വ്യക്തിത്വ വികാസത്തിലേക്കുള്ള ചുവടു വെപ്പുകള്‍

വ്യക്തിത്വത്തിന്റെ ഇസ്്‌ലാമീകരണം ജനനം മുതല്‍ മരണം വരെയുള്ള ഓരോ നിമിഷങ്ങളെയും ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ്. ഇളം തലമുറയില്‍ നിന്നുമാരംഭിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണിത്. ഇസ്്‌ലാമിലെ വ്യക്തിത്വ രൂപീകരണം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും ഇടപെടലുകളിലും ഇടപാടുകളിലും എല്ലാം ഇസ്്‌ലാമിക രീതിശാസ്ത്രത്തെ പിന്തുടരുക എന്നതാണ്. ഒരു മുസ്്‌ലിമിനെ നോക്കി മറ്റുള്ളവര്‍ക്ക് ഇസ്്്‌ലാമിനെ പഠിക്കാനും വിലയിരുത്താനുമാവണം. ഒരു വ്യക്തിയുടെ ബാഹ്യ/ആന്തരിക തലങ്ങള്‍ ഇസ്്‌ലാമിക മൂല്യങ്ങളുടെ കേന്ദ്രമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രമേ ആ ഒരു മഹോന്നതമായ അവസ്ഥാവിശേഷം കടന്നുവരികയുള്ളൂ. ബാഹ്യ സംസ്‌കാരങ്ങളും ചിന്തകളും ദ്രുതഗതിയില്‍ സ്വാധീനം ചെലുത്തുന്ന ഇളം പ്രായത്തില്‍ തന്നെ കുട്ടികളുടെ ചുറ്റുപാടുകളും പരിതസ്ഥിതികളും ഇസ്്‌ലാമിക ചിന്താഗതികളുടെ കൂട്ടായ്മ നിലനില്‍ക്കുന്നതായി മാറേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ സ്വയം നന്നാകുകയും മറ്റുള്ളവര്‍ക്ക് നന്മയുടെ പാഠങ്ങള്‍ പകരുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുക്കാനാകുകയൂള്ളൂ. ഇവിടെ വരുന്ന വീഴ്ചകള്‍ക്കാണ് സമൂഹത്തില്‍ സംഭവിക്കുന്ന മൂല്യശോഷണത്തിന്റെയുത്തരവാദിത്വം.

കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന്റെ ഖുര്‍ആനിക പാഠങ്ങള്‍;

ഒരു കുട്ടിയുടെ വ്യക്തിത്വം ഏതു രൂപത്തിലാണ് ആകേണ്ടതെന്നതിനും അതിന് ഉത്തരവാദിത്വപ്പെട്ടവര്‍ സ്വീകരിക്കേണ്ട വഴികളെക്കുറിച്ചും ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മഹാനായ ലുഖ്മാന്‍ (റ) മകന് നല്‍കുന്ന സദുപദേശങ്ങള്‍ നമുക്ക് മനോഹരമായ മാതൃകകാളാണ് സമര്‍പ്പിക്കുന്നത്. ഇത് ഖുര്‍ആന്‍ വശ്യമായ രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്; എന്റെ കുഞ്ഞുമകനേ,നിസ്‌കാരം നീ മുറപ്രകാരം അനുഷ്ഠിക്കുകയും നന്മ കല്‍പ്പിക്കുകയും തിന്മ നിരോധിക്കുകയും വന്നുഭവിക്കുന്ന വിഷമങ്ങള്‍ സഹിക്കുകയും ചെയ്യുക. ദൃഢീകരിക്കേണ്ട വിഷയങ്ങളില്‍ പെട്ടതാണിത്. നീ ജനങ്ങളില്‍ നിന്നും ആഢ്യമനസ്‌കനായി മുഖം തിരിച്ച് കളയുകയോ ഭൂമിയില്‍ അഹംഭാവത്തോടെ നടക്കുകയോ നടക്കുകയോ അരുത്. അഹന്തയും പൊങ്ങച്ചവും കാട്ടുന്ന ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. നടത്തത്തില്‍ മിതത്വം കാട്ടുകയും ശബ്ദം താഴ്ത്തുകയും വേണം. ശബ്ദങ്ങളില്‍ ഏറ്റവും അറപ്പുണ്ടാക്കുന്നത് കഴുതയാണത്രേ (സൂറത്തുലുഖ്മാന്‍;17/19)
ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ഇമാം റാസി (റ) പറയുന്നു;അല്ലാഹുവിനോട് ആരെയും പങ്കുചേര്‍ക്കാതിരിക്കണമെന്നുണര്‍ത്തിയ ശേഷം അല്ലാഹുവിന്റെ കഴിവിനെക്കുറിച്ച് ലുഖ്മാന്‍ (റ) മകനെ ഉദ്‌ബോധിപ്പിക്കുകയും നിസ്‌കാരം നിലര്‍ത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. മുന്‍കഴിഞ്ഞ എല്ലാ സമുദായങ്ങളിലും നിസ്‌കാരം വ്യത്യസ്ഥ രൂപത്തില്‍ നിലനിന്നിരുന്നു എന്നതിലേക്ക് ഇത് വെളിച്ചം വീശുന്നുണ്ട്. ഇതിന് ശേഷം അദ്ധേഹം മകനോട് ഉണര്‍ത്തുന്നത് നന്മ കൊണ്ട് കല്‍പ്പിക്കാനും തിന്മകൊണ്ട് വിരോധിക്കാനുമാണ്. അതവാ നീ റബ്ബിനോടുള്ള ബാധ്യതയും ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയോടെ നിറവേറ്റിക്കഴിഞ്ഞാല്‍ പിന്നീട് മറ്റുള്ളവരുടെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കണം. പ്രവാചകന്മാരും അവരുടെ പിന്തുടര്‍ച്ചാവകശികളുമായ പണ്ഡിതന്മാരും ഈ ദൗത്യമാണ് നിറവേറ്റിയത്. സ്വന്തത്തിന്റെ മേല്‍ നിര്‍ബന്ധമായ ഉത്തരവാദിത്വം നിറവേറ്റിയ ശേഷം മറ്റുള്ളവരോടുള്ള കടപ്പാടുകള്‍ നിറവേറ്റാന്‍ അവര്‍ മുന്നിട്ടിറങ്ങി. അതുപോലെ തന്നെ ഈ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നതൊരു യാഥാര്‍ത്ഥ്യമാണ്. ആ സന്ദര്‍ഭത്തില്‍ ക്ഷമയോടെ മുന്നോട്ട് പോകണമെന്നാണ് ലുഖ്മാന്‍ (റ) തന്റെ മകന് പിന്നീട് നല്‍കുന്ന സദുപദേശം.ഈ രൂപത്തില്‍ ജീവിതത്തെ സമീപിക്കേണ്ടത് ഓരോരുത്തര്‍ക്കും അനിവാര്യമാണ്. (തഫ്‌സീര്‍ റാസി :25/158,148)
ഉല്‍കൃഷ്ടമായ സ്വഭാവ സവിശേഷതകളെയാണ് ലുഖ്മാന്‍ (റ )തന്റെ മകന് മുന്നില്‍ അവതരിപ്പിക്കുന്നത്. സ്വഭാവ വൈകല്യ/വൈകൃതങ്ങളില്‍ നിന്നും മുക്തമായ ഒരു അന്തരീക്ഷത്തിലേക്കാണ് മഹാന്‍ തന്റെ മകനെ ക്ഷണിക്കുന്നത്. അഹങ്കാരവും ലോകമാന്യവും ഏറ്റവും മോശപ്പെട്ട സ്വഭാവങ്ങളാണെന്നും എന്തു വില കൊടുത്തും അതില്‍ നിന്നും മാറി നില്‍ക്കണമെന്നും ഇത്തരക്കാരെ അല്ലാഹുവിന് തീരെ ഇഷ്ടമില്ലെന്നും മകനെ അടിക്കടി ഉണര്‍ത്തുന്നുണ്ട് മഹാന്‍. സ്വയം വിശുദ്ധി കൈവരുത്തിയ ശേഷം മറ്റുള്ളവരെ ആ വിശുദ്ധിയിലേക്ക് ക്ഷണിക്കുക എന്ന തത്വം പ്രായോഗിക വല്‍ക്കരിക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്.
അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ )പറയുന്നത് കാണുക ; ഞാനൊരിക്കല്‍ നബി (സ) യുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു ; കുട്ടീ, ഞാന്‍ നിനക്ക് കുറച്ചു വചനങ്ങള്‍ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ നിന്റെ കാര്യങ്ങള്‍ക്ക് അല്ലാഹുവിനെ എത്തിക്കുന്നതാണ്. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയുക! ഒരു സമൂഹം മുഴുവന്‍ ഒരുമിച്ച് കൂടി നിന്നെ ബുദ്ധിമുട്ടിക്കാന്‍ തീരുമാനിച്ചാലും അല്ലാഹുവിന്റെ നിശ്ചയപ്രകാരമല്ലാതെ അത് നടക്കുകയില്ല. അത് പോലെ ഒരു സമൂഹം മുഴുവന്‍ ഒരുമിച്ചു കൂടി നിനക്ക് നന്മ ചെയ്യാന്‍ ഉദ്ദേശിച്ചാലും അല്ലാഹുവിന്റെ നിശ്ചയപ്രകാരമല്ലാതെ അത് നടക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകള്‍ വറ്റുകയും ചെയ്തിരിക്കുന്നു(തിര്‍മുദി).
അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) വിന് ഒമ്പത് വയസ്സുള്ള നേരത്താണ് ഈ സംഭവം നടക്കുന്നത്.
ഈ ഹദീസിന്റെ വിവക്ഷ ഇപ്രകാരമാണ്;നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കുന്നതാണ് എന്നതിന്റെ വിവക്ഷ ഇപ്രകാരമാണ്;അല്ലാഹുവിന്റെ വിധി വിലക്കുകള്‍ക്കും നിയമ/നിയന്ത്രണങ്ങള്‍ക്കുമനുസരിച്ച് ഭൂമിയില്‍ ജീവിച്ചു കഴിഞ്ഞാല്‍ നമ്മുടെ കാര്യങ്ങള്‍ ഏറ്റെടുക്കാനും സംരക്ഷിക്കാനും അല്ലാഹു ഉണ്ടാകുന്നതാണ്. നാം അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരം,സന്താനങ്ങള്‍ സമ്പത്ത്, ദുനിയാവ്, ആഖിറം, തുടങ്ങിയ കാര്യങ്ങളെ അല്ലാഹുവും കാക്കുന്നതാണ്.”നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുകയാണെങ്കില്‍ അല്ലാഹു നിങ്ങളെയും സഹായിക്കുന്നതാണ് ‘ എന്ന ഹദീസിന്റെ ആശയം ഇതാണ്.”നിങ്ങള്‍ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക ‘ എന്നതിന്റെ വിവക്ഷ ഇതാണ്;നാം വല്ലതും ചോദിക്കുകയാണെങ്കില്‍ മനസ്സറിഞ്ഞു അല്ലാഹുവിന്റെ മുന്നില്‍ നമ്മുടെ ആവശ്യങ്ങള്‍ നിരത്തുക. നിങ്ങള്‍ ദിവ്യാനുഗ്രഹങ്ങളില്‍ നിന്നും അല്ലാഹുവിനോട് ചോദിക്കുക എന്ന് സൂറത്തുന്നിസാഇലൂടെ(ആയത്ത്;32) അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നുണ്ട്.
എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാന്‍ അടിമക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹുവിനോട് ചോദിക്കാന്‍ നാം തയ്യാറാവുമ്പോള്‍ അല്ലാഹു നമ്മുടെ ദുന്‍യവിയ്യും ഉഖ്‌റവിയ്യുമായ എല്ലാം കാര്യങ്ങളും അല്ലാഹു വ്യത്യസ്ത വഴികളിലൂടെ നിറവേറ്റിത്തരുന്നതാണ്.ആവശ്യങ്ങള്‍ തന്നോട് ചോദിക്കുന്ന അടിമകളെയാണ് അത് ചെയ്യാത്ത അടിമകളെക്കാള്‍ അല്ലാഹുവിനിഷ്ടം.’ തന്നോട് ചോദിക്കാത്ത ഒരുത്തനോട് അല്ലാഹു കോപിക്കുമെന്ന് ‘ഹദീസില്‍ വന്നിട്ടുണ്ട്. മറ്റൊരു ഹദീസ് കാണുക ; “ഒരാള്‍ തന്റെ മുഴുവന്‍ ആവശ്യങ്ങളും അല്ലാഹുവിനോട് ചോദിച്ചു കൊള്ളട്ടെ ! എത്രത്തോളമെന്നു വെച്ചാല്‍ അവന്റെ ചെരുപ്പിന്റെ വാറ് മുറിഞ്ഞു പോയാല്‍ അതു പോലും ‘. ആത്യന്തികമായി നമ്മെ സഹായിക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ് സൃഷ്ടികള്‍ തന്റെ ആവശ്യങ്ങള്‍ നിരത്തേണ്ടതും സ്രഷ്ടാവിന്റെ മുന്നില്‍ തന്നെയാണല്ലോ. ഉപകാരവും ഉപദ്രവവും അല്ലാഹുവിന്റെ മുന്‍നിശ്ചയ പ്രകാരമാണ് നടക്കുന്നത്. അടിമകള്‍ക്കുള്ള എല്ലാം അല്ലാഹുവില്‍ ഖളാഇന്റെ ബാക്കിപത്രമാണ്. സൃഷ്ടികള്‍ മുഴുവന്‍ ഒരുമിച്ച് കൂടി പരിശ്രമിച്ചാലും അല്ലാഹുവിന്റെ തീരുമാനങ്ങളെ മാറ്റി മറിക്കാന്‍ സാധ്യമല്ല. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കധീതമായി ഒരാള്‍ക്ക് നന്മ ചെയ്യാനോ തിന്മ ചെയ്യാനോ ആര്‍ക്കും സാധ്യമല്ല. എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ നിക്ഷിപ്തം.
