ഇസ്ലാമിക ചരിത്രത്തിലെ അനശ്വര അദ്ധ്യായവും മുസ്ലിം നാഗരികതയുടെ സുവര്‍ണ കാലവുമാണ് അബ്ബാസിയ ഖിലാഫത്ത്. അഞ്ച് ദശാബ്ദകാലം(ഹി.132-656) ഇസ്ലാമിക സാമ്രാജ്യം അടക്കി ഭരിച്ച അബ്ബാസികള്‍ യുദ്ധ വിജയങ്ങളിലോ പുതിയ പ്രദേശങ്ങളുടെ ജയിച്ചടക്കലുകളിലോ ആയിരുന്നില്ല ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.പ്രത്യൂത, വൈജ്ഞാനിക പ്രസരണത്തിനായിരുന്നു പ്രാമുഖ്യം നല്‍കിയത്. വൈജ്ഞാനിക രംഗത്ത് അതുല്യവും അനിര്‍വചനീയവുമായ സംഭാവനകള്‍ ഇക്കാലത്തുണ്ടായിരുന്നു വെന്നതിന്‍റെ ഉദാഹരണമാണ് ബഗ്ദാദ്. ബഗ്ദാദിന് പുറമെ കൂഫ, ബസ്വറ തുടങ്ങിയ നഗരങ്ങളും അക്കാലഘട്ടത്തിലെ വിശ്രുതമായ വിജ്ഞാന കേന്ദ്രങ്ങളായിരുന്നു.
അബ്ബാസിയ യുഗത്തെ വ്യതിരക്തമാക്കുന്നത് മുന്‍ ഭരണകൂടങ്ങള്‍ക്ക് വിപരീതമായി വരമൊഴിയായി വിദ്യഭ്യാസ കൈമാറ്റം സുസാദ്ധ്യമാക്കി എന്നതാണ്. ഉമവി ഭരണകാലത്തിന്‍റെ അവസാനത്തില്‍ ഗ്രന്ഥരചന ഉണ്ടായിരുന്നെങ്കിലും അബ്ബാസികളുടെ കാലത്താണ് ഇത് സാര്‍വ്വത്രികമായി മാറിയത്. ഇപ്രകാരം ഗ്രന്ഥ രചനയെ സമ്പുഷ്ടമാക്കിയതില്‍ മുഖ്യപങ്ക് വഹിച്ച ഒന്നാണ് ഇതര ഭാഷകളിലെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരപ്പെടുത്താന്‍ ഹാറൂന്‍ റഷീദിന്‍റെ കാലത്ത് സ്ഥാപിച്ച ബൈത്തുല്‍ ഹിക്മ . ഇത്തരത്തില്‍ വൈജ്ഞാനിക രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച അബ്ബാസികള്‍ മതവിജ്ഞാനത്തിലും സാഹിത്യത്തിലും ശാസ്ത്രരംഗങ്ങളിലും കാഴ്ചവെച്ച സംഭാവനകള്‍ അനവധിയാണ്.
അബ്ബാസിയ കാലഘട്ടത്തില്‍ മതകീയ വിജ്ഞാനങ്ങള്‍ക്കായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. ഇക്കാലത്തെ മുസ്ലിം പണ്ഡിതന്മാര്‍ അഗ്രേസരന്മാരും പ്രഗത്ഭരുമായത് കൊണ്ട് മതവൈജ്ഞാനിക രംഗത്ത് വലിയ സംഭാവന അവര്‍ നല്‍കിയിട്ടുണ്ട്. തഫ്സീര്‍, ഫിഖ്ഹ്, ഹദീസ് എന്നീ വിജ്ഞാന ശാഖകളിലായിരുന്നു പണ്ഡിതന്മാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അത്കൊണ്ട് തന്നെ ഈ മേഖലയില്‍ ധാരാളം പഠനങ്ങള്‍ നടത്തുകയും അനവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവിലെ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളായിരുന്നു പിന്‍തലമുറക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സാധിച്ചത്. മാത്രമല്ല, ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രധാന സ്രോതസ്സുകളായി കണക്കാക്കുന്ന ഗ്രന്ഥങ്ങളധികവും ഈ കാലത്തെ രചനകളായിരുന്നു.
