ന്യൂഡല്‍ഹി: വധശിക്ഷ പോലെയുള്ള കടുത്ത ശിക്ഷകളില്‍ നിന്നും സ്വഭാവദൂഷ്യത്തില്‍ നിന്നും മോചനം നേടിയ കുറ്റവാളികളെ ഒഴിവാക്കണമെന്ന വാദത്തെ ശക്തമായി തള്ളി സുപ്രിം കോടതി. സല്‍സ്വഭാവത്തിന്റെ പേരില്‍ ഇത്തരം പ്രതികളെ ശിക്ഷയില്‍ നിന്നൊഴിവാക്കിയാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.
ശിക്ഷ നല്‍കുമ്പോള്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സ്വീകരിക്കേണ്ടത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തങ്ങള്‍ക്കറിയാം. എന്നാല്‍ അത് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിധിപ്രസ്താവങ്ങളെ ഭാവിയില്‍ പ്രതികൂലമായി ബാധിക്കും. അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിലെ 10 വയസ്സ് പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയ യുവതിയുടെയും കാമുകന്റെയും വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രിം കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണമുണ്ടായിരിക്കുന്നത്.
2010ല്‍ അലഹബാദിലായിരുന്നു സംഭവം നടന്നത്. കേസിലെ പ്രതികളായി ശബ്‌നം, സലിം എന്നിവര്‍ കുറ്റം ചെയ്തതായി തെൡഞ്ഞതിനെ തുടര്‍ന്ന് അല്‍മോറ സെഷന്‍സ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അലഹബാദ് ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. 2015ല്‍ സുപ്രിം കോടതിയും ശിക്ഷ ശരിവച്ചിരുന്നു.
ഇവരെപ്പോലുള്ളവരെ വെറുതേ വിടുകയാണെങ്കില്‍ രാജ്യത്തെ ക്രമിനില്‍ നീതിന്യായ വ്യവസ്ഥയുടെ ഗതിയെന്താകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസിലെ പ്രതിയായ സലീമിന്റെ അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍, തന്റെ പരാതിക്കാരന്‍ കുറ്റകൃത്യം നടക്കുമ്പോള്‍ വിദ്യാഭ്യാസമില്ലാത്തവനായിരുന്നുവെന്നും ജയിലില്‍ വച്ച് ബിരുദം കരസ്ഥമാക്കിയ അയാള്‍ ഇപ്പോള്‍ മാസ്റ്റര്‍ ബിരുദത്തിനായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്‍പ്പെടെയുള്ള വാദങ്ങള്‍ നിരത്തി.
കൂടുതല്‍ വിദ്യാസമ്പന്നനായ അയാള്‍ മാനസികമായി ആകെ മാറിയെന്നും അയാളെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ആനന്ദ് വാദിച്ചു. എന്നാല്‍ എല്ലാവരും ജനിക്കുമ്പോള്‍ നല്ല മനസ്സിന് ഉടമകളായാണ് ജനിക്കുന്നതും പിന്നീട് ക്രിമിനല്‍ സ്വഭാവം വന്നുചേരുകയാണെന്നുമാണ് ജസ്റ്റിസ് ബോബ്‌ഡെ മറുപടി നല്‍കിയത്.
Be the first to comment