സ്രഷ്ടാവിനെ തേടിയൊരു തീര്‍ത്ഥയാത്ര

പി. മുഹമ്മദ് റഹ്മാനി മഞ്ചേരി

ചതുര്‍ മൂലകങ്ങളാല്‍  സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ അഞ്ചാമതൊരു മൂലകം സൃഷ്ടാവ് അവന്‍റെയടുക്കല്‍ നിന്നും പ്രത്യേകം സന്നിവേഷിപ്പിച്ചതാണ് ആത്മാവ്. തീ, വായു, വെളളം, മണ്ണ് എന്നീ നാല് മൂലകങ്ങളുടെയും വളര്‍ച്ച ഭൂമിയിലെ വിഭവങ്ങളാല്‍ ഫലപ്രദമാകുമെങ്കില്‍, ആത്മാവ് ദൈവീകമായ അന്നം അതിന്‍റെ വളര്‍ച്ചക്കന്വേഷിക്കുന്നതാണ് പ്രകൃതം. പക്ഷിക്ക് കൂടെന്നപോലെ ആത്മാവിന്ന് ശരീരം തടവറപോലെയാണ്. അതില്‍ നിന്നും പുറത്തുചാടാനും പുറപ്പെട്ടിടത്തുതന്നെ എത്തിചേരാനുമുളള താല്‍പര്യവും ദാഹവും ഏതൊരുആത്മാവിന്നുമുണ്ട് ബോധോദയമുണ്ടായിട്ടില്ലാത്ത പാമരര്‍ ആത്മാവിനെ അവഗണിച്ച് ഇഛക്കനുസൃതമായി ജീവിക്കുന്നു എന്നുമാത്രം. ആത്മാവിന്‍റെ വിളികേട്ടുണരുന്നവര്‍ പ്രയാണവഴി അന്വേഷിച്ചിറങ്ങുന്നു. പരമസത്യമാണവരന്വേഷിക്കുന്നത്. അഥവാ അല്ലാഹുവിനെ. സ്വാനുഭവത്തിലൂടെ അല്ലാഹുവിന്‍റെ മഹത്വം ആസ്വദിച്ചറിയാനുളള ആത്മജ്ഞാനത്തിന്‍റെ വഴിയാണത്.

ഈ വഴികണ്ടെത്തിയവരെയും അല്ലാത്തവരെയും ഇബ്നു ഖയ്യിം കൃത്യമായി ഇങ്ങനെ പരിചയപ്പെടുത്തുന്നു. ജനങ്ങള്‍ രണ്ടുവിഭാഗമാണ്. ശ്രേഷ്ടരും ദുഷ്ടരും, ശ്രേഷടന്‍ അല്ലാഹുവിങ്കലേക്കുളള വഴിമനസ്സിലാക്കുകയും അങ്ങോട്ട് എത്തിച്ചേരണമെന്ന ഉദ്ദേശ്യത്തോടെ അതില്‍ പ്രവേശിച്ചവനുമാണ്. ഇവന്‍ റബ്ബിങ്കല്‍ സമാദരണീയനായിരിക്കും എന്നാല്‍ നാഥന്‍റെയടുത്തേക്കുളള മാര്‍ഗം ഗ്രഹിച്ചിട്ടില്ലാത്തവനാണ് ദുഷ്ടന്‍. അതറിയാന്‍ അവന്‍ അന്വേഷണം നടത്തിയിട്ടുമില്ല. ഇവനാണ് അഭിശപ്തന്‍.

അല്ലാഹുവിലേക്കുളള യാത്രയും ചെന്നെത്തലും പ്രത്യക്ഷ വായനയില്‍ തെറ്റിദ്ധാരണയുണ്ടാവാനിടയുണ്ട് ആത്മജ്ഞാനികളുടെ ആലങ്കാരിക പ്രയോഗമാണത്. ഇമാം ഗ്വസ്സാലി(റ) ഈയാത്രയെ ഇങ്ങനെയാണ് വിവരിക്കുന്നത്: പടച്ചവന്‍റെയടുത്തേക്ക് ചെന്നെത്തുക എന്നുവെച്ചാല്‍, ഭൗതികലോകത്തുവെച്ച് ഹൃദയരഹസ്യം കൊണ്ട് അവനെ കാണുകയും അവന്‍റെ മഹത്വത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുക എന്നാണ്. പാരത്രികലോകത്തുവെച്ച് നഗ്നനേത്രം കൊണ്ടുളളകാഴ്ചയും. എന്നല്ലാതെ ശരീരങ്ങള്‍ തമ്മിലുളള ചേരലോ സന്ധിക്കലോ അല്ല; അല്ലാഹു ആ അവസ്ഥയില്‍ നിന്ന് അങ്ങേയറ്റം പരിശുദ്ധനാണല്ലോ.

അഥവാ അല്ലാഹുവിന്‍റെ അസ്തിത്വവും പരിശുദ്ധത്വവും ഉണ്മയും സാക്ഷ്യാനുഭവവുമെല്ലാം ഹൃദയകണ്ണിലൂടെ അനുഭവിച്ചറിയുന്ന മധുര സുന്ദര ലോകത്തെത്തുന്ന അവസ്ഥയെ പരിചയപ്പെടുത്തുന്നതിന്‍റെ ഗ്രാഹ്യഭാഷാപ്രയോഗം മാത്രമാണ് അവങ്കലേക്ക് ചെന്നെത്തുന്നയാത്ര എന്നത്.

അല്ലാഹുവിലേക്കെത്താനുളള  മാര്‍ഗ്ഗമത്രയും കല്ലും മുളളും നിറഞ്ഞതാണ്. കുഴിയും മലയും പുഴയും താണ്ടിക്കടക്കേണ്ടതാണ്. ഫരീദുദ്ദീന്‍ അത്താറിന്‍റെ മന്‍ത്വിഖുത്വയ്റി (പക്ഷിസംഭാഷണം)ലെ ഐഹിക കാമനകള്‍ സൃഷ്ടിക്കുന്ന മാര്‍ഗതടസ്സങ്ങളെ ഓരോന്നായി തരണം ചെയ്ത് ആധ്യാത്മിക സാഫല്യത്തിലെത്തിച്ചേരുന്ന ഒരു കൂട്ടം പക്ഷികളെ പോലെ ലക്ഷ്യത്തിലെത്തുന്നവര്‍ വിരളം. ലക്ഷ്യത്തിലെത്താന്‍ വേണ്ടത് പ്രയാണ വഴിയിലെ വിഘ്നങ്ങളെ തിരിച്ചറിഞ്ഞ് അവ തൃണവല്‍ഗണിക്കാനുളള ത്രാണിയും മനക്കരുത്തും നേടിയെടുക്കലാണ്. ആത്മാവിനെ മലിനമാക്കുന്ന അഴുക്കുകളാണ് വലിയതടസ്സങ്ങള്‍. ആത്മീയരോഗങ്ങളെന്ന പേരിലാണ്  പണ്ഡിതന്മാര്‍ അവ വിശേഷിപ്പിക്കുന്നത്. അല്ലാഹുവിലേക്കുളള പ്രയാണമാര്‍ഗത്തില്‍ ആത്മാവിന് വ്യത്യസ്ഥ ഘട്ടങ്ങളുണ്ട്. ഒരോഘട്ടങ്ങളിലും പ്രയാണതടസ്സം സൃഷ്ടിക്കുന്ന ശത്രുക്കളുമുണ്ട്.

