലങ്ങളില്‍ ഇവിടെയെത്തിയ സ്വൂഫികളും മസ്താന്‍മാരും ഇവിടത്തെ ഇസ്ലാമിക ഉണര്‍വിന് കാരണമായിട്ടുണ്ട്. കൊല്ലവര്‍ഷമോ കാലഗണനയോ രേഖപ്പെടുത്തപ്പെടാത്തതു കൊണ്ട് ചരിത്രം കുറിച്ചിടുതിന് വലിയ പരിമിതിയുണ്ടെങ്കിലും അനിഷേധ്യമായ ചരിത്ര സ്മാരകങ്ങള്‍ ഇവിടുത്തെ പൈതൃകം പറയാന്‍ എത്രയോ പാകമാണ്.

തെക്കന്‍ കേരളത്തിലെ ഇസ്ലാമിക ചരിത്രം കുറിച്ചിടുമ്പോള്‍ സ്വാഭാവികമായി നേരിടു പല പ്രതിസന്ധികളുമുണ്ട്. മാപ്പിള മുസ്ലിം ചരിത്രമെഴുതിയ തദ്ദേശീയരോ വിദേശികളോ ആയ ചരിത്രകാരന്‍മാരെല്ലാം മലബാര്‍ കേന്ദ്രീകൃത മാപ്പിള ചരിത്ര രചനക്കാണ് പ്രാധാന്യം നല്‍കിയത് . അതിന് ചരിത്രപരമോ രാഷ്ട്രീയപരമോ ആയ കാരണങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, ചരിത്രകാരന്‍മാര്‍ക്കും ഗവേഷകര്‍ക്കും എല്ലാ കാലത്തും അവഗണിക്കാന്‍ കഴിയാത്ത വലിയ ചരിത്ര സ്രോതസ്സുകള്‍ തെക്കന്‍ കേരളത്തില്‍ നിലവിലുണ്ട്. അതിനെ ഗവേഷണ പാടവത്തോടെ അടയാളപ്പെടുത്താനും ശാസ്ത്രീയമായി അവതരിപ്പിക്കാനും കഴിഞ്ഞാല്‍ മാപ്പിള മുസ്ലിം ചരിത്രത്തിന് അതൊരു വലിയ മുതല്‍ക്കൂട്ടാകുമെതില്‍ തര്‍ക്കമുണ്ടാകില്ല.

തലസ്ഥാന നഗരി ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം ജില്ലയുടെ ഇസ്ലാമിക ചരിത്രം ചികഞ്ഞുചെന്നാല്‍ എഴുതപ്പെടാതെ പോയ മഹാചരിത്ര യാഥാര്‍ഥ്യങ്ങളിലേക്കാണ് എത്തിപ്പെടുക. കാരണം അത്രമാത്രം പ്രൗഢമായ ചരിത്ര പൈതൃകങ്ങള്‍ ഈ ദേശങ്ങളില്‍ അന്യാധീനപ്പെട്ടു കിടക്കുകയാണ്. പല കാരണങ്ങളാലും എഴുതപ്പെടാതെ പോയ ഈ ചരിത്ര വസ്തുതകളെ ബലപ്പെടുത്തുന്ന തെളിവുകളും സ്മരണകളും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നു.
കേരളത്തിലെ ഇസ്ലാമിന്‍റെ ആവിര്‍ഭാവ കാലത്തു തന്നെ ഈ ദേശത്ത് ഇസ്ലാം എത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ വാദത്തിന് നിദര്‍ശനമായി എടുത്തുപറയപ്പെടുന്ന രണ്ടു പള്ളികള്‍ ജില്ലയുടെ രണ്ടു തീരദേശങ്ങളില്‍ കാണാവുന്നതാണ്. അതില്‍ ഒന്ന് വിഴിഞ്ഞത്തും അടുത്തത് കുളച്ചലിലുമാണ്. വിഴിഞ്ഞത്തെ പുരാതന പള്ളി പുതുക്കി പണിതപ്പോള്‍ ഒരു ശേഷിപ്പും ബാക്കി വെക്കാതെയാണ് തകര്‍ത്തുക്കളഞ്ഞത്. ഇന്ന് പ്രസ്തുത പള്ളിയുടെ സ്ഥാനത്ത് ഒരു മള്‍ട്ടിപര്‍പ്പസ് കോണ്‍ക്രീറ്റു കെട്ടിടം ചരിത്രത്തെ വെല്ലുവിളിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു. എന്നാല്‍ ഇതേ കാലത്തു തന്നെ മാലികുബ്നു ദീനാറും സംഘവും നിര്‍മ്മിച്ചതായി കരുതുന്ന കുളച്ചാലിലെ പള്ളി ചരിത്രത്തിന്‍റെ മഹിത സാക്ഷിയായി ഇന്നും സംരക്ഷിച്ചുപോരുന്നു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി പുതുക്കി പണിതത് ഏറെ മാതൃകാപരമായിട്ടായിരുന്നു. പഴയ കല്‍പ്പള്ളിയില്‍ തൊടാതെ പഴയ പള്ളിക്കു ചുറ്റും കോണ്‍ക്രീറ്റ് കെട്ടിടം പണിതാണ് ഈ ചരിത്ര ശേഷിപ്പിനെ സംരക്ഷിക്കാന്‍ അവിടുത്തുകാര്‍ സന്നദ്ധത കാണിച്ചത്.

വിഴിഞ്ഞം ഒരു വലിയ ചരിത്രത്തിന്‍റെ മൂകസാക്ഷിയായി ഇന്നും നിലനില്‍ക്കുന്നു. ഭൂമിശാസ്ത്രപരമായി ഏറെ സവിശേഷതയുള്ള തീരപ്രദേശം അറബ് വാണിക്കുകളുടെയും സഞ്ചാരികളുടെയും പ്രബോധക സംഘങ്ങളുടെയും ഇഷ്ട കേന്ദ്രമായിരുന്നു. വിഴിഞ്ഞത്തിന്‍റെ തീര അതിര്‍ത്ഥി കൃത്യമായി വളഞ്ഞുകിടക്കുകയാണ്. ഈ ദേശത്തിന്‍റെ മൂന്നു ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ടതും കടലിലേക്കു തള്ളി നില്‍ക്കുന്നതുമാണ്. നിര്‍ദ്ദിഷ്ഠിത അന്താരാഷ്ട്ര തുറമുഖം ഈ പ്രദേശത്തു തന്നെ നിര്‍മ്മിക്കപ്പെടാന്‍ കാരണം അതിന്‍റെ ഭൂമിശാസ്ത്രപരമായ അനുകൂലാവസ്ഥയാണ്.

നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര പോര്‍ട്ടി നദിക്കഭിമുഖമായി മൂന്നു മഖാമുകള്‍ വിഴിഞ്ഞത്തുണ്ട്. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം എന്തുകൊണ്ടും കടല്‍ സഞ്ചാരികള്‍ക്കു വിശ്രമിക്കാന്‍ അനുകൂല കേന്ദ്രമാണ്. ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്ന മൂന്നു വലിയ പള്ളികളില്‍ അടക്കം ചെയ്യപ്പെട്ടവരുടെ പേരുകള്‍ പാരമ്പര്യമായി കൈമാറി പോരുന്നവയാണ്. അതില്‍ രണ്ടു ഖബറുകള്‍ അടുത്തടുത്തായി കാണാം. ഇസ്ലാമിക ചരിത്രത്തിലെ ആത്മീയ ചക്രവാളത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ന്‍റെ രണ്ടു ശിഷ്യരാണത്രെ ഇവിടെ ഖബറടക്കം ചെയ്യപ്പെട്ടിരിക്കുന്നത്. അവര്‍ സൂ/ഫൂ ഖലന്ദര്‍ വലിയ്യുല്ലാഹ്, അലി ഹസന്‍ വലിയ്യുള്ള എന്ന പേരുകളില്‍ അറിയപ്പെടുന്നു.

രണ്ടാം ഖബര്‍ പാറപ്പള്ളി മഖാം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഖബര്‍ അടങ്ങുന്ന മഖാം സ്ഥിതി ചെയ്യുന്നതു തന്നെ വലിയൊരു പാറയുടെ പശ്ചാത്തലത്തിലാണ്. ഇവിടെ അന്തിയുറങ്ങുന്ന മഹാډാര്‍ ശൈഖ് മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ നൂരി സ്വാഹിബ് വലിയുള്ള എന്ന പേരിലും തൊട്ടടുത്തു തന്നെ ശൈഖ് അബ്ദുല്‍ ഖാദിര്‍ സ്വാഹിബ് വലിയ്യുല്ലാഹ് എന്ന പേരിലറിയപ്പെടുന്നു. വിഴിഞ്ഞം കടലോരത്തെ മുന്നാം മഖാമില്‍ അടക്കപ്പെട്ടവര്‍ നൂരി സ്വാഹിബ് എന്ന പേരില്‍ അറിയപ്പെടുന്നു. അദ്ദേഹത്തെക്കുറിച്ച് വിഴഞ്ഞത്തുകാര്‍ക്കിടയില്‍ പല കഥകളും പ്രസിദ്ധമാണ്. ഏകദേശം നൂറ്റി അമ്പത് വര്‍ഷം പഴക്കമുണ്ട് ഈ ഖബറിന്.

അദ്ദേഹം സ്വന്തം പാചകം ചെയ്തു ഭക്ഷിക്കുന്ന സ്വഭാവക്കാരനായിരുന്നത്രെ. ഭക്ഷണ സമയത്ത് അടുത്തുള്ളവര്‍ക്കെല്ലാം അത് വീതം വെക്കും. കടലോരത്ത് കുടില്‍ കെട്ടിപ്പാര്‍ത്തിരുന്ന അദ്ദേഹത്തിന്‍റെ പാചകം ഏറെ കൗതുകരമായിരുന്നു. ഭക്ഷണ സാധനങ്ങളെല്ലാം ഒരേ കലത്തില്‍ ഇട്ട് അടുപ്പത്ത് വെക്കും. അതില്‍ ഇറച്ചിയും മീനും അരിയും പച്ചക്കറിയുമടങ്ങിയിരുന്നു. ഇത് വെന്തു പാകമാകുമ്പോള്‍ ഏറെ രുചിയൂറുന്ന ഗന്ധം ആരെയും ആകര്‍ഷിക്കും. ചിലര്‍ ഭക്ഷണം മോഷ്ടിക്കാന്‍ അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ശ്രമിച്ചാല്‍ പ്രസ്തുത പാത്രത്തില്‍ കാഷ്ടമാണത്രെ കണ്ടിരുന്നത്. അദ്ദേഹം വന്ന് അതു തുറന്നാല്‍ പഴയ ഭക്ഷണം തന്നെ. ആളുകള്‍ നല്‍കുന്ന പണം കടല്‍തീരത്ത് മണ്ണു മാന്തി അതിലിടും. ക്ഷാമകാലത്ത് കടലോര നിവാസികള്‍ക്ക് അതൊരു വലിയ അനുഗ്രഹമായിരുന്നത്രെ. ഈ കഥകള്‍ വിഴിഞ്ഞത്തുകാര്‍ ഇന്നും പറയും.

വിഴിഞ്ഞത്തു തന്നെ ഇസ്സുദ്ദീന്‍ വലിയുള്ളാഹി എന്നവരുടെ മഖാം കാണാം. ബര്‍ത്തരിപ്പത്ത മഖാം എന്ന പേരിലാണിതറിയപ്പെടുന്നത്. പ്രസവ സമയത്ത് ഈ മഖാമിലേക്ക് അരി വറുത്ത് നേര്‍ച്ചയാക്കുന്ന പതിവുണ്ടിവിടെ. ഈ ശീലത്തില്‍ നിന്നാണ് ബര്‍ത്ത അരി എന്ന പേരു കിട്ടിയത്. ഇങ്ങോട്ടു നേര്‍ച്ചയാക്കിയാല്‍ സുഖപ്രസവം ഉണ്ടായ നിരവധി സംഭവങ്ങള്‍ വിഴിഞ്ഞത്തുകാര്‍ പറയുന്നുണ്ട്. വിഴിഞ്ഞത്ത് മേവിട്ടു ഉപ്പ, പച്ചക്കിളി ഉപ്പ എന്ന രണ്ടു കാരണവരുണ്ടായിരുന്നത്രെ. ഒന്നാമന്‍ പരമ ഭക്തനും രണ്ടാമന്‍ അല്‍പം നിഷേധിയുമായിരുന്നു. രണ്ടാമന്‍ ഒരിക്കല്‍ ഒന്നാമനെ വെല്ലുവിളിച്ചത് ഈ മഖാമില്‍ കിടക്കുന്നയാള്‍ക്ക് ഒരു ദിവ്യത്വവുമില്ലെന്നു പറഞ്ഞായിരുന്നു. അവസാനം രണ്ടാമെന്‍റെ വെല്ലുവിളി ഇങ്ങനെയായിരുന്നു. ഇവിടെ വല്ല മഹത്വവുമുണ്ടെങ്കില്‍ കടല്‍ വെള്ളം കത്തണം. രണ്ടു പേരും വെള്ളം കോരി വിളക്കിലൊഴിച്ചു തിരിയിടുന്നു. തീ കൊടുത്തപ്പോള്‍ വിളക്കു കത്തിയ സംഭവം പാരമ്പര്യമായി ഇവിടെ കൈമാറിപ്പോരുന്നു.
വിഴിഞ്ഞത്തു തന്നെ മറ്റൊരു മഖാമും കൂടി കാണാം. ബഗ്ദാദില്‍ നിന്ന് ഇവിടെ എത്തിയവരാണെന്ന് നിഗമനം. അവരുടെ പേരുകള്‍ പില്‍കാലത്ത് സ്വപ്ന ദര്‍ശനത്തിലൂടെ അറിയപ്പെട്ടതാണ്. അഹ്മദ് വലിയുല്ലാഹി, മഹ്മൂദ് വലിയുല്ലാഹി, ഫാത്വിമ ശരീഫ എന്നീ മഹത്തുക്കളാണവര്‍. മൂന്നു പേടകങ്ങളിലായാണ് അവര്‍ ഇവിടെ എത്തിയതെന്നാണ് വിശ്വാസം.

