എന്നെ ഇഷ്ടമാണോ.. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം അഭിമുഖീകരിക്കാത്തവരുണ്ടാവില്ല. അത് സ്വന്തം കുട്ടിയില്‍ നിന്നാവാം, കുഞ്ഞു പെങ്ങളില്‍ നിന്നോ ഭാര്യയില്‍ നിന്നോ ആവാം, മറ്റുള്ളവരില്‍ നിന്നാവാം. ഹൃത്തില്‍ ഉത്ഭൂതമാവുന്ന പ്രത്യേക വികാരമാണ് ഇഷ്ടം. അത് കൃത്രിമമായി സൃഷ്ടിക്കാനാവില്ല. മനസ്സിന്‍റെ അടിത്തട്ടില്‍ നിന്ന് സ്വാഭാവികമായി മുളച്ചുയരണം.
എങ്ങനെയാണ് ഒരാളോട് ഇഷ്ടമുണ്ടാകുന്നത്. അറിവ്, സൗന്ദര്യം, സല്‍സ്വഭാവം, ഊര്‍ജ്ജസ്വലത, ബന്ധുത്വം ഇങ്ങനെ പല കാരണങ്ങളാല്‍ ഇഷ്ടം ഉത്ഭവിക്കാം. വിചാര വികാരങ്ങളില്‍ പോലും ആവശ്യമായ നിയന്ത്രണമുള്ള സത്യവിശ്വാസിയുടെ ഇഷ്ടപ്പെടല്‍ തീര്‍ത്തും മതാധിഷ്ഠിതമാവണം. കാരണം ഏതൊരു കാര്യത്തിലും പോലെ ഇതിലുമുണ്ട് തിന്മയുടെ വലിയ വശങ്ങള്‍. ഭൗതികതയിലേക്ക് ആഴ്ന്നിറങ്ങിയ പുതിയ സമൂഹത്തില്‍ നിന്നുയരുന്ന ഇഷ്ട വാര്‍ത്തകളില്‍ മിക്കതും ധാര്‍മ്മികതയുടെ സീമകള്‍ ലംഘിച്ചതാണ്. വേട്ടക്കാരുടെ മൂര്‍ച്ചയുള്ള ദംഷ്ട്രകള്‍ക്കു മുന്നില്‍ ചോര വാര്‍ന്നു നില്‍ക്കുന്ന ഇരകളെ ദൈനം ദിനം നാം കണ്ടു കൊണ്ടിരിക്കുന്നു. പ്രകാശപൂരിതമായ പകലുകള്‍ സ്വപ്നം കണ്ട് ഇഷ്ടങ്ങള്‍ക്ക് തിരി കൊളുത്തിയവര്‍ ഉറക്ക് വരാത്ത ഭീതിത രാത്രികള്‍ക്ക് സാക്ഷിയാവേണ്ടി വരുന്നു.
സത്യവിശ്വാസി മറ്റൊരാളെ ഇഷ്ടപ്പെടേണ്ടതെങ്ങനെയാണ്.. അതിന് വല്ല നേട്ടവുമുണ്ടോ.. ഉണ്ടെങ്കിലെന്താണ്…ഇഷ്ടം ആരോടൊക്കെയുണ്ടാവാം.. ആരോട് വേണ്ട… ഇടപെടുന്ന മേഖലകളിലൊക്കെ ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ ഈമാനുറച്ച ഇടനെഞ്ചില്‍ നിന്നുയിരെടുക്കും. അതില്‍ പ്രതിഫലത്തിന്‍റെ നീരുറവ കണ്ടാലേ വിശ്വാസിയുടെ അകം തുടിക്കൂ. ഇല്ലെങ്കില്‍ നെറ്റി ചുളിച്ച് മാറി നില്‍ക്കും. അല്ലാഹുവിനെ മുന്‍ നിര്‍ത്തിയാവണം ഒരാള്‍ മറ്റൊരാളെ സ്നേഹിക്കേണ്ട്ത്. അഥവാ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചു കൊണ്ട്. സ്കൂളുകളിലും കോളേജുകളിലും കണ്ടു വരുന്ന, കാണാന്‍ പാടില്ലാത്തവര്‍ തമ്മിലെ ഇഷ്ടങ്ങള്‍ നിഷിദ്ധവും നിരുത്സാഹപ്പെടുത്തേണ്ടതുമാണെന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം.
അല്ലാഹുവിന്‍റെ പേരില്‍ സത്യവിശ്വാസികള്‍ പരസ്പരം ഇഷ്ടപ്പെടുന്നത് പുണ്ണ്യം നിറഞ്ഞ കാര്യമാണ്. അല്ലാഹുവിന് വലിയ ഇഷ്ടമുള്ള സംഗതിയാണിത്.