അജ്ഞത, ലുബ്ദത, മനോരഥം, അതിമോഹം, അഹങ്കാരം, പൊങ്ങച്ചം, അമര്‍ഷം, അസൂയ, പരദൂഷണം, ഏഷണി, അശ്രദ്ധ, കാമം, അനുസരണ രാഹിത്യം, ചീത്ത സ്വഭാവം, അനാവശ്യ സംസാരം, പ്രസിദ്ധി മോഹം, നേതൃമോഹം, ലോകമാന്യം…. തുടങ്ങിയ ദുസ്സ്വഭാവങ്ങള്‍ പ്രഥമഘട്ടത്തില്‍ ഉല്‍ഭവിക്കുന്നവയാണ്. ദുഷ്ടപ്രേരണകളുടെ ആത്മാവ് (നഫ്സ് അമ്മാറ:) എന്നാണ് പണ്ഡിതര്‍ ആ ഘട്ടത്തെ വിശേഷിപ്പിക്കാറുളളത്. ഇതുപോലെ അതാതു ഘട്ടങ്ങളെ തടഞ്ഞ് നിറുത്താനുളള ശത്രുക്കളെ പരാചയപ്പെടുത്തുന്നതിലൂടെ ആത്മാവിന്ന് വിജയഘട്ടമെത്താനും പരമലക്ഷ്യം പ്രാപിക്കാനും സാധിക്കും

ഈ ഓരോഘട്ടങ്ങളിലേക്കും എത്തിച്ചേരാനുളള ആത്മാവിന്‍റെ യാത്ര അബൂസഈദിനില്‍ ഖര്‍റാസി (റ) വിവരിക്കുന്നത് കാണുക: അല്ലാഹുവിങ്കലേക്കുളള വഴിയില്‍ ആദ്യത്തേത് തൗബ (പാശ്ചാത്താപം) യാണ്. തൗബയുടെ പദവിയില്‍ നിന്ന് ആ വ്യക്തി പിന്നീട് ഭയത്തിന്‍റെ പദവിയിലേക്കും അവിടെ നിന്ന് പ്രത്യാശയുടെ പദവിയിലേക്കും അവിടെനിന്ന് സജ്ജനങ്ങളുടെ സ്ഥാനത്തേക്കും അവിടെ നിന്ന് മുരീദുകളുടെ സ്ഥാനത്തേക്കും അവിടെനിന്ന് അനുസരണശീലരുടെ സ്ഥാനത്തേക്കും അവിടെ നിന്ന് മിത്രങ്ങളുടെ പദവിയിലേക്കും അവിടെ നിന്ന് അനുരാഗികളുടെ പദവിയിലേക്കും അവിടെനിന്ന് ഔലിയാക്കളുടെ പദവിയിലേക്കും അവിടെനിന്ന് റബ്ബിന്‍റെ സമീപസ്ഥരുടെ പദവിയിലേക്കും നീക്കം ചെയ്യപ്പെടുന്നതാണ്.

തൗബയിലാണ് യാത്രതുടങ്ങേണ്ടത്. ഇമാം ഖുശൈരി (റ) പറഞ്ഞ പോലെ; തൗബ (പാശ്ചാതാപം) അന്വേഷകന്‍റെ പ്രഥമഘട്ടവും മുരീദിന്‍റെ പ്രഥമ ഇടവുമാണ്. മടങ്ങി എന്നര്‍ത്ഥം വരുന്ന താബ എന്ന അറബിപദത്തില്‍ നിന്നാണ് തൗബയുടെ നിഷ്പത്തി.. ശറഇല്‍ ആക്ഷേപാര്‍ഹമായതില്‍ നിന്നും സ്തുത്യര്‍ഹമായതിലേക്കുളള മടക്കമാണ് തൗബ. അതുകൊണ്ടാണ് (തന്നില്‍ വന്നുപോയ തിന്മകളിലുളള) ഖേദമാണ് തൗബ എന്ന് നബി(സ്വ) പറയാന്‍കാരണം. സൈനുദ്ദീന്‍ മഖ്ദൂം (റ) അദ്കിയയില്‍ തൗബയെ വിശേഷിപ്പിച്ചത്; തൗബ എല്ലാ ത്വാഅത്തുകളുടെ താക്കോലും മുഴുവന്‍ നന്മകളുടെ അടിത്തറയുമെന്നാണ്. തി ഹൃദയത്തിന്ന് ഭാരവും ഇരുളും ഏല്‍പ്പിക്കുന്നതിനാല്‍ പശ്ചാത്തപിക്കാത്ത കാലത്തോളം നന്മയിലേക്കും വഴിപ്പെടലിലേക്കും ശരീരത്തിന്ന് പ്രേരണയോ താല്‍പര്യമോ ഉണ്ടാവില്ല. ആരാധനയിലെ മാധുര്യവും തെളിച്ചവും തൗബയുടെ അസാനിദ്ധ്യത്തില്‍ അന്യമായിരിക്കും. ആരാധനാ സ്വീകാര്യതക്ക് തൗബ അനിവാര്യമാണ്. കാരണം തി തന്‍റെ റബ്ബിനെതിര് പ്രവര്‍ത്തിക്കലാണ്. അതില്‍ ഖേദിക്കലും റബ്ബിനെ തൃപ്തിപ്പടുത്തലുമാണ് തൗബ. (മിന്‍ഹാജുല്‍ ആബിദീന്‍).

നിബന്ധനയൊത്ത തൗബയാണുണ്ടാവേണ്ടത്. ചെയ്ത പാപത്തില്‍ നിന്ന് നിശ്ശേഷം വിട്ട് നില്‍ക്കലും, വന്നുപോയതില്‍ ഖേദിക്കലും, ഇനിയൊരിക്കലും ചെയ്യില്ലന്ന ദൃഢനിശ്ചയമുണ്ടാവലും, റബ്ബുമായുളള തെറ്റില്‍ തൗബക്ക് നിബന്ധനയാണ്. സൃഷ്ടികളുമായുളളതാണെങ്കില്‍ അവരുമായുളള കടപ്പാടില്‍ നിന്നും വിമുക്തനാവുക എന്ന നാലാമത്തെ ഒന്നുകൂടെ നിബന്ധനയാണ്.

