മുഹമ്മദലി ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് 14 വര്‍ഷം; കാരുണ്യത്തിന്റെ ആ നീരുറവ ഇന്നും പരന്നൊഴുകുന്നുണ്ട്

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് ഇന്നേക്ക് 14 വര്‍ഷം. മുസ്ലിം സമുദായത്തിന്റെ ആത്മീയനേതാവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത് ഓഗസ്റ്റ് ഒന്നിനായിരുന്നു. സ്‌നേഹവും കാരുണ്യവുമായിരുന്നു ശിഹാബ് തങ്ങളുടെ മുഖമുദ്ര. അതുവഴി ആയിരങ്ങള്‍ക്ക് തങ്ങള്‍ തണലൊരുക്കി. കൊടപ്പനക്കല്‍ തറവാട്ടില്‍നിന്ന് കാരുണ്യത്തിന്റെ ആ നീരുറവ ഇന്നും പരന്നൊഴുകുന്നുണ്ട്, ബൈത്തുറഹ്‌മ ഭവനപദ്ധതിയടക്കമുള്ള പദ്ധതികളിലൂടെ. നിരവധി കാരുണ്യഭവനങ്ങളാണ് തങ്ങളുടെ പേരില്‍ രാജ്യത്ത് പലയിടത്തുമായി തലയുയര്‍ത്തി നില്‍ക്കുന്നത്. ഡയാലിസിസ് കേന്ദ്രങ്ങള്‍, പാലിയേറ്റീവ് കെയര്‍, ആംബുലന്‍സ്, കുടിവെള്ളവിതരണം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ശിഹാബ് തങ്ങളുടെ പേരില്‍ നടന്നുവരുന്നു.
പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ മരണശേഷമാണ് മൂത്തമകന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷനായത്. 39-ാം വയസ്സില്‍ ചുമതലയേറ്റ അദ്ദേഹം 34 വര്‍ഷം പാര്‍ട്ടിയെ നയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ഏറ്റവുംകൂടുതല്‍ കാലം പൂര്‍ത്തിയാക്കി അദ്ദേഹം റെക്കോഡ് എഴുതിച്ചേര്‍ത്തു. നിരവധി മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യക്ഷനും മഹല്ലുകളുടെ ഖാസിയുമായിരുന്നുകോഴിക്കോട് എം.എം. ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. ജയിച്ചു. രണ്ടുവര്‍ഷം തിരൂരിനടുത്തെ തലക്കടത്തൂരില്‍ ദര്‍സ് പഠനം. 1958ല്‍ ഉപരിപഠനത്തിന് ഈജിപ്തില്‍ പോയി. മൂന്നുവര്‍ഷം അല്‍ അസ്ഹറിലും പിന്നീട് കൊയ്‌റോ യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം പഠിച്ചു. പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്‌മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ആയിഷ ചെറുകുഞ്ഞി ബീവിയുടെയും മകനായി 1936 മെയ് നാലിനാണ് ശിഹാബ് തങ്ങളുടെ ജനനം.
മുഹമ്മദലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സമൂഹത്തിന് ഒരേ സമയം നേതൃത്വം കൊടുക്കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വവ്യക്തിത്വങ്ങളിലൊരാളായിരുന്നു. അണുവിട തെറ്റാത്ത നീതിശാസ്ത്രം, ഉറവ വറ്റാത്ത സ്‌നേഹം, നിലക്കാത്ത ശാന്തിമന്ത്രം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രകള്‍. തീരെ മായാത്ത മന്ദഹാസം, പ്രസന്നത നിറഞ്ഞ മുഖം, സൗമ്യ ഭാവം, പതിഞ്ഞ സ്വരം, കുറിയ പ്രസംഗം, പ്രാര്‍ത്ഥന, തനിക്ക് മുമ്പിലെത്തുന്നവര്‍ക്ക് നേരെ കൊട്ടിയടക്കാത്ത ഹൃദയ കവാടം, പരസ്പരം പോരടിച്ച കേസ്സുകള്‍, വസ്തു തര്‍ക്കങ്ങള്‍, ഇതര വിഷയങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ വിധികല്പനയില്‍, മധ്യസ്ഥതയില്‍ അവസാനിക്കുന്നത് പതിവായിരുന്നു. സ്വന്തം സമയം സാധാരണക്കാരനു വേണ്ടി വീതിച്ച് നല്‍കിയ നേതാവ് ഇതൊക്കെയാണ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സവിശേഷതകള്‍.
അനുഗ്രഹം തേടി വന്നവര്‍, പ്രാര്‍ത്ഥനക്ക് വേണ്ടിയെത്തുന്നവര്‍, എല്ലാവരും ആശ്വാസം കണ്ടെത്തിയിരുന്നത് ആ മഹാ മനീഷിയിലായിരുന്നു.മനശ്ശാന്തിക്കായും രോഗനിവാരണത്തിനായും നാനാ ദിക്കുകളില്‍ നിന്നും ആളുകള്‍ ശിഹാബ് തങ്ങളെ കാണാനായി പാണക്കാട് കൊടപ്പനക്കല്‍ വീട്ടിലെത്തുക പതിവായിരുന്നു. കേരളത്തിലെ ആദ്യത്തെ ഉന്നതാത്മീയ കലാലയമായ ജാമിഅ നൂരിയ അറബിക്കോളേജ് മുതല്‍ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനുമായിരുന്നു അദ്ദേഹം. ഇതിന് പുറമെ അനാഥാലയങ്ങള്‍, മദ്രസ്സകള്‍,പള്ളി കമ്മറ്റികള്‍, കോളജുകള്‍, സ്‌കൂളുകള്‍, മറ്റനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ഇതില്‍ പെടും.

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*