ഒരു യഥാര്‍ത്ഥ വിശ്വാസി പ്രതാപവും അഭിമാന ബോധവും ഉയര്‍ത്തിപ്പിടിക്കുന്നവനാകേണ്ടത് അനിവാര്യമാണ്.ഇങ്ങനെയാകണമെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നുമുണ്ട്. സൂറത്തുല്‍ മുനാഫിഖൂനിലൂടെ അല്ലാഹു പറയുന്നത് കാണുക ;എന്നാല്‍ അല്ലാഹുവിനും അവന്റെ ദൂതനും വിശ്വാസികള്‍ക്കുമാണ് പ്രതാപം : പക്ഷെ കപട വിശ്വാസികള്‍ വസ്തുതയറിയുന്നില്ല (മുനാഫിഖൂന്‍ :8) ഭൗതിക /സ്വാര്‍ത്ഥ താല്‍പര്യത്തിന്റെയും താല്‍ക്കാലിക ലാഭത്തിന്റെയും പേരില്‍ സൃഷ്ടികള്‍ക്കു മുന്നില്‍ തലകുനിച്ചു നടക്കേണ്ടവനല്ല മുസ്ലിം.വിശ്വാസികള്‍ കണ്ണും ഖല്‍ബും ഏതു നേരവും അല്ലാഹുവിലേക്ക് തിരിച്ചു വെച്ചു കൊണ്ടാണ് ജീവിക്കേണ്ടത്. സൃഷ്ടികളെ ഭയക്കേണ്ടവനല്ല അവന്‍. സ്രഷ്ടാവായ അല്ലാഹുവിനാണ് അവന്‍ ആത്യന്തികമായി കീഴൊതുങ്ങേണ്ടതും ഭയപ്പെടേണ്ടതും. അല്ലാഹുവിന് മുന്നില്‍ സമ്പൂര്‍ണമായി കീഴൊതുങ്ങുന്നതിലൂടെയാണ് ഒരു വിശ്വാസിക്ക് പ്രതാപമുണ്ടാവുന്നതും അതിന് മാറ്റ് കൂടുന്നതും. കീഴൊതുങ്ങുന്നതിന്റെ പരിപൂര്‍ണതക്കനുസരിച്ച് പ്രതാപത്തിന്റെ തിളക്കം വര്‍ദ്ധിക്കുമെന്നര്‍ത്ഥം. ജീവിതത്തിന് അല്ലാഹുവിന്റെ വഴിയിലുള്ള സൂക്ഷ്മതയുടെ പരിപൂര്‍ത്തീകരണം സംഭവിക്കുമ്പോള്‍ അല്ലാഹു നമ്മെ ദുന്‍യാവിലും ആഖിറത്തിലും പൂര്‍ണമായി ഏറ്റെടുക്കുമെന്നതാണ്. ‘നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കുമെന്ന ‘ഹദീസിലൂടെ ലക്ഷീകരിക്കപ്പെടുന്നത്. ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാലും അല്ലാഹുവിന്റെ നിശ്ചയപ്രകാരമല്ലാതെ ആര്‍ക്കുമൊന്നും ചെയ്യാനാകുകയില്ലെന്ന ദൃഢവിശ്വാസം ഹൃദയത്തിലുറച്ചാല്‍ പ്രതിസന്ധികളിലും പ്രയാസങ്ങളിലും തളരാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ ഓരോ മുസ്ലിമിനും സാധിക്കുന്നതാണ്.
