മമ്പുറം തങ്ങള്‍ : ആത്മീയതയിലെ നിറ സാന്നിധ്യം

മുഹമ്മദ് അസ്‌ലം എം എ

കേരള മുസ്്‌ലിം നവോത്ഥാന രംഗത്ത് ജ്വലിച്ചു നിന്ന മഹാനാണ് സയ്യിദ് അലവി മമ്പുറം തങ്ങള്‍. കേരള മുസ്്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉത്ഥാനത്തിനു വേണ്ടി ഉയിഞ്ഞു വെച്ചതായിരുന്നു അദ്ധേഹത്തിന്റെ ജീവിതം. സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അരുതായ്മകള്‍ക്കെതിരെ നില കൊള്ളുകയും ഹിന്ദു-മുസ്്‌ലിം സൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുകയും മതമൈത്രിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ആത്മീയതയിലെ നിറ സാന്നിധ്യമായിരുന്നു മമ്പുറം തങ്ങള്‍.
മുഹമ്മദ് ബ്‌നു സഹ്്‌ലിന്റെയും ഹസന്‍ ജിഫ്രിയുടെ സഹോദരിയുടെയും മകനായി ഹിജ്‌റ 1166 ല്‍ ദുല്‍ഹിജ്ജ 23 ന് ശനിയാഴ്ച്ച രാത്രിയായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കള്‍ മരണമടഞ്ഞു. ശൈഖിന്റെ പരിപാലനം മാതൃസഹോദരി സയ്യദ ഹാമിദ ബീവി ഏറ്റെടുത്തു. അവര്‍ അനിവാര്യമായ മത-സാമൂഹിക ബോധം പകര്‍ന്നു നല്‍കി. ക്ഷമ,സല്‍സ്വഭാവം,സത്യസന്ധത തുടങ്ങിയ നല്ല വിശേഷണങ്ങള്‍ അദ്ധേഹം ആര്‍ജിച്ചെടുത്തു. വളരെ ചെറുപ്പത്തില്‍ തന്നെ സ്ഫുടമായി അറബി സംസാരിക്കാന്‍ പഠിച്ചു. മഹാന്‍ പിന്നീട് എട്ട് വയസ്സായപ്പോഴേക്കും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പ്രാഥമിക പഠനം തരീമില്‍ നിന്നായിരുന്നു. ചെറുപ്പത്തില്‍ തന്നെ ആത്മീയ വഴി തിരഞ്ഞെടുത്തു.
അതിനിടയില്‍, തന്നെ പുത്രനു തുല്യം സ്‌നേഹിച്ച മാതുലനും ബന്ധപ്പെട്ടവരും പ്രബോധനത്തിന് വേണ്ടി കേരളത്തിലേക്ക് പോയി എന്നത് വളര്‍ത്തുമ്മയില്‍ നിന്ന് കേട്ടറിഞ്ഞു.പ്രായപൂര്‍ത്തിയായപ്പോള്‍ തനിക്കും അവരുടെ കൂടെ പോകണമെന്ന ആഗ്രഹമുദിക്കുകയും തന്റെ വളര്‍ത്തുമ്മയോട് ആവിശ്യം ഉന്നയിക്കുകയും മലബാറിലേക്ക് കച്ചവടത്തിന് പോകുന്നവരുടെ കൂടെ അയക്കാമെന്നും അവര്‍ വാക്ക് കൊടുക്കുകയും ചെയ്തു.
വളര്‍ത്തു മാതാവിന്റെയും കുടുംബ ജനങ്ങളുടെയും സുഹൃത്തുക്കളുടെയും സമ്മദത്തോടെ തന്റെ 17ാം വയസ്സില്‍ സയ്യിദ് അലവി തങ്ങള്‍ ശഹര്‍ മുകല്ല തുറമുഖത്ത് നിന്ന് ചരക്കുകപ്പലില്‍ മലബാറിലേക്ക് യാത്ര തിരിച്ചു. ഹിജ്‌റ 1183 റമദാന്‍ 19 ന് അദ്ധേഹം കോഴിക്കോട് കപ്പല്‍ ഇറങ്ങിയപ്പോള്‍ മാതുലനായ ഹസന്‍ ജിഫ്രി തങ്ങള്‍ മരണമടഞ്ഞ വിവരം ലഭിച്ചു. അദ്ധേഹം തരീമില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന സമയം സയ്യിദ് അലവി തങ്ങള്‍ക്ക് രണ്ട് വയസ്സായിരുന്നു.തങ്ങള്‍ക്ക് 14 വയസ്സാവുമ്പോള്‍ ഹസന്‍ ജിഫ്രി തങ്ങള്‍ മലബാറില്‍ വഫാത്തായി. മലബാറിലെത്തിയ സയ്യിദ് അലവി തങ്ങളെ വ്യാപാരികള്‍ ശൈഖ് ജിഫ്രി തങ്ങളുടെ അടുക്കല്‍ എത്തിക്കുകയും ശൈഖ് ജിഫ്രി തങ്ങള്‍ നാട്ടുകാര്‍ക്കെല്ലാം മമ്പുറം തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് ഭക്ഷണത്തിന് ശേഷം കുതിരപ്പുറത്ത് 2 പേരും മമ്പുറത്തേക്ക് തിരിച്ചു. ഇരുവരും 11 മണിയായപ്പോഴേക്കും മമ്പുറത്തെത്തി. ഹസന്‍ ജിഫ്രി തങ്ങളുടെ ഖബ്‌റ് സന്ദര്‍ഷിക്കുകയും ദുആ ചെയ്യുകയും പിന്നീട് അവിടെയുണ്ടായിരുന്ന കുടുംബക്കാരുമായി സംസാരിക്കുകയും ചെയ്തു.