വിഴിഞ്ഞത്തിന്‍റെ വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കോവളത്തിനടുത്ത് പനത്തറയില്‍ ശഹീദ് അഹ്മദ് വലിയുല്ലാഹി എന്ന രക്തസാക്ഷിയുടെ ഖബറിടമുണ്ട്. കോവളത്തു നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട് പനത്തറയിലേക്ക്. ഇദ്ദേഹം പുറം നാട്ടില്‍ നിന്ന് വന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവം കാരണം നിരവധി പേര്‍ ഇസ്ലാമിലേക്ക് മതം മാറി. ഇത് പലരെയും ചൊടിപ്പിച്ചു. ശത്രുക്കള്‍ കൂടി വന്നു. അവസാനം നടന്ന പോരാട്ടത്തില്‍ അദ്ദേഹം ശഹീദായി. ഈ മഖാമും പള്ളിയും കടലിനോടു തൊട്ടുരുമ്മിയാണ് നില്‍ക്കുന്നത്. നിരവധി തവണ കടല്‍ക്ഷോഭം ഉണ്ടായിട്ടും ഇതിനൊരു കേടുപാടും സംഭവിച്ചില്ല.

പൂവാറിലാണ് പ്രസിദ്ധമായ നൂഹ് വലിയുള്ളാഹിയുടെ മഖാമുള്ളത്. ഇവിടെ മൂന്നു ഖബറുകള്‍ കാണാം. അദ്ദേഹം കായല്‍പട്ടണത്തു നിന്നും ഇവിടെ എത്താന്‍ കാരണമായ ഒരു ചരിത്രമുണ്ട്. നൂഹ് വലിയുല്ലാഹി കായല്‍ പട്ടണത്തു താമസിക്കുന്ന കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരാളായിരുന്നു. ഒരിക്കല്‍ അവിടെ ഒരു തഹ്ലീലിന്‍റെ വിവാഹം നടന്നു. (ഒരാള്‍ ഒരുത്തിയെ മൂന്നു ത്വലാഖ് ചൊല്ലിയാല്‍ തിരിച്ചെടുക്കണമെങ്കില്‍ മറ്റൊരാള്‍ അവളെ നികാഹ് ചെയ്ത് ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ത്വലാഖ് ചൊല്ലകയും ഇദ്ദകഴിയുകയും വേണം) പ്രസ്തുത വിവാഹത്തില്‍ സ്ത്രീയുടെ രണ്ടാം ഭര്‍ത്താവായി വന്നത് നൂഹ് എന്നവരായിരുന്നു. ഐഹിക പരിത്യാഗിയായ അദ്ദേഹത്തിന് അതിലൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. മറ്റൊരാളെ സഹായിക്കാനായി അദ്ദേഹം അവളെ നികാഹ് ചെയ്തു. അന്നു രാത്രി റൂം ബന്ധിച്ച് വിളക്കണച്ചപ്പോള്‍ മുറിയാകെ പ്രകാശം. സ്ത്രീ നൂഹ്(റ)ന്‍റെ കാല്‍ക്കല്‍ വീണു.

എന്നെ ഒഴിവാക്കരുതെന്ന് മാപ്പപേക്ഷിച്ചു. അദ്ദേഹം കരിക്കട്ട കൊണ്ടുവരാന്‍ പറഞ്ഞു. ശേഷം ചുമരില്‍ ഒരു തോണി വരച്ചു. ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ ഓതി തോണിയില്‍ കയറാന്‍ പറഞ്ഞു. കണ്ണടക്കാന്‍ ആജ്ഞാപിച്ചു. തുറന്നപ്പോള്‍ ഇരുവരും കടലില്‍. അങ്ങനെ അവര്‍ പൂവാര്‍ തീരത്ത് കരപറ്റി. നൂഹ് വലിയുള്ളാ പൂവാറിലെത്തിയ ഇത്തരമൊരു കഥ ഇന്നും ഇവിടുത്തുകാരില്‍ പലരും പറയും. ഇദ്ദേഹത്തിന്‍റെ പ്രസിദ്ധമായ പല രചനകളും ഉണ്ട്. ഫത്ഹുസ്വമദ്, ഫത്ഹുന്നൂര്‍ തുടങ്ങിയ അറബി രചനയും വേദ പുരാമമെന്ന തമിഴ് രചനയും അതില്‍ പെടും. പ്രസ്തുത രചനകള്‍ ഇവിടെ ഇല്ലെന്നും കായല്‍പട്ടണത്തു ചെന്നാല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ പറയുന്നു.

തിരുവനന്തപുരത്തെ പ്രമുഖ മുസ്ലിം കേന്ദ്രമാണ് കണിയാപുരം. എറണാകുളത്തെ പ്രസിദ്ധമായ മുടിക്കല്‍ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുറസാഖ് മസ്താന്‍ കണിയാപുരത്തുകാരനായിരുന്നു. അദ്ദേഹം ഇരുന്ന സ്ഥലം ഇന്നും ഇവിടെ ആദരവോടെ സംരക്ഷിച്ചുപോരുന്നു. കണിയാപുരത്തുള്ള അബ്ദുല്‍ ഖാദിര്‍ മസ്താന്‍റെ ഖബറിടം ചെറുപ്പകാലത്ത് സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണ ഗുരു നിത്യസന്ദര്‍ശനം നടത്തിയിരുന്നതായി ചരിത്രത്തില്‍ കാണാവുന്നതാണ്.

കണിയാപുരത്ത് പഴയ കാലത്തു തന്നെ പള്ളി ദര്‍സു നിലനിന്ന സ്ഥലമായിരുന്നു. പ്രഗത്ഭരായ പലരും അവിടെ മുദരിസുമാരായി എത്തിയിരുന്നു. പെരുമാതുറ അലി അഹ്മദ് മുസ്ലിയാര്‍, കുഞ്ഞിപ്പക്കി മുസ്ലിയാര്‍, തലശ്ശേരി മൂസ മുസ്ലിയാര്‍, കോക്കൂര്‍ മുസ്ലിയാര്‍, പൂവാര്‍ നൂഹ് കണ്ണ് മുസ്ലിയാര്‍, നവായിക്കുളം മീരാ സാഹിബ് മൗലവി, വെളിയങ്കോട് മുഹമ്മദ് മുസ്ലിയാര്‍, സഹോദരന്‍ അബൂബക്കര്‍ മുസ്ലിയാര്‍, വൈലിത്തറ മുഹമ്മദ് മൗലവി (പ്രഭാഷകനായ വൈലിത്തറയുടെ പിതാവ്), കൊട്ടക്കര ഇബ്റാഹീം കുട്ടി മൗലവി തുടങ്ങിയ പ്രമുഖര്‍ മുദരിസുമാരായി വിവിധ കാലങ്ങളില്‍ ഇവിടെയെത്തി.

തിരുവനന്തപുരം പേട്ട പള്ളിയുടെ പരിസരത്തും കഴക്കൂട്ടത്തിന്നടുത്ത കുളത്തൂരിലും മഖാമുകള്‍ കാണാം. അതുപോലെ കടുവയില്‍ ഫരീദ് ഔലിയയുടെ കാലക്കാരാനെന്ന് വിശ്വസിക്കപ്പെടുന്ന ഒരു സ്വൂഫീഡ മസാറുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ ഖബര്‍ ഒരു കര്‍ഷകന്‍ ഉഴുതു മറിക്കുമ്പോള്‍ അറിയാതെ ഖബറിന്‍റെ ഭാഗത്തെത്തുകയായിരുന്നു. കൂടുതല്‍ പരിശേധിച്ചപ്പോള്‍ ഒരു പോറലുമേല്‍ക്കാത്ത കഫന്‍ പുടവ കണ്ടു. ഇവിടെ വലിയ സിയാറത്തു കേന്ദ്രമാണിന്ന്.
കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാല്‍പതടി നീളമുള്ള മൂന്നു ഖബറുകളുണ്ട്. നെടുമങ്ങാട്, പനക്കോട്, കട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലുള്ള ഈ ഖബറുകള്‍ പഴമയുടെ പ്രൗഢിയും പേറി ഇന്നും നിലനില്‍ക്കുന്നു.

ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ സിയാറത്തു കേന്ദ്രം പ്രസിദ്ധമായ ബീമാപള്ളി തന്നെയാണ്. അറേബ്യയില്‍ നിന്നെത്തിയ മാഹിന്‍ ശഹീദും അദ്ദേഹത്തിന്‍റെ മാതാവ് ബീമാ ബീവിയുമാണ് ഇവിടെ ഖബറടക്കം ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി കറാമത്തുകള്‍ വെളിവാക്കിയ മാഹിന്‍ ശഹീദ് (റ) തന്‍റെ വ്യക്തിപ്രഭാവം പല ശത്രുക്കള്‍ക്കും സുഖിച്ചില്ല. അവര്‍ അദ്ദേഹത്തിന് പല മുന്നറിയിപ്പുകളും നല്‍കി. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഉഴിഞ്ഞിട്ട ആ ജീവിതം ജാതിമത ഭേതമന്യേ ഏവരാലും സ്വീകരിക്കപ്പെട്ടു. എല്ലാവരുടെയും അത്താണിയായ മാഹിന്‍ (റ)വും ഉമ്മ ബീമാ ബീവിയും അശരണര്‍ക്കും രോഗികള്‍ക്കും അത്താണിയായി. അവസാനം ശത്രുക്കളുമായി ഏറ്റുമുട്ടി മാഹിന്‍(റ) ശഹീദായി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മഹതിയും മരണപ്പെട്ടു. ഇന്നിവിടെ മുസ്ലിംകളെക്കാള്‍ സന്ദര്‍ശനത്തിനെത്തുന്നത് അന്യ മതസ്ഥരാണെന്നത് വസ്തുതയാണ്.
തിരുവനന്തപുരം ജില്ലയിലെ പനവൂര്‍, തൊളിക്കോട്, കടവൂര്‍, ആലംകോട്, വാളക്കാട്, പെരിങ്ങമ്മല തുടങ്ങിയ സ്ഥലങ്ങളില്‍ പ്രസിദ്ധമായ ദര്‍സുകള്‍ നടന്നിരുന്ന സ്ഥലങ്ങളായിരുന്നു. പെരിങ്ങമ്മലയിലായിരുന്നു പ്രസിദ്ധനായ ഏഴിമല തങ്ങളുടെ മകന്‍ ത്വാഹാ ഇമ്പിച്ചിക്കോയ തങ്ങള്‍ ദര്‍സ് നടത്തിയിരുന്നത്. വിഴിഞ്ഞത്ത് തോനക്കല്‍ ഹസന്‍ മുസ്ലിയാര്‍, ചാലിയം പി.സി. ഹംസ മുസ്ലിയാര്‍, കായംകുളം അബൂബക്കര്‍ മുസ്ലിയാര്‍, കെ.കെ. അബ്ദുല്ല മൗലവി തുടങ്ങിയ പ്രമുഖര്‍ അധ്യാപനം നടത്തിയിട്ടുണ്ട്.

പ്രമുഖ മുസ്ലിം കേന്ദ്രമായ കരമനയിലാണ് പട്ടാന്‍ സാഹിബ് വലിയുല്ലാഹിയുടെ ഖബറിടം സ്ഥിതി ചെയ്യുന്നത്.
ജില്ലയില്‍ ആനുപാതികമായി ശാഫിഈ,ഹനഫീ രണ്ടിലൊരു മദ്ഹബ് സ്വീകരിച്ചവരാണ് മുസ്ലിംകള്‍ പ്രസിദ്ധമായ പാളയം ജുമുഅത്തു പള്ളിയില്‍ ഹനഫീ ആരാധനാ രീതിയാണ് നടന്നുവരുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു കിഴില്‍ മൂന്നു റെയ്ഞ്ചുകളിലായി 83 മദ്റസകളും അഞ്ച് അറബിക്കോളേജുകളും ഒരു വനിതാ ശരീഅത്തു കോളേജുമുണ്ട്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തിനില്‍ക്കുന്ന ജൂബിലി സൗധം ഇവിടുത്തെ ഇസ്ലാമിക ചൈതന്യം സമന്വയിപ്പിക്കാന്‍ പര്യാപ്തമായി നിലകൊള്ളുന്നു. അറബ് നാടുകളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വിഴിഞ്ഞ സഈദ് മുസ്ലിയാരാണ് സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ്.

അഷ്ടമുടി കായലിനും അറബിക്കടലിനുമിടയില്‍ സ്ഥിതി ചെയ്യുന്ന കൊല്ലം പട്ടണം നൂറ്റാണ്ടുകളുടെ മുസ്ലിം പ്രതാപത്തിന്‍റെ ശേഷിപ്പായി ഇന്നും നിലകൊള്ളുന്നു. മാലിക്ബ്നു ദീനാറും സംഘവും നിര്‍മ്മിച്ച പന്ത്രണ്ടു പള്ളികളില്‍ ഒന്ന് കൊല്ലത്തെ ജോനകപ്പുറം പള്ളിയായിരുന്നുവെന്നാണ് ചരിത്രം. പ്രസ്തുത പള്ളി നിന്നിരുന്ന സ്ഥലത്ത് ഇന്ന് ഒരു ശേഷിപ്പും അവശേഷിക്കുന്നില്ല. കടക്കല്‍ അബ്ദുല്‍ അസീസ് മൗലവിയാണ് അര നൂറ്റാണ്ടുക്കാലമായി ഇവിടുത്തെ ഖതീബ്. മാലിക് ബ്നു ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ പ്രഥമ പള്ളി സ്ഥാപിച്ച ശേഷം നേരെ തെക്കോട്ടാണ് സഞ്ചരിച്ചിരുനന്നത്. ഈ സഞ്ചാരത്തിനിടയില്‍ അവര്‍ കപ്പലിറങ്ങിയത് കൊല്ലത്തായിരുന്നു. ക്രി. 640 ലാണ് കൊല്ലത്ത് പള്ളി സ്ഥാപിച്ചത്. മാലിക്ബ്നു ഹബീബാണ് ഇവിടെ പള്ളി സ്ഥാപിച്ചത്. അദ്ദേഹം തന്നെയാണ് പ്രഥമ ഖാള്വിയും. ആദ്യം നിര്‍മ്മിച്ച പള്ളി കടലെടുത്ത ശേഷം 1240ല്‍ സ്ഥാപിച്ചതാണ് നിലവിലെ പള്ളിയുടെ പഴയ രൂപമെന്നും ചരിത്രമുണ്ട്.

