ഓൺലൈൻ വിദ്യാഭ്യാസം: പ്രതീക്ഷകളും ആശങ്കകളും

ടി.എം റാഫി ഒറ്റപ്പാലം

ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, തുല്യത, അവസര സമത്വം തുടങ്ങിയ ഭരണഘടന അനുധാവനം ചെയ്ത വിശാലമായ സങ്കല്പങ്ങൾ ഉൾക്കൊള്ളേണ്ട ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ടവരായി വിദ്യാർത്ഥികളും മാറണമെന്ന പൊതു തത്വം നിലനിൽക്കുമ്പോൾ വിദ്യാഭ്യാസ പ്രക്രിയയുടെ നടത്തിപ്പ് ചർച്ചകളിലേക്ക് ചെന്നെത്താം.സമകാലിക ചുറ്റുപാടിൽ ലോകം മുഴുവൻ, ഭീതി നിറച്ചുകൊണ്ട് വൈറസ് പിടികൂടിയിരിക്കുമ്പോൾ ഓൺലൈൻ വിദ്യാഭ്യാസം എത്രത്തോളം കാര്യക്ഷമമാണെന്ന ചർച്ചകൾ നിലനിൽക്കുന്നുണ്ട്. തൃപ്തികരവും, കൃത്യതയോടെയുമുള്ള ഇടപെടലുകൾ ഇത്തരം വിദ്യാഭ്യാസ കൈമാറ്റ മേഖലകളിൽ സംക്ഷിപ്തമാകുന്നുണ്ടോ എന്ന ആശങ്കകളും,ഭാവിയിലെ വലിയൊരു ജ്ഞാന പ്രസരണത്തിന് ഓൺലൈൻ ക്‌ളാസ്സുകൾ എത്രത്തോളം ബാധിക്കുമെന്നും പരിശോധിക്കാം…….

വിദ്യാഭ്യാസം: ആശങ്കപ്പെടേണ്ടതുണ്ട്

ഔദ്യോഗികവും, ഔപചാരികവുമായ കൂടിച്ചേരലുകൾ സാധ്യമാകാത്ത ഈ യൊരവസരത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ ഒരു ബദൽ സംവിധാനമാണ് ഓൺലൈൻ വിദ്യാഭ്യാസം കൊണ്ട് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. എന്നാൽ കൂടുതൽ ശതമാനം വരുന്ന അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളുമടങ്ങുന്ന ഒരു പൊതു സമൂഹം ഇതിനെ പൂർണ്ണമായി പിന്തുണയ്ക്കുകയോ, ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. പൊതുവേ എല്ലാവരും ചിന്തിക്കുന്നത് ഒരു ബദൽ സംവിധാനം താൽക്കാലിക സമയത്തേക്കോ, ഒരു കാലത്തേക്കോ മാത്രമായുള്ളൊരു മാർഗമായാണ്. എന്നാൽ കോവിഡ് അധികരിക്കുന്ന ഈയൊരു സന്ദർഭത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാതെ തന്നെ സാധ്യമാകുന്ന രീതിയിൽ പഠനപ്രക്രിയ നടത്തണമെന്ന ഗവൺമെന്റിന്റെ ചിന്തോദ്ദീപകമായ ഒരു ബദൽ സമ്പ്രദായം പ്രോത്സാഹനാർഹമാണ്.അത് സ്ഥിരമായി തുടർന്നു പോകുന്നതിലാണ് ആശങ്ക. കോവിഡാനന്തരം എന്നൊരു പശ്ചാത്തലം വിദൂര പ്രതീക്ഷയിലായാൽ ഭാഗികവും,താൽക്കാലികവുമായ ഈ പഠന രീതി തുടർന്നും സ്വീകരിച്ചേ കഴിയൂ. കേവലം ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമല്ല, മത സ്ഥാപനങ്ങൾക്ക് പോലും ലോക്ക് വീണ് പഠനങ്ങൾ ഓൺലൈനിലേക്ക് ചുവടുമാറിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു ബദൽ സംവിധാനമുള്ള സാഹചര്യത്തിൽ കൂടി അതിലൂടെ പ്രതിഫലിക്കുന്ന ആശങ്കകൾ ചെറുതല്ല. യഥാർത്ഥത്തിൽ പഠനം ഓൺലൈൻ മേഖലകളിലേക്ക് ചുവടു മാറുമ്പോൾ അതിന്റേതായ പരിമിതികളുണ്ട്.