അബൂഹുറൈറ(റ) വിനെ തൊട്ട് നിവേദനം. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. ‘നിശ്ചയമായും അല്ലാഹു അന്ത്യനാളില്‍ പറയും. എന്‍റെ മാര്‍ഗ്ഗത്തില്‍ പരസ്പരം സ്നേഹിച്ചവരെവിടെ.. എന്‍റെ തണലല്ലാത്ത മറ്റൊരു തണലില്ലാത്ത ഈ ദിവസത്തില്‍ ഞാനവര്‍ക്ക് എന്‍റെ തണല്‍ നല്‍കും’ (മുസ്ലിം, തുര്‍മുദി ).
പ്രമുഖ സ്വഹാബി വര്യനായ അനസ്(റ) പറഞ്ഞു. ‘ഒരാള്‍ നബി(സ്വ) തങ്ങള്‍ക്കരികിലൂടെ നടന്നു പോയി. തങ്ങളുടെ സമീപത്തുള്ളവരില്‍ നിന്നൊരു സ്വഹാബി പറഞ്ഞു. ‘അല്ലാഹുവിന്ന് വേണ്ടി ഞാന്‍ ഈ വ്യക്തിയെ ഇഷ്ടപ്പെടുന്നു.’ അതു കേട്ട് നബി(സ്വ) തങ്ങള്‍ ചോദിച്ചു. ‘നീ ആ വ്യക്തിയെ ഈ വിഷയം അറിയിച്ചോ.’ സ്വഹാബി പറഞ്ഞു. ‘ ഇല്ല’. നബി(സ്വ) തങ്ങള്‍ പറഞ്ഞു. ‘പോയി അദ്ദേഹത്തോട് വിവരം പറയൂ.’ സ്വഹാബി വര്യന്‍ ഉടന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്ന് ഇഷ്ടപ്പെടുന്ന കാര്യം അറിയിച്ചു.’ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരാളെ സ്നേഹിച്ചാല്‍ അക്കാര്യം പ്രസ്തുത വ്യക്തിയോട് തുറന്നു പറയണമെന്നാണ് ഈ ഹദീസില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാകുന്നത്.
ഉമര്‍(റ)വിനെ തൊട്ട് നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു. ‘അല്ലാഹുവിന്‍റെ അടിമകളില്‍ ചിലരുണ്ട്.. അവര്‍ അമ്പിയാക്കളോ ശുഹദാക്കളോ അല്ല. എന്നാല്‍ അന്ത്യനാളില്‍, അല്ലാഹുവിന്‍റെ അടുക്കല്‍ അവര്‍ക്കുള്ള സ്ഥാനം കാരണത്താല്‍ അമ്പിയാക്കളും ശുഹദാക്കളും അവരോട് അസൂയ വെക്കും.’ അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു. ‘അല്ലാഹുവിന്‍റെ തിരുദൂതരെ… അവര്‍ ആരാണ്.’ ‘അല്ലാഹുവിന്‍റെ സ്നേഹം, കാരുണ്ണ്യം എന്നിവ മുന്‍നിര്‍ത്തി പരസ്പരം സ്നേഹിക്കുന്നവരാണവര്‍. കുടുംബ ബന്ധത്തിന്‍റെ പേരിലോ പരസ്പര ധനകൈമാറ്റത്തിന്‍റെ പേരിലോ അല്ല അവരുടെ സ്നേഹം. അല്ലാഹുവാണ് സത്യം. നിശ്ചയം അവരുടെ മുഖം പ്രകാശപൂരിതമാണ്. അവര്‍ പ്രകാശത്തിേന്മേലാണ്. ജനങ്ങള്‍ ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഭയപ്പെടേണ്ടി വരില്ല. ജനങ്ങള്‍ ദുഖിക്കുന്ന അവസരത്തില്‍ അവര്‍ക്ക് ദുഖിക്കേണ്ടി വരില്ല. അറിയുക, നിശ്ചയം അല്ലാഹുവിന്‍റെ ഔലിയാക്കള്‍ക്ക് ഭയമോ ദുഖമോ ഇല്ല.’ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഇഷ്ടപ്പെടുന്നതിന്‍റെ പ്രാധാന്യം വ്യക്തമാവാന്‍ ഇതില്‍പരം എന്തു വേണം.