കര്‍മശാസ്ത്രം
പ്രധാനമായി മുസ്ലിം പണ്ഡിതന്മാര്‍ കര്‍മ്മശാസ്ത്ര രംഗത്തെ നിയമങ്ങളെ ക്രോഡീകരിക്കുകയായിരുന്നു ചെയ്തിരുന്നത്. അപ്രകാരം അവര്‍ ക്രോഡീകരിച്ച കര്‍മ്മശാസ്ത്ര സരണികളാണ് മദ്ഹബ് എന്നറിയപ്പെടുന്നത്. വിശ്രുതമായ ഹനഫീ, മാലിക്കി, ശാഫിഈ, ഹമ്പലി എന്നീ നാല് സരണികള്‍ ഇക്കാലഘട്ടത്തിലാണ് ജډമെടുക്കുന്നത്. ഇവയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അനുയായികളുളള ഹനഫീ മദ്ഹബിന്‍റെ ഉപജ്ഞാതാവ് അബൂഹനീഫ(നുഅ്മാനുബ്നു സാബിത്ത്,ഹി.80-150) അബ്ബാസിയ കാലഘട്ടത്തിലെ പണ്ഡിതരിലെ പ്രധാനിയായിരുന്നു. മഹാന് പുറമെ ഹനഫീ മദ്ഹബിന്‍റെ പ്രചാരത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും ഹനഫീ ഫിഖ്ഹില്‍ 25ലധികം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത പ്രമുഖ ഹനഫീ പണ്ഡിതനാണ് ഇമാം മുഹമ്മദ്(റ). അദ്ദേഹമാണ് ഹനഫീ മദ്ഹബിന്‍റെ യഥാര്‍ത്ഥ അടിസ്ഥാനത്തെ ജനങ്ങളിലെത്തിച്ചത്. മാത്രമല്ല,ഖാളി അബൂയൂസുഫ്(ഹി. 113-183), ഇമാം മുഹമ്മദ് ബ്നു ഹസന്‍ ശൈബാനി(ഹി. 132-159) എന്നിവരും ഈ മദ്ഹബിന്‍റെ പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിച്ച പ്രഗത്ഭ പണ്ഡിതന്മാരായിരുന്നു.
മാലിക്കി ഫിഖ്ഹ് ക്രോഡീകരിച്ച മാലികി മദ്ഹബിന്‍റെ ഉപജ്ഞാതാവ് ഇമാം മാലിക്കി(റ)(ഹി.93-179) കര്‍മാമശാസ്ത്ര വിശാരദന്‍ എന്നതിലപ്പുറം അദ്ദേഹം അക്കാലത്തെ ഏറ്റവും വലിയ ഹദീസ് പണ്ഡിതന്‍ കൂടിയായിരുന്നു. മഹാന്‍ ക്രോഡീകരിച്ച മുവത്വയാണ് ഏറ്റവും പഴക്കമുളള തിരുവരുളുകളുടെ പ്രഥമ സമാഹരണ കൃതിയായി അറിയപ്പെടുന്നത്. മുദവ്വിനയാണ് മാലിക്കി മദ്ഹബിലെ പ്രധാന ഗ്രന്ഥം. പ്രസ്തുത ഗ്രന്ഥത്തിന്‍റെ സമാഹരണം നിര്‍വഹിച്ച അസദുബനു ഫുറാത്ത്, ഇമാം സഹ്നൂന്‍ എന്നി അക്കാലത്തെ പ്രസിദ്ധ പണ്ഡിതന്മാരായിരുന്നു.