കുട്ടികളില്‍ ഇസ്ലാമിക മൂല്യങ്ങള്‍ ഇളംപ്രായത്തില്‍ തന്നെ സംപ്രേഷണം ചെയ്യപ്പെടേണ്ടത് നന്മ നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് അനിവാര്യമാണെന്ന് നാം പറഞ്ഞല്ലോ. കുട്ടികളുടെയും അതു വഴി കുടുംബത്തിന്റെയും ഭാവി ഭാസുരമാകാന്‍ അനിവാര്യമായും വളര്‍ത്തിയെടുക്കേണ്ട ഗുണങ്ങളും മൂല്യങ്ങളും കൃത്യമായി മനസ്സിലാക്കുകയും ജീവിതത്തില്‍ സ്വയം പകര്‍ത്തുകയും മറ്റുള്ളവര്‍ക്ക് മുന്നില്‍ മാതൃക കാണിക്കുകയും ചെയ്യേണ്ടത് നമുക്ക് അത്യന്താപേക്ഷിതമാണ്. ഇളംപ്രായത്തില്‍ തന്നെ മറ്റുള്ളവരോടുള്ള സ്‌നേഹവും അനുകമ്പയും നന്മയോടുള്ള താല്‍പര്യവും കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. താനൊരു സാമൂഹിക ജീവിയാണെന്ന ബോധത്തിലൂടെ ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കാനുള്ള പക്വതയും സഹജാവബോധത്തിന്റെ അനുരണനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള നിലപാട് രൂപീകരണത്തിനും ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. നന്മയിലൂട്ടപ്പെട്ട ആദാനപ്രദാനങ്ങളുടെ /കൊടുക്കല്‍ വാങ്ങലുകളുടെ മഹത്വം തിരിച്ചറിയാനും അനുഭവിക്കാനുമുള്ള സാഹചര്യവും അവസരങ്ങളും കുട്ടികളുടെ മുന്നില്‍ രൂപപ്പെടണം. മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം സഹിക്കാനും അവരുടെ കണ്ണീരൊപ്പാനുമുള്ള മനസ്ഥിതി ഇളം പ്രായത്തിലേ കുട്ടികളില്‍ രൂഢമൂലമായെങ്കില്‍ മാത്രമേ ഭാവിയില്‍ നിന്നും അവരില്‍ നിന്നും അത്തരം സ്വഭാവങ്ങള്‍ തിരിച്ചു പ്രതീക്ഷിക്കാനാകുകയുള്ളൂ. സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളുടെ അന്തസത്ത തിരിച്ചറിഞ്ഞു കൊണ്ട് ഓരോ വ്യക്തികളുമായും തനിക്ക് ഉത്തരവാദിത്വവും ബാധ്യതയുമുണ്ടെന്ന മനസ്സ് കുട്ടികളിലാണ് ആദ്യം സന്നിവേശിപ്പിക്കപ്പെടേണ്ടത്. ഇത് സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതായിരിക്കും.
സ്വയം പര്യാപ്തരായി ജീവിക്കാനുള്ള വഴികള്‍ കുട്ടികള്‍ക്ക് മുന്നില്‍ തുറന്നു കൊടുക്കണം. ആദ്യമായി അതിന്റെ മഹത്വം കുട്ടികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. അലസതയും മടിയുമില്ലാത്ത ജീവിതരീതിയാണ് കുട്ടികള്‍ ചെറുപ്പം മുതലേ പിന്തുടരേണ്ടത്. അധ്വാനത്തിന് വലിയ പ്രാധാന്യം നല്‍കിയ മതമാണല്ലോ ഇസ്ലാം. ഈ മതം പ്രബോധനം ചെയ്യാന്‍ വേണ്ടി കടന്നു വന്ന പ്രവാചകന്മാരെല്ലാം ഈ വിഷയത്തില്‍ മാതൃകായോഗ്യരായിരുന്നു. മുത്ത് നബി(സ)നുബുവ്വത്തിന് മുമ്പ് മക്കയില്‍ ആടുകളെ മേയ്ക്കാറുണ്ടായിരുന്നു. ശാമിലേക്കു കച്ചവടക്കാരനായി പോയിട്ടുണ്ട്. മഹാനായ ദാവൂദ് നബി (സ)തന്റെ കൈകളുടെ അധ്വാനത്തില്‍ നിന്നും മാത്രമേ ഭക്ഷിക്കാറുണ്ടായിരുന്നുള്ളു.എല്ലാ നബിമാരും ആടുകളെ മേയ്ച്ചിട്ടുണ്ട്. മദ് യനില്‍ വെച്ച് കലീമുല്ലാഹി മൂസാ (അ)തന്റെ വിവാഹത്തിന്റെ മഹ്ര്‍ എന്ന നിലക്ക് വര്‍ഷങ്ങളോളം ഈ രൂപത്തില്‍ അധ്വാനിച്ചിട്ടുണ്ട്.