പശ്ചാത്താപത്തിനുളള കാരണങ്ങള്‍ യാത്രയില്‍ മുന്നേറുന്നതിനനുസരിച്ച് വ്യത്യസ്തമാകുന്നത് പണ്ഡിതര്‍ വിവരിക്കുന്നുണ്ട്. പ്രയാണം തുടങ്ങുന്നവന്‍ തെറ്റുകളില്‍ നിന്നാണ്. ഏറെമുന്നേറിയവന്‍ മനസ്സില്‍ അല്ലാഹുവല്ലാത്ത വിചാരം വരുന്ന തിനേയായിരിക്കും പശ്ചാത്താപ വിധേയമാക്കുക. ദുനൂനുല്‍മിസ്വ്രി (റ) പറയുന്നു. സാധാരണക്കാരുടെ തൗബ ദോഷങ്ങളില്‍ നിന്നായിരിക്കും എന്നാല്‍, പ്രത്യേകക്കാരുടെത്  അല്ലാഹുവിനെക്കുറിച്ച് വന്നുഭവിക്കുന്ന അശ്രദ്ധയെക്കുറിച്ചായിരിക്കും തൗബയുടെ സാധുത, നിഷിദ്ധ കാര്യങ്ങള്‍ പ്രത്യക്ഷീഭവിക്കുന്നിടത്ത് പ്രകടമാകുമ്പോഴാണ്. അതുകൊണ്ട് യാത്രലക്ഷ്യത്തിലെത്താന്‍ ഇനിയുണ്ടാവേണ്ടത് തഖ് വ യാണ്. താന്‍ പശ്ചാത്തപിച്ചുമടങ്ങിയവകളില്‍, ആരും കാണാത്തിടത്തുപോലും ആത്മനിയന്ത്രണം സാധിക്കണമെങ്കില്‍ തഖ് വ അനിവാര്യമാണ്.        പ്രത്യക്ഷവും  പരോക്ഷവുമായി, അല്ലാഹുവിന്‍റെ മുഴുവന്‍ കല്‍പ്പനകള്‍ക്കും വഴിപ്പെടുകയും വിരോധിച്ചവകള്‍ വെടിയലുമാണ് തഖ് വ (കിഫായത്തുല്‍ അത്ഖിയാഅ്) മുഴുവന്‍ വിജയങ്ങളുടെയും മാനദണ്ഡം തഖ് വയാണ് (അദ്കിയ).

അതിന്‍റെ അപാവത്തില്‍ കാപട്ട്യമുണ്ടാവാന്‍ സാധ്യതയുണ്ട്. കാപട്ട്യവാന്‍ പരാജിതനാണ്. തഖ് വ സംശയാസ്പതമായവപോലും വെടിയലാണെന്ന വ്യാഖ്യാനം കൂടുതല്‍ ഗൗനിക്കലനിവാര്യമാണ്. സകല നന്മകളെയും സംഘമിപ്പിക്കുന്നത് തഖ് വയാണെന്ന് ഒരു ഹദീസിലുണ്ട്. പ്രവാചക കുടുംബമെന്നവിശേഷണവും മുത്തഖിക്ക് നല്‍കുന്ന മറ്റൊരു ഹദീസുമുണ്ട്. പാരത്രിക ജീവിതത്തിലേക്കുളള ഭക്ഷണമാണ് തഖ് വ. ഈ ഭക്ഷണം സ്വീകരിക്കാത്തവന്ന് ആത്മീയ വെളിച്ചം ലഭ്യമാകില്ല. അല്ലാഹുവിലേക്കുളള യാത്രയില്‍ മുന്നേറാനും. ഒരാളുടെ സാക്ഷ്യാനുഭൂതിയെന്ന ഉന്നത പദവി തഖ് വയിലൂടെ മാത്രമേ നേടിയെടുക്കാന്‍ സാധിക്കുകയൊളളു.

കേവല ബാഹ്യപ്രകടനമല്ല തഖ് വ. ഇഖ് ലാസി(ആത്മാര്‍ത്ഥത)ലധിഷ്ടിതമായവക്കുമാത്രമേ ഉദ്ദിശ്ട ഫലമുണ്ടാവുകയൊളളൂ. അല്ലാഹുവിലേക്കുളള യാത്രയില്‍ അതിനാല്‍ ആത്മാര്‍ത്ഥതക്ക് വലിയ പങ്കാണുളളത്. ലോകമാന്യത വെടിയലാണ് ഇഖ് ലാസ് എന്ന് മൊത്തത്തില്‍ വിലയിരുത്താം. ഇമാം ഖുശൈരി (റ) ഇഖ്ലാസ്വിനെ ഇങ്ങനെയാണ് നിര്‍വ്വചിച്ചത്; ആരാധനകള്‍ അല്ലാഹവിനു വേണ്ടി മാത്രമായി നിര്‍വഹിക്കലാകുന്നു ഇഖ് ലാസ്. തന്‍റെ ആരാധനകളിലൂടെ അല്ലാഹുമായുളള സാമീപ്യം മാത്രമുദ്ദേശിക്കലാണത്. മറ്റുയാതൊന്നും ലക്ഷീകരിക്കരുത്.

ആളുകളുടെ സാനിദ്ധ്യത്തിലും അസാനിദ്ധ്യത്തിലും അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യാന്‍ കഴിയണം. അവരുടെ ശ്രദ്ധയോ വിലയിരുത്തലോ പ്രശംസിക്കലോ ഒന്നും തന്‍റെ ആരാധനയുടെ മോടിക്ക് വേദിയാകരുത്. മനസ്സില്‍ ലവലേശം അത്തരം ചിന്ത കടന്നുവരരുത്. അന്യരെകാണിക്കാനുളള ഇബാദത്തിനെ രഹസ്യശിര്‍ക്ക് എന്നാണ് നബി(സ്വ) പഠിപ്പിച്ചത്. ആത്മാര്‍ത്ഥത മാനസീകാവസ്ഥയാണ്.മാനസീകമായത് കൊണ്ട് ബാഹ്യവിലയിരുത്തലിന്ന് അതീതവും. അത്കൊണ്ടാണ് നബി(സ്വ) പറഞ്ഞത് അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല നോക്കുക; പകരം ഹൃദയത്തിലേക്ക് മാത്രമാണ് അവന്‍ നോക്കുക (മുസ്ലിം)

മനസ്സിന്‍റെ കരുത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹുവിലേക്ക് യാത്ര തിരിച്ച പലര്‍ക്കും മനസ്സിന്‍റെ ലോകമാന്യമെന്ന രോഗമാണ് വലിയ തടസ്സമാകാറുളളത്.

പ്രയാണ പ്രാരംഭത്തില്‍ ഭൗതിക ലക്ഷ്യങ്ങള്‍ വെടിഞ്ഞ് തുടങ്ങുന്ന അവന്‍ മുന്നേറ്റത്തിനനുസരിച്ച് തന്‍റെ ലക്ഷ്യം സൃഷ്ടാവ് മാത്രമാകുന്നതാണ്. റാബിഅത്തുല്‍ അദവിയ്യ(റ) പറഞ്ഞപോലെ ; ഞാന്‍ നിന്നെ ആരാധിക്കുന്നത് നിന്‍റെ നരകം ഭയപ്പെട്ടതിനോ സ്വര്‍ഗ്ഗം ആഗ്രഹിച്ചതിനോ അല്ല. പ്രത്യുത നിനക്ക് വേണ്ടിയാണ്. സ്വര്‍ഗ്ഗത്തെ കൊതിക്കലും നരകത്തെ ഭയപ്പെടലും പരമലക്ഷ്യത്തെ തുടര്‍ന് സ്വാഭാവികമായി കടന്നുവരുന്നതാണ്. ഇബ്നു ഫാരിദ് (റ) പറഞ്ഞ പോലെ സ്വര്‍ഗ്ഗീയ സൗഖ്യങ്ങളല്ല ഞാന്‍ നിന്നോട് ചോദിക്കുന്നത്. എന്നിരുന്നാലും ഞാന്‍ സ്വര്‍ഗ്ഗം സ്നേഹിക്കുന്നു. അത് നിന്നെ കാണാനുളള താല്‍പര്യം കൊണ്ടാണ് തന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ണ സ്ഫുടത അനിവാര്യമാണെന്ന് ഇഖ് ലാസ് തേടുന്നുണ്ട്. മൃതതുല്ല്യമാണ് ആത്മാര്‍ത്ഥതയില്ലാത്ത കര്‍മ്മങ്ങള്‍. ഇബ്നു അത്വാഇല്ലാഹില്‍ ഇസ്കന്തരി(റ) കര്‍മ്മങ്ങളുടെ ആത്മാവ് എന്നാണ് ഇഖ് ലാസിനെ വിശേഷിപ്പിക്കുന്നത്. അപ്പോള്‍ കര്‍മ്മങ്ങളെ ജഢമായും ഇഖ് ലാസ്  അവക്കുളള ആത്മാവായും വിലയിരുത്താമല്ലോ.