കൊല്ലത്തെ മുസ്ലിം സാംസ്കാരിക ചരിത്രം തുടങ്ങുന്നതു തന്നെ ജോനകപ്പുറം കേന്ദ്രീകരിച്ചായിരുന്നു. കൊല്ലം നഗരത്തിന്‍റെ പടിഞ്ഞാറു ഭാഗത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പഴയ മലബാറില്‍ കോഴിക്കോടു കഴിഞ്ഞാല്‍ ഏറ്റവും വലിയ തുറമുഖ പട്ടണം കൊല്ലമായിരുന്നു. ഇബ്നു ബത്തൂത്ത തന്‍റെ രിഹ്ലയില്‍ ഇതു സംബന്ധമായി പ്രതിപാദിക്കുന്നുണ്ട്. ജോനകപ്പുറത്തെ പള്ളിയെക്കുറിച്ചും അതു കേന്ദ്രീകരിച്ചു രൂപപ്പെട്ട ഇസ്ലാമിക ചൈതന്യത്തെക്കുറിച്ചും ബത്തൂത്ത രേഖപ്പെടുത്തിയതായി കാണാം. അറബികളും ചൈനക്കാരും ക്രിസ്തു വര്‍ഷാരംഭത്തിനു മുമ്പു തന്നെ ഈ തുറമുഖ നഗരവുമായി വാണിജ്യത്തിലേര്‍പ്പെട്ടിരുന്നു. പഴയ വേണാട് നാട്ടുരാജ്യത്തിന്‍റെ തലസ്ഥാന നഗരിയായിരുന്ന കൊല്ലം ആഗോള വാണിജ്യ ഭൂപടത്തില്‍ തന്ത്രപ്രധാന കേന്ദ്രമായിരുന്നു.
കൊല്ലത്തു വന്ന മുസ്ലിം വിഭാഗങ്ങളെല്ലാം ഇവിടെ എത്തിയത് വാണിജ്യാവശ്യാര്‍ത്ഥമായിരുന്നു. ഗുജറാത്തിലെ കച്ചില്‍ നിന്നും വന്ന കച്ചിമേമന്മാര്‍, തിരുവിതാംകോട്ടു നിന്നെത്തിയ പിച്ചള വ്യാപാരികളായ മുസ്ലിംകള്‍, പന്തളം ദേശത്തു നിന്നും തുണി വ്യാപാരാവശ്യാര്‍ത്ഥം കുടിയേറി പാര്‍ത്തവര്‍, മലബാറില്‍ നിന്നുമെത്തിയ നിരവധി പണ്ഡിതന്മാര്‍ യമനിലെ ഹളര്‍മൗത്തില്‍ നിന്നും വന്ന സാദാത്തുക്കളായ ഹള്റമികള്‍ തുടങ്ങിയവര്‍ക്കെല്ലാം കൊല്ലം നഗരം ആതിഥ്യമരുളി.

ജോനകപ്പുറം പള്ളിയുടെ മുന്‍ഭാഗത്ത് നൂറുക്കണക്കിന് സയ്യിദുമാരും ബീവിമാരുമാണ് മറപെട്ടു കിടക്കുന്നത്. ഇവര്‍ ബാഫഖി ഖബീലക്കാരാണ്. ഇവിടെ വലിയ മഖാമില്‍ അബ്ദുല്ലാ ബാഫഖി അല്‍ഹള്മറമി എന്നു എഴുതിവെച്ചതായിക്കാണാവുന്നതാണ്. ഇതിനു തൊട്ടടുത്തു തന്നെ ബാപ്പുനജി വലിയുള്ളാ എന്ന മഹാന്‍റെ ഖബറും അതിനപ്പുറം പട്ടാണി തങ്ങളുടെ ഖബറും കാണാം.
കേരളത്തിലെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ചരിത്രത്തിലെ പ്രധാന വഴിത്തിരിവായി കണക്കാക്കപ്പെടുന്ന തരിസാ പള്ളി ശാസനത്തിന് വേദിയായത്. കേരളം ഭരിച്ചവരാണ് രവിവര്‍മ പെരുമാളിന്‍റെ അനുവാദത്തോടെ വേണാട്ടു രാജാവായ അയ്യനടി തിരുവടികള്‍ കുരക്കോണി കൊല്ലത്ത് (ഇന്നത്തെ കൊല്ലം) തരിസാ പള്ളിക്കു വേണ്ടി എഴുതിക്കൊടുത്ത അവകാശങ്ങളാണ് ശാസനയിലെ പ്രതിപാദ്യം. പേര്‍ഷ്യയില്‍ നിന്നുവന്ന ക്രൈസ്തവ പുരോഹിതനായിരുന്ന എശോദാതപിരായി എന്നയാള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയ ശാസനയാണ് തരിസാപള്ളി ശാസന. ക്രി. 848ലാണ് ഈ ശാസനം പുറത്തിറങ്ങിയത്. ഈ ശാസനത്തില്‍ സാക്ഷികളായ പതിനൊന്ന് മുസ്ലിം നാമങ്ങള്‍ കൂഫി (അറബി) പഹ്ലവി (പേര്‍ഷ്യന്‍) ഹിബ്രു ലിപികളില്‍ രേഖപ്പെടുത്തിയതായി കാണാം. ക്രി. 851 നു ശേഷമാണ് കേരളത്തില്‍ ഇസ്ലാമിന്‍റെ ആവിര്‍ഭാവം നടന്നതെന്ന ചരിത്രകാരډാരുടെ പൊതു വീക്ഷണത്തെ നിരാകരിക്കുന്ന തെളിവാണ് ഈ ചെമ്പു തകിടുകള്‍. ഒരു ശാസനയില്‍ സാക്ഷികളായി ഒപ്പിടണമെങ്കില്‍ അതിനു മെത്രയോ കാലങ്ങല്‍ക്കു മുമ്പ് ഇവിടെ മുസ്ലിം സാന്നിധ്യവും സ്വാധീനവും ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍.

പാരമ്പര്യ ഇസ്ലാമിന്‍റെ തനിപകര്‍പ്പുകളായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്നും ചരിത്ര സ്മാരകങ്ങള്‍ കാണാവുന്നതാണ്. അതില്‍ പ്രധാനമായും മഹാډാരുടെ മസാറുകള്‍ തന്നെയാണ്. പ്രസ്തുത മഖാമുകളെല്ലാം വളരെ കണിശമായി പരിപാലിച്ചു പോരുന്നു. കുണ്ടറ മഖാം, നേരത്തെ പരാമര്‍ശിച്ച ജോനകപ്പുറം മഖാം, കൊല്ലൂര്‍ വിള കൊച്ചു തങ്ങള്‍ എന്നറിയപ്പെടുന്ന അസ്സയ്യിദ് മുഹമ്മദദ് ബാഫഖി കൊച്ചുകോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന പള്ളിമുക്ക് മഖാം, ഈ മഖാമിനു സമീപത്താണ് പ്രമുഖനായ നൂഹ് കണ്ണ് മൗലവി അന്ത്യവിശ്രമം കള്ളുന്നത്. കരുനാഗപ്പള്ളി ശൈഖുമാരുടെ മഖാം, ശിഹാബുദ്ദീന്‍ മൗലവിയുടെ ഖബറിടം, കിളിക്കൊല്ലൂര്‍ തങ്ങള്‍ മഖാം, കണ്ണനല്ലൂര്‍ മഖാം, ഉമയനല്ലൂര്‍ ഖിള്ര്‍ പള്ളിയിലെ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ മഖാം, തട്ടാമലയിലെ സൂഫി മഖാം തുടങ്ങിയ നിരവധി ചരിത്രശേഷിപ്പുകള്‍ കൊല്ലത്തെ ഇസ്ലാമിക ചൈതന്യം വിളിച്ചോതുന്നു.

ഓച്ചിറ വടക്കേ പള്ളിയിലാണ് ഇതിഹാസ പുരുഷനായ പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അന്തിയുറങ്ങുന്നത്. പാരമ്പര്യ മുസ്ലിം ചരിത്രത്തിന് മറക്കാനാവാത്ത നാമമാണ് പതിയുടേത്. കാറ്റാനം സ്വദേശിയായ പതിയാരകത്ത് ശിഹാബുദ്ദീന്‍ എന്നവരുടെ മകനായാണ് പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ജനിച്ചത്. ആലപ്പുഴ ജില്ലയുടെ തെക്കെ അറ്റഗ്രാമമായ പള്ളിക്കുന്നത്ത് പതിയാരകം തറവാടാണ് ഇവരുടെ കുടുംബരേകള്‍. പ്രമുഖ പണ്ഡിതനും സൂഫിയുമായിരുന്ന വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരാണ് പതിയുടെ പ്രധാന ഉസ്താദ്.

ഇദ്ദേഹം മലബാറുകാരനായിരുന്നു. വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാര്‍ വെല്ലൂരിലെ പഠനശേഷം കായംകുളം, ക്ലാപ്പന തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി ശേഷം 1920 ല്‍ ഓച്ചിറയില്‍ മുദരിസായി. ഓച്ചിറ വടക്കേപള്ളിയുടെ പുരോഗതിയില്‍ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരെ മാറ്റിനിര്‍ത്തി ഒരു ചരിത്രമില്ല. ഇവിടെ നിന്നാണ് പതി വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചത്.
പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരും റശീദുദ്ദീന്‍ മൂസ മുസ്ലിയാരും വഴിതെളിയിച്ച സുന്നീ ആദര്‍ശ പോരാട്ട ഭൂമികയില്‍ പതിയുടെ രംഗപ്രവേശനത്തോടെ കൂടുതല്‍ ഊര്‍ജം കൈവന്നു. തിരുവിതാംകൂറില്‍ ഓതിപ്പഠിച്ച ഈ പണ്ഡിതന്‍റെ പ്രവര്‍ത്തനമണ്ഡലം മലബാര്‍ ആയിമാറിയത് യാദൃശ്ചികമായിരുന്നില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖ്യകാര്യദര്‍ശിയായിരുന്ന പറവണ്ണ മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാരാണ് പതിയെ മലബാറിലേക്ക് കമ്പിയടിച്ചു വരുത്തിയത്. 1949 മാര്‍ച്ച് 30നാണ് പതിയുടെ പ്രസിദ്ധമായ ഒന്നാം സംവാദം നടക്കുന്നത്.

കൊണ്ടോട്ടിക്കടുത്ത നെടിയിരിപ്പിലായിരുന്നു അത്. ശേഷം പതിയുടെ പടയോട്ടം തന്നെയായിരുന്നു. കൊല്ലത്തു നിന്നും വന്ന പതിയുടെ വാക്ചാതുര്യവും നിരീക്ഷണ പാഠവവും സാധാരണക്കാരെ പോലെ പണ്ഡിതരെയും ആകര്‍ഷിച്ചു. ശേഷം മലപ്പുറം, മഞ്ചേരി, കോഴിക്കോട്, മണ്ണാര്‍ക്കാട്, വേങ്ങര, കരുവാരക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ പതി നടത്തിയ വാദപ്രതിവാദങ്ങള്‍ മലബാറില്‍ സുന്നത്ത് ജമാഅത്തിന്‍റെ നിലനില്‍പ്പിന് കരുത്ത് പകര്‍ന്നു. പതിയുടെ ആശീര്‍വാദത്തോടെയാണ് വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കോട്ടുമല ഉസ്താദ്, എന്‍ അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ സംവാദ വേദിയിലെത്തിയത്. പതിയുടെ തേരോട്ടത്തോടൊപ്പം ശംസുല്‍ ഉലമയുടെ ജ്ഞാന സാഗരം കൂടി ചേര്‍ന്നപ്പോള്‍ സുന്നത്ത് ജമാഅത്തിന്‍റെ ശക്തി അജയ്യമായി. കാറില്‍ മൈക്ക് കെട്ടി വഹാബികള്‍ക്ക് മറുപടി കൊടുക്കുന്ന രീതി സ്വീകരിച്ച് പതി ഏവരാലും സ്വീകാര്യനായിരുന്നു.
മലബാറിലെ പണ്ഡിതډാര്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായ അല്ലാഹുവിലെ ‘ല’ പ്രശ്നത്തോടെയാണ് പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെന്ന വലിയ പണ്ഡിതന്‍ പൊതു രംഗം വിടുന്നത്. മുഖ്യധാര പണ്ഡിതډാരെല്ലാം ഈ വിഷയത്തില്‍ പതിക്കെതിരായിരുന്നു. ഈ വാദം പതി ഉന്നയിക്കാന്‍ പ്രധാന കാരണമായി തെക്കന്‍ ഭാഗത്ത് പറയപ്പെടുന്നത് പതിക്ക് അദ്ദേഹത്തിന്‍റെ ആത്മീയ ഗുരുവായ വാളക്കാട് ശൈഖിന്‍റെ സ്വാധീനമുണ്ടെന്നാണ്.

അദ്ദേഹം ഉത്തരേന്ത്യയില്‍ നിന്ന് വന്ന് ഇവിടെ കൂടിയായാളാണ്. ഉര്‍ദു ഭാഷയില്‍ ‘ള്ള’ എന്നതിനെയെല്ലാം ചെരിച്ചുകൊണ്ട് ‘ല്ലാ’ എന്നാണ് പറയുന്നതെന്നും അതാണ് പതിയുടെ വാദമായി വന്നതെന്നുനം പറയുന്നു. അതൊരു മസ്അല സംബന്ധമായ സംവാദമായി കഴിഞ്ഞുപോയതിനാല്‍ കൂടുതല്‍ ചര്‍ച്ചാ വിധേയമാക്കേണ്ട കാര്യമില്ല. സമസ്തയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലര്‍ അതിന്‍റെ പേരില്‍ അടുത്തിടെ കൊല്ലത്തു വന്ന് പതിയെന്ന വലിയ പണ്ഡിതനെ ആക്ഷേപിച്ച് പ്രസംഗിച്ചത് ഇവിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1958 ലാണ് പതിയെന്ന മഹാപ്രസ്ഥാനം കണ്ണടച്ചത്.

മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന ജില്ല കൊല്ലമാണ്. തെക്കന്‍ കേരളത്തിലെ ഇതര ജില്ലകളെപ്പോലെ മുസ്ലിം ജമാഅത്തുകളാണിവിടെ. ജോനകപ്പുറം, കൊല്ലൂര്‍വിള, കണ്ണനല്ലൂര്‍, മൊട്ടക്കാവ്, കൊളപ്പാടം, ചിന്നക്കട, പട്ടാളത്തുപള്ളി, കിളിക്കൊല്ലൂര്‍, തട്ടാമല, കുണ്ടറ, കരുനാഗപ്പള്ളി, കായംകുളം, അഞ്ചല്‍, തഴവ, ഉമയനല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ പ്രധാന മുസ്ലിം ചേരിപ്രദേശങ്ങളാണ്. പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പല പള്ളി ദര്‍സുകളും ജില്ലയിലുണ്ടായിരുന്നു. കണ്ണനല്ലൂര്‍, പള്ളിമുക്ക്, ജോനകപ്പുറം, ഒടേറ്റില്‍, മൊട്ടക്കാവ് ദര്‍സുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കപ്പെടുന്നു. ജോനകപ്പുറത്ത് ശിഹാബുദ്ദീന്‍ മൗലവിയും ഒടേറ്റില്‍ പെരുമ്പടപ്പ് മുഹമ്മദുണ്ണി മൗലവിയും ദീര്‍ഘകാലം മുദരിസീങ്ങളായിരുന്നു. മൊട്ടക്കാവ് ദര്‍സില്‍ മാറഞ്ചേരി മാമു മുസ്ലിയാര്‍ മുദരിസായിരുന്ന കാലത്താണ് നിലവിലെ വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പറായ ടി.കെ. ഇബ്റാഹീം കുട്ടി മുസ്ലിയാര്‍ ഓതിത്താമസിച്ചിരുന്നത്.

തബ്ലീഗ് ജമാഅത്തിനെതിരെ സമസ്തയുടെ പണ്ഡിതډാര്‍ തീരുമാനമെടുത്തപ്പോള്‍ തെക്കന്‍ കേരളത്തില്‍ നടന്ന വിശദീകരണ യോഗങ്ങളെക്കുറിച്ച് അന്നത്തെ സംഘാടകനായിരുന്ന ടി.കെ. ഇബ്റാഹീം കുട്ടി മുസ്ലിയാര്‍ക്ക് ഇന്നും നല്ല ഓര്‍മയാണ്. കൊല്ലത്തു നടന്ന ദക്ഷിണ കേരളാ സുന്നി സമ്മേളനത്തില്‍ സ്വാഗത ഭാഷകനായിരുന്നു അദ്ദേഹം. അണ്ടോണ അബ്ദുല്ല മുസ്ലിയാരായിരുന്നു പ്രധാനമായും വിശദീകരണ പ്രസംഗം നടത്തുക. തിരുവനന്തപുരം, നെടുമങ്ങാട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ അണ്ടോണയുടെ പ്രഭാഷണങ്ങള്‍ക്ക് സംഘാടകനായി ടി.കെയും ഉണ്ടായിരുന്നു. ഇസ്ലാമിക പ്രതാപത്തിന്‍റെ ജീവന്‍ തുടിക്കുന്ന സ്മാരകങ്ങളാല്‍ സമ്പന്നമാണ് കൊല്ലം. ഇതിനെ കൃത്യമായ അജണ്ടകളോടെ മുന്നോട്ടു കൊണ്ടുപോയാല്‍ സുന്നത്ത് ജമാഅത്തിന് വളരാന്‍ ഇവിടെ വളക്കൂറുള്ള മണ്ണാണ്.

കിഴക്കിന്‍റെ വെനീസ് എന്ന് ആലപ്പുഴക്കു പേരു വീണത് അതിന്‍റെ വിനോദ സഞ്ചാര സാധ്യതകള്‍ കൊണ്ടായിരുന്നില്ല. മറിച്ച് ആലപ്പുഴയുടെ വാണിജ്യ പ്രാധാന്യം കൊണ്ടായിരുന്നു. പടിഞ്ഞാറു നിന്ന് അറബിക്കടല്‍ വഴി വരുന്ന അറബ് കപ്പലുകളും കിഴക്കു നിന്നും വടക്കു നിന്നും കരമാര്‍ഗം വരുന്ന കച്ചവട പേടകങ്ങളും ആലപ്പുഴയെ ഒരു മുസ്ലിം നാഗരികതയുടെ സിരാകേന്ദ്രമാക്കിയിരുന്നു ഒരു കാലത്ത്. ആലപ്പുഴയുടെ ഇസ്ലാമിക പാരമ്പര്യ ചരിത്രം ചികഞ്ഞുപോയാല്‍ തകര്‍ക്കപ്പെടാതെ സംരക്ഷിച്ചുപോരുന്ന അനവധി സ്മാരകങ്ങള്‍ കാണാവുന്നതാണ്. ഒരുപക്ഷേ, തെക്കന്‍ കേരളത്തില്‍ ആലപ്പുഴക്കു മാത്രം അവകാശപ്പെടാന്‍ പറ്റിയ ഒരു ചരിത്ര സത്യമാണ് അത്.

കച്ചവട നഗരമായിരുന്നല്ലോ പഴയകാലത്ത് ആലപ്പുഴ. ലോക വാണിജ്യത്തെ കാലങ്ങളോളം നിയന്ത്രിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്ത പുരാതന റോമിന്‍റെ ഭാഗമായ വെനീസ് തുറമുഖത്തിന്‍റെ പേര് ആലപ്പുഴക്കു കിട്ടിയത് കച്ചവടം കൊണ്ടു മാത്രമായിരുന്നു. കിഴക്കിന്‍റെ വെനീസിനെ പ്രധാനമായും ആശ്രയിച്ചിരുന്നത് അറബികളായിരുന്നുവെന്നതാണ് ചരിത്രം. കേരളീയ ഉല്‍പ്പന്നങ്ങളായ കാപ്പി, തേയില, ചുക്ക്, കുരുമുളക്, ഏലം തുടങ്ങിയ മലഞ്ചരക്കുല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വ്യാപാരം നടത്താനാണ് അറബികള്‍ ആലപ്പുഴയെ ലക്ഷ്യമാക്കി എത്തിയത്. നിരന്തര യാത്രക്കൊടുവില്‍ ഇവിടെ സ്ഥിര താമസമാക്കിയവരുമുണ്ട് കൂട്ടത്തില്‍. അറബ് മുസ്ലിംകള്‍ സംഘടിച്ചാല്‍ അവിടെ പള്ളി സ്ഥാപിക്കുകയും ആ പള്ളി കേന്ദ്രീകരിച്ച് ഒരു ഇസ്ലാമിക സംസ്കാരം രൂപപ്പെടുകയും ചെയ്ത ചരിത്രാനുഭവം തന്നെയാണ് ആലപ്പുഴയുടെയും ചരിത്രം. മാലിക് ബ്നു ദീനാറിന്‍റെ അനുയായികള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പില്‍കാലത്ത് പണി കഴിപ്പിച്ച നാല്‍പതു പള്ളികളില്‍ രണ്ടെണ്ണം ആലപ്പുഴ നഗരത്തിലായിരുന്നുവെന്നാണ് ചരിത്രപക്ഷം. ആലപ്പുഴ നഗരത്തിന്‍റെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിന്‍റെ വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ ശാഫി മസ്ജിദും നഗരത്തിന്‍റെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കിഴക്കെ പള്ളിയുമാണ് പ്രസ്തുത പള്ളികള്‍. ആലപ്പുഴ ജില്ലയുടെ ഇസ്ലാമിക ചരിത്രവും വികാസവും തുടങ്ങുന്നത് ഈ പള്ളികള്‍ കേന്ദ്രീകരിച്ചാണ്.

ആലപ്പുഴ പടിഞ്ഞാറെ ശാഫി പള്ളി കേന്ദ്രീകരിച്ചു രൂപപ്പെട്ട ഇസ്ലാമിക ചൈതന്യത്തിനു കരുത്തായി ഇന്നും ഈ പള്ളിയുടെ പരിസരം ആത്മീയ നായകരുടെ അന്ത്യവിശ്രമത്താല്‍ സായൂജ്യത്തിലാണ്. ആറേക്കാറോളം വരുന്ന വിശാലമായ ഖബര്‍സ്ഥാന്‍റെ പടിഞ്ഞാറു ഭാഗത്ത് ധാരാളം ഔലിയാക്കള്‍ അന്തിയുറങ്ങുന്നു. അതില്‍ പ്രധാനമായും അറിയപ്പെട്ടവരുമുണ്ട്. ഹാശിം തങ്ങള്‍, മുത്തലിബ് തങ്ങള്‍ എന്നിവരുടെ ഖബറിടങ്ങള്‍ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഖബര്‍സ്ഥാന്‍റെ മറ്റൊരു ഭാഗത്ത് മണ്ണടി തങ്ങള്‍, പോക്കല്‍ മസ്താന്‍ അവരുടെ മക്കള്‍ എന്നിവരുടെ ഖബറിടങ്ങള്‍ സിയാറത്തു കേന്ദ്രങ്ങളായി സംരക്ഷിച്ചുപോരുന്നു. ഈ മഖാമിനുള്ളില്‍ നിന്ന് വലിയൊരു ആല്‍മരം പുറത്തു പന്തലിച്ചതായി കാണാം. ഈ ആല്‍ നില്‍ക്കുന്നിടത്ത് ഒരു മാവായിരുന്നത്രെ ഉണ്ടായിരുന്നത്. നല്ല കായ് ഫലമുള്ള ഈ മാവിലേക്ക് കുട്ടികള്‍ നിരന്തരം കല്ലെറിയുമായിരുന്നു. ഇത് സിയാറത്തിനു വന്ന ഒരാള്‍ക്ക് തടസ്സമായപ്പോള്‍, ഈ ഏറു നിര്‍ത്തണേ എന്നു പ്രാര്‍ത്ഥിച്ചു. തല്‍ക്ഷണം പ്രസ്തുത മാവ് കത്തിപ്പോവുകയും അവിടെ ഒരു ആല്‍മരം മുളച്ചുവരികയും ചെയ്തുവെന്നാണ് പൂര്‍വിക ചരിത്രം. ഇവിടെ മുഹറം പത്തിന് നേര്‍ച്ചയാചരിച്ചു പോരുന്നു.

ആലപ്പുഴയിലെ ഈ പുരാതന പള്ളിയുടെ ശില്‍പ ഭംഗി ഒരുപോറലുമേല്‍ക്കാതെ ഇന്നും സംരക്ഷിച്ചുപോരുന്നു. പുതിയ പള്ളിയുടെ കോണ്‍ക്രീറ്റ് ബില്‍ഡിംഗ് പഴയ പള്ളിക്കു ചുറ്റുമാണ് നിര്‍മ്മിക്കപ്പെട്ടത്.

കിഴക്കേ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത് ശൈഖ് അബ്ദുല്ല മസ്താന്‍ എന്ന വലിയാണ്. അദ്ദേഹത്തെപ്പറ്റി നാട്ടില്‍ പ്രചാരമുള്ള ഒരു ചരിത്രമുണ്ട്. അദ്ദേഹം മസ്ത്തായി പലതും പാടി ശബ്ദമുണ്ടാക്കി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ വിവരം പുറക്കാട് രാജാവറിഞ്ഞപ്പോള്‍ അയാള്‍ ഇദ്ദേഹത്തെ തുറങ്കിലടക്കാന്‍ ആജ്ഞാപിച്ചു. തുറങ്കില്‍ ഒരു ചാക്ക് കുമ്മായവുമുണ്ടായിരുന്നു. പിറ്റേ ദിവസം കതക് തുറന്നപ്പോള്‍ കുമ്മായം മുഴുവനും മസ്താന്‍ അകത്താക്കിയിരിക്കുന്നത്രെ. അദ്ദേഹം വയറു വീര്‍ത്തു കിടക്കുകയായിരുന്നു. കതകു തുറന്നുവിട്ടപ്പോള്‍ അദ്ദേഹം നേരെ കടല്‍ക്കരയിലേക്കു നീങ്ങി തന്‍റെ കുടലുകളെല്ലാം പുറത്തെടുത്ത് കഴുകി വൃത്തിയാക്കിയെന്നാണ് മസ്താന്‍ ചരിത്രം. ഈ മഖാമിന്‍റെ ചാരത്താണ് കിഴക്കേ പള്ളി. നിര്‍മ്മാണ ഭംഗി കൊണ്ട് കമനീയമാണ് ഈ പള്ളി.

പള്ളിയോടനുബന്ധിച്ചു തന്നെ വിശാലമായ കുളവും കാണാം. പുരാതന സംരക്ഷണത്തിന്‍റെ മഹനീയ മാതൃകയായി ആലപ്പുഴയിലെ രണ്ടു പള്ളികളെയും കാണാം. പുറക്കാട് രാജാവ് മസ്താനെ തടവിലിട്ടപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത്രെ: “പുറക്കാട് കാടും ആലപ്പുഴ ബന്ധറും” പഴയ ആലപ്പുഴ തുറമുഖമടങ്ങുന്ന സ്ഥലം പുറക്കാടായിരുന്നു. ഇന്ന് പുറക്കാടിനു വലിയ പ്രസക്തിയില്ല. മറിച്ച് ആലപ്പുഴ വലിയ നഗരമായി വളര്‍ന്നുകഴിഞ്ഞു. “ബന്ധര്‍” എന്നാല്‍ പട്ടണം എന്നാണ് അര്‍ത്ഥമാക്കുന്നത്.