അതിവിശാലമായ സംവിധാനങ്ങൾ രൂപപ്പെടുന്ന ഓൺലൈൻ ലോകത്ത് പഠന സാധ്യതകൾ ഏറെയാണ്. പ്രീ കോവിഡ് കാലത്ത് തന്നെ മിക്ക സ്ഥാപനങ്ങളിലും ഇന്റർനെറ്റ് സഹായത്തോടെ തന്നെയാണ് ക്ലാസുകൾ ഉണ്ടായിരുന്നത്. ഈ പഠന പ്രക്രിയ ക്ലാസ്സുകളിൽ രൂപീകൃതമാകുമ്പോൾ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളും,അതിലൂടെ വീഡിയോ,ഓഡിയോ,ടെസ്റ്റുവൽ,ഗ്രാഫിക്സ് പ്രസന്റേഷനുകൾ നടന്നിരുന്നു. എന്നാൽ അവിടെ നിന്നൊക്കെ മാറി ഇന്ന് വീടകങ്ങളിൽ കേവലം ഓൺലൈൻ ക്ലാസ്സുകൾ മാത്രമായി ചുരുങ്ങി. ഇതുവരെ ഓൺലൈൻ മേഖലയിൽ പഠിപ്പിക്കാത്ത അധ്യാപകരും,ഇതുവരെ ഓൺലൈൻ ക്ലാസുകൾ കേൾക്കുകയോ,പരിചയമില്ലാത്തവരുമായ വിദ്യാർത്ഥികളുമുള്ള ഒരു വെർച്വൽ ലോകമായി വിദ്യാഭ്യാസ പ്രക്രിയ മാറുന്നു. എങ്കിലും ഒരാഴ്ച്ച കൊണ്ട് തന്നെ ഈ പ്രക്രിയ ഏറ്റെടുക്കാൻ അധ്യാപകർക്കും,വിദ്യാർത്ഥികൾക്കും കുറവില്ലാത്ത നിലയിൽ സാധ്യമായിട്ടുണ്ട്. വിദ്യാഭ്യാസം ഇനി ഈ രീതിയിൽ തുടരുമോ..? വിദ്യാലയങ്ങളുടെയൊക്കെ ആവശ്യകത ഇനിയെന്ത്..? തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നതാണ് ഏറ്റവും വലിയ ആശങ്കകളായി മാറുന്നത്. ഈ രീതി തുടർന്നാൽ ഭാവിയിലുള്ള പുരോഗതി വിദ്യാർത്ഥികളിൽ പ്രതിഫലിക്കാതെ പോകുമെന്ന് ചിന്തിക്കുന്നവരും കുറവല്ല. ചർച്ചകൾ ഗൗരവപൂർവ്വം കാണേണ്ടതുണ്ട് ഈ ഓൺലൈൻ രീതി തന്നെ തുടർന്നാൽ പഴയ തലമുറയും, പുതുതലമുറയും തമ്മിലുള്ള വ്യത്യാസം അതിവിദൂരം തന്നെയാകും.

‘ശ്രദ്ധാവാംല്ലഭതേ ജ്ഞാനം തത്പര: സംയതേന്ദ്രിയഃ
ജ്ഞാനം ലബ്ധ്വാ പരാം ശാന്തിമചിരേണാധിഗച്ഛതി’
‘ജ്ഞാനം നേടും ശ്രദ്ധയുള്ളോന്‍ തല്‍പ്പരന്‍ സംയതേന്ദ്രിയന്‍
ജ്ഞാനം വന്നാല്‍പ്പരം ശാന്തിയുടനെത്തന്നെ നേടിടും’

(ഭഗവദ്ഗീത 4:39 ; കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജ്ജമയും)

