ഗസ്സക്കു മേല്‍ തീ മഴ പെയ്ത ആറു മാസങ്ങള്‍; കൊന്നിട്ടും തകര്‍ത്തിട്ടും ജയിക്കാനാവാതെ ഇസ്‌റാഈല്‍

ഒക്ടോബര്‍ ഏഴ്. ഹമാസിനെ തുരത്താനെന്ന പേരില്‍ ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ കനത്ത ആക്രമണങ്ങള്‍ തുടങ്ങിയിട്ട് ആറു മാസം പിന്നിട്ടിരിക്കുന്നു. ഇന്നോളമാരും കാണാത്തത്രയും ഭീകരമായ വംശഹത്യാ ആക്രമണങ്ങള്‍ ആറു മാസം പിന്നിടുമ്പോള്‍ ഗസ്സയിന്ന് ലോകത്തിന് ഹൃദയം തകര്‍ക്കുന്ന ഒരു കണ്ണീര്‍ ചിത്രമാണ്. ഉപരോധങ്ങളുടെ വേലിക്കെട്ടുകള്‍ക്കിടയിലും 23 ലക്ഷം ജനങ്ങള്‍ സ്വയം പര്യാപ്തതയില്‍ കൈവരിച്ച സമ്പന്നതയില്‍ അധിവസിച്ച തുരുത്തില്‍ ഇപ്പോള്‍ വെറും കല്‍ക്കൂമ്പാരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.  33,137 ഗാസ നിവാസികളെകൊന്നൊടുക്കി. 17 ലക്ഷം പേര്‍ അഭയാര്‍ഥികളായി. ഇത് ഗസ്സന്‍ ജനസംഖ്യയുടെ എണ്‍പത് ശതമാനത്തോളം വരും. ആശുപത്രികളും വിദ്യാലയങ്ങളും തകര്‍ത്തു. ആക്രമണം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് എത്തിയിട്ടും ഇസ്‌റാഈല്‍ യുദ്ധവെറി അവസാനിപ്പിക്കുന്നില്ല.

ഒക്ടോബര്‍ 13ന് വടക്കന്‍ ഗസ്സയിലെ ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കുന്നു.  ലക്ഷക്കണക്കിന് വടക്കന്‍ ഗസ്സ നിവാസികള്‍ തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്തു. വടക്കന്‍ ഗസ്സയില്‍ ആക്രമണപ്പെയ്ത്തായിരുന്നു പിന്നെ. അഭയം തേടി. യാത്രപോകുന്നവര്‍ക്ക് നേരെ അവരുടെ വഴിത്താരകളില്‍ ബോംബ് വര്‍ഷിച്ചു. റോഡിലും വഴിയോരങ്ങളിലും ജീവനറ്റ ദേഹങ്ങള്‍ നിറഞ്ഞു.  ഒക്ടോബര്‍ 23ന് കരയുദ്ധവും ആരംഭിച്ചു. വ്യോമാക്രമണം ഏറ്റവും രൂക്ഷമായി. ജനവാസ മേഖലയിലേക്ക്ൃ നിരന്തരം ബോംബ് വര്‍ഷിച്ചു. ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയടക്കം കടുത്ത വ്യോമാക്രമണത്തിന് വിധേയമായി. അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി.

കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളായിരുന്നു. ജനസംഖ്യയിലെ കുട്ടികളുടെ എണ്ണത്തില്‍ രണ്ടു ശതമാനത്തിന് മുകളില്‍ അതായത്, 26,000ത്തോളം കുട്ടികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. 13,800 കുട്ടികളാണ് ഇതിനോടകം കൊല്ലപ്പെട്ടത്. 12,009 കുട്ടികള്‍ക്ക് പരുക്കേറ്റു. 17,000 കുട്ടികള്‍ അവരുടെ കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടില്‍ പറയുന്നു.നൂറിനു മേല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരേയും കൊന്നൊടുക്കി. 

ഗസ്സയില്‍ ആകെയുള്ള 36 ആശുപത്രികളില്‍ 30 എണ്ണവും ആക്രമണത്തിന് വിധേയമായി. അല്‍ഷിഫ ആശുപത്രിയിലെ എല്ലാ കെട്ടിടങ്ങളും തകര്‍ത്തു. തിരക്കേറിയ തെരുവുകളും സര്‍വകലാശാലകളും വ്യവസായ ശാലകളും സിമന്റ് കൂനകളായി മാറി. കൃഷിയിടങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു.  ഇസ്‌റാഈലിന് ആവശ്യത്തിലെറെ ആയുധങ്ങള്‍ നല്‍കി അമേരിക്കയും ഒപ്പം നിന്നു. 

