പൗരത്വ ബിൽ: ഒരു നിറം കൊണ്ട് മഴവില്ല് പണിയരുത്

ശാന്തമായി കിടക്കുന്ന സമുദ്രത്തെ ഒരു കൊടുങ്കാറ്റ് പ്രക്ഷുബ്ധമാക്കിയത് പോലെ ഒരു നിയമ ഭേദഗതി ഭാരതത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. വർഗ്ഗ,വർണ്ണ,ഭാഷ,ദേശമന്യേ കത്തിയാളുന്ന പ്രതിഷേധജ്വാലയുമായി സർവ്വരും തെരുവുകൾകീഴടക്കിയിരിക്കുന്നു.പല മേഖലകളിലും കൂപ്പുകുത്തുന്ന ഇന്ത്യയെ സംരക്ഷിക്കുന്നതിന് പകരം
പൗരത്വ ബില്ലിലൂടെ സംഹാരതാണ്ഡവം നടത്തുന്ന കേന്ദ്ര സര്ക്കാറിന്റെ സമീപനങ്ങൾ തീർത്തും അപലപനീയം തന്നെയാണ്. ബ്രിട്ടീഷുകാർ ചവച്ചു തുപ്പിയതിൽ നിന്നും ഗാന്ധിജിയും നെഹ്റുവും അംബേദ്കറും ചോരനീരാക്കി പടുത്തുയർത്തി ലോക തലത്തിൽ വൻ ശക്തിയാക്കി മാറ്റിയ ഒരു രാജ്യത്തെയാണ് വീണ്ടുവിചാരമില്ലാത്ത തുഗ്ലക് പരിഷ്കാരങ്ങളിലൂടെ കേന്ദ്ര സർക്കാർ നിലംപരിശാക്കികൊണ്ടിരിക്കുന്നത്.

മുസ്ലിംകളെല്ലാത്ത സർവ്വർക്കും പൗരത്വം നൽകി ഭരണീയരെ മാതാടിസ്ഥാനത്തിൽ വേർതിരിക്കുന്ന പുതിയ നിയമഭേദഗതി ശുദ്ധ ഫാസിസമല്ലാതെ മറ്റെന്താണ്?

ഇന്ത്യൻ മുസ്ലിംകളുടെ എണ്ണം ഇരുപത് കോടിയോളമാണ്. ഈ ജന സഞ്ചയം മുഴുവൻ ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്തവരൊന്നുമല്ല.മറിച്ച്ഇസ്ലാം പുൽകിയ ഹൈന്ദവ സഹോദരന്മാരുടെ പേരമക്കളാണ് ഇവരിൽ ഭൂരിപക്ഷവും.അതിനാൽ മാതാടിസ്ഥാനത്തിൽ ഇന്ത്യൻ ജനപദത്തെ പകുക്കാൻ ആർക്കും സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് കടുത്ത അനീതി തന്നെയാണ്. മാത്രമല്ല ഒരു സനാതന ഹിന്ദുവിന്ന്
ഇത് അംഗീകരിക്കാനോ ഉൾകൊള്ളാനോ സാധ്യമല്ല.കാരണം അവരുടെ വേദ ഗ്രന്ഥങ്ങൾ ഇവക്കെതിരാണ്. “ആരുടെ മനസ്സ് സംഭാവനായിൽ ഉറച്ചു നിൽക്കുന്നുവോ അവർ ജനന മരണാവസ്ഥയെ ജയിച്ചു കഴിഞ്ഞു.
അവർ ബ്രഹ്മത്തെ പോലെ ദോഷമറ്റവരാണ്. അത് കൊണ്ട് അവർ ബ്രഹ്മ പദസ്ഥരുമാണ്.( ഭഗവത്ഗീത ,അധ്യായം -5, ശ്ലോകം -19)
അഥവാ സമഭാവനെയെയാണ് ഭഗവത്ഗീത പോലും അനുശാസിക്കുന്നത്.ഇതേ സമത്വ നയം തന്നെയാണ് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 14,15 എന്നിവ ഉദ്‌ഘോഷിക്കുന്നതും.”നിയമത്തിനു മുമ്പാകെ സമത്വം, രാഷ്ട്രം.ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത് ഒരാൾക്കും നിയമത്തിനു മുമ്പാകെ സമത്വമോ നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കുവാൻ പാടുള്ളതല്ല”(അനുച്ഛേദം 14)

“മതം ,വർഗ്ഗം,ജാതി, ലിംഗം,ജനന സ്ഥലം എന്നിവയോ അവയിലേതെങ്കിലും മാത്രം കണക്കാക്കി രാഷ്ട്രം യാതൊരു പൗരനോടും വിവേചനം കാണിക്കുവാൻ പാടുള്ളതല്ല”(അനുച്ഛേദം-15)
പുതിയ പൗരത്വ ഭേദഗതി നിയമം ഈ രണ്ടു അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സാമാന്യ ബുദ്ധി പോലും പറയുന്നതാണ്.

ഭരണഘടനയിൽ ചുംബിച്ച് ഇന്ദ്രപ്രസ്ഥത്തിൽ കയറിയിരുന്നവർതന്നെ നിയമ ഭേദഗതികളിലൂടെ വീണ്ടും വീണ്ടും ഭരണ സംഹിതക്ക് അന്ത്യചുംബനങ്ങളർപ്പിക്കുന്നത് ഒരു മതേതര വിശ്വാസിക്കും സഹിക്കാവുന്നതല്ല.

മ്യാൻമറിലെ റഖയിലും ചൈനയിലെ സിൻജിയാങ്ങിലും മുസ്ലിമിന്റെ ആ ജന്മ ശത്രുക്കൾ പയറ്റിയ അതേ അടവു തന്നെയാണ് സംഘികൾ ഇവിടെയും പയറ്റുന്നത്.പക്ഷെ ഇതര രാജ്യങ്ങൾക്കു വിഭിന്നമായി പ്രതിഷേധ നിരയിൽ സകല മതേതര ജനാതിപത്യ വിശ്വാസികളും അണിനിരന്നതും ഈ നിയമം പിൻവലിക്കും വരെ ഒരടി പിന്നോട്ടില്ല എന്ന് ബഹുമുഖ പാർട്ടികളെല്ലാം പ്രഖ്യാപിച്ചതും ഏറെ ആശ്വാസാജനകമാണ്. ഭരണഘടനയേക്കാൾ പ്രകടനപത്രികക്കു പ്രാധാന്യം നൽകി,ഒറ്റ നിറം കൊണ്ട് മഴിവില്ല്
വിരിയിക്കാൻ ശ്രമിച്ച്,ഇന്ത്യചരിത്രത്തിൽ കേവല പരിഹാസ പാത്രങ്ങളായി ചിത്രീകരിക്കപ്പെടാൻ മോദിയും അമിത് ഷായും ആഗ്രഹിക്കുന്നില്ല എങ്കിൽ അവർ ഈ നയത്തിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറേണ്ടതുണ്ട്. അല്ലെങ്കിൽ സർവ്വ അടിച്ചമർത്തലുകളെയും മറികടന്നുകൊണ്ട് സകല മതേതര ജനാധിപത്യ വിശ്വാസികളും അവസാന ശ്വാസം വരെ ഈ നിയമത്തെ നഖ ശിഖാന്തം എതിർക്കുമെന്നതിൽ സംശയം വേ­ണ്ട.

About Ahlussunna Online 1166 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*