പ്രഭാതത്തിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഏറെ പ്രത്യേകതകളും സ്വാധീനം ചെലുത്താന്‍ പറ്റുന്നതുമായ സമയമാണത്.മനുഷ്യരെ മടിയന്മാരാക്കുന്ന പല മാധ്യമങ്ങളും നിലനില്‍ക്കുന്ന ഈ പുതിയ കാലത്ത് ഉന്മേശത്തോടെ പ്രഭാതത്തെ സമീപിച്ചു ജീവിതമാരംഭിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കേണ്ടതുണ്ട്.’അല്ലാഹുവേ, എന്റെ ഉമ്മത്തിന്റെ പ്രഭാതത്തില്‍ നീ ബര്‍കത് ചൊരിയണേ ‘എന്ന് നബി (സ)പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ഗാത്മതയോടെ ഏതൊരു നല്ല പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന കുട്ടികള്‍ക്ക് നല്ല പ്രചോദനവും പ്രോത്സാഹനവും നല്‍കിയാല്‍ നാളെ സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുന്നതാണ്. കുട്ടികളിലെ നന്മകളെ പ്രോത്സാഹിപ്പിക്കുകയും അനാവശ്യ കാര്യങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് മുതിര്‍ന്നവര്‍ സ്വീകരിക്കേണ്ടത്.
ഏകാന്തതയില്‍ ആനന്ദം കണ്ടെത്തുന്നതിലെ അസാംഗത്യം കുട്ടികളെ ഇളംപ്രായത്തിലേ ബോധ്യപ്പെടുത്തണം. മറ്റു കുട്ടികളോട് തമാശ പറയാനും കളിക്കാനും മറ്റു ഇടപഴകലുകള്‍ക്കുമെല്ലാം വിമുഖത പ്രകടിപ്പിക്കുന്ന കുട്ടികളെ പൊതുവെ കാണപ്പെടാറുണ്ട്. മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്തി ജീവിക്കാന്‍ ചെറുപ്പത്തിലേ പഠിപ്പിക്കണം. മറ്റുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ നല്‍കുന്ന ശീലവും വളര്‍ത്തണം. ഇല്ലെങ്കില്‍ പിശുക്കിന്റെ അനുരണനങ്ങള്‍ പിടികൂടുന്ന ജീവിതത്തിനുടമകളായി അവര്‍ ഭാവിയില്‍ പരിണമിക്കാന്‍ സാധ്യതയുണ്ട്.
സമയത്തിന്റെ മൂല്യം കുട്ടികള്‍ക്ക് ചെറുപ്പത്തിലേ ബോധ്യപ്പെടുത്തിക്കൊടുക്കണം. തിരിച്ചു കിട്ടാത്ത അമൂല്യമായ വിഭവമാണ് സമയമെന്ന തിരിച്ചറിവ് ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കളി വിനോദങ്ങള്‍ക്ക് അമിതവും അനാവശ്യവുമായി സമയം നീക്കി വെക്കുന്നത് നിറുത്സാഹപ്പെടുത്തണം. സമയം കൊല്ലികളായ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കുട്ടികളെ പാകപ്പെടുത്തണം. എങ്കില്‍ മാത്രമേ സമയത്തെക്കുറിച്ചു ബോധമുള്ള ഒരു തലമുറ സൃഷ്ടിക്കപ്പെടുകയുള്ളൂ. വീട്ടില്‍ നിന്നുമാണ് സമൂഹത്തിലേക്കുള്ള ഈ നന്മയുടെ വാതിലുകള്‍ ആദ്യം തുറക്കേണ്ടത്.
രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കാനും കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അനസ് (റ)പറയുന്നു;ഒരിക്കല്‍ ഞാന്‍ മറ്റു കുട്ടികളോടൊപ്പം കളിക്കുന്ന സന്ദര്‍ഭത്തില്‍ നബി(സ) എന്റെ അരികിലേക്ക് കടന്നു വന്നു. ശേഷം എന്നെ ഒരാവശ്യത്തിന് വേണ്ടി പറഞ്ഞയച്ചു. അതിന് ശേഷം ഞാന്‍ ഉമ്മയുടെ അടുത്തെത്തിയപ്പോള്‍ സമയം വൈകിയിരുന്നു. ഉമ്മ കാര്യമന്വേഷിച്ചപ്പോള്‍ ഞാന്‍ സംഭവം വിശദീകരിച്ചു. അപ്പൊ ഉമ്മ ചോദിച്ചു.;എന്തായിരുന്നു നബി (സ)പറഞ്ഞയച്ച ആവശ്യം?. അനസ്(റ) :അത് രഹസ്യമാണ്. ഉമ്മ:നബി(സ)യുടെ രഹസ്യം ആരോടും പങ്കു വെക്കരുത്.(മുസ്ലിം )
മാതാപിതാക്കള്‍ മക്കളുടെ റോള്‍ മോഡലുകളാവണം. ആദ്യമായി കുട്ടി പകര്‍ത്തുന്നത് മാതാപിതാക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയ സംസ്‌കാരമായിരിക്കും. വീടിന്റെ അകത്തളങ്ങളിലും പുറത്തും വാക്കിലും നോക്കിലും പ്രവൃത്തിയിലും മാതാപിതാക്കള്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. നന്മകള്‍ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നതിലല്ല കാര്യം,അത് ജീവിച്ചു കാണിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് ബാധ്യതയുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ ശോഭനമായ ചരിത്രങ്ങള്‍ കുട്ടികള്‍ക്ക് ചെറുപ്പത്തിലേ പഠിപ്പിച്ചു കൊടുക്കണം. ഖുര്‍ആനില്‍ നന്മയുടെ കൂടെ എല്ലാം ത്യജിച്ചു നിന്നവര്‍ക്ക് ആത്യന്തിക വിജയമുണ്ടായ നിരവധി ചരിത്രങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. അതൊക്കെ കുട്ടികള്‍ക്ക് ചെറുപ്പം മുതലേ കേള്‍ക്കാനും ആസ്വദിക്കാനും അനുഭവിക്കാനും അവസരമുണ്ടാക്കിക്കൊടുക്കേണ്ടത് മുതിര്‍ന്നവരുടെ ഇഥംപ്രദമായ ബാധ്യതയാണ്. ഗുഹാവാസികളുടെ കഥ ഖുര്‍ആന്‍ വിശദീകരിക്കുന്നത് നന്മയുടെ കൂടെ ഉറച്ചു നിന്ന ഒരു പറ്റം യുവാക്കളുടെ ജാജ്ജ്വല്യമാനമായ ചരിത്രം വിശദീകരിക്കാനാണ്. സമൂഹം മുഴുവന്‍ എതിരായപ്പോഴും നന്മക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു അവര്‍. ഈ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക.; അവരുടെ വൃത്താന്തം താങ്കള്‍ക്ക് നാം സത്യസന്ധമായി പ്രതിപാദിച്ചു തരാം. അവര്‍ തങ്ങളുടെ നാഥനില്‍ വിശ്വാസമര്‍പ്പിച്ച യുവാക്കളായിരുന്നു.അവര്‍ക്ക് നാം സന്മാര്‍ഗ്ഗ നിഷ്ഠ വര്‍ധിപ്പിച്ചു കൊടുക്കുകയും എഴുന്നേറ്റ് നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചപ്പോള്‍ മനോദാര്‍ഢ്യമേകുകയുമുണ്ടായി. ഭൂവന വാനങ്ങളുടെ രക്ഷിതാവാണ് ഞങ്ങളുടെ നാഥന്‍. അവനെ വിട്ട് മറ്റൊരു ദൈവത്തെയും ഞങ്ങള്‍ ആരാധിക്കുകയില്ല തന്നെ. എങ്കില്‍ (ബഹുദൈവാരാധന ആകാമെന്ന നിലപാടെടുത്താല്‍)ഞങ്ങള്‍ പരിധിവിട്ട പ്രസ്താവം നടത്തിയവരായിപ്പോവുക തന്നെ ചെയ്യും. നമ്മുടെ ഈ സമൂഹം അല്ലാഹുവിനെ വിട്ടു മറ്റു പല ആരാധ്യരെയും വച്ചിരിക്കുകയാണ്. എന്തു കൊണ്ട് അവരതിന്ന് സ്പഷ്ട ദൃഷ്ടാന്തം ഹാജരാക്കുന്നില്ല…? അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമക്കുന്നതിനേക്കാള്‍ വലിയ അക്രമിയായി മറ്റാരുണ്ട്.(സൂറത്തുല്‍ കഹ്ഫ് 13/15). നന്മയുടെ കൂടെ എന്തു ത്യാഗം സഹിച്ചും നിലകൊള്ളാനുള്ള പാഠങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിന്ന് പകര്‍ന്നു കൊടുക്കാനാണ് ഈ വൃത്താന്തം ഖുര്‍ആനിലൂടെ പരിചയപ്പെടുത്തുന്നതെന്ന് പ്രധാനപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലെല്ലാം കാണാവുന്നതാണ്. ഈ ഒരു രീതിശാസ്ത്രം നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്താന്‍ ഇത്തരം ഖുര്‍ആനിക ചരിത്രങ്ങള്‍ അവരെ തെര്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.
