“
വാഷിങ്ടൺ: നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 51 ശതമാനം പേരുടെ പിന്തുണയുമായി െഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനാണ് അഭിപ്രായ സർവേകളിൽ മുന്നിൽ. നിലവിലെ പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് 43 ശതമാനം പേരുടെ പിന്തുണയേ ഇതുവരെ ഉള്ളൂ.
ഒരാഴ്ചക്കുള്ളിലെ കണക്കുകൾപ്രകാരം വിവിധ ദേശീയ സർവേകളിൽ ട്രംപിനേക്കാൾ ഏഴു മുതൽ 12 വരെ ശതമാനം മുന്നിലാണ് എതിരാളി ബൈഡൻ.ഇതാണ് ദേശീയടിസ്ഥാനത്തിലുള്ള ചിത്രമെങ്കിലും സംസ്ഥാനങ്ങളിലാണ് യഥാർഥ പോരാട്ടം നടക്കുന്നത്. ഇവിടങ്ങളിലെ സൂചനയനുസരിച്ച് പോരാട്ടം കനക്കുമെന്നാണ് സൂചന.
സർവേകളിൽ മിഷിഗൻ, പെൻസൽവേനിയ, വിസ്കോൺസൻ എന്നീ വലിയ സംസ്ഥാനങ്ങളിൽ ബൈഡൻ മുന്നിലാണ്. ഈ മൂന്നിടങ്ങളിലും ഒരു ശതമാനത്തിലും താഴെയുള്ള മാർജിനിലാണ് 2016ൽ ട്രംപ് വിജയിച്ചത്.
ഏഴു കോടി വോട്ടു ചെയ്തു
മുൻകൂർ വോട്ടു ചെയ്തവരുടെ എണ്ണം ഇതുവരെയായി ഏഴു കോടി കവിഞ്ഞു. 2016ൽ പോൾ ചെയ്ത മൊത്തം വോട്ടുകളുടെ പകുതി വരും ഇത്.
ഇപ്പോൾ എവിടെ?
ബൈഡൻ: സുപ്രധാന സംസ്ഥാനങ്ങളിലൊന്നായ ജോർജിയയിലായിരുന്നു ചൊവ്വാഴ്ച െഡമോക്രാറ്റിക് സ്ഥാനാർഥി ബൈഡെൻറ കാമ്പയിൻ. റിപ്പബ്ലിക്കന്മാരിൽ നിന്ന് പിടിച്ചെടുക്കാമെന്ന് പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണിത്.
ട്രംപ്: മിഷിഗനിലും വിസ്കോൺസനിലും നെബ്രസ്കയിലും പ്രസിഡൻറ് ട്രംപ് റാലി നടത്തി. അരിസോണയിലാണ് ട്രംപിെൻറ ബുധനാഴ്ചത്തെ റാലി.
ഹാക്കർമാരുടെ ആക്രമണം
ട്രംപിെൻറ കാമ്പയിനുനേരെ ഹാക്കർമാരുടെ സൈബർ ആക്രമണം. റിപ്പബ്ലിക്കൻ പ്രചാരണ വെബ്സൈറ്റുകൾ താൽക്കാലികമായി ഹാക്ക് ചെയ്ത് ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിച്ചേർത്തു. നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് റിപ്പബ്ലിക്കൻ വൃത്തങ്ങൾ.
ട്രംപിനൊപ്പം സിഖ് സമൂഹം
യു.എസിലെ ചെറുകിടവ്യാപാര രംഗത്ത് സജീവമായ സിഖ് വംശജർ ട്രംപിനൊപ്പമാണെന്ന് സമുദായ നേതാക്കൾ പി.ടി.ഐയോടു പറഞ്ഞു. ചെറുകിട വ്യാപാര രംഗത്ത് ട്രംപിെൻറ നയങ്ങൾ ഏറെ ഗുണകരമാണെന്നും അദ്ദേഹം ഇന്ത്യയുടെ സുഹൃത്താണെന്നും ഇവർ പറയുന്നു.
“
Be the first to comment