ഗുരുകുല സമ്പ്രദായത്തിലാണ് ഔദ്യോഗിക വിദ്യാഭ്യാസം ഭാരതത്തില്‍ ആരംഭിച്ചത്. അതിന്റെ വികാസപരിണാമങ്ങളില്‍, നിരവധി ഗുരുക്കന്മാര്‍ ഒരിടത്ത് താമസിച്ച് ഓരോ വിഷയത്തിലും ഓരോ വിദ്യാര്‍ത്ഥിയേയും നിപുണനാക്കുക എന്ന ബൃഹത്തായ കര്‍മധാരയില്‍ തക്ഷശില, നളന്ദ തുടങ്ങിയ ഇടങ്ങള്‍ സര്‍വകലാശാലകളായി. പിന്നീട് അത് അറിവിന്റെയും ഗവേഷണത്തിന്റെയും നൂതന ചിന്താധാരകളുടെയും മികവാര്‍ന്നൊരു കാലഘട്ടം ഭാരത ഉപഭൂഖണ്ഡത്തിന് സമ്മാനിച്ചു. വിദ്യാർത്ഥികളും അധ്യാപകരും കൂടിച്ചേർന്നുള്ള വിജ്ഞാന കൈമാറ്റ ചടങ്ങുകളാണ് ലോകത്തിലെ തന്നെ വൈജ്ഞാനിക ചലനങ്ങൾക്ക് അടിത്തറ പാകിയത്. സാമൂഹിക വൽക്കരണമെന്ന പ്രതിഭാസവും,വിദ്യാർത്ഥികളുടെ ധൈഷണികതയെ ഉദ്ധീപിപ്പിക്കുന്നതുമായ പഠനങ്ങൾ വളർത്തിയെടുക്കാനുള്ള സാഹചര്യം ഒരു ക്ലാസ്സ്‌ മുറിയിലെ പഠനത്തിലൂടെ മാത്രമേ സാധിക്കൂ.
ഈയൊരു സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം എന്തുകൊണ്ടും ആശങ്കാജനകമാണ്.
സൊസൈറ്റിയുടെ ഒരു ഭാഗമാണ് വിദ്യാലയങ്ങൾ. ഇവിടെ ഇരുന്നുകൊണ്ടുള്ള ഗ്രൂപ്പ് ആക്ടിവിറ്റികളും, ഡിസ്കഷനുകളിലൂടെയുമാണ് യഥാർത്ഥത്തിൽ വിദ്യാർത്ഥികൾക്ക് ഒരു സമൂഹത്തെ അഭിമുഖീകരിക്കേണ്ടത്തിന്റെ പാഠങ്ങൾ ലഭിക്കുക. ഓൺലൈൻ ക്ലാസ്സ്‌ കൊണ്ട് എന്താണ് പ്രശ്നം ..? അതിലും പഠനങ്ങൾ നടക്കുന്നില്ലേ എന്ന ചോദ്യങ്ങളുണ്ട്. എന്നാൽ കേവലം പുസ്തക പാഠങ്ങൾ പകർന്നു നൽകൽ മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുക. മറിച്, സമയ ക്രമീകരണം,അച്ചടക്കം,പരസ്പ്പര സംവേദനങ്ങൾക്കും,ആശയ കൈമാറ്റങ്ങൾക്കുമുള്ള വേദികൂടി രൂപപ്പെടുന്നുണ്ട്.അത് ഈ പറയപ്പെടുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ ലഭ്യമാകില്ല തീർച്ച….! തീർന്നില്ല വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള മാനസികമായ ബന്ധങ്ങൾ നഷ്ടപ്പെട്ടു പോകുന്നു,

ഒരു ആക്ടിവിറ്റി ക്ലാസ്സിൽ നിർദ്ദേശിക്കുമ്പോൾ വിദ്യാർത്ഥി തന്നെയാണോ അത് ചെയ്യുന്നതെന്നും, മറ്റുള്ളവരുടെ കൈകടത്തലുകൾ ഉണ്ടോ എന്ന് പോലും അറിയാൻ സാധ്യമല്ല. ഇവിടെയെല്ലാം വിദ്യാർത്ഥിയുടെ നിലവാരം മനസ്സിലാകാതെ പോകുന്നു. ഭാവിയിൽ വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിൽ കലാശിക്കും. ഇവിടെയെല്ലാം ആശങ്കകൾ പല തരത്തിൽ രൂപപ്പെടുമ്പോൾ സാഹചര്യം മനസ്സിലാക്കി സമരസപ്പെടാനേ കഴിയൂ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല വിദ്യാർത്ഥികളും തങ്ങളുടെ ആരോഗ്യസുരക്ഷക്കും ഒരു നേരം പട്ടിണിയില്ലാതെ ആശ്രയിച്ചിരുന്നത് സ്കൂളുകളിലെ ഉച്ച ഭക്ഷണമായിരുന്നു. എന്നാൽ ഈ സാഹചര്യം അത് അനുചിതവും അവർക്ക് പ്രയാസകരവുമാകുമ്പോൾ ആരോഗ്യമുള്ള ഒരു വിദ്യാർത്ഥി സമൂഹം നഷ്ടമാകുമെന്ന് തീർച്ച. ഓൺലൈൻ പഠനം സാധ്യമാക്കുന്നതോട് കൂടെ ഓരോ വിദ്യാർത്ഥിക്കും അർഹതപ്പെട്ട ഉച്ചഭക്ഷണ വിഹിതം അവർക്ക് അധികാരികൾ എത്തിച്ചു നൽകിയാൽ വലിയൊരു ആശ്വാസം നേടാം. കരുതലോടെ എല്ലാവരും മുന്നേറണം അതിന് ആരോഗ്യവും അഭികാമ്യം തന്നെ. ഭാവി പഠനങ്ങൾ അവതാളത്തിലാണെങ്കിൽ കൂടി സന്ദർഭോചിത കൂടിച്ചേരലുകൾ ശരീരാരോഗ്യത്തെ തന്നെ നശിപ്പിക്കുമെന്ന് ചിന്തിച്ചു കൊണ്ട് ജാഗ്രതയോടെ നീങ്ങേണ്ടതുണ്ട്.