ഇസ്ലാമിക ലോകത്ത് ഹനഫീ മദ്ഹബ് കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുളളത് ഇമാം ശാഫിഈ(റ)(ഹി. 150-204)ന്‍റെ ശാഫിഈ മദ്ഹബാണ്. ചരിത്രം ചികയുമ്പോള്‍ വളരെ സുസമ്മതനും പാണ്ഡിത്യത്തിന്‍റെ ഔന്നിത്യത്തില്‍ വിരാചിച്ച മഹാ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് കാണാം. അനവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ കിതാബുല്‍ ഉമ്മ്, അരിസാല പോലോത്ത വിശ്വപ്രസിദ്ധ ഗ്രന്ഥങ്ങള്‍ അബ്ബാസിയ കാലഘട്ടത്തിലെ വിരചിത സംഭാവനകളാണ്. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ)(ഹി.164-241)ണ് ഹമ്പലി മദ്ഹബിന്‍റെ ഉപജ്ഞാതാവ്. ഒരു ഹദീസ് പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. നാല്‍പ്പതിനായിരം ഹദീസുകളുടെ ബൃഹത്തായ സമാഹരണമായ മുസ്നദ് അദ്ദേഹത്തിന്‍റെ പ്രയത്നമാണ്.
ഹദീസ് രംഗം
ഹദീസ് വിജ്ഞാന ശാഖയിലും ബൃഹത്തായ ഗ്രന്ഥങ്ങള്‍ രചിക്കുകയും അനവധി മുഹദ്ദിസുകള്‍ ജډമെടുക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലമാമിക പ്രമാണങ്ങളിലെ രണ്ടാം സ്രോതസ്സായി ഗണിക്കുന്ന വിശുദ്ധ ഹദീസിലെ പ്രബല ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി അബ്ബാസിയ കാലഘട്ടത്തിലെ സംഭാവനയാണ്. ഹദീസ് വിശാരദനായ ഇമാം ബൂഖാരി(റ)(ഹി,194-256)യാണ് പ്രസുതുത ഗ്രന്ഥത്തിന്‍റെ സമാഹരണം നിര്‍വഹിച്ചിട്ടുളളത്. മുപ്പത് വര്‍ഷത്തെ കഠിനയത്നത്തിലൂടെ ക്രോഡീകരിച്ച, സുബദ്ധമായ ഹദീസുകള്‍ മാത്രമാണ് അദ്ദേഹം തന്‍റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടുളളത്.
ഹദീസ് രംഗത്ത് ബുഖാരിയുടെ അത്രതന്നെ പ്രാധാന്യമുളള മറ്റൊരു ഹദീസ് സമാഹാരമാണ് ഇമാം മുസ്ലിം(റ)(ഹി. 206-261)ന്‍റെ സ്വഹീഹ് മുസ്ലിം. ഹദീസ് ശേഖരണാര്‍ത്ഥം നടത്തിയ വിപുലമായ യാത്രകളില്‍ അദ്ദേഹം പരിശോധിച്ച മൂന്ന് ലക്ഷം ഹദീസുകളില്‍ ഏകദേശം നാലായിരത്തോളം ഹദീസുകളുളള പ്രസ്തുത ഗ്രന്ഥവും അബ്ബാസിയ കാലഘട്ടത്ത് വിരചിതമായതാണ്. മത്രമല്ല, ഇമാം തുര്‍മുദി(റ)(ഹി.209-279)ന്‍റെ ശമാഇലുത്തുര്‍മുദിയും സ്വഹീഹുത്തുര്‍മുദിയും ഇക്കാലത്തെ രചനകളില്‍ പെട്ടതാണ്. ശമാഇലില്‍ സ്വഹീഹായ ഹദീസുകളിലൂടെ മുത്ത് നബീ(സ)യുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ് അദ്ദേഹം വിവരിക്കുന്നത്.
ഉദൃത മൂന്ന് സ്വഹീഹുകള്‍ കൂടാതെ ഇമാം അബൂദാവൂദ്(റ)(ഹി.202-75),ന്‍റെ സുനനു അബീദാവൂദും ഇമാം ഇബ്നു മാജ(റ)(ഹി.209-273)ന്‍റെ സുനനു ഇബ്നു മാജയും ഇമാം നസാഈ(റ)(ഹി. 221-303)ന്‍റെ സുനനു നസാഈയും അബ്ബാസിയ കാലത്തെ മറ്റ് വ്യഖ്യാത ഹദീസ് സമാഹരങ്ങളാണ്. മാത്രമല്ല, ഹദീസ് സംശോദനയുടെ ശാസ്ത്രീയ മാനദണ്ഡങ്ങളായി കണക്കാക്കുന്ന ഉസൂലുല്‍ ഹദീസിന്‍റെ ഉത്ഭവവും ഇക്കാലഘട്ടത്തിലായിരുന്നു.