കാരുണ്യവും സഹാനുഭൂതിയും കുട്ടികളോടുള്ള നമ്മുടെ ഇടപെടലുകളില്‍ നിറഞ്ഞു നില്‍ക്കണം. അതിന്റെ സ്വാധീനം വളരെ വലുതാണ്. സ്‌നേഹമസൃണമായ ഇടപെടലുകളിലൂടെ കുട്ടികളുടെ മനസ്സുകളിലേക്കറങ്ങി നന്മകള്‍ നിറക്കാനാണ് നാം ശ്രമിക്കേണ്ടത്. കുട്ടികള്‍ നന്മയുടെ വക്താക്കളായെങ്കില്‍ മാത്രമേ നമുക്ക് സമൂഹത്തിന്റെ ഭാവി ശോഭനമാകുമെന്ന് പ്രതീക്ഷിക്കാന്‍ വകയുള്ളു. മുത്ത് നബി (സ) ജീവിതത്തില്‍ കാണിച്ചു തന്ന മനശാസ്ത്രപരമായ ഇടപെടല്‍ ഇപ്രകാരമായിരുന്നു. കുട്ടികളോട് ചേര്‍ന്ന് നിന്ന്അവരിലൊരാളായി ഇടപെടുന്നത്തിലൂടെയുണ്ടാകുന്ന സ്വാധീനം വലുതായിരിക്കും. നബി ജീവിതത്തില്‍ ഇതിന് നിരവധി മാതൃകകള്‍ കാണാവുന്നതാണ്. നബി (സ)കുട്ടികളോട് കാണിച്ച കാരുണ്യം വാക്കുകള്‍ക്കും വിവരണങ്ങള്‍ക്കുമധീതമായിരുന്നു.
ഒരു ഹദീസ് കാണുക ; ബറാഅ്(റ) എന്നവര്‍ പറയുന്നു ; ഹസന്‍ (റ) വിനെ തോളിലിട്ട് കൊണ്ട് നബി(സ), അല്ലാഹുവേ… ഞാന്‍ ഈ കുട്ടിയെ ഇഷ്ടപ്പെടുന്നു., നീയും ഇഷ്ടപ്പെടണേ എന്നു പ്രാര്‍ത്ഥിക്കുന്നതായി ഞാന്‍ കണ്ടു (മുസ്ലിം ).ജാബിറുബ്‌നുസമുറത്ത് (റ) എന്നവരെ തൊട്ട് നിവേദനം ; ഞാന്‍ നബി(സ )യുടെ കൂടെ ളുഹര്‍ നിസ്‌കരിച്ചു.ശേഷം നബി (സ )തന്റെ അഹ്ലുകാരിലേക്ക് പുറപ്പെട്ടു. ഞാനും നബി(സ) യുടെ പിന്നാലെ പോയി. അവിടെ വെച്ച് ഒരുപാട് കുട്ടികള്‍ നബി (സ) യുടെ അടുത്തേക്ക് ആവേശത്തോടെ വന്നു. അവരുടെ ഓരോരുത്തരുടെയും കവിളുകള്‍ നബി(സ) സ്‌നേഹത്തോടെ തടവുകയുണ്ടായി. (മുസ്ലിം)
മയത്തോടെയും കാരുണ്യത്തോടെയുമാണ് നമ്മുടെ പെരുമാറ്റച്ചട്ടങ്ങള്‍ നാം രൂപപ്പെടുത്തേണ്ടത്. ഏതു കഠിന ഹൃദയരെയും ലോലമാക്കാനും അലിയിപ്പിക്കാനും കഴിയുന്ന വികാരമാണ് കാരുണ്യം.കാരുണ്യവും അനുകമ്പയും സഹാനുഭൂതിയും ചെലുത്തുന്ന സ്വാധീനം അതിവിശാലമാണ്. നബി (സ)തന്നെ ലോകത്തേ കീഴടക്കിയത് കാരുണ്യത്തിലൂടെയും സ്‌നേഹത്തിലൂടെയുമായിരുന്നല്ലോ.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*