തെക്കന്‍ കേരളത്തിലെ പ്രധാന ഹള്റമീ കുടിയേറ്റം നടന്ന ദേശം ആലപ്പുഴയാണ്. ജില്ലയിലെ വടുതല സാദാത്തുക്കളുടെ സിരാ കേന്ദ്രമാണ്. സാദാത്ത് പരമ്പരയിലെ നിരവധി ഖബീലക്കാര്‍ വടുതലയിലും പരിസര പ്രദേശങ്ങളിലും ഇന്നുമുണ്ട്. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ സാദാത്ത് മഖാം നിലകൊള്ളുന്നത് വടുതല കാട്ടുപുറം പള്ളിയിലാണ്. ജില്ലയുടെ വടക്കേ അറ്റത്ത് മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശം അറിവിന്‍റെയും ഇസ്ലാമിക ജ്ഞാന പ്രസരത്തിന്‍റെയും ചരിത്ര കേന്ദ്രമാണ്. ഒരുകാലത്ത് രണ്ടാം പൊന്നാനിയെന്നു വരെ ഈ പ്രദേശത്തെ വിളിച്ചിരുന്നു. ജീവിതകാലത്ത് നിരവധി അമാനുഷികതകള്‍ കാണിച്ച വലിയൊരു സാദാത്തു പരമ്പര ഈ ദേശത്തു മറപ്പെട്ടു കിടക്കുന്നു. പുതിയ മാളിയേക്കല്‍, പറമ്പില്‍ തുടങ്ങിയ കുടുംബങ്ങളാണ് ഇന്നത്തെ ഇവിടത്തെ തങ്ങډാര്‍. അധ്യാത്മിക മേഖലക്ക് വലിയ സംഭാവനകള്‍ നല്‍കിയ പ്രദേശമാണ് വടുതല. പ്രസിദ്ധമായ ബദര്‍ മൗലിദിന്‍റെ രചയിതാവ് ശൈഖ് അബ്ദുല്‍ അസീസ് വടുതലയിലെ കാട്ടുപള്ളിയില്‍ മുദരിസായിരുന്നു. ഇവിടെ തന്നെ മുദരിസായിരുന്ന വടുതല മൂസ മുസ്ലിയാര്‍ ബദര്‍ കാവ്യം രചിച്ചിട്ടുണ്ട്. പ്രമുഖ പണ്ഡിതനായ വടുതല കുഞ്ഞുബാവ മുസ്ലിയാര്‍ അദ്ദേഹത്തിന്‍റെ സഹോദരനാണ്. ഇമാം ഗസ്സാലി(റ)യുടെ ഇഹ്യാ ഉലൂമുദ്ദീന്‍റെ പരിഭാഷയെഴുതിയ ചാവക്കാട് പാടൂരിലെ കുഞ്ഞുബാവ മുസ്ലിയാര്‍ ഓതിത്താമസിച്ചത് വടുതലയിലായിരുന്നു. ഇദ്ദേഹത്തിന്‍റെ ശിഷ്യനാണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് വി.എം. മൂസ മൗലവി. അല്‍പ കാലം മുമ്പ് മരണപ്പെട്ട പ്രമുഖ പണ്ഡിതനും നിമിഷക്കവിയുമായ എം.കെ. അഹ്മദ് മുസ്ലിയാര്‍ വടുതലയുടെ ആത്മീയ ചരിത്രത്തെ ധന്യമാക്കിയാണ് കടന്നുപോയത്.

ഇതിനെല്ലാം പുറമെ ദക്ഷിണ കേരളത്തിലെ പ്രസിദ്ധിയാര്‍ജിച്ചതും അല്ലാത്തതുമായ നിരവധി പുണ്യസ്ഥലങ്ങള്‍ ആലപ്പുഴയിലുണ്ട്. പുറക്കാട് അറബി സയ്യിദ് മഖാം, വടുതലയിലെ അബ്ദുല്ലാഹിശ്ശാത്വിരി മഖാം, പറമ്പില്‍ ആറ്റക്കോയ തങ്ങള്‍ മഖാം, ചേര്‍ത്തല ശുഹദാ മഖാം, പൊന്നാം വിളി പുത്തന്‍ കാവ് പള്ളി മഖാം, ചേര്‍ത്തല തൈക്കല്‍ മഖാം, ആര്യാട് ജുമുഅത്തു പള്ളിയിലെ മഖാം, ആലപ്പുഴ ആറ്റക്കോയ തങ്ങള്‍ മഖാം, പടിഞ്ഞാറെ പള്ളിയില്‍ തന്നെ പ്രസിദ്ധനായ പല്ലന ഉസ്താദ് (അമ്പലപ്പുനഴ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍) മഖാം, പുളിമാട് ജുമുഅ മസ്ജിദ് മഖാം, കുന്നുംപുറം ഔലിയ മഖാം, കുറുക്കന്‍ തങ്ങള്‍ മഖാം, മക്കിടുഷാ മസ്ജിദ് മഖാം, ഖാദര്‍ ഒലി ബാവ മഖാം, പാണ്ടിത്തക്യാവ് മഖാം, തെക്കെ മഹല്ല് ത്വരഖ് മസ്താന്‍ മഖാം, പഴവങ്ങാടി ശുഹദാ മഖാം, കായംകുളം ശുഹദാ മഖാം, ആഭിക്കാട്ടു കുളങ്ങര മഖാം തുടങ്ങി നിരവധി പുണ്യ പുരുഷډാരുടെ ആത്മീയ ചൈതന്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ദേശമാണ് ആലപ്പുഴ. ജില്ലയുടെ വലിയൊരു ഭാഗം വെള്ളവും വയലുമെല്ലാമാണെങ്കിലും കര പ്രദേശങ്ങളിലധികവും മുസ്ലിം കേന്ദ്രങ്ങളുണ്ട്.

കുറുക്കന്‍ തങ്ങള്‍ എന്ന പേരിലറിയപ്പെട്ട തങ്ങളുടെ ചരിത്രം പ്രസിദ്ധമാണ്. ഒരിക്കല്‍ ഒരു കുറുക്കന്‍ അടുത്തുള്ള ഒരു കോഴിയെ പിടിച്ചുവത്രെ. സംഭവം തങ്ങള്‍ അറിഞ്ഞപ്പോള്‍, കോഴിയെ കൊണ്ടു വാടൈ എന്നു പറഞ്ഞത്രെ. ഉടന്‍ കുറുക്കന്‍ കോഴിയെയും കൂടി തിരിച്ചുവന്നുവെന്നാണ് ചരിത്രം. അതിനു ശേഷമാണ് അദ്ദേഹത്തിന് കുറുക്കന്‍ തങ്ങള്‍ എന്നു പേരു വന്നതെന്നാണ് പൂര്‍വിക മതം.

ജില്ലയിലെ പ്രമുഖ നഗരമായ ചങ്ങണാശ്ശേരിക്കടുത്ത് കറുത്ത തങ്ങളുടെ മഖാമുണ്ട്. അദ്ദേഹത്തിന്‍റെ കാലില്‍ ഒരു മുറിവുണ്ടായിരുന്നത്രെ. മുറിവില്‍ പുഴുക്കളുമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അദ്ദേഹം കുളിക്കാന്‍ കുളിമുറിയില്‍ കയറുന്നതിനു മുമ്പ് ഇറങ്ങടൈ എന്നു പറയുമ്പോള്‍ പുഴുക്കല്‍ ഇറങ്ങിപ്പോവുകയും തിരികെ വന്നാല്‍ വീണ്ടും മുറിവില്‍ കയറുകയും ചെയ്തിരുന്നതായി ഇവിടെ ഒരു കേട്ടുകേള്‍വിയുണ്ട്.

പുറക്കാട് ദിവാനായി രാജകേശവ ദാസ് വന്നതോടെയാണ് ആധുനിക ആലപ്പുഴയുടെ ചരിത്രം ആരംഭിക്കുന്നത്. ഈ ചരിത്രം ഏകദേശം മുസ്ലിം ചരിത്ര ബന്ധിതവുമാണ്. ഇദ്ദേഹമാണ് പുറത്തുനിന്നുള്ള മുസ്ലിം വാണിക്കുകളെയും തൊഴിലാളികളെയും ആലപ്പുഴയിലേക്ക് ക്ഷണിക്കുന്നത്. ഏകദേശം ഇരുന്നൂറു കൊല്ലം മുമ്പായിരുന്നു അത്. ഇവിടുത്തെ ഇന്നത്തെ മുസ്ലിംകളുടെ പൂര്‍വികരിലധികവും അങ്ങനെ വന്നവരാണ്. ഗുജറാത്തിലെ കച്ചില്‍ നിന്നും വന്ന കച്ചിമാര്‍, ആലായി സേട്ടുമാര്‍, കോയമാര്‍, പട്ടാണികള്‍, റാവുത്തര്‍ മാര്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം രാജ കേശവദാസ് ദിവാനായ കാലത്ത് ആലപ്പുഴയിലേക്ക് കുടിയേറിയവരാണ്.
ആലപ്പുഴ പടിഞ്ഞാറെ പള്ളിയുടെ പിന്നിലൂടെ സഞ്ചരിച്ചാല്‍ സകരിയ ബസാറില്‍ മുഹമ്മാന്‍റെ ഇടവഴിക്കടുത്ത് ഒരു പള്ളിയുണ്ട്. അവിടെ മഖാമില്‍ സയ്യിദ് മഹ്ദലി തങ്ങളുടെ മസാറുണ്ട്. ഈ മഖാമിനെ ചുറ്റിപ്പറ്റി പന്ത്രണ്ടോളം വീടുകളുണ്ട്. ഇവര്‍ ശീഈ ആശയക്കാരാണെന്നാണ് അറിവ്. പഴയകാലത്ത് ശീഈ ആചാരങ്ങള്‍ പലതും ഇവിടെ നടന്നിരുന്നു. ഇപ്പോള്‍ അത്ര ശക്തമായി ഇല്ല.
പടിഞ്ഞാറെ പള്ളിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദിയ്യാ മദ്റസ, ഹാശിമിയ്യാ മദ്റസ എന്നിവിടങ്ങളില്‍ പഴയകാലത്ത് ഈജിപ്തില്‍ നിന്നു വരെ പണ്ഡിതډാര്‍ അധ്യാപകരായെത്തിയിരുന്നുവെന്നാണ് ചരിത്രം. പില്‍ക്കാലത്തു വന്ന നടത്തിപ്പുക്കാരുടെ അപചയം കാരണം ആ വലിയ വൈജ്ഞാനിക സാധ്യത ഇല്ലാതായി. ഇവിടെയുള്ള പല വിലപ്പെട്ട ഗ്രന്ഥങ്ങളും പലരും കടത്തിക്കൊണ്ടുപോയി.

കേരള മുസ്ലിം ചരിത്രത്തില്‍ തന്നെ അറിയപ്പെട്ട കൂട്ടായ്മയായിരുന്നു ആലപ്പുഴയിലെ ലജ്നത്തുല്‍ മുഹമ്മദിയ്യ. മത സാംസ്കാരിക രംഗത്തെ ലജ്നത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലജ്നത്ത് നടത്തിയിരുന്ന നബിദിനാഘോഷങ്ങള്‍ വലിയ സംഭവങ്ങളായിരുന്നു. എഴുപതുകളില്‍ നടന്ന നബിദിന റാലിക്കിടെയുണ്ടായ ദാരുണമായ വെടിവെപ്പു സംഭവം ലജ്നത്തിന്‍റെ നിലനില്‍പ്പിനെ സാരമായി ബാധിച്ചു. പ്രസ്തുത സംഘം അത്ര വിപുലമായ അജണ്ടകളോടെയല്ല പ്രവര്‍ത്തിക്കുന്നത്.
മലബാറില്‍ നിന്നെത്തിയ വലിയ പണ്ഡിതډാര്‍ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. കായംകുളത്തെ പ്രമുഖ സ്ഥാപനമായ ജാമിഅ: ഹസനിയ്യ:യില്‍ കിടങ്ങയം ഇബ്റാഹീം മുസ്ലിയാര്‍, മഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ.സി. ജമാലുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ മുദരിസീങ്ങളായിരുന്നു. കക്കായത്തെ പള്ളിയിലാണ് പാങ്ങില്‍ ബാപ്പു മുസ്ലിയാര്‍ ദര്‍സ് നടത്തിയിരുന്നത്. സമസ്തയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട എ.വി. മാനുപ്പ മുസ്ലിയാര്‍ ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്. കൂടാതെ ആലപ്പുഴ പടിഞ്ഞാറെ പള്ളിയില്‍ ദര്‍സ് നടത്തിയിരുന്ന പ്രമുഖനാണ് ഇരുമ്പുഴി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍. ഇന്ന് ഈ പള്ളിയില്‍ പന്തല്ലൂര്‍ കുഞ്ഞാന്‍ മുസ്ലിയാരാണ് ഇമാം. പടിഞ്ഞാറെ പള്ളിയില്‍ കാലങ്ങളോളം കാര്‍മികത്വം വഹിച്ച ആലപ്പുഴ ഉമര്‍ ഖാള്വിയുടെ ഖബറിടവും പടിഞ്ഞാറെ പള്ളിയില്‍ കാണാവുന്നതാണ്.

കേരളത്തിന്‍റെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ല കടല്‍ തീരമില്ലാത്ത ജില്ലയെന്ന പ്രത്യേകതയുണ്ട്. തീര പ്രദേശമില്ലാതിരുന്നിട്ടു കൂടി ഈ ജില്ലക്ക് നൂറ്റാണ്ടുകളുടെ ഇസ്ലമിക പാരമ്പര്യമുണ്ട്. അതിന്‍റെ ജീവിക്കുന്ന തെളിവുകളായി ഇന്നും ജില്ലയിലെ പുരാതന പള്ളികള്‍ കാണാവുന്നതാണ്. കോട്ടയത്തെ മുസ്ലിംകള്‍ കച്ചവടക്കാരായതിനാല്‍ മുസ്ലിം അധീന പ്രദേശങ്ങള്‍ അധികവും നഗര കേന്ദ്രീകൃതമായിട്ടാണ് ജീവിക്കുന്നത്. കൂടാതെ ജില്ലയിലെ ന്യൂനപക്ഷമായ മുസ്ലിംകളുടെ സംഘടിത രൂപമായ മഹല്ലു ജമാഅത്തുകളും നഗര കേന്ദ്രീകൃതമാണ്. ജില്ലയുടെ ആസ്ഥാന നഗരിയായ കോട്ടയത്തു തന്നെയാണ് ഏറ്റവും പുരാതനമായ മുസ്ലിം പള്ളിയും മുസ്ലിം സാംസ്കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. കോട്ടയം നഗരത്തിലെ താഴത്തങ്ങാടി പള്ളിയുടെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ മത പ്രചരാണര്‍ത്ഥം ആദ്യമെത്തിയ സംഘം തന്നെയാണ് കോട്ടയത്ത് ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തിന് നേതൃത്വം നല്‍കിയതെന്ന് കരുതപ്പെടുന്നു. പ്രസ്തുത പള്ളി കേന്ദ്രീകരിച്ച് ഒരു സംസ്കാരം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഈ പള്ളിയുടെ സമീപം പുണ്യാത്മാക്കളുടെ ഖബറിടങ്ങളും വലിയ ഖബര്‍സ്ഥാനും നിലവിലുണ്ട്. ഈ പള്ളിയെക്കൂടാതെ നഗരത്തില്‍ മറ്റു മൂന്നു ജുമുഅത്തു പള്ളികള്‍ കൂടിയുണ്ട്. ക്രൈസ്തവ ഭൂരിപക്ഷമായിരുന്നിട്ടു കൂടി ഈ നഗരത്തില്‍ പ്രസ്തുത മഹല്ലു ജമാഅത്തുകള്‍ക്ക് ഗണ്യമായ സ്വാധീനം നഗരത്തില്‍ ചെലുത്താന്‍ കഴിയുന്നു. കോട്ടയം നഗര വ്യവസായ വാണിജ്യ മേഖലയിലെ വലിയ ശക്തിയാണ് മുസ്ലിംകള്‍. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ മുസ്ലിം അധീന പ്രദേശമാണ് ഈരാറ്റുപേട്ട. തെക്കന്‍ കേരളത്തിലെ പ്രധാന ചരിത്രദേശം കൂടിയാണ് ഈ ദേശം.

