ബീമാപള്ളി കൈരളി മാറിയ ചരിത്രം

അല്ലാഹുവിന്റെ ഔലിയാക്കളായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പേര്‍ ഏത് കാലത്തും ഭൂമിയിലുണ്ടാകും. മഹാനായ നബി(സ്വ) തങ്ങള്‍ അന്ത്യ പ്രവാചകനായതിനാല്‍ ഇനി പ്രവാചകന്മാര്‍ വരാനില്ല. പകരം ഔലിയാക്കള്‍ വന്ന് കൊണ്ടിരിക്കും എന്നത് എന്റെ സമുദായത്തിലെ അറിവുള്ളവര്‍ ഇസ്‌റാഈല്‍കാരുടെ പ്രവാചകന്മാര്‍ക്ക് തുല്യരാണ് എന്ന നബി(സ്വ)യുടെ വാക്കില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഔലിയാക്കളുടെ നേതാവ് ഖുതുബായിരിക്കും ഗൗസെന്ന പേരിലും ഇദ്ധേഹം അറിയപ്പെടും. ഇദ്ധേഹത്തിന്റെ ആസ്ഥാനം മക്കയാണ്. ഔലിയാക്കളില്‍ പ്രധാനിയാണ് മഹതിയായ ബീമാ ബീവി(റ)
അല്ലാഹുവിന്റെ ഔലിയാക്കളില്‍ അത്യുന്നത പദവിയിലെത്തിയ മഹതിയാണ് ബീമാബീവിയും മകന്‍ സയ്യിദ് മാഹീന്‍ അബൂബക്കറും. ഔലിയാക്കളില്‍ പൂര്‍ണ്ണ ചന്ദ്രതുല്യരായ ഇവര്‍ അന്ത്യവിശ്രമം കൊള്ളുന്നത് ബീമാപള്ളി ദര്‍ഗ്ഗാ ശരീഫില്‍ ആണെങ്കിലും ഇവരുടെ നാട് അറേബ്യയിലാണ്. ഇവിടെ നിങ്ങളെ നാം മണ്ണില്‍ നിന്നും പടച്ചു അതിലേക്ക് തന്നെ മടക്കും ഇനിയൊരിക്കല്‍ അതില്‍ നിന്നും പുറത്ത് കൊണ്ട് വരികയും ചെയ്യും എന്നുള്ള അല്ലാഹുവിന്റെ വാക്ക് ഏറെ പ്രശസ്ഥമാണ്. നമ്മെപ്പടക്കാനുള്ള മണ്ണ് എടുത്ത സ്ഥലത്ത് തന്നെ മണ്‍മറയാനെത്തിച്ചേരും എന്നത് തീര്‍ച്ചയാണ്. ബീമാ ബീവിയും മകന്‍ മാഹീന്‍ അബൂബക്കറും കേരളത്തില്‍ വന്നതും ബീമാപള്ളി ദര്‍ഗ്ഗയില്‍ മണ്‍മറഞ്ഞതുമൊക്കെ വിധിയായിരുന്നു.
അഹ്്‌ലുബൈത്തില്‍ ജനിച്ച മഹതി ഭര്‍ത്താവിനോട് കൂടെ അറബി നാട്ടില്‍ കഴിഞ്ഞ് കൂടവെ ഒരു കുഞ്ഞ് ജനിച്ചു. അദ്ധേഹമാണ് സയ്യിദ് മാഹീന്‍ അബൂബക്കര്‍ വലിയുല്ലാഹി. ഏകദേശം അഞ്ഞൂര്‍ കൊല്ലം മുമ്പാണ് അവര്‍ ജീവിച്ചത്. ബീമാബീവി യുവത്വത്തില്‍ തന്നെ വിധവയായി. ഇത് അവരുടെ ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ സൃഷ്ടിച്ചു. അന്നത്തെ അറേബ്യയില്‍ ഇസ്്‌ലാമിക ജീവിതം നയിക്കാന്‍ അനുകൂലമായ ഒരു സാഹചര്യം ഇല്ലായിരുന്നു. അങ്ങനെ ബീമാബീവിയും മകനും അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജീവിതം മുന്നോട്ട് നീക്കി. ഒരു ദിവസം രാത്രിയില്‍ മഹതിയായ ബീമാബീവി(റ) തന്റെ പിതാമഹനായ പ്രവാചകന്‍ നബി (സ്വ)യെ സ്വപ്‌നത്തില്‍ കണ്ടു. നബി (സ്വ)യുടെ തങ്കമാര്‍ന്ന തിരുമുഖത്ത് പുഞ്ചിരി വിടര്‍ന്നിരിക്കുന്നു.