നന്മകള്‍ ഇഷ്ടപ്പെടുന്നതു പോലെ നന്മ പൂക്കുന്ന മരങ്ങളേയും ഇഷ്ടപ്പെടുക. അവരുമായി കൂട്ടു കൂടുക. എങ്കില്‍ ആ സുഗന്ധം നമ്മിലേക്കും പടര്‍ന്നു വരും. പരസ്പര സ്നേഹത്തിന്‍റെ മഹനീയത പ്രകടമാക്കുന്ന മറ്റൊരു ഹദീസ് കാണുക.
നബി തിരുമേനി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. ‘എന്‍റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവന്‍ തന്നെ സത്യം. നിങ്ങള്‍ വിശ്വാസികളാകുന്നത് വരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങള്‍ വിശ്വാസികളാകുകയില്ല.’ ഇഷ്ടപ്പെടലിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് എത്തിച്ചേരാമെന്ന് പറഞ്ഞു തരുന്നു ഈ ഹദീസ്. ‘അല്ലാഹുവിന്‍റെ വഴിയില്‍ നീ നിന്‍റെ കൂട്ടുകാരനെ എത്ര സ്നേഹിക്കുന്നുവോ അതു പോലെ അല്ലാഹു നിന്നേയും സ്നേഹിക്കുന്നു.’ എന്ന തിരുവചനം ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.
സ്നേഹ നിര്‍ഭരമായ ലോകത്തേ ശാന്തിയും സമാധാനവും വിടര്‍ന്നു നില്‍ക്കൂ. ആത്മാര്‍ത്ഥതയും നന്മയും നിറഞ്ഞ സ്നേഹത്തിന്‍റെ അഭാവം സൃഷ്ടിച്ച അശാന്തിയുടെ തീപ്പൊരികള്‍ ഭീതിപ്പെടുത്തുന്ന ആളിപ്പടരലിന് ഹേതുവാകുമ്പോള്‍ അധുനാതന പരിസരം അസ്വസ്ഥതകള്‍ നിറഞ്ഞു തുളുമ്പുകയാണ്. പ്രവാചക പുംഗവര്‍ പഠിപ്പിച്ച ഇഷ്ടത്തിന്‍റ അമൂല്ല്യ പാഠങ്ങള്‍ ജീവിതത്തില്‍ വരച്ചു കാട്ടി പരിശുദ്ധ സ്വഹാബത്ത്. പിറന്ന നാട് വിട്ട് പ്രിയ നേതാവിന്‍റെ സമ്മതത്തോടെ മദീനയിലേക്ക് പലായനം ചെയ്ത ആദരണീയ മുഹാജിറുകള്‍ക്ക് സ്വന്തം ഭാര്യയെ മൊഴി ചൊല്ലി വിവാഹം ചെയ്തു കൊടുക്കാന്‍ മാത്രം വിശാലത കാട്ടി അന്‍സ്വാറുകള്‍. സമ്പത്ത് ഒരു മടിയും കൂടാതെ വീതിച്ചു നല്‍കി. ആട്ടും തുപ്പുമേറ്റ് കഴിയേണ്ടവരായിരുന്ന അടിമകള്‍ക്ക് മുന്തിയ വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, അവരെ സ്നേഹത്തോടെ തങ്ങളിലേക്ക് ചേര്‍ത്തു പിടിച്ചു പരിശുദ്ധ സ്വഹാബ. യുദ്ധ വേളയില്‍ ദാഹിച്ചു തൊണ്ട വരണ്ട് മരണാസന്ന നിലയില്‍ കഴിയുന്ന സ്വഹാബിയുടെ അടുത്തേക്ക് വെള്ളപ്പാത്രവുമായി ചെന്ന വ്യക്തിയോട്, അടുത്ത് കിടക്കുന്ന സ്വഹാബിക്ക് വെള്ളം നല്‍കിയിട്ട് മതി തനിക്കെന്ന് പറയാന്‍ പ്രസ്തുത സ്വഹാബിക്ക് പ്രചോദനമായത് കളങ്കമില്ലാത്ത സ്നേഹമാണ്. സ്വാര്‍ത്ഥത ഭീകരരൂപം പൂണ്ട് പല്ലിളിക്കുന്ന കാലത്ത് സ്നേഹമെന്ന അക്ഷരങ്ങള്‍ മാഞ്ഞു കൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമെങ്കിലും നാം നമ്മുടെ ഹൃദയത്തിലത് കാത്തു സൂക്ഷിക്കുക, അല്ലാഹുവിന്‍റെ പേരില്‍ സഹോദരനോടുള്ള ഒടുങ്ങാത്ത സ്നേഹം. നാഥന്‍ തൗഫീഖ് നല്‍കട്ടെ ആമീന്‍.
Nice