ഗസ്സയില്‍ മാനുഷിക സഹായങ്ങള്‍ കടന്നുവരുന്ന ഏകമാര്‍ഗമായിരുന്ന റഫ അതിര്‍ത്തിയില്‍ അടക്കം ഇസ്‌റാഈല്‍ ആക്രമണം നടത്തി. വടക്കന്‍ ഗസ്സ പൂര്‍ണമായും തകര്‍ത്ത ശേഷം തെക്കന്‍ ഗസ്സയിലേക്കും റഫയിലേക്കും ഇസ്‌റാഈല്‍ സേന പ്രവേശിച്ചു. 

വംശഹത്യയാണെന്ന് ലോകം മുഴുവന്‍ വിധിയെഴുതി. എന്നാല്‍ പ്രതിഷേധ സ്വരങ്ങള്‍ക്കപ്പുറം ഒന്നും മുന്നോട്ട് പോയില്ല. വെടിനിര്‍ത്തല്‍ ചര്‍ച്ചകളും പാതിവഴിയില്‍ അവസാനിച്ചു. ഗസ്സയിലേക്കുള്ള ഭക്ഷണ വിതരണം വരെ സയണിസ്റ്റ് ഭീകരര്‍ നിര്‍ത്തിച്ചു. നേരത്തെ ആവശ്യത്തിനുള്ളത്രയില്ലെങ്കിലും നാമമാത്ര ട്രക്കുകള്‍ അതിരു കടന്നെത്തിയിരുന്നതും നിലച്ചു. ഭക്ഷണ വിതരണത്തിനെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നേരെ കൊലപ്പെടുത്തിയതിന് പിന്നാലെ സംഘങ്ങള്‍ ഓരോന്നായി പിന്മാറിത്തുടങ്ങി. ഗസ്സ പതിയെ പൂര്‍ണമായ പട്ടിണിയിലേക്ക്. വിശപ്പടക്കാന്‍ ഒരു കഷ്ണം റൊട്ടിയും ദാഹമകറ്റാന്‍ ഒരു തുള്ളി വെള്ളവും. ഗസ്സയില്‍ ശേഷിക്കുന്ന ജനതയുടെ ഏറ്റവും വലിയ ആഗ്രഹം ഇന്ന് ഇത് മാത്രമാണ്. എന്നിട്ടും പട്ടിണിയാല്‍ പതിയെ മരിച്ചു കൊണ്ടിരിക്കുന്നവര്‍ക്കു മേലും സയണിസ്റ്റ് സേന ബോംബ് വര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. 

 എന്നാല്‍ ഇത്രമേല്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ടിട്ടും ലോകത്തിലെ ഏറ്റവും വലിയ സായുധ ശക്തിയായ രാജ്യത്തിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. സാധാരണക്കാരില്‍ സാധാരണക്കാരായവരെ , അവിടുത്തെ വെറും സാധാരണ പൗരന്‍മാരെ കൊന്നൊടുക്കി നശിപ്പിച്ചു എന്നതിനപ്പുറം അവിടുത്തെ ഹമാസ് ഉള്‍പെടെ പ്രതിരോധ സംഘങ്ങളെ തൊടാന്‍ ഇസ്‌റാഈലിന് കഴിഞ്ഞിട്ടില്ല. മറിച്ച് 600ലേറെ സൈനികരാണ് പുറത്തു വന്ന കണക്കനുസരിച്ച് ഇസ്‌റാഈലിന് നഷ്ടമായത്. ഹമാസിനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളും പാളി. ഹമാസിനോടുള്ള ഫലസ്തീന്‍ ജനതയുടെ ഇഷ്ടവും മതിപ്പും കൂടിയിട്ടേ ഉള്ളൂ. ഒറ്റപ്പെട്ടു പോയത് ഹമാസല്ല. കുടില തന്ത്രങ്ങള്‍ മെനഞ്ഞ ഇസ്‌റാഈലാണ്. കയ്യാളായി നിന്ന അമേരിക്ക പോലും കൈവിടുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. അതുകൊണ്ട് ഓര്‍ത്തിരിക്കുക സയണിസ്റ്റ് ഭീകരരേ..നിങ്ങള്‍ എത്രയൊക്കെ കീറിമുറിച്ചാലും തച്ചുതകര്‍ത്താലും ആമുറിപ്പാടിന്റെ നോവിനെ മാറ്റി നിര്‍ത്തി ആ കല്‍ച്ചീളുകള്‍ക്കിടയില്‍ നിന്ന് നിറഞ്ഞു ചിരിക്കും ഓരോ ഫലസ്തീനിയും. ഭീതിയെ ആയുധങ്ങളാല്‍ മറക്കുന്ന നിങ്ങളെ നോക്കി അവര്‍ പറയും കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല. ഈ മണ്ണില്‍ നിന്ന് ഞങ്ങളെ തുത്താമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്. വിട്ടു തരില്ല. ഹസ്ബുനല്ലാ വനിഅ്മല്‍ വകീല്‍. ഞങ്ങളെ കാക്കാന്‍ ഞങ്ങള്‍ക്ക് അല്ലാഹു മതി

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*