അല്ലാഹുവിലേക്കുളള വഴിയില്‍ തുടര്‍ന്നുണ്ടാവേണ്ട ബൃഹത്തായ ഒന്നാണ് വറഅ്(സൂക്ഷ്മത). അസ്പൃശ്യകാര്യങ്ങള്‍ പോലും ദൂരീകരിക്കലാണ് സൂക്ഷ്മത. ന്യായാന്യായങ്ങളിലേക്ക് പോകാതെ ലഭ്യമായ ജ്ഞാനത്തില്‍ നില്‍ക്കലാണ് വറഅ് ഉളളവനിലുണ്ടാവുക. കര്‍മ്മങ്ങളില്‍ ഏറ്റവും കഠിനമായവയിലാണ് വിജനതയിലും സൂക്ഷ്മത പുലര്‍ത്തലിനെ ബിശ്റ്ബ്നുല്‍ ഹാരിസ് (റ) എണ്ണുന്നത്. അനുവദനീയമായവപോലും നിഷിദ്ദമായതിലെത്താന്‍ ഇടമാകുമെന്ന് ഭയന്ന് ഉപേക്ഷിക്കാന്‍ വറഅ് കാരണമാകും. ഹറാമിന്‍റെ ഒരു കവാടത്തില്‍ പെട്ടുപോകലിനെ ഭയന്നതിനാല്‍ ഹലാലിന്‍റെ എഴുപത് കവാടങ്ങള്‍ സിദ്ദീഖ് (റ) ഉപേക്ഷിക്കാറുണ്ടായിരുന്നുവത്രെ.

ഈ പ്രയാണവഴിയില്‍ പ്രവേശിച്ച പൂര്‍വീകമഹത്തുക്കളില്‍ നിന്നുമുദ്ദരിക്കുന്ന അനവധി സംഭവങ്ങള്‍ അവര്‍ വറഇന്‍റെ ഉത്തുംഗപര്‍വ്വതങ്ങളായിരുന്നുവെന്നറിയിക്കുന്നുണ്ട്. ഭൃത്യന്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ച സിദ്ദീഖ് (റ) വിനോട് അതിന്‍റെ ഹലാലില്‍ സംശയമുണ്ടെന്നറിയിച്ചപ്പോള്‍ വായയില്‍ കൈയിട്ട് മുഴുവന്‍ ഛര്‍ദ്ദിച്ചു കളയുകയുണ്ടായെത്രെ (ബുഖാരി). അത്രയും കഠിനമായിരുന്നു അവരുടെ സൂക്ഷ്മത. സംശയാസ്പദമായതും ഹൃദയത്തിന് കളങ്കവും ഉത്കണ്ഠയുമുണ്ടാക്കുന്നവയും ദുര്‍മന്ത്രങ്ങള്‍ പോലും യാത്ര മുന്നേറണമെന്നാഗ്രഹിക്കുന്നവര്‍ ലക്ഷ്യത്തിലെത്താന്‍ സൂക്ഷിച്ചിരിക്കണം. പരിത്യാഗത്തിന്‍റെ പ്രാരംഭം സൂക്ഷ്മതയാണെന്നു അബൂസുലൈമാനുദാറാനി (റ) പറയുന്നുണ്ട്.

സുഹ്ദ് (പരിത്യാഗം) എന്ന വിശേഷണസിദ്ധിക്ക് സൂക്ഷ്മതയിലൂടെ മാത്രമേ എത്തിച്ചേരാന്‍ സാധിക്കുകയൊളളൂ എന്നാണിതിനര്‍ത്ഥം.  ഐഹിക സ്നേഹത്തില്‍ നിന്നും ഇച്ഛകളില്‍ നിന്നും ഹൃദയത്തെ ശൂന്യമാക്കലും അല്ലാഹുവിനോടുളള സ്നേഹവും ദൈവീക ജ്ഞാനങ്ങളും ഹൃദയത്തില്‍ നിര്‍ഭരമാക്കലുമാണ് സുഹ്ദ്. മനുഷ്യ ഹൃദയങ്ങളില്‍ നിന്നും ദുന്‍യാവിനോടുളള സ്നേഹവും ബന്ധവും തല്‍പരതയും എത്രകണ്ട് കുറയുന്നുവോ അത്രയും അല്ലാഹുവിനോടുളളസ്നേഹവും ദൈവീക ജ്ഞാനവും വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് അല്ലാഹുവിലേക്ക് ചെന്നുചേരാനുള വഴിയായി സുഹ്ദിനെ മഹത്തുക്കള്‍ പരിഗണിക്കുന്നത് (തസ്വവ്വുഫും ത്വരീഖത്തും)

ശൈഖ് ഇബ്നുല്‍ ജല്ലാഅ് (റ) പരിത്യാഗത്തെ  ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്;  വ്യതിചലനാത്മകമാണെന്ന ദൃഷ്ടിയോടെ ദുന്‍യാവിനെ കാണലാണ് പരിത്യാഗം. എപ്പോഴും വ്യതിചലിക്കാമെന്ന കണ്ണോടെ നോക്കുമ്പോള്‍ അത് നിസ്സാരമായിത്തോന്നുകയും അവഗണിക്കല്‍ നിഷ്പ്രയാസകരമാവുകയും ചെയ്യും ധനത്തോടുളള ഹൃദയബന്ധം ഉപേക്ഷിക്കലാണ്, അല്ലാതെ ധനമില്ലാതാക്കലല്ല സുഹ്ദ്  എന്ന് സൈനുദ്ദീന്‍ മഖ്ദൂം (റ) അദ്കിയയില്‍ വിവരിക്കുന്നുണ്ട്.