ഖുര്‍ആന്‍ വ്യാഖ്യാനം
ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ വലിയ പണ്ഡിതനും ചരിത്രകാരനുമാണ് ഇമാം ത്വബ്രി(റ). അദ്ദേഹം രചിച്ച വിശുദ്ധ ഖുര്‍ആന്‍റെ ബൃഹത്തായ തഫ്സീര്‍ ഗ്രന്ഥം(തഫ്സീറു ത്വബ്രി) അബ്ബാസിയ കാലഘട്ടത്തിലെ മതവൈജ്ഞാനിക രംഗത്തെ അതുല്യ ഗ്രന്ഥമാണ്. ഇത്തരത്തില്‍ മതവിജ്ഞാനത്തിന്‍റെ പ്രഫുല്ലമായ യുഗമായിരുന്നു അബ്ബാസിയ ഖിലാഫത്ത്.
ശാസ്ത്രം
മതവിജ്ഞാനങ്ങളോടൊപ്പം ഗോളം, വൈദ്യം, ഗണിതം, രസതന്ത്രം, തത്വചിന്ത തുടങ്ങിയ ശാസ്ത്ര ശാഖകള്‍ക്കും നിസ്തുല്യമായ സംഭാവനകള്‍ അബ്ബാസിയ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്. ഇത്തരം ശാസ്ത്ര ശാഖകളിലെ വിജ്ഞാനങ്ങള്‍ അറബികള്‍ക്കന്യമായിരുന്നു. എങ്കിലും ഗ്രീക്ക് പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നും അനവധി ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരപ്പെടുത്തിയതോടെ അറബികള്‍ക്ക് അജ്ഞാതമായിരുന്ന പല ശാസ്ത്രീയ വിജ്ഞാനങ്ങളിലും അവര്‍ വ്യുല്‍പ്പത്തി നേടി. ശേഷം പ്രസ്തുത ശാസ്ത്ര ശാഖകളില്‍ മുസ്ലിംകള്‍ സ്വതന്ത്രമായ പര്യവേഷണങ്ങള്‍ നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. ഇത്തരത്തില്‍ വ്യത്യസ്ഥ ശാസ്ത്രശാഖകളിലായി അനവധി മുസ്ലിം ശാസ്ത്രജ്ഞന്മാരെ അബ്ബാസിയ കാലഘട്ടം ജന്മം നല്‍കിയിട്ടുണ്ട്.
ഇബ്നു സീന, അലിയ്യുത്ത്വബരി, മുഹമ്മദ് ബ്നു സകരിയ്യ റാസി, അലിയ്യുബ്നു അബ്ബാസ് എന്നിവര്‍ അബ്ബാസിയ കാലഘട്ടത്തിലെ വൈദ്യശാസ്ത്രത്തില്‍ ഗ്രന്ഥരചന നിര്‍വഹിച്ചവരായിരുന്നു. ഇബ്നു സീനയുടെ അല്‍ ഖാനൂന്‍ ഫിത്വിബ്ബും സകരിയ്യ റാസിയുടെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുമായിരുന്നു പ്രസ്തുത ശാസ്ത്ര ശാഖയിലെ ആധികാരിക ഗ്രന്ഥങ്ങളായി കണക്കാക്കപ്പെട്ടിരുന്നത്. മാത്രമല്ല, ഇത്തരം ഗ്രന്ഥങ്ങളിലൂടെയായിരുന്നു യൂറോപ്യന്‍ന്മാര്‍ വൈദ്യം പഠിച്ചിരുന്നത്.