ഓൺലൈൻ വെല്ലുവിളികൾ

സ്മാർട്ട്‌ഫോണും,ഡാറ്റാ കണക്ഷനുമുള്ളവർ മാത്രം വിദ്യാഭ്യാസം നേടിയാൽ മതിയെന്ന ഒരു സങ്കീർണ്ണമായ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇന്റർ നെറ്റിന്റെ കണക്ഷൻ ഇവിടൊരു പ്രശ്നമാകുന്നു, കൂടാതെ, ടെലിവിഷൻ പോലുമില്ലാത്ത വീടുകൾ നില നിൽക്കുമ്പോൾ പഠന സാധ്യതകൾ വ്യഥാവിലാവുകയാണ് പലർക്കും. യുനെസ്‌കോയുടെ കണക്ക് പ്രകാരം 150 കോടിയിലധികമാളുകളുടെ വിദ്യാഭ്യാസം കോവിഡ് മൂലം തടസ്സപ്പെട്ടു എന്ന് വ്യക്തമാണ്. അതിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്. സർവ്വകലാശാലകളിലും, മറ്റ് പ്രൊഫഷണൽ കോളേജുകളിലുമെല്ലാം പഠിക്കുന്ന സമയം ഓൺലൈൻ സാധ്യതകൾ ആവശ്യമായി വന്നാൽ വൈ ഫൈ സംവിധാനം നിലനിന്നിരുന്നു. എന്നാലിപ്പോൾ പഠനം വീട്ടകങ്ങളിലേക്ക് മാറി ഓൺലൈൻ അത്യാവശ്യമാകുമ്പോൾ ഇന്റർനെറ്റ് കണക്ഷന്റെ കാര്യം അസാധ്യവുമാണ്. ഓൺലൈൻ വിദ്യാഭ്യാസം നേരിടുന്ന പ്രധാന വെല്ലുവിളി ഒരുപക്ഷേ സർവ്വരെയും ഡിജിറ്റൽ വൽകൃത സൊസൈറ്റി യാക്കി മാറ്റാൻ സാധ്യമാകാതിരിക്കുകയെന്നതാണ്. അപ്പോൾ എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനപദ്ധതികൾ കാണൽ അനിവാര്യവുമാണ്. സ്മാർട്ട് ഫോണും, ടി വി യും ഇല്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥിനി ഇനി ഒരിക്കൽ കൂടി ഇവിടെ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.

ലോക് ഡോൺ വീണ്ടും തുടർന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പുറന്തള്ളപ്പെടുമെന്നാണ് ബഡി 4 സ്റ്റഡി ഡോട്ട് കോം എന്ന ടെക്നോളജി പ്ലാറ്റ്ഫോം രാജ്യത്തൊട്ടാകെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവ്വേയിൽ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഡിജിറ്റൽ വത്കൃത രാജ്യമെന്ന പൂർണ്ണ യാഥാർഥ്യത്തിലേക്ക് അധികാരികൾ മുന്നേറേണ്ടതുണ്ട്. യഥാർത്ഥത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത രണ്ടരലക്ഷത്തിലധികം വിദ്യാർഥികൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള “സമഗ്ര ശിക്ഷാ കേരള” (SSK) റിപ്പോർട്ട് ചെയ്യുന്നു. ഭൂരിപക്ഷം കുട്ടികളും ദരിദ്ര വിഭാഗത്തിൽ പെടുന്നവരാണ്. ചിലർക്കെങ്കിലും കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ വീടുകളിൽ ഉണ്ടെങ്കിൽ പോലും രക്ഷിതാക്കളുടെ ഉപയോഗത്തിനു തന്നെ മതിയാകാത്ത മറ്റൊരവസ്ഥ കൂടിയുണ്ട്. നിലവിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാത്ത വിദ്യാർഥികൾക്ക് സൗകര്യം ഏർപ്പെടുത്താൻ അധ്യാപകർ, കുടുംബശ്രീ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ മുൻകൈയെടുത്തു കൊണ്ട് ടെലിവിഷൻ സൗകര്യമേർപ്പെടുത്തുകയും, കൂടാതെ വായനശാല, പൊതുസ്ഥലങ്ങളിലുള്ള ക്ലാസുകൾ തുടങ്ങി പഠന ക്രമീകരണങ്ങളും സജ്ജമാക്കുമ്പോൾ ഇവ എത്രത്തോളം പ്രാവർത്തികമാകുമെന്നും, വിജയകരമാകുമെന്നും പറയാവുന്നതല്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം ഈയൊരു സാഹചര്യത്തിൽ തള്ളിക്കളയാവുന്നതുമല്ല.