ജനസംഖ്യയുടെ 94 ശതമാനവുനം മുസ്ലിംകളാണിവിടെ. ഈരാറ്റു പേട്ടയുടെ ഇസ്ലാമിക ചരിത്രം ശൈഖ് ഫരീദ് ഔലിയയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ദേശാന്തര സഞ്ചാരിയായ ഫരീദ് ഔലിയ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്‍റെ വടക്കന്‍ മേഖലയില്‍ നിന്ന് പുറപ്പെട്ട് ഈരാറ്റു പേട്ടയിലെത്തിയെന്നാണ് ചരിത്രം. ഏകദേശം എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഫരീദ് ഔലിയ ഇവിടെയെത്തിയതെന്ന് കരുതപ്പെടുന്നു.

ഫരീദ് ഔലിയയുടെ സ്വാധീനമുണ്ടായ സ്ഥലങ്ങള്‍ ജില്ലയില്‍ രണ്ടുമൂന്നിടത്ത് കാണാവുന്നതാണ്. കോട്ടയം ജില്ലയിലെ വാഗമണിനടുത്ത് കോലഹലമേട് എന്ന സ്ഥളത്തും ഈരാറ്റുപേട്ട പുത്തന്‍ പള്ളിക്ക് സമീപവും എറണാകുളം ജില്ലയിലെ കാഞ്ഞിരമുറ്റത്തും ഫരീദ് ഔലിയയുടെ മഖാമുകളുണ്ട്. ഇതില്‍ എവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തതെന്ന് കൃത്യമല്ല. പ്രസ്തുത സ്ഥലങ്ങളിലെല്ലാം അദ്ദേഹം ആരാധനയുമായി കഴിഞ്ഞുകൂടിയിരുന്നതിനാല്‍ അവിടങ്ങള്‍ പവിത്ര കേന്ദ്രങ്ങളായി മാറിയതാണെന്നാണ് ചരിത്രമതം. ഈരാറ്റുപേട്ടയിലെത്തിയ ഫരീദ് ഔലിയയുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടനായ പൂഞ്ഞാള്‍ രാജാവ് അദ്ദേഹത്തിന് ആറേക്കര്‍ ഭൂമി പതിച്ചുനല്‍കിയെന്നും ഈ ഭൂമിയിലാണ് ഈരാറ്റുപേട്ടയിലെ പ്രസിദ്ധമായ നൈനാര്‍ പള്ളിയും പുത്തന്‍പള്ളിയും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഫരീദ് ഓലിയ കാഞ്ഞിരമറ്റത്തടങ്ങാനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. ഇവിടം പ്രസിദ്ധമായ സിയാറത്തു കേന്ദ്രമാണിന്ന്. കേരളത്തിലെ പ്രമുഖ സിയാറത്തു കേന്ദ്രമാണല്ലോ കാഞ്ഞിരമറ്റം.

ഈരാറ്റു പേട്ടയിലെ നൈനാര്‍ പള്ളി കേന്ദ്രീകരിച്ചു വികസിച്ചുവന്ന ഒരു ഇസ്ലാമിക ചരിത്രം ഏറെ ശ്രദ്ധേയമാണ്. നൈനാര്‍ പള്ളിയുടെ സമീപത്ത് രണ്ടു മഖ്ബറകളുണ്ട്. അതിലൊന്ന് ശൈഖ് സഈദ് ബാവ വലിയുല്ലാഹി അന്ത്രൂത്തിയുടേതും പുത്രന്‍ അബ്ദുറഹ്മാന്‍ വലിയുല്ലാഹിയുടേതുമാണ്. ശൈഖ് സഈദ് ബാവ പ്രമുഖ സ്വഹാബിവര്യനായ ഉക്കാശത്തുബ്നു മിഹ്സന്‍(റ)ന്‍റെ സന്താന പരമ്പരയില്‍ പെട്ടവരായിരുന്നു. ഹിജ്റ 720ലാണ് അവര്‍ ഈരാറ്റു പേട്ടയിലെത്തിയെന്നാണ് ചരിത്രം. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലേക്ക് മക്കയില്‍ നിന്ന് എത്തുകയും സ്വപ്ന ദര്‍ശനത്തിലൂടെ ഈരാറ്റു പേട്ടയിലെത്തുകയും ചെയ്തുവെന്നും ചരിത്രമുണ്ട്. അദ്ദേഹത്തിന്‍റെ വ്യക്തി വിശുദ്ധിയില്‍ ആകൃഷ്ടരായി ധാരാളം ആളുകള്‍ ഇസ്ലാം ആശ്ലേഷിക്കുകയും അവര്‍ അവിടെ പള്ളി സ്ഥാപിക്കുകയും അവിടെ അദ്ദേഹത്തെ തന്നെ ഖാള്വിയാക്കുകയും ചെയ്തു. സഈദ് ബാവയുടെ പിന്‍മുറക്കാരെയാണ് ഇന്ന് ലബ്ബമാരായി ഇവിടെ അറിയപ്പെടുന്നത്. ഈ പരമ്പരയില്‍ പെട്ടവരാണ് അടുത്ത കാലം വരെ നൈനാര്‍ പള്ളിയിലെ ഇമാമുമാരായി ഉണ്ടായിരുന്നത്.

പ്രസിദ്ധമായ എരുമേലിപ്പള്ളി കോട്ടയം ജില്ലയിലെ പ്രസിദ്ധ മുസ്ലിം കേന്ദ്രമാണ്. ശബരി മലയിലെ അയ്യപ്പന്‍റെ ചരിത്രവുമായി ഇടചേര്‍ന്നു നില്‍ക്കുന്ന വാവരുടെ ചരിത്രം എരുമേലി പള്ളി കേന്ദ്രീകരിച്ചു കിടക്കുന്നു. ആചാരങ്ങളിലും വിശ്വാസങ്ങളിലും ഐത്യഹങ്ങളിലുമെല്ലാം എരുമേലിയിലെ ഹിന്ദു-മുസ്ലിം മൈത്രിയുടെ കഥകള്‍ പ്രസിദ്ധമാണ്. അയ്യപ്പനും വാവരും സുഹൃത്തുക്കളായിരുന്നുവെന്ന ഐതിഹ്യം എരുമേലിയെയാണ് കേന്ദ്ര ബിന്ധുവാക്കിയിരിക്കുന്നത്. പ്രസ്തുത കഥകള്‍ക്ക് ചരിത്രത്തില്‍ നിരവധി അവ്യക്തതകളുണ്ടെങ്കിലും ഐതിഹ്യങ്ങള്‍ ധാരാളമുണ്ട്. ശാസ്താംപാട്ടുകളിലും ശ്രീദൂതാനഥോപാഖ്യാനത്തിലും അയ്യപ്പന്‍-വാവര്‍ ചരിത്രത്തിന്‍റെ പരാമര്‍ശങ്ങളുണ്ട്. വാവര്‍ അറബ് വ്യാപാരിയായിരുന്നുവെന്നും തമിഴ്നാട്ടില്‍ നിന്നു വന്ന മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നുവെന്നും ചരിത്രമുണ്ട്.

വാവരുടെ പിതാവ് സൈതാലിയാണെന്നും മാതാവ് പാത്തുമ്മയാണെന്നും കാണാം. ഏഴാം വയസ്സില്‍ എഴുത്തിനിരിക്കുകയും അഭ്യാസങ്ങള്‍ പഠിക്കുകയും ചെയ്ത വാവര്‍ മുതിര്‍ന്നപ്പോള്‍ കപ്പലും മറ്റുമായി നാടു ചുറ്റാനിറങ്ങി. പല നാടുകളിലും ചുറ്റിക്കറങ്ങിയ വാവര്‍ അറബ് നാടുകളിലേക്ക് കുരുമുളക് വ്യാപാരം നടത്തിയിരുന്നുവെന്ന് പറയുന്നു. അന്നത്തെ പന്തളം രാജാവിന്‍റെ കരപ്പിരിവുകാരനായിരുന്നു അയ്യപ്പന്‍. കര സംബന്ധമായ പ്രശ്നത്തില്‍ ഇരുവരും ഏറ്റുമുട്ടുകയും ആരും ജയിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ‘എനിക്കൊത്ത ചങ്ങാതി’ നീ തന്നെ എന്ന് ഇരുവരും ഒന്നിച്ച് പറയുകയും ചെയ്തു. നിങ്ങളൊരു മഹാനാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ, ഇത്രക്കൊന്നും മനസ്സിലാക്കിയിട്ടില്ല” അയ്യപ്പന്‍ പറഞ്ഞു. അപ്പോള്‍ വാവരുടെ മറുപടി ഇതായിരുന്നു: “ഞാനൊരു മനുഷ്യനാണ്. മഹാനല്ല. മനുഷ്യരെല്ലാവരും ഒരുപോലെയാണെന്നാണ് എന്‍റെ വേദം പഠിപ്പിക്കുന്നത്. അങ്ങനെയല്ലാതെ കണ്ടാല്‍ അതിനെതിരെ പടപൊരുതാനാണ് ഞാന്‍ ഇത്രയും കാലം ഇറങ്ങിത്തിരിച്ചത്” പ്രദേശത്തെ പേടിസ്വപ്നമായിരുന്ന മഹിഷാസുരന്‍ എന്ന ദുഷ്ടനെ അയ്യപ്പനും വാവരും ചേര്‍ന്നു വധിച്ചുവെന്നും അതിന്‍റെ സന്തോഷത്തില്‍ അവിടെ ജനങ്ങള്‍ നടത്തിയിരുന്ന ആനന്ദ നൃത്തമാണ് ‘എരുമേലി വേട്ടതുള്ളല്‍’ എന്നുമാണ് ഐതിഹ്യം. എരുമേലിയില്‍ വാവരുടെ ഖബറിടമില്ലെങ്കിലും അദ്ദേഹത്തിന്‍റേതായി കരുതപ്പെടുന്ന യുദ്ധോപകരണങ്ങള്‍ ഇവിടെ പള്ളിയില്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്നു.

കാഞ്ഞിരപ്പള്ളി പ്രമുഖമായൊരു മുസ്ലിം പ്രദേശമാണ്. തമിഴ്നാട്ടില്‍ നിന്നും കുടിയേറിപ്പാര്‍ത്ത മുശാവണ്ണന്‍ റാവുത്തറും കുലശേഖരഖാനും ചാന്തുഖാനും കൂടി പൊന്നാനി മഖ്ദൂം പരമ്പരയില്‍ പെട്ട മുഹമ്മദ് മഖ്ദൂം, മൊല്ലാമിയ മഖ്ദൂം, ശിങ്കാര മഖ്ദൂം എന്നിവരെ കാഞ്ഞിരപ്പള്ളിയില്‍ താമസിപ്പിക്കുകയും ഇവര്‍ മുഖേന വ്യാപിച്ച ഇസ്ലാമിക സംസ്കാരമാണ് കാഞ്ഞിരപ്പള്ളി മുസ്ലിംകളുടെ ചരിത്രമായി കണക്കാക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ മേത്തരുവീട്, പുത്തന്‍വീട്, കല്ലുങ്കല്‍, പറമ്പില്‍, കോട്ടവാതുക്കല്‍ തുടങ്ങിയ കുടുംബങ്ങള്‍ ഇവരുടെ പിന്‍മുറക്കാരാണ്. ഇവര്‍ ലബ്ബമാരെന്നാണ് അറിയപ്പെടുന്നത്. കാഞ്ഞിരപ്പള്ളി മുസ്ലിംകളുടെ പ്രധാന കേന്ദ്രം നൈനാര്‍ പള്ളിയാണ്. ഈ കേന്ദ്ര മസ്ജിദിനു കീഴില്‍ എട്ടോളം ജുമുഅത്ത് മസ്ജിദുകളുമുണ്ട്. ഏക ഖബര്‍സ്ഥാന്‍ ഇവിടെയാണ്.

നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വട്ടകപ്പാറ മലയുടെ താഴ്വാരയില്‍ പിച്ചകപ്പള്ളി മേട്ടില്‍ ഒരു മഖ്ബറയുണ്ട്. അബ്ദുസ്സമദ് വലിയ്യ് എന്നവരുടെ ഖബറും മറ്റു രണ്ടു ഖബറിടങ്ങളുമുണ്ടിവിടെ.
സമുദായ രാഷ്ട്രീയത്തിന്‍റെ തെക്കന്‍ മേഖലയിലെ ശക്തി കേന്ദ്രമായിരുന്നത് കോട്ടയത്തെ ഈരാറ്റു പേട്ടയാണ്. തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ചപ്പോള്‍ അതിനെ പിരിച്ചുവിടാന്‍ മലബാറിലെ നേതാക്കള്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെതിരെ മുസ്ലിം ലീഗിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഈരാറ്റുപേട്ടയിലെ അഡ്വ. വി.എം.കരീം സാഹിപബും സഹപ്രവര്‍ത്തകരുമായിരുന്നു. ഈരാറ്റുപേട്ട, കോട്ടയം നഗം, കാഞ്ഞിരപ്പള്ളി, എരുമേലി, ചങ്ങനാശ്ശേരി,പുതൂര്‍ പള്ളി, തലയോല പറമ്പ്, തലപ്പാറ, വട്ടിക്കാട്ടുമുക്ക്, വടകര, ചലക്കപ്പാറ തുടങ്ങിയ പ്രദേശങ്ങളാണ് ജില്ലയിലെ പ്രധാന മുസ്ലിം വാസ കേന്ദ്രങ്ങള്‍. സുന്നികള്‍ തന്നെയാണ് ഭൂരിപക്ഷവും. അവരില്‍ ഹനഫീ കര്‍മധാരയില്‍ ജീവിക്കുന്നവര്‍ അറുപതു ശതമാനത്തോളവും നാല്‍പത് ശതമാനത്തോളം ശാഫികളുമാണ്.