മമ്പുറത്തെത്തിയ ശൈഖ് ജിഫ്രി അവിടത്തെ പ്രധാനികള്‍ക്ക് സയ്യിദ് അലവി തങ്ങളെ പരിചയപ്പെടുത്തി. ഹസന്‍ ജിഫ്രിയുടെ ബന്ധുവാണെന്നും ഇനിയിവിടത്തെ മത സാമൂഹിക രംഗങ്ങളില്‍ കാര്‍മികത്വം വഹിക്കുക തങ്ങളായിരിക്കുമെന്നും അവരെ അറിയിക്കുകയും ചെയ്തു. മുസ്്‌ലിം സാന്നിദ്ധ്യം കൊണ്ട് ചരിത്രത്തില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ച പ്രദേശമായിരുന്നു തിരൂരങ്ങാടി. സയ്യിദ് അലവി തങ്ങളുടെ ആഗമനത്തോടുകൂടി മമ്പുറം ചരിത്രത്തില്‍ ഇടം പിടിച്ചു. മമ്പുറം എന്ന പ്രദേശവും അവിടത്തെ മുസ്്‌ലിംകളും സജീവമായി ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയത് ജിഫ്രി കുടുംബത്തിലെ പ്രധാന കണ്ണിയായ ഹസന്‍ ജിഫ്രി തങ്ങള്‍ മമ്പുറത്ത് സ്ഥിരതാമസമാക്കിയതോടെയാണ്. അദ്ധേഹം ചുരുങ്ങിയ കാലം കൊണ്ട് ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പൊതു ജനത്തെ ആകര്‍ശിക്കുകയും ചെയ്തിരുന്നു. മമ്പുറം തങ്ങളുടെ ആഗമനത്തോടെ മമ്പുറം മലബാറിന്റെ തന്നെ അഭയകേന്ദ്രമാക്കുകയും നാനാഭാഗത്തു നിന്നും ആശിര്‍വാദവും സമര വീര്യവും തേടി ജനങ്ങള്‍ ഒഴുകിയെത്തുകയും ചെയ്തു.
മമ്പുറത്ത് സ്ഥിരതാമസമാക്കിയതോടെ സയ്യിദ് അലവി തങ്ങള്‍ മമ്പുറം തങ്ങള്‍ എന്ന് അറിയപ്പെട്ടു. തറമ്മല്‍ തങ്ങള്‍ എന്നും വിളിക്കപ്പെട്ടിരുന്നു. മമ്പുറം തങ്ങള്‍ സാഹചര്യം മനസ്സിലാക്കി ഹിന്ദു-മുസ്്‌ലിം സൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുകയും മത മൈത്രിക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. മുസ്്‌ലിം സമൂഹത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തിയ ബ്രിട്ടീഷ് മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ ഇത്തരം ഒരു കൂട്ടായ്മ ആവശ്യമായിരുന്നു.കേരളത്തിലെ ഹിന്ദു-മുസ്്‌ലിം സംഘടിത ജീവിതത്തെ അപകടപ്പെടുത്തുന്ന രീതിയിലായിരുന്നു ബ്രിട്ടീഷുകാരുടെ അരങ്ങേറ്റം. ഭിന്നിപ്പ് ഭരിക്കുക എന്ന ആശയം അപകടകരമായ അനന്തരഫലമാണ് സമൂഹത്തല്‍ വരുത്തി വെച്ചത്. ഇത്തരം നിഗൂഢ പദ്ധതികളെ നിര്‍വീര്യമാക്കി ഹിന്ദു-മുസ്്‌ലിം സൗഹൃദത്തിലൂടെ കേരളക്കരയെ വൈദേശികാധിനിവേശത്തില്‍ നിന്ന് മുക്തമാക്കാനാണ് സയ്യിദ് അലവി തങ്ങള്‍ പരിശ്രമിച്ചത്. മതപരമായ കാര്യങ്ങളില്‍ ഏറെ കര്‍ക്കശക്കാരനായിരുന്നു സയ്യിദ് അലവി തങ്ങള്‍. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ വിശ്വാസികളില്‍ അപ്പടി പുലരണമെന്ന്് തങ്ങള്‍ ആഗ്രഹിച്ചിരുന്നു. സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി മമ്പുറം തങ്ങള്‍ വര്‍ത്തിച്ചു. അധിനി വേശ ശക്തികള്‍ക്കെതിരെ ശക്തവും തീവ്രവൃമായ സമീപനമാണ് അവിടുന്ന് സ്വീകരിച്ചത്.
