പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഒട്ടും വൈകാതെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നറിയുന്നു. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിനിർണയത്തിലും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലും മുഴുകിക്കഴിഞ്ഞു. അതിനിടയിലും സകല ജനാധിപത്യമര്യാദകളും കാറ്റിൽപറത്തി, മറ്റ് പാർട്ടികളിൽനിന്ന് ആളെ ചൂണ്ടാനുള്ള വ്യഗ്രതയിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ.
കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇതര പാർട്ടികളിലെ നേതാക്കളെയും അണികളെയും റാഞ്ചാൻ ബി.ജെ.പി വട്ടമിട്ടുപറക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. വിളിക്കുമുമ്പേ വിളിപ്പുറത്തെത്താനും ബി.ജെ.പിയുടെ പരുന്തിൻ ചിറകിനടിയിൽ ‘സുരക്ഷിതമാവാനും’ കാത്തുകെട്ടിക്കിടക്കുകയാണ് കേരളത്തിലടക്കം പ്രബല കക്ഷികളിലെ പല നേതാക്കളും. കൊല്ലാനാണോ വളർത്താനാണോ കൊണ്ടുപോകുന്നതെന്ന ശങ്കയൊന്നും സംഘ്പരിവാർ പളയത്തിലേക്ക് അനുസരണയുള്ള കുഞ്ഞാടുകളെ പോലെ പോകുന്ന രാഷ്ട്രീയ നേതാക്കൾക്കില്ല. പണവും പദവിയും മോഹിച്ചാണ് ശത്രുപാളയത്തിലേക്കുള്ള ചേക്കേറലെങ്കിലും, ജാനാധിപത്യവും മതേതരത്വവും ജീവവായുപോലെ ഉള്ളിൽ കൊണ്ടുനടക്കുന്ന ഇന്നാട്ടിലെ കോടിക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകളും വിശ്വാസങ്ങളും ഊതിക്കെടുത്തിയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ഈ കൂടുമാറ്റം.
ഇന്നലെവരെ വിശ്വസിച്ച പ്രത്യയശാസ്ത്രത്തെയും വിശ്വാസധാരകളെയും ഇരുട്ടിവെളുക്കും മുമ്പ് തള്ളിപ്പറയുന്നതിലും ഹിംസയുടെയും നൃശംസയുടെയും ഫാസിസ്റ്റ് ആശയങ്ങളെ പുൽകുന്നതിലും തരിമ്പും ആശങ്ക, കൂടുവിട്ടു കൂടുമാറുന്ന ഒരാളിൽ പോലും ഇല്ലെന്നത് എത്ര പേടിപ്പിക്കുന്നതാണ്. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ലാൽബഹദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും വിഭാവനം ചെയ്ത മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പിൻമുറക്കാരാണ് ഇങ്ങനെ നിർലജ്ജം സംഘ്പരിവാർ പാളയത്തിലേക്ക് ചേക്കേറുന്നവരിൽ ഏറെയും എന്നത് ആശങ്കാജനകമാണ്.
കേരളത്തിൽ നിന്നുൾപ്പെടെ നിരവധി നേതാക്കളാണ് ദിവസം ചെല്ലുന്തോറും ബി.ജെ.പിയിലേക്ക് ഒഴുകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകട്ടെ ദിനചര്യപോലെയാണ് ഈ കൂടൊഴിയൽ. ജനാധിപത്യത്തിനോ മതനിരപേക്ഷതയ്‌ക്കോ, എന്തിന് മഹത്തായ ഇന്ത്യൻ ഭരണഘടനയ്‌ക്കോ പോലും കാൽക്കാശിന്റെ വിലകൽപ്പിക്കാത്ത പാർട്ടിയിലേക്കാണ് ഈ ‘കുടിയേറ്റം’ എന്നത് എന്തു കഷ്ടമാണ്. കോൺഗ്രസിൽനിന്ന് സി.പി.എമ്മിലേക്കോ തിരിച്ചോ ആയിരുന്നു ഈ പോക്കെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും ജീവവായു ആ പാർട്ടികളിലൊക്കെ ഇപ്പോഴും വറ്റാതെ കിടപ്പുണ്ട്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ, രാജ്യത്തെ പ്രബല കക്ഷിയിൽനിന്നുമാത്രം നാൽപ്പതോളം മുതിർന്ന നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോയത്. നേതാക്കൾ ഉൾപ്പെടെയുള്ളവർ ബി.ജെ.പിയിൽ പോകുന്നത് തടയാൻ കഴിഞ്ഞവർഷം ഈ രാഷ്ട്രീയ സംഘടന അഞ്ചംഗസമിതി രൂപീകരിച്ചിരുന്നു. കൃത്യം ഒരു വർഷം തികയുംമുമ്പ് അതിന്റെ അധ്യക്ഷൻ തന്നെ കഴിഞ്ഞദിവസം ബി.ജെ.പിയിലേക്ക് പോയി! പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും ഹിമാചലിലുമൊക്കെ ഇത്തരം കൂടുമാറ്റങ്ങൾ നിർബാധം തുടരുന്നു. ഇന്നലെവരെ മതേതരത്വവും സോഷ്യലിസവും ജനാധിപത്യവുമൊക്കെ വലിയവായിൽ പറഞ്ഞ ഈ നേതാക്കളൊക്കെ വർഗീയതയുടെയും വംശീയതയുടെയും വൈറസുകളായിരുന്നോ ഇക്കാലമത്രയും ഉള്ളിൽ വളർത്തിയത്. കുടിച്ചവെള്ളത്തിൽ പോലും അവിശ്വാസം പടർത്തുന്നവരായിരുന്നോ ഇവരെല്ലാം?