പരിത്യാഗമില്ലാത്തവന്‍ ലക്ഷ്യത്തിലെത്താനുളള അന്വേഷണം കേവലം ലഹരിപിടിച്ചവന്‍റെ വാക്കുകള്‍ പോലെയാണെന്നും മഖ്ദൂം പഠിപ്പിക്കുന്നുണ്ട്. നിസ്സാരതയോടെയും അതൃപ്തിയോടെയും ദുന്‍യാവിനെ വീക്ഷിക്കുന്നവന് അതിന്‍റെ നഷ്ടത്തില്‍ ദു:ഖിക്കുകയോ ലഭ്യതയില്‍ കൊതിക്കുകയോ ഇല്ല. അല്ലാഹുവിലേക്കുളളയാത്രയില്‍ ആത്മാവിന്‍റെ വളര്‍ച്ച നിരീക്ഷിക്കുന്നവന്ന് മറ്റൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. അത്കൊണ്ട് പരിത്യാഗി ഭൗതിക ലോകത്താണുളളതെങ്കിലും ഭൗതികതക്കന്യ ലോകത്താണവന്‍റെ മനസ്സ് ഊന്നുന്നത്. അവന്‍റെ മുമ്പില്‍ ഇഹലോകം അല്ലാഹുവിന്‍റെ പരീക്ഷണ വസ്തു മാത്രമാണ്. അവന്‍റെ പ്രീതിയും താല്‍പര്യവുമനുസരിച്ചുമാത്രമുപയോഗിക്കേണ്ടതാണ് ഇവയൊക്കെയെന്നവന്‍ തിരിച്ചറിയുന്നു.

എന്നാല്‍, പരിത്യാഗത്തെ വികലമായി മനസ്സിലാക്കിയ ചിലരുണ്ട്. ശിഷ്യനെ അല്ലാഹുവിലെത്തിക്കാന്‍ അവരവരുടെ മാനസീകാവസ്ഥകള്‍ തിരിച്ചറിയുന്ന ഗുരുക്കള്‍ നല്‍കുന്ന ശിക്ഷണത്തിന്‍റെ ഭാഗമായി ചിലരിലുണ്ടാവുന്ന പരിത്യാഗത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതില്‍ നിന്നും വന്ന അബദ്ധവായനയാണത്. നിപുണനായ ഡോക്ടറുടെ ചിട്ടകളും പഥ്യങ്ങളും അതാതുരോഗികള്‍ക്ക് മരുന്ന് ഫലപ്രദമാകുന്നതിന്ന് അനിവാര്യമെന്ന പോലെ യഥാര്‍ത്ഥ മുര്‍ശിദിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണവയെത്രയും. അതിനെ ഇസ്ലാമിന്‍റെമേല്‍ നിരുപാധികം എങ്ങനെ വിലയിരുത്താനാണ് ?

അല്ലാഹുവിലേക്ക് യാത്ര ചെയ്യുന്നവനുണ്ടാവേണ്ട മറ്റൊരു ഘടകമാണ് സത്യസന്ധത(സ്വിദ്ഖ്). പ്രയാണ വഴിയിലെ മുഖ്യമാനദണ്ഡമായി ഇതിനെ വിലയിരുത്തിയവരുണ്ട്. കേവല വാക്കിലെ സത്യസന്ധതയല്ല ഇവിടെ വിവക്ഷ. പകരം വാക്കിലും ഉദ്ദേശ്യത്തിലും ദീനിന്‍റെ മറ്റുകാര്യങ്ങളിലും സത്യസന്ധത ഉണ്ടാവലാണ് ഇവിടെ ഉദ്ദേശ്യം. ഇതിലെല്ലാം പൂര്‍ണ്ണനാകുമ്പോഴാണ് സ്വിദ്ദീഖ് എന്ന ഖ്യാതിക്കര്‍ഹനാകുന്നത്(തസ്വവ്വുഫും ത്വരീഖത്തും).

അല്ലാമ ഇബ്നു അബീശരീഫ്(റ) ഹവാശില്‍ അഖാഇദില്‍ പറയുന്നു:  അകത്തായാലും പുറത്തായാലും ശരി, രഹസ്യവും പരസ്യവും തുല്യമാവുക എന്ന അര്‍ത്ഥത്തിലാകുന്നു സ്വൂഫികള്‍ സത്യസന്ധതയെ വ്യവഹരിച്ചിരിക്കുന്നത്. അപ്പോള്‍ ഒരാളുടെ സ്ഥിതിഗതികള്‍ അവന്‍റെ പ്രവര്‍ത്തനങ്ങളെ വ്യാജമാക്കുകയില്ല. അവന്‍റെ പ്രവര്‍ത്തികള്‍ സ്ഥിതിഗതികളെയും കളളമാക്കുകയില്ല. സ്വൂഫികളുടെ ഈ അര്‍ത്ഥകല്‍പന പ്രകാരം ദൃഢനിശ്ചയവും ഖണ്ഡിത തീരുമാനവുമുണ്ടായിത്തീരുന്ന ഒരു വിശേഷണമാണത്. പൂര്‍ണ്ണതയുടെ പടവുകള്‍ കേറാനുളള മനക്കരുത്തുണ്ടാക്കുകയും അഭിശപ്തമായ ന്യൂനവിശേഷങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാന്‍ പ്രേരകമാകുന്ന വിശേഷണവുമാകുന്നു  സത്യസന്ധത  (തസ്വവ്വുഫ് ഒരു സമഗ്രപഠനം)

ഇക്കാരണത്താല്‍ തന്നെ ലക്ഷ്യപ്രാപ്തിയാഗ്രഹിക്കുന്നവന്‍റെ കൈയിലുണ്ടാവേണ്ട ഖഡ്ഗമാണ് സത്യസന്ധത എന്നും പ്രയാണ വഴിയിലെ മുഴുവന്‍ തടസ്സങ്ങളേയും അത്കൊണ്ട് വെട്ടിമാറ്റാനാവുമെന്നും ഇതിനെ പണ്ഡിതര്‍ വിലയിരുത്തുന്നുണ്ട്.  ലക്ഷ്യമാര്‍ഗ്ഗമാരായുന്നവനില്‍ മേളിക്കേണ്ട സകല ഗുണങ്ങളുടെയും അവലംബവും പൂര്‍ണ്ണതയും ഘടനയും സത്യസന്ധതയാണ്. പ്രവാചകത്വ പദവിക്ക് തൊട്ടടുത്താണ് സത്യസന്ധരെ ഖുര്‍ആന്‍ (നിസാഅ്:69) എണ്ണുന്നത്. ഇരുലോകാശ്ചര്യങ്ങള്‍ ദൃശ്യമാകാന്‍ സത്യസന്ധത തേടുകയാണ് വേണ്ടത് (രിസാലത്തുല്‍ ഖുശൈരിയ്യ). ആത്മീയ വളര്‍ച്ചയിലെ ഓരോ പദവിയിലും സന്തതസഹചാരിയായി ഉണ്ടാവേണ്ട പ്രധാന വിശേഷണം കൂടിയാണിത്.