നൂറ്റാണ്ടുകള്‍ക്കു ശേഷം നടക്കാനിരിക്കുന്ന സംഭവങ്ങള്‍ ദീര്‍ഘവീക്ഷണം ചെയ്യാനുള്ള കഴിവ് സയ്യിദ് അലവി തങ്ങള്‍ക്കുണ്ടായിരുന്നു. ഒരിക്കല്‍ തന്റെ സുഹൃത്തുക്കളില്‍ പെട്ട ചിലയാളുകള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമോ എന്ന് തങ്ങളോട് ചോദിക്കുകയുണ്ടായി. പരാജയം സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയാത്ത വിധം ബ്രിട്ടീഷുകാര്‍ കുതിര്‍പ്പ് നടത്തിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അന്ന്. തങ്ങള്‍ ദീര്‍ഘ നേര ആലോചനക്ക് ശേഷം പറഞ്ഞു:ഇന്ത്യയില്‍ ചങ്ങല വലിക്കുകയും മുറത്തില്‍ നെല്ല് ചിക്കുകയും ചെയ്യുന്ന കാലം വരും. അന്ന് വിദേശ ശക്തികള്‍ രാജ്യം വിടുന്നതാണ്.
1800 കളുടെ തുടക്കത്തിലെ ഈ പ്രവചനം,1947 കാലങ്ങള്‍ക്കു ശേഷം ഇന്ത്യ സാക്ഷിയായ ചില വസ്തുതകളിലേക്കായിരുന്നുവെന്നതിന്റെ സൂചന ആര്‍ക്കും മനസ്സിലായില്ല. ഇന്ത്യയില്‍ ചങ്ങല വലിക്കും എന്നതിന്റെ വിവക്ഷ രാജ്യം വിഭജിക്കപ്പെടുമെന്നും സര്‍വ്വേ നടത്തപ്പെടുമെന്നുമാണ്. മുറത്തില്‍ നെല്ല് ചിക്കും എന്ന് പറഞ്ഞത് ഇന്ത്യ നേരിടുന്ന ദാരിദ്രത്തേയും ഭക്ഷണ ദൗര്‍ലഭ്യതയേയും സൂചിപ്പിക്കുന്നതായിരുന്നു. സയ്യിദ് അലവി തങ്ങള്‍ ബാഅലവി ത്വരീഖത്താണ് പിന്തുടരുന്നത്. ഇത് ഖാദിരി ത്വരീഖത്തിന്റെ ശാഖയാണ്. അധിനിവേശ വിശുദ്ധ നായകന്‍,മതസൗഹാര്‍ദത്തന്റെ ആചാര്യന്‍ തുടങ്ങി അനവധി വിശേഷണങ്ങളുണ്ടെങ്കിലും തന്റെ ക്രമബന്ധമായ ആധ്യാത്മിക ജീവിതത്തിലൂടെയാണ് തങ്ങള്‍ ശ്രദ്ധേയനായത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി മമ്പുറം തങ്ങള്‍ രംഗ പ്രവേശനം ചെയ്തു തുടങ്ങിയത് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കി. പ്രക്ഷോഭത്തിന്റെ വഴികള്‍ സ്വീകരിച്ചു തുടങ്ങിയ മമ്പുറം തങ്ങളെ ഉപഹാരങ്ങളും പ്രലോഭനങ്ങളും നല്‍കി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പക്ഷത്ത് നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ,നേരിന്റെയും ധര്‍മ്മത്തിന്റെയും ജനങ്ങളുടെയും പക്ഷത്ത് നിന്ന മഹാനവറുകള്‍ അവരെയെല്ലാം തള്ളിക്കളഞ്ഞു.