രാഷ്ട്രീയ വെല്ലുവിളികൾ മുന്നിൽക്കണ്ട് പരിഹാരമാർഗങ്ങൾ സ്വീകരിക്കുന്നതിൽ ഇന്നാട്ടിലെ മതേതര കക്ഷികൾക്ക് എവിടെയാണ് പിഴച്ചത്. അണികൾ അടിയുറച്ചു നിൽക്കുമ്പോഴും നേതാക്കൾ കാശിനും കാര്യലാഭത്തിനും വേണ്ടി എങ്ങനെയാണ് ഇത്തരത്തിൽ മറുകണ്ടം ചാടുന്നത്. ജനാധിപത്യത്തിൽ ഒരു പ്രതീക്ഷയും വേണ്ടെന്നാണോ ഈ നേതാക്കളൊക്കെ നമ്മോടു പറയുന്നത്.
വാഷിങ്ടണിലെ പ്യൂ റിസേർച്ച് സെന്റർ കഴിഞ്ഞവർഷം ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളിൽ ഒരു സർവേ നടത്തുകയുണ്ടായി. ഇന്ത്യയിലെ 85 ശതമാനം ജനങ്ങൾക്കും ജനാധിപത്യത്തിൽ വിശ്വാസം നഷ്ടമായെന്നാണ് സർവേ പറയുന്നത്. ഇന്ത്യയിൽ പ്രതിപക്ഷസ്വാതന്ത്ര്യം വലിയതോതിൽ കുറഞ്ഞതായും സർവേ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ടൊരു ജനാധിപത്യ ഭരണഘടനയുടെ കീഴിൽ ലോക്സഭയിലേക്ക് പതിനേഴ് സ്വതന്ത്ര തെരഞ്ഞെടുപ്പുകളാണ് ഇന്ത്യയിൽ നടന്നത്. ജനാധിപത്യത്തിനും മതേതരത്വത്തിനും മികച്ച പരിഗണനയും രാജ്യത്തെ ഭൂരിപക്ഷം ഭരണകർത്താക്കളും നൽകുകയുമുണ്ടായി. ആ വൈവിധ്യത്തെയും ബഹുസ്വരതയേയും ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശക്തികളുടെ ശ്രമം. അതിന്റെ ഭാഗമായാണ് മറ്റു കക്ഷിനേതാക്കളെ ഇത്തരത്തിൽ ചൂണ്ടയിട്ടുപിടിക്കുന്നത്. അതിന് ബി.ജെ.പിയുടെ കൈയിൽ കണക്കിലേറെ കാശുമുണ്ട്. അപ്പക്കഷണം കാണുമ്പോൾ ആർത്തിപൂണ്ടോടുന്ന നേതാക്കളുള്ള പാർട്ടിയോട് ജനങ്ങൾക്ക് അകൽച്ച തോന്നുക സ്വാഭാവികം.
വൻസ്രാവുകൾ ചെറുമീനിനെയെന്നപോലെ ഇന്ത്യയിലെ മറ്റു രാഷ്ട്രീയകക്ഷികളെയൊക്കെ വിഴുങ്ങാനാണ് ബി.ജെ.പി വായ പൊളിച്ചിരിക്കുന്നത്. ആ സ്രാവിൻപല്ലിനിടയിലേക്കാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന സംഘടനകളുടെ തലപ്പത്തുള്ളവരടക്കം ചെന്നുകയറുന്നത്. അതോടെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സംഘ്പരിവാറിന് അനായാസം നടന്നടുക്കാനും സാധിക്കും. അതോടെ സ്വതന്ത്ര മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന വാഴ്ത്തുകളിൽനിന്ന് ഇന്ത്യ അതിവേഗം പുറത്താക്കപ്പെടുകയും ചെയ്യും. അധികാരം ഏതെങ്കിലും ഒരു വ്യക്തിയിലേക്കോ ഒരാശയത്തിലേക്കോ ചുരുങ്ങും. ഏകസംസ്‌കാരത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും സൈനികവാഴ്ചയുടെയും നുകങ്ങൾക്കു കീഴിൽ ഇന്ത്യ അമരാൻ പിന്നെ അധികം കാലം വേണ്ടിവരില്ല. വൈവിധ്യങ്ങളെയാകെ വരിയുടച്ച് അവിടെ ഒരൊറ്റ മതവും ഒരൊറ്റഭാഷയും അധീശത്വം സ്ഥാപിക്കും
നാനത്വത്തിൽ ഏകത്വം പ്രാണവായുവായി കൊണ്ടുനടന്നിരുന്ന നമ്മുടെ രാജ്യം ഏകശിലാസംസ്‌കാരത്തിലേക്ക് എടുത്തെറിയപ്പെടാതിരിക്കാൻ ‘ചോറ് ഇവിടെയും കൂറ് അവിടെയും’ എന്ന വികലചിന്തയിൽ നിന്ന് മതേതരകക്ഷി നേതാക്കൾ മുക്തരായേ മതിയാവൂ. അതല്ലെങ്കിൽ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം സ്‌നേഹവും കരുതലും ചേർത്തുനിർത്തലും മാത്രം ശീലിച്ച ഇന്നാട്ടിലെ സാധാരണ മനുഷ്യരടക്കം വലിയ വിലകൊടുക്കേണ്ടിവരും.

About Ahlussunna Online 1172 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*