തിരുമേനി (സ്വ) പേരക്കുട്ടിയോട് ഇവിടെ ജീവിക്കാന്‍ പ്രയാസമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ബീമാബീവി കണ്ണീരൊഴുക്കി പറഞ്ഞത് ‘പൊന്നുപ്പാപ്പാ ,വയ്യ,ഇനിയും ഈ മതവിരുദ്ധമായ മുസ്്‌ലിംകളുടെ കൂടെ പൊറുക്കാന്‍ വയ്യ’ എന്നായിരുന്നു. അപ്പോള്‍ നബി (സ്വ) വീണ്ടും ചോദിച്ചു’ മോളെന്തുകൊണ്ടിവര്‍ക്ക് പ്രബോധനം ചെയ്യുന്നില്ല? അവര്‍ അമുസ്്‌ലിംകള്‍ ആയിരുന്നു എങ്കില്‍ വഴി പറഞ്ഞ് കൊടുക്കാമായിരുന്നു. പക്ഷേ അവര്‍ മുസ്്്‌ലിം എന്ന നാമമുള്ളവരും ഉറക്കം നടിക്കുന്നവരുമാണ്. ഇവരാരും വിളിച്ചാല്‍ ഉണരില്ല എന്നായിരുന്നു മഹതി മറുപടി പറഞ്ഞത്. അന്നേരം നബി (സ്വ) പറഞ്ഞു: എങ്കില്‍ മകള്‍ മഹാനായ ആദിമ മനുഷ്യന്‍ ആദം നബി (അ) സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിച്ചെന്ന മനോഹര രാജ്യമായ ഇന്ത്യയിലേക്ക് പോവുക എന്നായിരുന്നു. അവിടെ മുസ്്‌ലിംകള്‍ ഉണ്ട്. അപ്പോള്‍ മഹതി പോകാന്‍ വഴിയറിയില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ നബി (സ്വ)യുടെ മറുപടി വഴിയൊക്കെ മനസ്സിലാകും യാത്ര തുടങ്ങുക എന്നായിരുന്നു. അങ്ങനെ നബി (സ്വ) സ്വപ്‌നത്തില്‍ നിന്നും അപ്രത്യക്ഷമാവുകയും മകന്റെ അടുത്ത് പ്രത്യക്ഷമാവുകയും ഉമ്മയോട് പറഞ്ഞപോലെ പറയുകയും ചെയ്തു. കൂടെ ഉമ്മയെയും കൊണ്ട് പോകണം എന്ന് പറഞ്ഞപ്പോള്‍ അതെനിക്ക് ഒരു ഭാരമാവില്ലേ എന്ന് മാഹീന്‍ വലിയ്യുല്ലാഹി പറഞ്ഞപ്പോള്‍ അല്ലാഹു ആര്‍ക്കും പൊന്താത്ത ഭാരം തലയില്‍ ഏറ്റിക്കൊടുക്കില്ല എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെ എന്നായിരുന്നു നബി (സ്വ)യുടെ മറുപടി.മഹീന്‍ വലിയ്യുല്ലാഹി ഞങ്ങളുടെ കൂ
ടെ അങ്ങയും ഉണ്ടാവണം എന്ന് പറയുകയും ചെയ്തു. അവര്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ തുടങ്ങി. യാത്രയില്‍ അവര്‍ പട്ടിണി കിടന്നും കാല്‍ നടയാത്ര ചെയ്തും ഏറെ ത്യാഗങ്ങള്‍ സഹിച്ചു.