ജീവിത ശുദ്ധികൊണ്ട് ആത്മീയ ഔന്നിത്യം കൈവരിച്ച മഹാനായിരുന്നു സയ്യിദ് അലവി തങ്ങള്‍. അമാനുഷികമായ കാര്യങ്ങള്‍ ഔലിയാക്കള്‍ മുഖേന പ്രകടമാകുന്നതാണ് കറാമത്ത്. സയ്യിദ് അലവി തങ്ങള്‍ക്ക് ധാരാളം കറാമത്തുകള്‍ ഉണ്ടായിരുന്നു. ഒരു ബ്രിട്ടീഷുകാരന്‍ സൈന്യത്തെയും കൂട്ടി തങ്ങളോട് യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. മമ്പുറത്തെത്തിയതും സൈനിക മേധാവി മരിച്ച് വീണു. ബാക്കിയുള്ളവര്‍ ഉടന്‍ ഭയന്ന് വിറച്ച് പിന്തിരിഞ്ഞോടി. അത്‌പോലെ, മമ്പുറത്ത് നിന്ന് കിലോമീറ്റര്‍ അകലമുള്ള ഒരു ദേശത്ത് അഗ്നിബാധയുണ്ടായി. വിവരം അറിഞ്ഞ തങ്ങള്‍ തന്റെ പരിചാരകരിലൊരാളോട് മമ്പുറം പള്ളിയിലെ ഹൗളില്‍ നിന്ന് അല്‍പ്പം വെള്ളം പുറത്തേക്ക് തെളിക്കാന്‍ പറഞ്ഞു. അത് തെളിച്ചതും തീ അണഞ്ഞു. ഇത് പോലെ ധാരാളം കറാമത്തുകള്‍ക്ക് സമൂഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
മലയാളക്കരയില്‍ തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് സാഹചര്യത്തിലും കൂടെ നിന്ന ധാരാളം സുഹൃത്തുക്കളും ശിഷ്യന്മാരും തങ്ങള്‍ക്കുണ്ടായിരുന്നു. മത രാഷ്ട്രീയ രംഗത്ത് ശക്തമായി ഇടപെട്ടിരുന്നതിനാല്‍ ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും പ്രവര്‍ത്തനം ഉപകാരപ്രധമായിരുന്നു. ആത്മീയ സരണിയില്‍ ജനഹൃദയങ്ങളെ സംസ്‌കരിച്ചുകൊണ്ടിരുന്ന തങ്ങള്‍ക്ക് ധാരാളം മുരീദുമാരും ഉണ്ടായിരുന്നു. ഇവരില്‍ നാട്ടുപ്രമാണികളും കച്ചവടക്കാരും എല്ലാവരും ഉള്‍പ്പെട്ടിരുന്നു.
സയ്യിദ് അലവി തങ്ങളുടെ കുടുംബ ജീവിതം തീര്‍ത്തും മാതൃകാ പരമായിരുന്നു. മമ്പുറത്ത് നായകനായി വാണ ഹസന്‍ ജിഫ്രി തങ്ങള്‍ രോഗബാധിതനായി കിടക്കുന്ന സമയം ഖാദി ജമാലുദ്ദീന്‍ മഖ്ദൂമിനെ അടുത്ത് വിളിച്ച് പറഞ്ഞു. തരീമില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ നമ്മുടെ നാട്ടിലേക്ക് വരും. ഞാന്‍ മരണപ്പെട്ടാല്‍ എന്റെ മകള്‍ ഫാത്വിമയെ അദ്ധേഹത്തിന്ന് വിവാഹം ചെയ്തു കൊടുക്കണം. താമസിയാതെ ഹസന്‍ ജിഫ്രി ലോകത്തോട് വിടപറഞ്ഞു. പിന്നീട് സയ്യിദ് അലവി തങ്ങള്‍ മമ്പുറത്തേക്ക് വരികയും ഹിജ്‌റ 1183 റബീഉല്‍ അവ്വല്‍ മാസത്തില്‍ തങ്ങള്‍ക്ക് ഫാത്വിമയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഫാത്വിമ ബീവിയില്‍ തങ്ങള്‍ക്ക് 2 കുഞ്ഞുങ്ങള്‍ ഉണ്ടായി. ആദ്യ കുഞ്ഞിന് ശരീഫ അലവിയ്യ എന്ന് പേര് നല്‍കി. അവര്‍ ചെറുപ്പത്തില്‍ തന്നെ മരണമടഞ്ഞു. പിന്നീട് 2ാമത്തെ കുഞ്ഞിന് ആദ്യ പുത്രിയുടെ സ്മരണക്ക് വേണ്ടി ശരീഫ കുഞ്ഞു ബീവി എന്ന പേരും നല്‍കി. ഫാത്വിമ ബീവിയുടെ മരണാനന്തരം കോവില്‍കണ്ടി അമ്പക്കാന്റെകത്ത് സയ്യിദ് അബൂബക്കര്‍ മദനിയുടെ മകള്‍ ഫാത്വിമയെ വിവാഹം കഴിച്ചു. അവരില്‍ നിന്നാണ് സയ്യിദ് ഫള്ല്‍ പൂക്കോയതങ്ങള്‍ ഉണ്ടായത്. അദ്ധേഹമാണ് പിതാവിന്റെ മരണശേഷം പിതാവ് തുടങ്ങി വെച്ച പാരമ്പര്യത്തെ വര്‍ദ്ധിത ഊര്‍ജത്തോടെ മുന്നോട്ട് നയിച്ചത്.