ക്ഷമയാണ് രക്ഷയുടെ മാര്‍ഗ്ഗത്തില്‍ പ്രയാണം നടത്തുന്നവനിലുണ്ടാവേണ്ട മറ്റൊരു ഗുണവിശേഷം. വിവിധ വ്യാഖ്യാനങ്ങളിലൂടെ പണ്ഡിതര്‍ ക്ഷമയെ പരിചയപ്പെടുത്തുന്നുവെങ്കിലും ഇമാം റാഗിബുല്‍ ഇസ്വ്ഫഹാനിയുടെ വിശദീകരണം കൂടുതല്‍ സുഗ്രാഹ്യവും സമഗ്രവുമാണെന്ന് തോന്നുന്നു. അദ്ദേഹം പറയുന്നു.  ശരീഅത്തും ബുദ്ധിയും താല്‍പര്യപ്പെടുന്ന കാര്യങ്ങളില്‍ മനസ്സിനെ തളച്ചിടലാണ് സ്വബ്റ്. അഥവാ ഏതെല്ലാം വിഷയങ്ങളില്‍ നിന്ന് മനസ്സിനെ തടഞ്ഞിടണമെന്ന് ദൈവിക നിയമവും മനുഷ്യബുദ്ധിയും ആവശ്യപ്പെടുന്നുണ്ടോ അവയില്‍ നിന്ന് മനസ്സിനെ തടഞ്ഞുവെക്കലാണ് സഹനം ക്ഷമ മനുഷ്യ നിയന്ത്രണാതീതവും നിയന്ത്രണാതീനവുമായ കാര്യങ്ങളിലൊക്കെ വേണ്ടതാണ്.

അപ്രതീക്ഷിതമായി വരുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ക്ഷമിക്കലും അല്ലാഹുവിന്‍റെ കല്‍പനകളും വിരോധങ്ങളും ക്ഷമയോടെ സ്വീകരിക്കലും അതിന്‍റെ ഭാഗമാണ്. സത്യമന്വേഷിക്കുന്നവന്‍റെ മുമ്പില്‍ പരീക്ഷണങ്ങളുടെ കവാടങ്ങള്‍ തന്നെ തുറന്നിടുന്നതും അവര്‍ എത്രത്തോളം ക്ഷമ കൈകൊളളന്നുവെന്ന് അല്ലാഹു നിരീക്ഷിക്കുന്നതുമാണ്. ബദ്ധിമുട്ടുകള്‍ വരുന്നിടത്ത് മോചനത്തിന്‍റെ മാര്‍ഗ്ഗവും വിജയത്തിന്‍റെ രഹസ്യവുമാണ് ക്ഷമ എന്നതിനാലാണ് നബി(സ്വ) ക്ഷമയെ ഈമാനിന്‍റെ പകുതി  എന്ന് വിശേഷിപ്പിച്ചത്. മുന്‍കാല മഹത്തുക്കള്‍ ക്ഷമയുടെ പ്രതീകങ്ങളായിരുന്നു. പ്രയാണ വഴിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പര്‍വ്വത പരീക്ഷണങ്ങള്‍ ക്ഷമയിലൂടെ തൃണവല്‍ഗണിച്ചതിനാല്‍ ലക്ഷ്യപ്രാപ്തി സരളമായി അവര്‍ക്ക്. ആരാധനകളില്‍ ഉറച്ചു നില്‍ക്കുന്നതിലും കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനും ഈ ക്ഷമ അവര്‍ക്ക് കൂട്ടായിരുന്നു.

മന:സ്സമാധാനവും ശാന്തിയും നേടിത്തരുന്ന വിധിപൊരുത്ത(രിളാ) മെന്ന ഗുണമാണ് അല്ലാഹുവിലേക്ക് യാത്രചെയ്യുന്നവനിലുണ്ടാവേണ്ട വേറൊരു വിശേഷണം. സൃഷ്ടാവിന്‍റെ ഏതുതീരുമാനത്തേയും ഹൃദയ സന്തോഷത്തോടെ ഏറ്റെടുക്കാനുളള പാകതയാണ് ഇതിലൂടെ കൈവരിക്കുന്നത്. ഈ ഗുണവിശേഷം രൂഢമൂലമാകുന്നതിന്‍റെ തോതനുസരിച്ച് മന:ധൈര്യവും സമാധാനവും ശക്തിപ്രാപിക്കും. ക്ഷമയേക്കാള്‍ മുകളിലായി വിധിപൊരുത്തത്തെ പണ്ഡിതര്‍ വിലയിരുത്തുന്നുണ്ട്. കാരണം ഏത് വിപത്തുകളും അവന് നډയും ഗുണവുമായി ഭവിക്കുന്നതാണ്(തസ്വവ്വുഫും ത്വരീഖത്തും). മരണത്തെപ്പോലും സംതൃപ്തിയോടെ എതിരേറ്റവരായിരുന്നു ബിലാല്‍(റ). മരണവേളയില്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി;څ

ഹാ! എന്തൊരു സന്തോഷം ! ഞാന്‍ നാളെ സുഹൃത്തുക്കളെ കണ്ടു മുട്ടും. പ്രവാചകനെയും അനുയായികളേയും .

വിധിയില്‍ സംതൃപ്തനല്ലാത്തവന്‍ എന്നും സംഘര്‍ഷത്തിലും ഉല്‍കണ്ഠയിലുമായിരിക്കും. അവനെന്നും ജീവിതം ഇരുളടഞ്ഞതായിരിക്കും. നേരെമറിച്ച്  വിധിപൊരുത്തമുളള ജീവിതം ഐശ്വര്യമായിരിക്കു  മെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. വിധിസംതൃപ്തി അല്ലാഹുവിനോടുളള സ്നേഹമാണ്. അവന്‍റെ പരീക്ഷണങ്ങളെപ്പേലും വൈമനസ്സ്യമില്ലാതെ സ്വീകരിക്കാന്‍ ഇവന്‍ സന്നദ്ധനാകുന്നത് അതുകൊണ്ടാണല്ലോ. ജീവിതത്തില്‍ നേരിടുന്ന വ്യത്യസ്ഥ അവസ്ഥകളെ പൊരുത്തത്തോടെ സ്വീകരിക്കലാണ് വിധിപൊരുത്തമെന്ന് വിവിധങ്ങളായി വന്ന വ്യാഖ്യാനങ്ങളില്‍ നിന്ന്, മൊത്തത്തില്‍ ഗ്രഹിക്കാം.

വിധിപൊരുത്തത്തോടൊപ്പം അല്ലെങ്കില്‍ അതിന്‍റെയും മുമ്പേയുണ്ടാവേണ്ട ഗുണമാണ് തവക്കുല്‍ (അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍). തവക്കുലിന്‍റെ പാരമ്യതയാണ് വിധിപൊരുത്തം (രിസാലത്തുല്‍ ഖുശൈരിയ്യ).

