ബംഗളൂരു: ചോദ്യങ്ങള്‍ കൊണ്ട് പൊതിയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഒട്ടും കൂസാതെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഹിജാബ് വിധിക്കെതിരെ ഹരജി നല്‍കിയ വിദ്യാര്‍ഥിനികള്‍. കഴിഞ്ഞ ദിവസം ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി വിധിക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മതമാണോ വിദ്യാഭ്യാസമാണോ വലുതെന്ന് പലരും ചോദിക്കുന്നുവെന്നും ഇവരോട് തിരിച്ച് ചോദിക്കാനുള്ളത് വിദ്യാഭ്യാസമാണോ യൂണിഫോമാണോ വലുതെന്നാണെന്നും ഇപ്പോള്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയാണെന്നും ഹരജി നല്‍കിയ വിദ്യാര്‍ഥികളിലൊരാളായ ആയിഷ അജീറ അല്‍മാസ് പ്രതികരിച്ചു.
ഇസ്ലാമില്‍ ഹിജാബ് അനിവാര്യമായ മത ആചാരമാണെന്നും ഇത് ധരിച്ചാണ് പുറത്തിറങ്ങേണ്ടതെന്നും തല മറയ്ക്കണമെന്ന് ഖുര്‍ആന്‍ സ്ത്രീകളോട് നിര്‍ദ്ദേശിക്കുന്നുണ്ടെന്നും മറ്റൊരു വിദ്യാര്‍ഥി ആലിയ അസ്സാദി പറഞ്ഞു. ഹിജാബ് വിഷയത്തെ വഷളാക്കിയത് സര്‍ക്കാരാണെന്നും ഇത് മുലം നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠനം നഷ്ടമായെന്നും അവര്‍ ചൂണ്ടിക്കാട്ടി. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അവകാശത്തിനായി സാധ്യമായ എല്ലാ നിയമപരമായ വഴികളിലുടെയും പോരാട്ടം നടത്താനാണ് തീരുമാനമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ഉഡുപ്പി ഗവ ഗേള്‍സ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാര്‍ഥികള്‍ക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതിനെ തുടര്‍ന്ന് മറ്റ് കോളജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാര്‍ അനുകൂല വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി.
പിന്നാലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ ഗേള്‍സ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ആറു വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷമാണ് നിരോധനം ശരിവെച്ച ഉത്തരവിറക്കിയത്. ഹിജാബ് വിലക്കിനെതിരായ വിദ്യാര്‍ഥികളുടെ ഹരജി തള്ളി കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് ബെഞ്ച്.
11 ദിവസമാണ് ഹരജിയില്‍ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് സ്ഥാപിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തില്‍ ഹിജാബ് ഉള്‍പ്പെടുത്താനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിച്ചിരുന്നു.
Be the first to comment