ഭര്‍ത്താവിന്റെ കാര്യത്തില്‍ ഇസ് ലാമിന്റെ വിധി

അസ്ഹർ ജമാൽ

ആദ്യമായി മനസ്സിലാക്കേണ്ടത്, ശക്തമായ ഒരു കുടുംബ സാമൂഹിക സംവിധാനം വിഭാവന ചെയ്യുന്ന മതമാണ് ഇസ്‌ലാം. സുശക്തമായ സമൂഹത്തിന്റെ മൂലശിലയാണ് കുടുംബം. അതുകൊണ്ട് തന്നെ കുടുംബത്തെയും അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ഇസ്ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. ദാമ്പത്യബന്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളും ദമ്പതികളുടെ ഉത്തരവാദിത്വങ്ങളും ഇസ് ലാം വ്യക്തമാക്കിയിട്ടുണ്ട്.

ഇണകള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അടിസ്ഥാനം സ്‌നേഹവും കാരുണ്യവും സമാധാനവുമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്് തന്നെ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ (അല്ലാഹുവിന്റെ) ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’ (അര്‍റൂം 21)
സമാധാനവും സ്‌നേഹവും കാരുണ്യവും ഒത്തുചേരുമ്പോഴാണ് ഒരു വിവാഹം ഇസ് ലാമികമാവുക. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും കേന്ദ്രമായി ഇണകള്‍ പരസ്പരം മാറണം.

സുഖവും ആനന്ദവും നല്‍കുന്ന ഇഷ്ടമുള്ള എന്തും പരസ്പരം ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ട്, അല്ലാഹു വിലക്കിയ കാര്യങ്ങളൊഴികെ.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പരിശോധിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുക, ഭര്‍ത്താവിനു ഭാര്യയുടെ മേല്‍ അവകാശമുള്ളത് പോലെ ഭാര്യക്ക് ഭര്‍ത്താവിന്റെ മേലും അവകാശങ്ങളുണ്ടെന്നാണ്. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്മാരോട്) ബാധ്യതകളുള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്കും അവകാശങ്ങള്‍ കിട്ടേണ്ടതുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു’. (അല്‍ബഖറ 228)
ഇമാം ഗസ്സാലി ഇവ്വിഷയം ആഴത്തില്‍ പഠിക്കുകയും തത്സംബന്ധമായി എഴുതുകയുമുണ്ടായി. ഭാര്യക്ക് ലൈംഗികമായ സംതൃപ്തി  നല്‍കുക എന്നത് ഭര്‍ത്താവിന്റെ കടമയില്‍പെട്ടതാണെന്നാണ് അദ്ദേഹം എഴുതുന്നത്. ഭര്‍ത്താവിന്റെ വികാരം പൂര്‍ത്തീകരണത്തിന്റെ കാര്യത്തില്‍ ഭാര്യക്ക് ഉത്തരവാദിത്വമുള്ളത് പോലെ തന്നെ, അവളുടെ വികാരം പൂര്‍ത്തീകരിക്കുന്നതില്‍ അവനുമുണ്ട് ഉത്തരവാദിത്വം.
‘നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ മേല്‍ അവകാശമുണ്ട്.’ ഈ പ്രവാചക വചനം പങ്കാളികളെ നമുക്ക് ഓര്‍മ്മിപ്പിക്കാം. ദമ്പതികള്‍ രണ്ടുപേരോടുമുള്ള ഉപദേശവുമാണിത്. മറ്റൊരു പ്രവാചക വചനത്തില്‍ ഇങ്ങനെകാണാം: ‘പുരുഷന്‍ തന്റെ അധീനതയിലുള്ളവരുടെ ആവശ്യങ്ങള്‍ നിരാകരിക്കുന്ന പക്ഷം അവന്‍ ചെയ്യുന്നത് വലിയ പാതകമാണ്’.
ഈ പ്രവാചകവചനങ്ങളും നേരത്തെ സൂചിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുമെല്ലാം സൂചിപ്പിക്കുന്നത് ഭര്‍ത്താവ് അവന്റെ ഭാര്യയെ തൃപ്തിപ്പെടുത്തുന്ന കാര്യത്തില്‍ ജാഗ്രതയുള്ളവനായിരിക്കണമെന്നതു തന്നെയാണ്. ഭാര്യയെ സന്തോഷിപ്പിക്കാനും ആനന്ദം നല്‍കാനും കഴിയുന്നതിന്റെ പരമാവധി അവന്‍ ചെയ്യട്ടെ. അവളും ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കട്ടെ.

About Ahlussunna Online 1172 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*