പാടിപ്പറഞ്ഞു തീർക്കാൻ കഴിയാത്ത മദ്ഹിൻ ശീലുകളും ഹൃദയമൂറുന്ന പ്രവാചകാനുരാഗത്തിന്റെ അണമുറിയാത്ത പദ്യഗദ്യങ്ങളും കൊണ്ട് ലോകം തിരുറബീഹിന്റെ പ്രണയലഹരിയിൽ ആനന്ദം കൊള്ളുകയാണ്. കോർത്തിണക്കിയ അക്ഷരങ്ങളുടെ ഭംഗിയേക്കാളും എഴുതിയ വാക്കുകളുടെ ഒഴുക്കിനെക്കാളുമപ്പുറം ആ വരികൾക്കിടയിൽ നാം ഒളിപ്പിച്ചുവെക്കുന്ന നാമം ആരംഭറസൂൽ (സ്വ ).
അതിൽ നിന്നിന്നോളം മറ്റാർക്കും അനുഭവിച്ചറിയാനാവാത്ത നമ്മുടെ പ്രണയമുണ്ട്. അത് മദീനയിൽ സംഗമിക്കുന്ന ഹൃദയം അലതല്ലുന്ന പ്രണയമാണ്. മൗനത്തിന് വാക്കുകളെക്കാൾ വാചാലമാവാൻ കഴിയുന്ന അവിടുത്തെ ഓരോ ചലനനിശ്ചലനങ്ങളും പുതിയ കാലം തേടുന്ന പുരോഗതിയുടെ സ്വർണ്ണപ്പടവുകൾ ആയിരുന്നു.
അവിടുത്തെ ജീവിതം സമ്പൂർണ്ണമായിരുന്നു. മാനവികതയുടെ രുചിവൈവിധ്യങ്ങളിൽ നെല്ലും പതിരും വേർതിരിച്ചറിയാനാവാത്ത പല മനുഷ്യകോലങ്ങളും ഒന്നറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കിയിരിക്കേണ്ടതും അ അനുഗ്രഹീത പുരുഷനെക്കുറിച്ചാണ്. കേവലം ആറാം നൂറ്റാണ്ടിൻ്റെ അജ്ഞതയിൽ ഉറങ്ങിക്കിടന്നിരുന്ന ഒരു സമൂഹത്തെ മാത്രം ഉണർത്താൻ വേണ്ടിയായിരുന്നില്ല ഇലാഹ് തിരുനബി(സ്വ)യെ ഇങ്ങോട്ടയച്ചത്.പ്രകാശത്തിൻ്റെ മേൽ പ്രകാശംപരത്തി അഷ്ടദിക്കിനും സപ്തവൻകരകൾക്കുമപ്പുറം ഈ അതിരില്ലാലോകത്തെ സർവ്വ ബോധമണ്ഡലങ്ങളിലേക്കും അബോധമണ്ഡലങ്ങളിലേക്കുമായിട്ടായിരുന്നു ആ തിരുപിറവി.
Be the first to comment