അവര്‍ ഒരു കാട്ടിലൂടെ സഞ്ചരിച്ചു. വിശക്കുമ്പോള്‍ കായ്കനികള്‍ പറിച്ച് തിന്നുകയും കാട്ടുചോലയിലെ വെള്ളം കുടിക്കുകയും ചെയ്തു. അങ്ങനെ കാട്ടിലൂടെ നടന്ന് പോകുമ്പോള്‍ ഒരു സിംഹം തങ്ങളെ പിന്തുടരുന്നതായി മാഹീന്‍ വലിയുല്ലാഹി സംശയിക്കുകയും പലതവണയായി സിംഹത്തിന്റെ ഗര്‍ജനം കേള്‍ക്കുകയും ചെയ്യുന്നു. പെട്ടൊന്നൊരാള്‍ അവര്‍ക്കു മുന്നില്‍ ചാടി വീണു. കപ്പട മീശ,ജടപിടച്ച തല,ചോരക്കണ്ണുകള്‍,പന്നിയുടെ തേറ്റ പോലുള്ള പല്ലുകള്‍,പന പോലുള്ള ശരീരം,ഉലക്ക പോലുള്ള കൈകാലുകള്‍ എന്നിങ്ങനെയാണ് അയാളുടെ രൂപം. അയാള്‍ പറഞ്ഞു:മര്യാദക്ക് കൈയിലുള്ള പണവും പണ്ടവും തരണം ഇല്ലെങ്കില്‍!എന്ന് പറഞ്ഞദ്ധേഹം ഒരു ചൂളം വിളിക്കുകയും ഉടനെ കുറെ കരിമല്ലന്മാര്‍ വരികയും ഇവരെ വളയുകയും ചെയ്തു. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ വളരെ കുറച്ച് കാശാണുള്ളത്. ഇന്ത്യയിലെത്തേണ്ടവരാണ് ഞങ്ങള്‍. അഹ്്‌ലുബൈത്തില്‍ പെട്ട ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങള്‍ക്ക്് ഏത് ബൈത്തും സമം തന്നെയാണ്. വാള്‍ കൊണ്ട് വെട്ടിയാല്‍ ചോര ചാടാത്ത ഒരു അഹ്്‌ലുബൈത്തുമില്ല അവര്‍ മറുപടി പറഞ്ഞു. ആ കരിമല്ലന്മാര്‍ വീണ്ടും ചോദിച്ചു പിന്നെന്താ നിങ്ങള്‍ അത്ര നല്ലവരാണെങ്കില്‍ പിന്നെന്തിന് നാട് വിട്ട് പോകുന്നു. മാഹീന്‍ വലിയ്യുല്ലാഹി ഉപ്പാപ്പ സ്വപ്‌നം കാണിച്ചതാ പോകാന്‍ എന്ന് മറുപടി പറഞ്ഞു. അവര്‍ അങ്ങനെ തര്‍ക്കിച്ച് കൊണ്ടിരിക്കെ വീണ്ടും സിംഹത്തിന്റെ ഗര്‍ജനം കേട്ടു. ആ സിംഹം കാട്ടില്‍ നിന്നും ഒരു ചാട്ടം ചാടുകയും അതോടെ ആ കൊള്ളക്കാര്‍ ജീവനും കൊണ്ട് ഓടുന്നത് കണ്ടപ്പോള്‍ ബീമാബീവി (റ) ഇത് ഉപ്പാപ്പാന്റെ ആത്മാവാണ് എന്ന് മകന്‍ മാഹീന്‍ വലിയ്യുല്ലാഹിയോട് പറഞ്ഞു. അങ്ങനെ ബീമാബീവിയും (റ) മകന്‍ മാഹീന്‍ വലിയ്യുല്ലാഹിയും നബി (സ്വ)യുടെ തുണയോടെ ഇന്ത്യയിലെത്തി. ഒടുവില്‍ അവര്‍ കേരളത്തിലെ തിരുവെല്ലയില്‍ താവളമുറപ്പിക്കുകയും ചെയ്തു. വളരെ വേഗമവര്‍ നാട്ടുകാരുടെ കണ്ണിലുണ്ണികളായി മാറി. ജനങ്ങളുടെ രോഗം സുഖപ്പെടുത്തല്‍ കൊണ്ട് അവര്‍ ശ്രദ്ധയാര്‍ജ്ജിക്കുകയും അനുദിനം ഇതര മതസ്ഥര്‍ പലരും പരിശുദ്ധമായ ദീനുല്‍ ഇസ്്‌ലാമിലേക്ക് കടന്ന് വരികയും ചെയ്തു. തെക്കന്‍ തിരുവിതാംകൂര്‍ അന്ന് ഭരിച്ചിരുന്നത് മാര്‍ത്താണ്ഡവര്‍മ്മയായിരുന്നു. തിരുവെല്ല അന്ന് അദ്ധേഹത്തിന്റെ അധികാര പരിധിയിലാണ് ഉള്‍പെട്ടിരുന്നത്. ബീവിയും മകനും അവിടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.