ഇമാം ഖുശൈരി (റ) പറയുന്നു;  തവക്കുലിന്‍റെ സ്ഥാനം ഹൃദയമാകുന്നു. നിയമങ്ങളും വിധികളും അല്ലാഹുവിന്‍റെ ഭാഗത്തു നിന്നാണുണ്ടാകുന്നത് എന്ന് ദൃഢമായി മനുഷ്യന്‍ വിശ്വസിച്ചു കഴിഞ്ഞ ശേഷം, ബാഹ്യാവയവങ്ങള്‍ കൊണ്ടുളള പ്രവര്‍ത്തനം ഹൃദയം കൊണ്ടുളള തവക്കുലിന് വിരുദ്ധമാകയില്ല. എന്തെങ്കിലും വിഷയം പ്രയാസകരമായി വന്നാല്‍ അവന്‍റെ വിധിയനുസരിച്ചാണത്; സുഖമമായാലോ അവന്‍ എളുപ്പമാക്കി തന്നതുമൂലവും. സകലത്തിന്‍റെയും കര്‍ത്താവ് അല്ലാഹുമാത്രണെന്ന് വിശ്വസിക്കുന്നവന് മാത്രമേ യഥാര്‍ത്ഥ തവക്കുല്‍ സാധിക്കുകയൊളളു. വിശ്വാസികള്‍ തവക്കുലാക്കാന്‍ ഖുര്‍ആന്‍(മാഇദ:23) തന്നെ കല്‍പ്പിക്കുന്നുണ്ട്.

ഈ ആയത്ത് വിശ്വാസത്തെ മാനദണ്ഡമാക്കിയാണ് തവക്കുലിന്ന് ആജ്ഞാപിക്കുന്നത് എന്നതിനാല്‍, സകലതിലും സൃഷ്ടികളെ മാത്രമാശ്രയിക്കുന്ന വര്‍ക്ക് വിശ്വാസ ബലഹീനതയുണ്ടെന്ന് ഇതിലൂടെ ഗ്രഹിക്കാം. അപ്പോള്‍ ഈമാനിന്‍റെ അനന്തര ഫലങ്ങളിലൊന്നാണ് തവക്കുല്‍ എന്ന് വരുന്നു. പക്ഷിമൃഗാദികളെ തവക്കുലിന്‍റെ വിഷയത്തില്‍ നാം പകര്‍ത്തേണ്ടതാണ്. തിരുനബി(സ്വ) പഠിപ്പിച്ച പോലെ, പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പോകുന്ന ഒരു പക്ഷിയും താന്‍ കൃഷി ചെയ്ത വിഭവങ്ങള്‍ തേടിയല്ല പോകുന്നത്. പക്ഷേ, സന്ധ്യക്ക് നിറഞ്ഞവയറുമായാണ് അവ മടങ്ങി കൂടണയുന്നത്. റബ്ബില്‍ ഭരമേല്‍പ്പിച്ചാല്‍ പറവകളെപോലെ മനുഷ്യര്‍ക്കും നേടാന്‍ സാധിക്കും.

തവക്കുലിന്‍റെയാള്‍ക്ക് അപ്രതീക്ഷിത മാര്‍ഗ്ഗേണ ഭക്ഷണ-ഐശ്വര്യ നേട്ടങ്ങളുണ്ടാകുമെന്നതും വിപത്തുകളും അപകടങ്ങളും തട്ടിമാറ്റപ്പെടുമെന്നതും ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന വസ്തുതയാണ്. അല്ലാഹുവിലേക്കുളള യാത്രയില്‍ അവനെ മാത്രം ലാക്കാക്കുന്ന അന്വേഷകന്‍ അവനിലെല്ലാം ഭരമേല്‍പ്പിക്കുന്നതിലൂടെ സ്വതന്ത്രനാവുന്നുണ്ട്. പൂര്‍ണ്ണ മാനസീക സ്വാതന്ത്ര്യം. തന്‍റെ അദ്ധ്വാനത്തെ മാത്രമാശ്രയിക്കലില്‍ നിന്നുമവന്‍ വിമുക്തനാകും.

മൂന്ന് പദവികള്‍ തവക്കുലിനുണ്ട്.  ഒന്നാമത്തേത് ഏറ്റവും താഴ്ന്ന പദവിയിലുളളതാണ്. അത് ഭരമേല്‍പ്പിച്ചവനും ഏല്‍പ്പിക്കപ്പെട്ടവനും തമ്മിലുളള സാധാരണബന്ധം പോലെയാണ്. രണ്ടാമത്തേത് മധ്യമമായത്. അത് മാതാവും കുട്ടിയും തമ്മിലുളള ബന്ധം പോലെയാണ്. കുട്ടി എല്ലാകാര്യങ്ങളിലും മാതാവിലേക്കാണല്ലോ മടങ്ങുന്നത്. മൂന്നാമത്തേത് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുളളതാണ്. അത് രോഗിയും ഡോക്ടറും തമ്മിലുളള ബന്ധം പോലെയാണ് (തസ്വവ്വുഫും ത്വരീഖത്തും)

മറ്റൊരാളെ സാധാഭരമേല്‍പ്പിക്കുന്നവന് തെറ്റിദ്ധാരണക്ക് സാധ്യതയും  കുട്ടി ആവശ്യമുളളപ്പോള്‍ മാത്രം മാതാവിനെ സമീപ്പിക്കുന്നതും ഡോക്ടര്‍ക്ക് പൂര്‍ണ്ണമായി തന്‍റെ ശരീരം സമര്‍പ്പിക്കുന്ന വിധേയത്വം പോലെയല്ലല്ലോ. ഇതേവ്യത്യാസം തവക്കുലിലെ പദവികള്‍ക്കിടയിലുമുണ്ട്.

അഗണ്യ അനുഗ്രഹങ്ങളാല്‍ ഔദാര്യം ചെയ്ത ദാതാവിനോടുളള കൃതജ്ഞത(ശുക്ര്‍) പ്രയാണഗമനത്തില്‍, വിശേഷണമാകേണ്ടവയില്‍ ഒന്നാണ്.   ഭൗതികം, മതപരം, പാരത്രികം എന്നിങ്ങനെ മൂന്ന് തരം അനുഗ്രഹങ്ങളാണ് അല്ലാഹു മനുഷ്യന് നല്‍കുന്നത്. ദീനി അനുഗ്രഹങ്ങളില്‍ ഏറ്റവും വലുത് ഇസ്ലാമും ഈമാനും ദിവ്യജ്ഞാനങ്ങളുമാണ്. ഇവ അല്ലാഹുവില്‍ നിന്നുളള ഏറ്റവും വലിയ ഉദാരതയാണെന്ന് വശ്വസിക്കലാണ് അതിനുളള നന്ദി. ആരോഗ്യം, സൗഖ്യം, ഹലാലായ സമ്പാദ്യം, നല്ല മക്കള്‍ എന്നിവയാണ് ഭൗതികമായ പ്രധാന അനുഗ്രഹങ്ങള്‍. നല്ല പ്രവൃത്തികള്‍ക്ക് വലിയ പ്രതിഫലം ലഭിക്കുകയെന്നതാണ് പാരത്രികമായ അനുഗ്രഹം.  (തസ്വവ്വുഫും ത്വരീഖത്തും)

നന്ദി ചെയ്യുന്നവന് വര്‍ദ്ധിപ്പിച്ച്കൊടുക്കുമെന്നത് ഖുര്‍ആനിന്‍റെ(ഇബ്റാഹീം:7) വാഗ്ദാനമാണ്. പ്രപഞ്ചലോകത്തെ വിലയിരുത്തുന്ന ഏതൊരാള്‍ക്കും തന്‍റെ സൃഷ്ടാവ് ചെയ്ത അനുഗ്രഹങ്ങളെ മനസ്സിലാക്കാന്‍ കഴിയും. അതെല്ലാം അവന്‍റെ ഔദാര്യമാണെന്ന് തിരിച്ചറിയുമ്പോള്‍ അല്ലാഹുവിനോട് സ്നേഹവും നന്ദിയമുളളവുനുമാകും. തന്‍റെ നാവ്കൊണ്ടും അംഗങ്ങള്‍ കൊണ്ടും ഹൃദയം കൊണ്ടും കൃതജ്ഞത പ്രകടിപ്പിക്കുന്ന വിധമുണ്ട്. നാവ് പറച്ചിലും അംഗങ്ങള്‍ ആരാധനചെയ്യലും ലഭിക്കുന്നനുഗ്രഹങ്ങളെല്ലാം അല്ലാഹുവില്‍ നിന്നുളളതാണെന്ന് ഹൃദയം സാക്ഷ്യം വഹിക്കലുമാണ് അത്.