കേരളത്തിന്‍റെ വ്യവസായ നഗരത്തിന്‍റെ ഇസ്ലാമിക പാരമ്പര്യ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിലേക്കുള്ള ഇസ്ലാമികാഗമനത്തിന്‍റെ പ്രഭവ കേന്ദ്രമായ കൊടുങ്ങല്ലൂരുമായി ബന്ധിതമായ ചരിത്രമാണ് കൊച്ചിയുടേത്. കൊടുങ്ങല്ലൂര്‍ പുരാതന കാലത്തു തന്നെ കച്ചവട വാണിജ്യ തുറമുഖ പട്ടണമായിരുന്നു. കേരളം വാണിരുന്ന പെരുമാള്‍മാരുടെ ആസ്ഥാനം കൂടിയായിരുന്നു ഈ നഗരം. ഗ്രീക്ക് റോമന്‍ കൃതികളിലും പ്രാചീന നാടന്‍ പാട്ടുകളിലും ‘മുസ്രിസി’നെ ക്കുറിച്ച് പരാമര്‍ശമുണ്ട്. കൊടുങ്ങല്ലൂരിനും കൊച്ചിക്കുമിടയിലെ പ്രധാന പ്രദേശമായ പറവൂരിന്നടുത്ത മുസരിപ്പട്ടണമായിരുന്നു പഴയ കൊടുങ്ങല്ലൂര്‍ തുറമുഖമെന്ന് കരുതപ്പെടുന്നു. ഇതിനെ ബലപ്പെടുത്തുന്ന പല തെളിവുകളും അടുത്തകാലത്ത് ആര്‍ക്കിയോളജിസ്റ്റുകള്‍ കണ്ടെത്തിയിരുന്നു.

മാലിക്ബ്നു ദീനാറും സംഘവും സിലോണിലെ ആദം മല സന്ദര്‍ശിക്കാന്‍ പുറപ്പെടുകയും യാത്രക്കിടെ കൊടുങ്ങല്ലൂരില്‍ കപ്പലിറിങ്ങുകയും പെരുമാള്‍ അവരെ സ്വീകരിക്കുകയും ചെയ്തു. പെരുമാള്‍ താന്‍ കണ്ട കാഴ്ച അറബികളുമായി പങ്കുവെച്ചപ്പോള്‍ പ്രസ്തുത സംഭവം അറേബ്യയില്‍ മുഹമ്മദ് നബി കാണിച്ച അമാനുഷിക സംഭവമായിരുന്നുവെന്ന് വിശദീകരിക്കപ്പെട്ടു. ഈ സംഭവത്തോടെ പെരുമാള്‍ മതം മാറാന്‍ മക്കത്തു പോയെന്നാണ് ചരിത്രം. കാലഘടനയില്‍ ചരിത്രകാരډാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുണ്ടെങ്കിലും പെരുമാള്‍ മക്കത്തു പോയിട്ടുണ്ടെന്നതിനു തന്നെയാണ് ചരിത്ര പ്രാമുഖ്യം. പെരുമാള്‍ മതം മാറി താജുദ്ദീന്‍ എന്ന പേര് സ്വീകരിക്കുകയും തിരികെ വരുമ്പോള്‍ ള്വിഫാറില്‍ മരണപ്പെടുകയും ചെയ്തു. അന്ത്യനേരത്ത് അദ്ദേഹം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ മാലിക് ബ്നു ദീനാറും സംഘവും കേരളത്തിലെത്തുകയും അവര്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ രാജകീയ വിളംബരമുണ്ടാവുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സംഘം കൊടുങ്ങല്ലൂരില്‍ ഒരു പള്ളി സ്ഥാപിച്ചു. ഈ പള്ളിയാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രഥമ പള്ളിയെന്ന് കണക്കാക്കപ്പെടുന്നത്.
കൊച്ചിയുടെ ചരിത്രപ്രാധാന്യവും വളരുന്നത് കൊടുങ്ങല്ലൂരിന്‍റെ സാന്നിധ്യം കൊണ്ടാണ്. പ്രത്യേകിച്ച് കൊച്ചിയുടെ ഇസ്ലാമിക പാരമ്പര്യത്തില്‍ കൃത്യമായ കൊടുങ്ങല്ലൂര്‍ സ്പര്‍ശമുണ്ട്. തുറമുഖ നഗരമായ കൊടുങ്ങല്ലൂര്‍ പെരിയാറിലുണ്ടായ കനത്ത വെള്ളപ്പൊക്കം മൂലം നാമാവശേഷമാവുകയും കൊച്ചി ഒരു തുറമുഖത്തിന് പാകപ്പെടുകയും ചെയ്തപ്പോഴാണ് കൊച്ചി മുഖ്യധാരയിലേക്കു വരുന്നത്.

കൊച്ചിയുടെ പഴയ പേര് പെരുമ്പടപ്പ് എന്നായിരുന്നുവെന്നും മുഹമ്മദ് നബിയുടെ കാലത്തു തന്നെ ഇസ്ലാം സ്വീകരിച്ചതായി കരുതപ്പെടുന്ന ചേരമാന്‍ പെരുമാളിന്‍റെ സഹോദരിയും പെരുമ്പടപ്പ് നമ്പൂതിരിയുമായുള്ള വിവാഹബന്ധത്തിലൂടെ ഏറ്റവും മൂത്ത പുത്രന്‍റെ കീഴില്‍ വന്ന പ്രദേശമാണ് കൊച്ചിയെന്നും പെരുമാളിന്‍റെ അവകാശികളെന്ന നിലയില്‍ പെരുമ്പടപ്പ് സ്വരൂപികള്‍ കൊച്ചി ഭരിച്ചുവെന്നും 1901ലെ കൊച്ചി സംസ്ഥാന സെന്‍സസില്‍ റിപ്പോര്‍ട്ടുണ്ട്. (കേരള ചരിത്രം പേ: 364). ചേരമാന്‍ പെരുമാളിന്‍റെ ഇസ്ലാമികാശ്ലേഷണം അനന്തരവരായ പെരുമ്പടപ്പ് സ്വരൂപികളെയും സ്വാധീനിച്ചതായും നിരീക്ഷണമുണ്ട്. ആദ്യം നിര്‍മ്മിക്കപ്പെട്ട 12 പള്ളികളില്‍ ഒരു പള്ളി കൊച്ചിയിലായിരുന്നുവെന്ന് മുഹമ്മദ് സുഹ്റവര്‍ദിയുടെ രിഹ്ലത്തുല്‍ മുലൂക്കില്‍ പരാമര്‍ശമുണ്ട്. ചരിത്രത്തില്‍ കൃത്യമായ അടയാളപ്പെടുത്തല്‍ നടക്കാത്തതുകൊണ്ട് കൊച്ചിയുടെ ഇസ്ലാമിക ചരിത്രം അടയാളപ്പെടുത്താന്‍ പരിമിതികളുണ്ട്. എന്നാല്‍ ചരിത്ര വാദങ്ങളെ ബലപ്പെടുത്തുന്ന നിരവധി സ്മാരകങ്ങള്‍ മുസ്ലിം സംസ്കാരത്തില്‍ കാണാവുന്നതാണ്. ഇന്ന് കൊച്ചി നഗരം ഉള്‍ക്കൊള്ളുന്ന എറണാകുളം ജില്ലയില്‍ നിരവധി മുസ്ലിം കേന്ദ്രങ്ങളും പഴയ പള്ളികളും ചരിത്രത്തോടു മുഖാമുഖം നിന്നു സംവദിക്കുന്ന മഖാമുകളും ധാരാളമുണ്ട്. നിരവധി ചരിത്ര പുരുഷډാര്‍ക്കും ഈ ദേശം ജډം നല്‍കുകയും അവരെ പരിപാലിക്കുകയും ചെയ്തിട്ടുണ്ട്.

അറിയപ്പെട്ട ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇവിടുത്തെ ആദ്യത്തെ പള്ളിയായി കണക്കാക്കപ്പെടുന്നത് പുത്തിരിക്കാട് പള്ളിയാണ്. ഈ പള്ളിയുടെ തെക്കുവശത്ത് മൂന്നു ഖബറിടങ്ങള്‍ കാണുന്നുണ്ട്. താബിഉകളായിരുന്നു ഇവരെന്ന് പറയപ്പെടുന്നു. ഇവരുടെ പേരുകള്‍ അംറതുബ്നുഹാത്വിബ്, രിഫാഅത്തുബ്നു ഹാത്വിബ്, അബ്ദുല്ലാഹിബ്നു ഹാത്വിബ് എന്നാണെന്നും പറയുന്നു. പള്ളിയുടെ വടക്കുവശത്ത് മുഹമ്മദുബ്നു ഉമൈറുരിഖാബ് അല്‍ബദ്രി എന്നവരുടേതെന്ന് കരുതപ്പെടുന്ന ഖബറിടവുമുണ്ട്.

കൊച്ചിയിലെ മറ്റൊരു പഴയ പള്ളിയാണ് ചെമ്പിട്ടപ്പള്ളി. കേരളത്തിലെ ബുഖാരി ഖബീലയിലെ പ്രധാനിയും കണ്ണൂരിലെ അഞ്ചരക്കണ്ടിയില്‍ മറമാടപ്പെടുകയും ചെയ്ത സയ്യിദ് മുഹമ്മദ് മൗല അല്‍ബുഖാരിയാണ് പ്രസ്തുത പള്ളി സ്ഥാപിച്ചത്. ഈ പള്ളി നിര്‍മ്മിക്കാനായി മരം നല്‍കിയത് ഒരു ജൂതനായിരുന്നുവെന്ന് ചരിത്രത്തിലുണ്ട്. ചെമ്പിട്ട പള്ളിയും പരിസരവും നിറഞ്ഞ ആത്മീയ നിര്‍വൃതിയിലാണെന്നും കേരളത്തിലെ ബുഖാരി ഖബീലക്കാരുടെ വലിയ മസാറുകളിലൊന്നാണ് ചെമ്പിട്ടപ്പള്ളിയിലുള്ളത്. കൂടാതെ മഖ്ദൂം പരമ്പരയില്‍ പെട്ട നിരവധി മഹത്തുക്കളുടെ ഖബറിടം ഇവിടെ കാണാം.
കേരള മുസ്ലിംകളുടെ ചരിത്രഗതിയെ നിയന്ത്രിച്ച ഒരു വലിയ ജന്മം നടന്നത് കൊച്ചിയിലെ ചെമ്പിട്ടപ്പള്ളിക്കടുത്ത കൊച്ചങ്ങാടിയിലാണ്. കേരളത്തിലെ മുസ്ലിംകള്‍ക്ക് അവബോധത്തിന്‍റെ പുതിയ മാനങ്ങള്‍ നല്‍കിയ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍(റ) ജനിച്ചത് ഇവിടെയാണ്. തമിഴ്നാട്ടിലെ ചരിത്ര തീരമായ കായല്‍പട്ടണത്തു നിന്ന് പതിനഞ്ചാം നൂറ്റാണ്ടിലാണ് മഖ്ദൂം കുടുംബം കൊച്ചിയിലെത്തുന്നത്. കായല്‍പട്ടണത്തിനടുത്ത മഅ്ബറിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ഇന്ന് ആ പ്രദേശം കോറമണ്ഡല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. കായല്‍പട്ടണത്തു നിന്ന് ആദ്യം കൊച്ചിയിലെത്തിയത് ശൈഖ് അലിയ്യുപബ്നു അഹ്മദ് അല്‍ മഅ്ബരിയാണ്.

അദ്ദേഹത്തിന്‍റെ പുത്രനായി ഹിജ്റ 873 ല്‍ ക്രിസ്താബ്ധം 1468 ലാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനെന്ന പേരില്‍ അറിയപ്പെടുന്ന ശൈഖ് സൈനുദ്ദീന്‍ അബൂയഹ്യ(റ) ജനിച്ചത്. അദ്ദേഹം ജനിച്ച വീട് സ്മാരകമായി സംരക്ഷിക്കുന്നില്ലെങ്കിലും അവിടെ മഖ്ദൂമിയ്യ: മദ്റസ ഇപ്പോള്‍ നടന്നുവരുന്നു. പ്രാഥമിക പഠനം കൊച്ചിയില്‍ നിന്നു തന്നെയായിരുന്നു. ശേഷം പിതൃവ്യന്‍ ഖാള്വി സൈനുദ്ദീന്‍ ഇബ്റാഹിം അഹ്മദ് മഅ്ബരിയുടെ കൂടെ പൊന്നാനിയിലേക്കു പോയി. ശേഷം കോഴിക്കോട് പോയി ഖാള്വി ഫഖ്റുദ്ദിന്‍ ഇസ്മാന്‍ (റ)ന്‍റെ ശിഷ്യത്വം സ്വീകരിച്ചു. ശേഷം മക്കയില്‍ പോയി. മടങ്ങിയെത്തിയ ശേഷമാണ് പൊന്നാനി വലിയ ജുമുഅത്തു പള്ളിക്കും പ്രസിദ്ധമായ ദര്‍സിനും ശിലയിട്ടത്. ഹിജ്റ 873ല്‍ കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ ജനിച്ച ആ ചരിത്രപുരുഷന്‍ ഹിജ്റ 928 ല്‍ പൊന്നാനിയില്‍ വഫാത്തായി. കേരളീയ മുസ്ലിം ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് ധര്‍മസരണി പണിത ആ മഹിത പുരുഷന് ജډം നല്‍കാന്‍ കൊച്ചിക്കായിരുന്നു നിയോഗം.
കൊച്ചിയിലെ ഒരു പഴയ പള്ളിയാണ് ഇടപള്ളി ജുമാ മസ്ജിദ്. ഏകദേശം അറനൂറ് വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന പ്രസ്തുത പള്ളിയില്‍ പ്രശസ്തമായ പല ദര്‍സുകളും നടന്നിരുന്നു. ഈ പള്ളിയിലാണ് പ്രശസ്തനായ ഇടപ്പള്ളി കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ദര്‍സ് നടത്തിയിരുന്നത്. പാരമ്പര്യ പണ്ഡിമതനിരയില്‍ ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹം. തിരൂര്‍ കൂട്ടായി വടക്കേവളപ്പില്‍ അബ്ദുല്ല മുസ്ലിയാരുടെ മകനായി 1912ലാണ് ഇടപ്പള്ളി ഉസ്താദ് ജനിച്ചത്. 1933 ല്‍ വെല്ലൂരില്‍ നിന്ന് ബിരുദം നേടി. ശേഷം കൊച്ചിയിലെ ഇടപ്പള്ളിയില്‍ മുദരിസായെത്തി.