പിന്നീട് സയ്യിദ് അലവി തങ്ങള്‍ 50ാം വയസ്സില്‍ താനൂര്‍ പൊന്‍മുണ്ടത്ത് നിന്ന് ആഇശാ എന്നവരെ വിവാഹം കഴിച്ചു. ഇവരില്‍ നിന്ന് ഫാത്വിമ,സ്വാലിഹ എന്ന രണ്ട് പെണ്‍മക്കളാണ് ഉണ്ടായത്. തങ്ങളുടെ ജീവിത കാലത്ത് തന്നെ ആദ്യത്തെ മൂന്നു ഭാര്യമാരും ലോകത്തോട് വിടപറഞ്ഞു. പിന്നീട് ഇന്തോനേഷ്യക്കാരിയും തങ്ങളുടെ മരണ ശേഷം ജീവിച്ച മഹദി സ്വാലിഹ ബീവിയായിരുന്നു.കേരള മുസ്്‌ലിം നവോത്ഥാന രംഗത്ത് മുക്കാല്‍ നൂറ്റാണ്ടു കാലം ജ്വലിച്ചു നിന്ന സയ്യിദ് അലവി തങ്ങള്‍ക്ക് ഹിജ്‌റ 1259 ഓടെ വാര്‍ധക്യസഹജമായ രോഗങ്ങള്‍ പിടിപെട്ടുതുടങ്ങി. ദിനം പ്രതി രോഗം മൂര്‍ച്ഛിക്കുകയുണ്ടായി. കാലിന് വേദനയും പിടിപെട്ടു. ചേരൂര്‍ പദയില്‍ നിന്ന് ബ്രിട്ടീഷുകാരുടെ വെടിയേറ്റ ആഘാതമായിരുന്നു ഇതിന് കാരണം. പിന്നീട് പുത്തൂര്‍ സ്വദേശി ചേലക്കാട് അഹമ്മദ് കുട്ടി വൈദ്യര്‍ മമ്പുറത്ത് എത്തുകയും തങ്ങളെ പരിശോധിക്കുകയും ശരീരത്തിനകത്ത് ഒരു ഉണങ്ങാത്ത പച്ചമുറിയുണ്ടെന്നും അത് ഉണങ്ങാന്‍ കുഴമ്പ് തേച്ചുതരാം,ശമനം കാണുമെന്നും പറഞ്ഞു. വൈദ്യന്റെ രോഗ നിര്‍ണ്ണയത്തില്‍ തങ്ങള്‍ അത്ഭുതപ്പെടുകയും വൈദ്യനെ ആശിര്‍വദിക്കുകയും ചെയ്തു. മരുന്നുപയോഗ്ച്ചിട്ടും താല്കാലിക ശമനം അല്ലാതെ ശാശ്വത പരിഹാരം ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ഹിജ്‌റ 1260 (1845) മുഹറം 7 ന് ഞായറാഴ്ച്ച രാത്രി തന്റെ 94ാം വയസ്സില്‍ സയ്യിദ് അലവി തങ്ങള്‍ ലോകത്തോട് വിടപറഞ്ഞു. മുഹറം 8 തിങ്കളാഴ്ച്ച പകല്‍ സമയം തങ്ങളുടെ ശരീരം ഹസന്‍ ജിഫ്രി തങ്ങളുടെ ഖബറിനടുത്ത് മറമാടി.
ഒരു പുരുഷായുസ്സ് മുഴുവന്‍ കേരള മുസ്്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച സയ്യിദ് അലവി തങ്ങളുടെ ജീവിതം ജനമനസ്സുകളില്‍ ഇന്നും മായാ വിസ്മയമാണ്.

About Ahlussunna Online 1170 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*