മറ്റൊരു വെല്ലുവിളിയെന്നത് ഡിജിറ്റൽ ഇന്ത്യയെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വാദങ്ങളുടെ പൊയ്മുഖങ്ങൾ തുറന്നുകാട്ടാൻ കോവിഡ് കാരണം സാധ്യമായി എന്നതാണ്.
ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റിംഗ് കമ്പനിയായ “ഊക്ലാ” ആഗോളതലത്തിൽ കഴിഞ്ഞമാസം ഒരു ടെസ്റ്റ് നടത്തിയിരുന്നു. ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലായാണ് കണക്കാക്കിയിട്ടുള്ളത്. മൊബൈൽ ഇന്റർനെറ്റ് സ്പീഡ് ടെസിറ്റിംഗിൽ 141 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 130 ആണ്. ബ്രോഡ് ബാൻഡ് സ്പീഡ് 176 രാജ്യങ്ങളുടെ സ്പീഡ് പരിശോധിച്ചപ്പോൾ ഇന്ത്യയുടെ സ്ഥാനം 71. ഇന്ന് കോവിഡ്19 കാലത്തെ എല്ലാ പഠന പ്രക്രിയകളും ഓൺലൈനിൽ തിരിയുമ്പോൾ ഒരു ഇന്ത്യക്കാരന്റെ അവസ്ഥ ഇതിലൂടെ മനസ്സിലാക്കാം. മാത്രമല്ല, ഡിജിറ്റൽ ലഭ്യത, കണക്റ്റിവിറ്റി, അടിസ്ഥാനസൗകര്യം, വേഗത എന്നിവയിൽ രാജ്യം പിന്നാക്കാവസ്ഥയിലാ ണെന്ന് തുറന്നു കാട്ടാൻ ഒരു കോവിഡ് കാലം വരേണ്ടി വന്നുവെന്നതാണ് യാഥാർത്ഥ്യം. എല്ലാവിധ സൗകര്യങ്ങളും ഓൺലൈൻ പഠനത്തിന് ഉണ്ടെങ്കിൽ പോലും ഇന്ത്യയുടെ ഈ നിലക്കുള്ള വളർച്ചയില്ലായ്മ തീർത്തും ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.

ഓൺലൈൻ പഠനം: സാധ്യതകൾ, പ്രതീക്ഷകൾ

കോവിഡ് കാലത്ത് ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകളാണ് വിദ്യാഭ്യാസ രീതിയെ ഓൺലൈൻ രംഗത്തേക്ക് ചുവടു മാറ്റി പിടിച്ചത്. സെമിനാറുകൾ വെബിനാറുകളായി മാറിയത് സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമാണെങ്കിൽ കൂടി ഇത്തരം പദ്ധതികൾ നിലനിൽക്കുന്നതിൽ ആശ്വസിക്കാം. യഥാർത്ഥത്തിൽ ഓൺലൈൻ ക്ലാസ്സുകളും, അതിനുള്ള വിദ്യാഭ്യാസ രീതികളും ഈ കാലത്ത് മാത്രമല്ല അതിനു മുൻപേ തുടങ്ങിയ ഒരു വസ്തുതയാണ്. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ നിരവധി ഓൺലൈൻ യൂണിവേഴ്സിറ്റികളും, സർട്ടിഫിക്കറ്റ് കോഴ്സുകളും പരിചയപ്പെടാൻ സാധിക്കും. “മാസ്സിവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകൾ”(MOOC) ഒരുപാട് ഉപരിപഠന സാധ്യതകളും, മറ്റ് വിദ്യാഭ്യാസ മേഖലകളും ഓൺലൈൻ മുഖേന തുറന്നു തരപ്പെടുന്നു. യഥാർത്ഥത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലെ ഒരു സവിശേഷ ഘടകം മാത്രമാണീ മാസ്സിവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകൾ. ഇതിന് പുറമെ, വ്യക്തിഗത അധ്യാപകർ ഓഫർ ചെയ്യുന്ന കോഴ്സ്, മറ്റ് വലിയ എംപ്ലോയീസ് നേതൃത്വം നൽകി നടത്തുന്ന “നിപോഷ്‌”, “ഓശാ” തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രസക്തമാക്കുന്നു. നവ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഔപചാരിക വിദ്യാഭ്യാസ സാധ്യതകളെയും,ഘടനാപരമായ പരിമിതികൾ മറികടന്നു കൊണ്ടും വിദ്യാഭ്യാസ സംവേദനത്തിന്റെ പുതിയ പരീക്ഷണങ്ങൾ മുന്നേറുകയാണ്.

പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് അർഹരാവുന്നതിൽ ഗണ്യമായ കുറവ് വിദ്യാർത്ഥികളിലുണ്ട്. ഏതാണ്ട് മുപ്പതു ശതമാനത്തിന് താഴെപ്പേർ മാത്രമാണ് ഡിഗ്രി പോലോത്ത ഉന്നതപഠനങ്ങളിൽ വ്യാപൃതരാകുന്നത്. കേരളത്തെ സംബന്ധിച്ച കണക്കുകളിൽ ഈ ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ വളരെ കുറവ് ശതമാനം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയിലെ “ഗ്രോസ് എൻട്രോൾമെന്റ് റെഷിയോ” വളരെ പിന്നിലാണ്. ലോക ശതമാനത്തേക്കാൾ എത്രയോ പിന്നിലാണ് കേരളവും. ഇവിടെയാണ് ഡിജിറ്റൽ,ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ കടന്നുവന്നിട്ടുള്ളത്. സർക്കാർ തലത്തിൽ ഈ വളർച്ചയില്ലായ്മയെ ഉയർത്തികൊണ്ടു വരാൻ അവലംബിച്ച മാർഗങ്ങളാണ് ഡിജിറ്റൽ പഠനങ്ങൾ. ഉന്നത വിദ്യാഭ്യാസം കച്ചവടമായി പരിണമിക്കുന്ന നവ ലിബറൽ വൽക്കരണ കാലത്ത് സർക്കാർ അവരുടേതായ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നതും പ്രതീക്ഷകളാണ് നൽകുന്നത്. പഠനത്തിന് സഹായകമാകുന്ന മിഷനുകളും, പദ്ധതികളുമായുള്ള എൻ ഡി എ സർക്കാരിന്റെ വാഗ്ദാനങ്ങൾ എത്ര കണ്ട് സ്വീകരിക്കണമെന്നത് കണ്ടറിയാം. ഭാവിയിലുള്ള ഓൺലൈൻ പഠനങ്ങൾ സർവകലാ ശാലകളിലെയും,വിദൂര വിദ്യാഭ്യാസം നേടുന്നവരുടെയും സാമ്പത്തിക ഭദ്രതയിൽ മാത്രമല്ല ഉന്നത ചിന്തകൾക്കും വഴിവെക്കും.അതിനാൽ നിലവിലെ സാഹചര്യത്തിൽ പ്രസ്തുത വിദ്യഭ്യാസം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസം മാത്രമായി കാലക്രമേണയുള്ള മാറ്റങ്ങളോട് പുറം തിരിഞ്ഞു നിൽക്കൽ അനൗചിത്യമാണ്. കേവലം വിദ്യാഭ്യാസ മേഖല മാത്രമല്ല ആരോഗ്യ,തൊഴിൽ,ഹോട്ടൽ,റീട്ടെയിൽ തുടങ്ങി എല്ലാ മേഖലകളിലും പ്രതിസന്ധികൾ രൂക്ഷമാണ്. ഇത്തരം ഘട്ടങ്ങളിൽ ഓൺലൈൻ സാധ്യതകൾ തള്ളികളയാവതല്ല. എന്നാൽ സമത്വത്തോടെ ഡിജിറ്റൽ ലഭ്യതകൾ നേടിയെടുക്കാൻ കോവിഡാനന്തര സമൂഹം കാത്തിരിക്കുകയും വേണം.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*