അറബി, ഉര്‍ദു, ഫാരിസി ഭാഷകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തെ ജാമിഅനൂരിയ്യ:യുടെ പ്രഥമ പ്രിന്‍സിപ്പളായി ക്ഷണിക്കാനായി വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരടങ്ങുന്ന സംഘം ഇടപ്പള്ളിയില്‍ വന്ന സംഭവം ശിഷ്യനായ പൊന്നുരുന്നി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ ഓര്‍ക്കുന്നു. 1980ലാണ് ആ ജ്ഞാന ജ്യോതിസ്സ് ഇടപ്പള്ളിയില്‍ അസ്തമിച്ചത്. ഇടപള്ളി പള്ളിക്കു സമീപം തന്നെയാണ് ആ മഹാനുഭാവന്‍ അന്തിയുറങ്ങുന്നതും. ഈ പള്ളിയില്‍ തൊയക്കാവ് മുഹമ്മദ് മുസ്ലിയാര്‍, കുട്ടിഹസ്സന്‍ ഹാജി, അഞ്ചരക്കണ്ടി ഹസൈനാര്‍ മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലെ കല്‍വത്തി മഹ്ളറാ പള്ളിയിലാണ് നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സയ്യിദ് സനാഉള്ള മക്തി തങ്ങളുടെ ഖബറിടം. മക്തി തങ്ങളുടെ തേരോട്ടം കൊച്ചി കേന്ദ്രീകരിച്ചായിരുന്നു. ക്രൈസ്തവ മിഷനറിക്കെതിരെ തൂലികയേന്തിയും പ്രസംഗിച്ചും മക്തി തങ്ങള്‍ പുതിയ പ്രതിരോധ രീതികള്‍ സൃഷ്ടിച്ചു. കൂടാതെ തന്‍റെ സമുദായത്തിന്‍റെ ഭൗതിക മുന്നേറ്റത്തിനായി അദ്ദേഹം തീവ്രമായി യത്നിച്ചു. ഈ ഖബര്‍സ്ഥാനുള്ള പള്ളിയില്‍ തന്നെ ഒരു വല്ലിയ്യിന്‍റെ ഖബറിടവും കാണാവുന്നതാണ്. ഫരീദ് ഔലിയ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ സമകാലീനനായ അദ്ദേഹം പൊന്നാനി ഭാഗത്ത് കടല്‍തീരത്ത് നട്ടുച്ചക്കും തീ കാഞ്ഞിരുന്നുവത്രെ. ആളുകള്‍ അദ്ദേഹത്തിന് ചിരട്ട നേര്‍ച്ചയാക്കിയിരുന്നു. മമ്പുറം തങ്ങള്‍ മരണപ്പെട്ട സമയത്ത് അദ്ദേഹം ‘സൈതാലിയുടെ റൂഹ് അതാ പോകുന്നു’ എന്ന് പറഞ്ഞത്രെ. അന്ന് ആര്‍ക്കും അത് മനസ്സിലായില്ല. പിറ്റേ ദിവസമാണ് ആളുകള്‍ മമ്പുറം തങ്ങള്‍ മരണപ്പെട്ട വിവരം അറിയുന്നത്. ഫരീദ് ഉപ്പാപ്പ പറഞ്ഞതിന്‍റെ പൊരുളും
എറണാകുളം ജില്ലയിലെ പാനായിക്കുളത്ത് ജനിച്ച പണ്ഡിത പ്രതിഭയായിരുന്നു പാനായിക്കുളം കരിവേളപ്പറമ്പില്‍ അബ്ദു റഹ്മാന്‍ മുസ്ലിയാരെന്ന പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍. ദര്‍സ് പഠനത്തിനായി വെളിയംങ്കോട്ടെ തട്ടാങ്കര കുട്ട്യാമു മുസ്ലിയാരുടെ അടുത്തെത്തി. ശേഷം ഉസ്താദിന്‍റെ മകളെ വിവാഹം ചെയ്തു. അങ്ങനെയാണ് ‘പുതിയാപ്ല’ എന്ന പേരു കിട്ടിയത്. 1957 ല്‍ 83-ാം വയസ്സില്‍ അദ്ദേഹം പൊന്നാനി പുറങ്ങില്‍വെച്ചു വഫാത്തായി. അവിടെയാണ് അദ്ദേഹത്തിന്‍റെ ഖബറിടം.

ജില്ലയിലെ പ്രമുഖം മുസ്ലിം കേന്ദ്രമാണ് ആലുവ. പെരിയാറിന്‍റെ തീരത്തുള്ള ഈ പ്രദേശം ആധ്യാത്മിക ഭൂപടത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ്. ആലുവക്കടുത്ത മുടിക്കല്‍ പ്രമുഖ മുസ്ലിം തീര്‍ത്ഥാടനകേന്ദ്രമാണ്. പ്രമുഖ സൂഫീവര്യനും കേരളീയ സൂഫീ പരമ്പരയിലെ വിശുദ്ധ സാന്നിധ്യവുമായിരുന്ന ആലുവായ് അബൂബക്കര്‍ മുസ്ലിയാരുടെയും കാണിയാപുരം അബ്ദുറസാഖ് മസ്താന്‍റെയും ഖബറിടം ഇവിടെയാണ്.
ആലുവായ് അബൂബക്കര്‍ മുസ്ലിയാരെ മാറ്റിനിറുത്തിയൊരു കേരളീയ സൂഫീ പാരമ്പര്യ ചരിത്രം തീര്‍ത്തും അപ്രസക്തമാണ്. 1884 ല്‍ ആലുവക്കടുത്ത മുടിക്കലില്‍ മാടവന തറവാട്ടിലാണ് മഹാനവര്‍കള്‍ ജനിച്ചത്. പൊന്നാനി, വെളിയങ്കോട്, കൂട്ടായി, പാനായിക്കുളം, കൊടുങ്ങല്ലൂര്‍, തിരൂരങ്ങാടി, എടവനക്കാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ദര്‍സ് പഠനം. കുട്ട്യാമു മുസ്ലിയാര്‍, കാളത്തോട് കമ്മുക്കുട്ടി മുസ്ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുനാഥډാര്‍. കൊച്ചി കല്‍പത്തി പള്ളി മഖാമിലെ ശൈഖ് ഫരീദുദ്ദീന്‍ എന്നവരായിരുന്നു ആത്മീയ ഗുരു. ഐഹിക പരിത്യാഗിയും, നിരവധി കറാമത്തുകളുടെ ഉടമയുമായ അദ്ദേഹം വലിയ മഹത്തുക്കളുടെ ആത്മീയ ഗുരുവായിരുന്നു. തൊണ്ണൂറാം വയസ്സിലാണ് അദ്ദേഹം വഫാത്തായത്.

കൊച്ചി നഗരത്തിന്‍റെ ഓരത്ത് പൊന്നുരുന്നി ജുമുഅത്ത് പള്ളിക്കു ചാരി ഒരു മഖാമുണ്ട്. അഹ്മദ് കുട്ടി മുസ്ലിയാരുടെ ഖബറിടമാണിവിടെ. വലിയ ത്യാഗിയായിരുന്നു അദ്ദേഹം. ഒരു മസ്താന്‍റെ ജീവിതവമായിരുന്നു. കൊച്ചി മാര്‍ക്കറ്റിന്നടുത്ത് ഒരു ചീഞ്ഞളിഞ്ഞ കുളമുണ്ടായിരുന്നു. സകല വസ്തുക്കളും തള്ളിയിരുന്ന ഈ കുളത്തില്‍ നിന്ന് എന്നും ഇദ്ദേഹം കുളിക്കുമായിരുന്നു. പക്ഷേ, അദ്ദേഹത്തെ നല്ല സുഗന്ധത്തോടെ മാത്രമേ ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് അദ്ദേഹത്തെ നേരില്‍ കണ്ട പൊന്നുരുന്നി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ച മഹാപുരുഷനായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്‍റായിരുന്ന കെ.കെ. അബൂബക്കര്‍ ഹസ്രത്ത്. 1929 ലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ചെറുപ്രായത്തില്‍ തന്നെ അഗാതധ ജ്ഞാനിയായ ഹസ്രത്ത് നിരവധി ശിഷ്യഗണങ്ങളാല്‍ സമ്പന്നനായാണ് മരണപ്പെട്ടത്.
ജില്ലയിലെ അതിര്‍ത്തി പ്രദേശത്താണ് പ്രമുഖ സിയാറത്തു കേന്ദ്രമായ കാഞ്ഞിരമറ്റം. ശൈഖ് ഫരീദ് ഔലിയയുടെ ഖബറിടം ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. വനനിബിഢമായ ഈ പ്രദേശത്തെ സജീവമാക്കിയത് അദ്ദേഹത്തിന്‍റെ സാന്നിധ്യമായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇതിന് ചരിത്രപരമായ തെളിവുകളുടെ പിന്‍ബലമില്ല.

എറണാകുളത്തെ ആലുവയും പരിസര പ്രദേശങ്ങളും പൗരാണിക മുസ്ലിം കേന്ദ്രങ്ങളില്‍ പെട്ടതാണ്. അതില്‍ പ്രധാന കേന്ദ്രമാണ് തോട്ടുമുക്കം. നിരവധി പ്രഭു തറവാടുകളും ബംഗ്ലാവുകളും അവിടെയുണ്ടായിരുന്നു. പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ക്ക് ഇതിനടുത്ത് കുട്ടമശ്ശേരിയില്‍ ഒരു ബംഗ്ലാവുണ്ടായിരുന്നു. ബംഗ്ലാവിലെത്തുന്നവരെ ഉല്‍ബുദ്ധരാക്കാന്‍ പണ്ഡിതര്‍പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സയ്യിദ് സനാഉള്ള മക്തി തങ്ങള്‍, ശൈഖ് മുഹമ്മദ് ഹമദാനി തുടങ്ങിയവര്‍ ഇത്തരം ബംഗ്ലാവുകളില്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. വിഘടനത്തിന്‍റെ വിത്തുകള്‍ കേരള മുസ്ലിംകള്‍ക്കിടയില്‍ തുടങ്ങിവെച്ച ഐക്യസംഘത്തിന്‍റെ പ്രവര്‍ത്തന സിരാകേന്ദ്രമെന്ന ചീത്തപ്പേരും ഈ പ്രദേശത്തിനുണ്ട്. തോട്ടുമുക്കത്തുകാര്‍ പ്രധാനമായും കായല്‍പട്ടണത്തു നിന്നും കുടിയേറിയ മരക്കാര്‍മാരുടെ പിന്‍മുറക്കാരാണ്.
കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന കച്ചിഹനഫി പള്ളി പഴയ സ്മാരകങ്ങളിലൊന്നാണ്. ഗുജറാത്തിലെ കച്ചില്‍ നിന്നും വ്യാപാരാവശ്യാര്‍ത്ഥം ഇവിടെയെത്തിയവരാണ് ഈ പള്ളി സ്ഥാപിച്ചത്.

ഇടപ്പള്ളി, കൊച്ചി മഹ്ളറപ്പള്ളി, കുഞ്ഞുണ്ണിക്കര, തൃക്കാക്കര, പാനായിക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ പഴയ കാലത്തു ദര്‍സ് നടന്നിരുന്നു. കുഞ്ഞുണ്ണിക്കരയില്‍ ഹൈദര്‍ മുസ്ലയാര്‍ ദര്‍സില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. പെരുമ്പടപ്പില്‍ അന്ത്യവിശ്രമം നയിക്കുന്ന കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ തൃക്കാക്കര മുദരിസായിരുന്ന ബുഖാരി മുസ്ലിയാര്‍ അറിയപ്പെട്ട പണ്ഡിതനും പേരുകേട്ട സൂഫിയുമായിരുന്നു.
ഭൗതികമായി കൊച്ചിമുന്നേറിക്കൊണ്ടിരിക്കുമ്പോഴും ഇവിടുത്തെ ഒരോസ്മാരകങ്ങളും, ചരിത്രത്തോടു മുഖാമുഖം നിന്ന് ഇപ്പോഴും വാചാലമാണ്.
കേരള മുസ്ലിം ചരിത്രത്തില്‍ എന്നും നിറഞ്ഞു നില്‍ക്കേണ്ട സമ്പന്നമായ പൈതൃകങ്ങള്‍ തെക്കന്‍ കേരളത്തില്‍ നിര്‍ജീവമായിക്കിടക്കുകയാണിന്ന്. തനതായ ഇസ്ലാമിന്‍റെ സജീവതക്ക് ആക്കം കൂട്ടാന്‍ അത്തരം സ്മാരകങ്ങളുടെയും ചരിത്ര പ്രാധാന്യ ദേശങ്ങളെയും അടയാളപ്പെടുത്താന്‍ ഇനിയെങ്കിലും മുന്നോട്ടുവരാന്‍ ആളുണ്ടാവണം. മലബാറില്‍ പ്രാദേശിക ചരിത്ര രചനക്ക് പ്രാധാന്യം കൂടിവരികയാണ്. എന്നാല്‍ ഈ പ്രവണത തെക്കന്‍ കേരളത്തിലേക്ക് വ്യാപിക്കാത്തതിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ച് ഇസ്ലാമിന്‍റെ കേരളീയ മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ ചരിത്ര കുതുകികള്‍ മുന്നോട്ടു വരണം. സാമ്പ്രദായിക ചരിത്രമെഴുത്തിനപ്പുറം ഒരു വലിയ ചരിത്ര ഭൂമിക ഒഴിഞ്ഞു കിടപ്പുണ്ടെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണം.

 

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*