ആത്മ സമര്‍പ്പണത്തിന്‍റെയും ത്യാഗ നിര്‍ഭരതയുടേയും ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ പരിശുദ്ധമാക്കപ്പെട്ട മാസമാണ് മുഹര്‍റം. അറബി കലണ്ടറിലേ ആദ്യത്തേ മാസവും പ്രവാചകന്‍ അല്ലാഹുവിന്‍റെ മാസമെന്ന് വിശേഷിക്കപ്പെട്ടതുമായ മുഹര്‍റം സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഒട്ടനവദി സംഭവ മുഹൂര്‍ത്തങ്ങളെ വിളിച്ചോതുകയും പുണ്യങ്ങളുടെ പേമാരികള്‍ ലോകത്തിന് മുമ്പില്‍ കോരിച്ചൊരിയുകയും ചെയ്യുന്നു.
നിഷിദ്ധമാക്കപ്പെട്ടത് എന്നതാണ് മുഹര്‍റം എന്നതിന്‍റെ അര്‍ത്ഥം. യുദ്ധം ഹറാമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്നാണ് എന്ന ഖ്യാതി ഈ പുണ്യമാസത്തിനുണ്ട്.ഇബ്ലീസിന് സ്വര്‍ഗ്ഗം ഹറാമാക്കിയതിനാലാണ് ഈ അര്‍ത്ഥം ലഭിച്ചതെന്ന ഒരഭിപ്രായവുമുണ്ട്.(ഇആനത്ത് 2425)
ഇബ്ലീസിന്‍റെ പൈശാചികമായ കുതന്ത്രത്തില്‍ പെട്ട് വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്‍റെ പേരില്‍ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആദ്യ പിതാവ് ആദം നബി (അ) ന്‍റെ തൗബ മുതലുള്ള നിരവധി നബിമാരുടെയും, പൂര്‍വ്വ സൂരികളുടെയും സഹന സമര്‍പ്പണ സംഭവങ്ങള്‍ക്ക് മുഹര്‍റം സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.കാലമേറെ പിന്നിടുമ്പോഴും പ്രസ്തുത മാസത്തിലെ ത്യാഗനിര്‍ഭരമായ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഇന്നും ഓരോ വിശ്വാസിയുടെയും നേത്രങ്ങളെ ഈറനണിയിപ്പിക്കുന്നു എന്നതാണ് വസ്തുത.
അല്ലാഹുവിന്‍റെ അലംഘനീയമായ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ ക്ഷമയെന്ന ആയുധം കൊണ്ട് ധര്‍മ്മ സമരം നടത്തി വിജയശ്രീലാളിതനായി മാറിയ അയ്യൂബ് നബി(അ)ന്‍റെ രോഗം ശിഫയാക്കപ്പെട്ടതും ,ആഗോള ചക്രവാളത്തിന്‍റെ സിംഹാസനത്തില്‍ സുലൈമാന്‍ (അ)നിയോഗിക്കപ്പെട്ടതും പ്രസ്തുത മാസത്തിന്‍റെ ദിനയാത്രങ്ങളിലായിരുന്നു.വിശ്വാസത്തിന്‍റെ മറവില്‍ ദുര്‍വിചാരങ്ങള്‍ പടുത്തുയര്‍ത്തിയ നീചമായ സമൂഹത്തില്‍ നിന്നും ഈസാ നബി(അ)നെ വാനലോകത്തേക്ക് ഉയര്‍ത്തപ്പെട്ടതും , സ്വപുത്രന്‍റെ വേര്‍പ്പാടില്‍ മനം നൊന്ത് കാഴ്ച്ച നഷ്ടപ്പെട്ടിരുന്ന യഅ്ഖൂബ് നബി(അ)ന് തന്‍റെ കാഴ്ച്ച തിരിച്ച് ലഭിച്ചതും മുഹര്‍റം മാസത്തിലാണ്.
നിരവധി ത്യാഗനിര്‍ഭരവും കര്‍മ്മനിരതവുമായ ചരിത്ര സത്യങ്ങളെ മുഹര്‍റം ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം ആത്മീയതയുടെയും ഇലാഹീ ചൈതന്യത്തിന്‍റെയും പരിമളം ലോകത്ത് പരത്തുകയും ചെയ്യുന്നു.