ഗോളശാസ്ത്രത്തിലെ മുസ്ലിം ശാസ്ത്രജ്ഞരുടെ സംഭാവനകളില്‍ പ്രധാനമാണ് ആസ്ട്രോലാബ്. സൂര്യന്‍റെയോ നക്ഷത്രങ്ങളുടെയോ ഉയരം അളക്കാന്‍ ഉപയോഗിക്കുന്ന പ്രസ്തുത യന്ത്രം ആദ്യമായി നിര്‍മിച്ചത് മുസ്ലിം ഗോള ശാസ്ത്രജ്ഞനായ ഇബ്റാഹീമുല്‍ ഫസാരിയാണ്. അതുപോലെ അബുല്‍ അബ്ബാസ് ഫര്‍ഗാനി, മൂസബ്നു ശാക്കിര്‍, മസ്ലമതുല്‍ മജ്രീത്വി, അബൂറൈഹാന്‍ മുഹമ്മദ്ബ്നു മുഹമ്മദില്‍ ബിറൂനി, അബൂ ജഅ്ഫറുല്‍ ഖാസിന്‍ തുടങ്ങിയവരും ഗോളശാസ്ത്രത്തിന് ആരോഗ്യകരമായ സംഭാവനകള്‍ നല്‍കിയ ഇക്കാലത്തെ പ്രശസ്തരാണ്. രസതന്ത്രത്തിന്‍റെ പിതാവായി കണക്കാക്കുന്ന ജാബിര്‍ബാനു ഹയ്യാന്‍, ഖാലിദ്ബ്നു യസീദുബ്നു മുആവിയ, ജഅ്ഫര്‍ സ്വാദിഖ് തുടങ്ങിയവര്‍ അബ്ബാസിയ കാലഘട്ടത്തില്‍ രസതന്ത്രത്തിന്‍റെ വിസ്മയാവഹമായ വളര്‍ച്ചക്ക് വലിയ പങ്ക് വഹിച്ച് മുസ്ലിം ശാസ്ത്രജ്ഞരില്‍ പ്രധാനികളാണ്.
യഅ്ഖൂബുല്‍ കിന്ദി, ഫാറാബി എന്നിവരാണ് അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ തത്വചിന്തകന്മാര്‍ ഹിജ്റ നാലാം നൂറ്റാണ്ടില്‍ ബസ്വറയില്‍ രംഗപ്രവേശനം ചെയ്ത ഇഖ്വാനുസ്സ്വഫ എന്ന സംഘം തത്വചിന്താ രംഗത്ത് നിസ്സീമമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഗണിത ശാസ്ത്രത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ ഇക്കാലത്തുണ്ടായിട്ടുണ്ട്. അറബി അക്കങ്ങളുടെ ആവിഷ്കാരം നിര്‍വഹിച്ചത് ഇക്കാലത്തെ മുസ്ലിം ഗണിത ശാസ്ത്രജ്ഞരായിരുന്നു. ആള്‍ജിബ്രയിലും ജോമെട്രിയിലും ട്രിഗ്ണോമെട്രിയിലും അബ്ബാസിയാ കാലഘട്ടത്തില്‍ കാര്യമായ വളര്‍ച്ച നേടിയിട്ടുണ്ട്
ഭൂമി ശാസ്ത്രത്തില്‍ ഇബ്നു ഖര്‍ദാ ദബിഹിന്‍റെ അല്‍ മസാലിക്കുല്‍ മമാലിക് എന്ന കൃതി പ്രശസ്തമാണ്. ഇബ്നു വാഹിദ്, ഇബ്നു റുസ്ത, ഇസ്ത്വഖ് രി, ഇബ്നു ഫഖീഹില്‍ ഹമദാനി, മസ്ഊദി, ഇബ്നു ഹൗഖല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അബ്ബാസി കാലഘട്ടത്തിലെ ഭൂമി ശാസ്ത്ര വിജ്ഞാനത്തെ സമ്പുഷ്ടമാക്കിയവരില്‍ പ്രമുഖരാണ്. സസ്യശാസ്ത്രം, ജീവ ശാസ്ത്രം, പ്രകാശ ശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖ കളിലും ശ്ലാഘനീയചനങ്ങള്‍ അബ്ബാസിയ ഖിലാഫത്ത് സാക്ഷിയാണ്.