അവര്‍ ഇസ്്‌ലാമിനെ ശക്തിപ്പെടുത്താന്‍ വേണ്ടി യുദ്ധങ്ങള്‍ ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ ശിങ്കിരന്മാര്‍ ബീമാ ബീവിയോടും മകന്‍ മാഹീന്‍ വലിയ്യുല്ലാഹിയോടും എന്താണ് നികുതിയടക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ മഹീന്‍ വലിയ്യുല്ലാഹി പറഞ്ഞു ഉണ്ടല്ലോ ഇല്ലെന്നാര് പറഞ്ഞു? അപ്പോള്‍ അവര്‍ പറഞ്ഞു റിക്കാര്‍ഡില്‍ നിങ്ങള്‍ തീരെ നികുതിയടച്ചിട്ടില്ല. അടച്ച രശീതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ നികുതിക്ക് റിക്കാര്‍ഡിന്റെയും രശീതിയുടെയും ആവിശ്യമില്ല. അത് അല്ലാഹുവിനെ ബോധിപ്പിച്ചാല്‍ മതി. അല്ലാഹുവിന്റെ ഭൂമിക്ക് ഞങ്ങള്‍ നികുതി തരില്ല എന്ന് പറഞ്ഞപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കിങ്കരന്മാര്‍ അവരോട് യുദ്ധം ചെയ്യുകയും ആ യുദ്ധത്തില്‍ മാഹീന്‍ വലിയുല്ലാഹി വധിക്കപ്പെടുകയും ചെയ്തു. ഇത് ജമാദുല്‍ ഉഖ്‌റാ മാസത്തിലായിരുന്നു. മാഹീന്‍ വലിയ്യുല്ലാഹിയുടെ മരണത്തില്‍ അധീവ ദുഖിതനായ ബീമാബീവി വൈകാതെ തന്നെ മരണപ്പെട്ടു. അവര്‍ യുദ്ധം നടത്തിയ സ്ഥലത്താണ് പിന്നീട് ബീമാപള്ളി നിര്‍മ്മിക്കപ്പെട്ടത്.
മഹതിയായ ബീമാബീവിയും മകന്‍ മാഹീന്‍ വലിയ്യുല്ലാഹിയും യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലേക്ക് വന്നത് മുസ്്‌ലിംകളുടെ ശക്തിയാര്‍ജ്ജിക്കാന്‍ വേണ്ടിയാണ്. നാം അല്ലാഹുവിന്റെ ഭൂമിക്ക് നികുതിയടക്കാതെ ജീവിക്കണം എന്ന് പഠിപ്പിച്ച് തരാനാണ്. ഇവരില്‍ നിന്നും അനവധി കാര്യങ്ങള്‍ നമുക്ക് ഉള്‍ക്കൊള്ളാനുണ്ട്. അതിന് അല്ലാഹു സുബ്ഹാനഹു വതആല നമുക്ക് തൗഫീഖ് നല്‍കട്ടെ ആമീന്‍.

About Ahlussunna Online 1170 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*