കാരുണ്യത്തിന്റെ വിതുമ്പല്‍

മുസ്ഥഫ എം മേല്‍മുറി

നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രിയ പുത്രനായ ഇബ്രാഹീമിന്ന് മരണമാസന്നമായി. കുട്ടിയുടെ അടുത്ത് ചെന്ന് നിന്നപ്പോള്‍ നബിയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞ് ബാഷ്പകണങ്ങള്‍ ഉതിര്‍ന്നു വീഴാന്‍ തുടങ്ങി. ആ നിമിഷം അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ)ചോദിച്ചു:
“അല്ലാഹുവിന്റെ റസൂലേ അങ്ങ് കരയുകയോ”.
അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ) വിനോട് നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു:
“കാരുണ്യത്തിന്റെ കണ്ണീര്‍ ആണിത്. കണ്ണ് അശ്രു കണങ്ങളൊഴുക്കും. ഹൃദയം ദുഃഖിക്കും എന്നാല്‍ നമ്മെ പടച്ച നാഥന് ഇഷ്ടമില്ലാത്തതൊന്നും നാം പറയുന്നില്ല. ഇബ്രാഹിമിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്”.
സൈനബ(റ) നബി(സ) യുടെ മകളാണ്. അവരുടെ മകന്‍ മരണ ശയ്യയില്‍ ആയപ്പോള്‍ നബി(സ) യെ ക്ഷണിക്കാന്‍ ഒരാളെ മഹതി പറഞ്ഞയച്ചു. നബി(സ) യോട് ഉടനെ വരണമെന്ന് ആവശ്യപ്പെടാനാണ് പറഞ്ഞയച്ചത്. അവിടുന്ന് സലാം പറഞ്ഞു. അദ്ദേഹത്തെ തിരിച്ചയച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “അല്ലാഹു നല്‍കുന്നതും സ്വീകരിക്കുന്നതും എല്ലാം അവനുള്ളതാണ്, എല്ലാറ്റിനും അവന്റെ അടുക്കല്‍ നിശ്ചിത അവധിയുണ്ട്. അവര്‍ ക്ഷമിക്കുകയും പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യട്ടെ”.
നബി(സ)തങ്ങള്‍ വീട്ടില്‍ വന്നേ പറ്റൂ എന്ന് ആവശ്യപ്പെട്ട് സൈനബ(റ)വീണ്ടും ആളെ അയച്ചു. നബി(സ)പുറപ്പെടാന്‍ തീരുമാനിച്ചു. കൂടെ സഅദുബ്‌നു ഉബാദ(റ), മുആദുബ്‌നു ജബല്‍(റ), ഉമയ്യത്ത് ബ്‌നു കഅബ്(റ), സൈദുബ്‌നു സാബിത്ത്(റ) തുടങ്ങിയ സഹാബികളും ഉണ്ട്.
അവര്‍ കുഞ്ഞിനെ നബി(സ) യിലേക്ക് നീട്ടി കൊടുത്തു. ഈ സമയം അന്ത്യ നിമിഷത്തിലാണ് കുഞ്ഞ് നബി(സ) കുട്ടിയെ മടിയില്‍ കിടത്തി. അവിടുത്തെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി. സഅദ്(റ) ചോദിച്ചു: “റസൂലേ.. ഇതെന്താണ്”
നബി(സ) പ്രതികരിച്ചു: “തന്റെ അടിമകളില്‍ താന്‍ ഉദ്ദേശിക്കുന്നവരുടെ ഹൃദയങ്ങളില്‍ അല്ലാഹു നിക്ഷേപിക്കുന്ന കാരുണ്യമാണിത്, കാരുണ്യം ഉള്ളവരോട് മാത്രമേ അല്ലാഹു കരുണ കാണിക്കൂ..”

About Ahlussunna Online 1166 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*