റമളാനിന് ശേഷം ഏറ്റവും കൂടുതല്‍ പവിത്രത പ്രസ്തുത മാസത്തിലെ വ്രതത്തിനാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പവിത്രമേറിയ ദിവസം മുഹര്‍റം പത്തിനാണെന്ന് പണ്ഡിതന്‍മാര്‍ അറിയിച്ചു തരുന്നുണ്ട്. മനുഷ്യ ഹൃദയങ്ങളില്‍ അടിഞ്ഞുകൂടിയ പൈശാചിക ചിന്തകളേയും,തിന്മയുടെ ഇരുള്‍ മൂടിയ കറകളേയും തുടച്ച് നീക്കാന്‍ വിശ്വാസികള്‍ ഈ ദിവസം വ്രതമനുഷ്ടിക്കുന്നു.
മുഹര്‍റം പത്തിന്‍റെ സവിശേഷതകള്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ പലതവണ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മഹാനായ മൂസാ നബി(അ)നെയും തന്‍റെ അനുയായികളെയും ഫിര്‍ഔനിന്‍റെയും സൈന്യത്തിന്‍റെയും കരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതും ഫിര്‍ഔനിനെ കടലില്‍ മുക്കിക്കൊന്നതിനും കൂടാതെ നൂഹ് നബി(അ)ന്‍റെ കപ്പല്‍ ജൂദീ പര്‍വ്വതത്തില്‍ നങ്കൂരമിട്ടതിനും നന്ദിസൂചകമായി ഇരുവരും വ്രതമനുഷ്ഠിച്ചത് മുഹര്‍റം പത്തിനാണ്. അതുപോലെത്തന്നെ മഹാനായ ഇബ്റാഹീം നബി(അ)നെ നംറൂദിന്‍റെ തീക്കുണ്ടാരത്തില്‍ നിന്ന് അല്ലാഹു തആല രക്ഷപ്പെടുത്തിയതും യൂനുസ് നബി (അ) മത്സ്യ വയറ്റില്‍ നിന്ന് മുക്തനാക്കപ്പെട്ടതും ഈ ദിവസത്തില്‍ തന്നെയായിരുന്നു. ദുനിയാവിനെ പടക്കാന്‍ തുടങ്ങിയ ഒന്നാം ദിവസവും ആദ്യമായി വാനലോകത്തു നിന്നും മഴ വര്‍ഷിച്ചതും ലൗഹ്, ഖലം, അര്‍ശ് എന്നിവ പടക്കുവാന്‍ അല്ലാഹു തെരഞ്ഞെടുത്തതും പരിശുദ്ധ മാസത്തിന്‍റെ ദിനരാത്രങ്ങള്‍ തന്നെയായിരുന്നു.
ഇനി ലോകാവസാനം നടക്കുന്നതും മുഹര്‍റം പത്തിലായിരിക്കുമെന്നും പ്രവാചന്‍ (സ്വ) പറഞ്ഞതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. (ഇആനത്ത്: 2/418)
മക്കയില്‍ വെച്ച് മുഹര്‍റം പത്തിന് തിരുമേനി (സ്വ) വ്രതമനുഷ്ഠിച്ചിരുന്നു. എന്നാല്‍ നബി തങ്ങള്‍ മദീനയിലേക്ക് വന്നപ്പോള്‍ അവിടെയുള്ള ജൂതന്മാ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. കാരണമന്വേഷിച്ചപ്പോള്‍ മൂസാ നബി(അ)നെയും അനുയായികളെയും ഫറോവയില്‍ നിന്ന് രക്ഷപ്പെടുത്തിയതിന്‍റെ പേരില്‍ മഹാന്‍ നോമ്പനുഷ്ഠിച്ചിരുന്നു. ഇതടിസ്ഥാനത്തിലാണ് ഞങ്ങളും ഇന്ന് നോമ്പനുഷ്ഠിക്കുന്നത് എന്ന മറുപടി നല്‍കുകയുണ്ടായി. ഉടന്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: മൂസാ നബി(അ)നോട് ഏറ്റവും ബന്ധപ്പെട്ടവന്‍ ഞാനാണെന്നും അടുത്ത വര്‍ഷം ശേഷിക്കുമെങ്കില്‍ ഞാന്‍ താസൂആഇലും നോമ്പനുഷ്ഠിക്കുമെന്നും അപ്രകാരം അനുയായികളോട് കല്‍പിക്കുകയും ചെയ്തു. (ബുഖാരി 2004, ഫത്ഹുല്‍ ബാരി 4/288)