അല്ലാഹുവിലേക്കുള്ള പ്രയാണവഴിയില്‍ മനുഷ്യനെ പൂര്‍ണ്ണനും, നടേപറഞ്ഞതും അല്ലാത്തതുമായ സകലതിലും സുശ്കാന്തിയുമുണ്ടാക്കുന്ന ഗുണവിശേഷണമാണ് ആത്മപരിശോധന (മുഹാസബ). ശൈഖ് അഹ്മദ് സര്‍റൂഖ് (റ) പറയുന്നു :  മുഹാസബയില്‍ നിന്നുളള അശ്രദ്ധ മനുഷ്യമനസ്സിനെ കാഠിന്യത്തിന് വഴിവെക്കും. ഒരാളുടെ ഇന്ന് ഇന്നലയേക്കാള്‍ മെച്ചമായിട്ടില്ലെങ്കില്‍ അവന്‍ ചതിയില്‍ അകപ്പെട്ടവനാണ്. (ഖവാഹിദുത്തസ്വവ്വുഫ്:75)

ആത്മപരിശോധന സ്വയംവിമര്‍ശനമാണ്. തന്‍റെ തെറ്റുകുറ്റങ്ങളും പോരായ്മകളും മനസ്സിലാക്കാനും തിരുത്താനും അത് ഉപകരിക്കുന്നു. അല്ലാഹുവിലേക്ക് പെട്ടെന്നടുക്കാനും അകല്‍ച്ചവരാവുന്ന സകല തടസ്സങ്ങളെയും അപ്പപ്പോള്‍ ഇല്ലായ്മചെയ്യാനും ആത്മപരിശോധന സഹായകമാകുന്നു. ദൈവസന്നിധിയില്‍ വിചാരണ നടത്തും മുമ്പ് സ്വവിചാരണ നടത്താന്‍ നബി(സ്വ) ആവശ്യപ്പെടുന്നുണ്ട്. താന്‍ ഓരോ പദവിയിലും ആത്മപരിശോധന ആത്മാവിന്‍റെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതും തന്‍റെ ഓരോ അവയവങ്ങളെ കൂടുതല്‍ നിരീക്ഷിക്കാനും ഇത് പ്രചോദനമാകുന്നതുമാണ്. അല്ലാഹുവിനോടുളള പേടിയും ഇതിനാലുണ്ടാകുമെന്ന് ശൈഖ് രിഫാഈ(റ) പറയുന്നുണ്ട്. മഹാനവര്‍കള്‍ പറയുന്നത് കാണുക:  ഭയപ്പാടില്‍ നിന്നുമാണ് മുഹാസബ ഉണ്ടാകുന്നത് മുഹാസബയില്‍ നിന്നും മുറാഖബയും അതില്‍നിന്നും അല്ലാഹുവുമായുളള ലയിച്ച് ചേരലും ഉണ്ടാകുന്നു.  (അല്‍ ബുര്‍ഹാനുല്‍ മുഅയ്യദ് : 3:59)

ആത്മജ്ഞാനമന്വേഷിച്ചിറങ്ങുന്നവനില്‍ പ്രധാനമായുണ്ടാവേണ്ട ഗുണവിശേഷങ്ങളാണ് മുമ്പുദ്ധരിച്ചവയത്രയും. എന്നാല്‍, അനവധി ഗുണങ്ങള്‍ ആത്മജ്ഞാനികളുടെ വിവരണങ്ങളില്‍ ഇനിയുമുണ്ട്. അവയത്രയും നിപുണനായ മുര്‍ശിദ് ശിഷ്യന്‍റെ ആത്മീയാവസ്ഥക്കനുസരിച്ച് നല്‍കുന്ന ചിട്ടകളും പഥ്യങ്ങളും പരിശീലനങ്ങളുമാണ്. അല്ലാഹുവിലേക്കുളള യാത്ര ആത്മീയലോകത്തെ പരിശീലനക്കളരിയാണെന്നതിനാല്‍ ആത്മീയവിഹായസ്സില്‍ ഉത്തുംഗത പ്രാപിച്ച, അപരന്‍റെ ആത്മാവിന്‍റെ അവസ്ഥകള്‍ പോലും തിരിച്ചറിയാന്‍ കഴിയുന്ന പ്രാപ്തനായ ഒരു ഗുരുവിന്‍റെ കളരിക്കളത്തില്‍ പയറ്റഭ്യസിക്കുമ്പോഴേ നടേപറഞ്ഞതും അല്ലാത്തതുമായ ഗുണവിശേഷങ്ങള്‍ പൂര്‍ണ്ണതയോടെ സ്വായത്തമാക്കാന്‍ സാധിക്കുകയൊളളു. ആത്മജ്ഞാനങ്ങളാല്‍ നമ്മുടെ ഹൃദയങ്ങളെ അല്ലാഹു പ്രകാശിപ്പിക്കുമാറാകട്ടെ.

ആമീന്‍

 

റഫറന്‍സ്

  1. രിസാലത്തുല്‍ ഖുശൈരിയ്യ, ഇമാം അബുല്‍ ഖാസിം അബ്ദുല്‍കരീം അല്‍ഖുശൈരി
  2. കിഫായത്തുല്‍ അത്ഖിയാഅ് വ മിന്‍ഹാജുല്‍ അസ്ഫിയാഅ്, സയ്യിദ് ബകരി അദ്ദംയാത്വി
  3. ഹിദായത്തുല്‍ അദ്കിയാഅ് ഇലാ ത്വരീഖില്‍ ഔലിയാഅ്, സൈനുദ്ദീന്‍ മഖ്ദൂം(റ)
  4. മിന്‍ഹാജുല്‍ ആബിദീന്‍, ഇമാം ഗ്വസ്സാലി(റ)
  5.  പക്ഷി സംഭാഷണം, ഫരീദുദ്ദീന്‍ അത്താര്‍, വിവ: ശിവപുരം സി.പി. ഉണ്ണിനാണു
  6.   നായര്‍തസ്വവ്വുഫും ത്വരീഖത്തും, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി
  7.  തസ്വവ്വുഫ് ഒരു സമഗ്രപഠനം, ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
  8. ആത്മജ്ഞാനങ്ങള്‍, കൊടശ്ശേരി പി.ടി.എ ബശീറുദ്ദീന്‍ മുസ്ലിയാര്‍

 

 

 

 

 

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*