അറബി സാഹിത്യം
അറബി സാഹിത്യ മേഖലയിലും പ്രഫുല്ലമായ കാലഘട്ടമായിരുന്നു അബ്ബാസിയ. അറബി ഭാഷയുടെ വികസനത്തിനായി വ്യാകരണം, ഭാഷാ ശാസ്ത്രം(ഇല്‍മുലുഗ),അലങ്കാര ശാസ്ത്രം(ബലാഗ)എന്നീ മേഖലകളെ വികസിപ്പിച്ചത് ഇക്കാലഘട്ടത്തിലാണ്. ഈ വിജ്ഞാന ശാഖകളിലെ വിദഗ്ദരായി ഗണിക്കുന്നത് ഖലീല്‍ നഹ്വി, അസ്മാഈ, സീബവൈഹി എന്നിവരാണ്. ഇവരെ കൂടാതെ വ്യാകരണ പണ്ഡിതരായ കിസാഈ, ഫര്‍റാഅ്,ഇബ്നുസ്വീക്കിത് എന്നിവര്‍ ജീവിച്ചതും ഇക്കാലത്താണ്.
അതുപോലെ, ഗദ്യസാഹിത്യരചനക്ക് തുടക്കം കുറിച്ച ജാഹിളും ഈ ശാഖയെ സമ്പന്നമാക്കിയ ബദീഉസമാനില്‍ ഹമദാനി, സഅ്ലബി, ഹരീരി, എന്നിവരും അബ്ബാസിയാ കാലഘട്ടത്തിലെ പ്രമുഖരാണ്. അറബി ഗദ്യത്തില്‍ അനവധി ഗ്രന്ഥങ്ങള്‍ രചിച്ച വ്യക്തിത്വമാണ് ജാഹിള്. കിതാബുല്‍ ഹയവാന്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധ ഗ്രന്ഥമാണ്. ഇന്ന് ജന ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ട നേടിയ ആയിരത്തൊന്നു രാവുകള്‍ എന്ന ഗദ്യരചനയും അബ്ബാസി യുഗത്തില്‍ വിരചിതമായ ഒരു ക്ലാസിക്കല്‍ ഗ്രന്ഥമാണ്. അതേപോലെ അബ്ദുല്ലാഹില്‍ മുഖഫ്ഫ ഹിന്‍റെ കലീല വദിംനയും ഇബ്നു ഖുതൈബയുടെ ഉയൂനുല്‍ അഖ്ബാറും ഈ കാലഘട്ടത്തിലെ മറ്റ് പ്രശസ്ത രചനകളാണ്. മത്രമല്ല, അല്‍ ബിറൂനിയും ഹംസത്തുല്‍ ഇസ്ഫഹാനിയും ഇക്കാലത്തെ സാഹിത്യ സാമ്രാട്ടുകളായിരുന്നു.
പദ്യസാഹിത്യത്തില്‍ വിശ്രുതരായ അനവധി കവികളും ഇക്കാലത്തുണ്ടായിരുന്നു. അബൂതമാം, അബൂ നവാസ്, റഖാശി, അബൂ ദൂലാമ, മുതനബ്ബി, ബൂസ്വീരി, തുടങ്ങിയവരാണ് അബ്ബാസിയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ കവികളായി ചരിത്രം രേഖപ്പെടുത്തുന്നത്.
ചുരുക്കത്തില്‍ അബ്ബാസിയ യുഗത്തിന്‍റെ ചരിത്ര ചിത്രം വിജ്ഞാനത്തിന്‍റേതായിരുന്നു. വശിഷ്യ വൈജ്ഞാനിക രചനകള്‍ക്കായിരുന്നു അവര്‍ പ്രാധാന്യം നല്‍കിയത്. പ്രത്യുത, സൈനിക നീക്കങ്ങള്‍ക്കോ യുദ്ധ വിജയങ്ങളിലോ ആയിരുന്നില്ല അവരുടെ ശ്രദ്ധ. വൈജ്ഞാനിക മേഖലയില്‍ ആബ്ബാസികള്‍ സൃഷ്ടിച്ച ചലനങ്ങള്‍ ചരിത്ര പേജുകളില്‍ അദ്വിതീയമായിതന്നെ നിലനില്‍ക്കും. ഇവിടെ ചരിത്രം മാതൃകയാക്കലാണ് നമ്മുടെ ബാധ്യത. നാഥന്‍ തുണക്കട്ടെ. ആമീന്‍
Be the first to comment