നമ്മിലേക്ക് സമാഗതമാകുന്ന ഓരോ മുഹര്‍റം മാസവും ഓരോ വര്‍ഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. പുതുവത്സരാഘോഷങ്ങളില്‍ തിമിര്‍ത്താടുന്ന മനുഷ്യന്‍ തനിക്ക് സ്രഷ്ടാവ് തന്ന ആയുസ്സിന്‍റെ ഒരു സമ്പൂര്‍ണ്ണ വര്‍ഷത്തെ എപ്രകാരമാണോ നഷ്ടപ്പെടുത്തിയത് എന്നാണ് ഈ ദിനങ്ങളില്‍ ചിന്തിക്കേണ്ടത്. തിډയുടെ അഗാധ ഗര്‍ത്തത്തില്‍ ആണ്ടുപോയ മനുഷ്യര്‍ ശരീരത്തെ ആത്മീയ ചിന്തകളാലും സല്‍കര്‍മ്മങ്ങളാലും കഴുകി ശുദ്ധിയാക്കേണ്ട ബാധ്യതയുണ്ടെന്ന ബോധവും ഓരോ പുതുവത്സരത്തിലും ഉണ്ടാവേണ്ടതുണ്ട്. ഇത് നമ്മെ മരണ സ്മരണയിലേക്ക് നയിക്കുമെന്നതാണ് പണ്ഡിത ഭാഷ്യം.
പൂര്‍വ്വ കാലത്ത് തന്നെ മുഹര്‍റത്തെ പുതുവത്സരമായി അറബ് രാജാക്കന്മാര് ആഘോഷിച്ചിരുന്നു. പുതുവത്സര ആശംസകള്‍ നേരാന്‍ ഈ മാസത്തിന്‍റെ തുടക്കത്തില്‍ പല പരിപാടികളും ആഘോഷങ്ങളും നടത്തിയിരുന്നതായി ചരിത്രങ്ങളില്‍ കാണാം. എന്നാല്‍ പല ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ഈ മാസത്തെക്കുറിച്ച് ചിലര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. മുഹര്‍റം പത്തിന് കുളിച്ചാല്‍ രോഗമുണ്ടാകില്ലെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. അതുപോലെത്തന്നെ പ്രത്യേക തരം നിസ്കാരമുണ്ടെന്നറിയിക്കുന്ന റിപ്പോര്‍ട്ടുകളും കാണാം. ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തല്‍ പൂര്‍ണ്ണമായും എതിര്‍ക്കപ്പെടേണ്ടതാണ്. സമാഗതമാകുന്ന ഓരോ മുഹര്‍റവും പുണ്യ പ്രവര്‍ത്തനങ്ങളാല്‍ പൂര്‍വ്വ സൂരികളുടെ സുഖ-ദുഖഃ സമ്മിശ്രമായ സ്മരണകള്‍ അയവിറക്കലിനാലും ആത്മീയ ചൈതന്യം ആവാഹിച്ചെടുക്കല്‍ ഓരോ വിശ്വാസിക്കും അനിവാര്യതയാണ്.
അചഞ്ചലമായ വിശ്വാസ ധാരയാലും അര്‍പ്പണ ബോധത്താലും സ്രഷ്ടാവിന് മുമ്പില്‍ ജീവിതം സമര്‍പ്പിച്ച് വിജയത്തിന്‍റെ പറുദീസകള്‍ കൈവരിച്ച മഹാത്മാക്കളുടെ ജീവിത പാഠങ്ങള്‍ ഓര്‍ത്തെടുക്കേണ്ടതും ആത്മീയ ചൈതന്യത്താലും കര്‍മ്മ സാഫല്യത്താലും മനുഷ്യ ജീവിതത്തെ ധന്യമാക്കേണ്ട മുഹര്‍റം പോലെയുള്ള പവിത്രമാക്കപ്പെട്ട ദിനരാത്രങ്ങള്‍ നാം സുകൃതങ്ങളാല്‍ ധന്യമാക്കേണ്ടതുണ്ട്. നാഥന്‍ തുണക്കട്ടെ, ആമീന്‍.
Be the first to comment