ഭരണകൂടം ഓര്‍മ്മിക്കട്ടെ, ഇന്ത്യ റിപ്പബ്ലിക്കാണെന്ന്‌..!

എന്‍.ഷംസുദ്ദീന്‍ തെയ്യാല

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായതിന്‍റെ അഭിമാന ചരിത്രം പേറിയ ഒരു റിപ്പബ്ലിക് ദിനവും കൂടി കടന്ന് വന്നിരിക്കുന്നു. നരാധമന്മാരായ വൈദേശിക ശക്തികള്‍ക്കു ദാസ്യവേല ചെയ്തു അടിമകളായി ജനിച്ച നാട്ടില്‍ ജീവിക്കേണ്ട ഗതികേടില്‍ നിന്ന് അസ്തിത്വമുള്ളവരായി തീര്‍ന്നത് 1947 ലെ സ്വാതന്ത്ര ലബ്ധിയിലൂടെ യും, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന ബോധം അരക്കിട്ടുറപ്പിച്ചത് 1950 ജനുവരി 26 ലെ ഭരണഘടനാ പ്രകാശനത്തിലൂടെയുമാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ പരിഗണന വിഭാവനം ചെയ്ത ഭരണഘടനാ സംവിധാനം പിറവികൊണ്ട ദിനവും കൂടിയാണിത്. നൂന പക്ഷ ദളിത് അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ കേവലം ദളിതനായി പിറന്ന ഭീമാറാം രാംജി അംബേദ്കറിന്‍റെ ആശ്രാന്ത പരിശ്രമത്തിലാണ് ഇത്തരം ഒരു ഭരണഘടന നിര്‍മിക്കപ്പെട്ടതെന്നും അതിലൂടെയാണ് ഇന്ത്യക്ക് ലോകത്തിനു മുമ്പില്‍ യശസ്സോടെ തലയുയര്‍ത്തിനില്‍ക്കാന്‍ സാധിക്കുന്നതെന്നും ഓരോ റിപ്പബ്ലിക്കും നമ്മോട് പറയുന്നുണ്ട്.

രണ്ട് വര്‍ഷത്തോളം നീണ്ട് നിന്ന ചര്‍വിത ചര്‍വണങ്ങളുടെ പരിമാണ ഫലമായായിരുന്നു ഇന്ത്യയുടെ അതുല്യമായ ഭരണഘടന രൂപംകൊണ്ടത്. അനവധി ജാതി മത വര്‍ഗങ്ങളുടെ സംഗമ ഭൂമികയായി ഭാരതാംബയില്‍ ഭരണീയരും ഭരണകൂടവും എങ്ങനെ നീങ്ങണമെന്ന് അനുശാസിക്കുന്നതാണ് ഈ നിയമസംഹിത. ലോകത്തെ എറ്റവും വലിയ ലിഖിത ഭരണഘടനയുടെ വാക്താക്കളായ ഭാരതീയര്‍ പക്ഷെ, നിയമങ്ങളുടെ പ്രായോഗിക വല്‍ ക്കരണത്തില്‍ വളരെ പിന്നിലാണ്. ജനുവരി 26 ന്‍റെ വസന്ത പുലരി ആഗതമാകുമ്പോഴേ പലരും ഇന്ത്യ ഒരു റിപ്പബ്ലിക് ആണെന്നും ജനാധിപത്യമാണ് ഇവിടെം ഭരിക്കുന്നതെന്നും ഓര്‍ക്കാറുള്ളു.

താളം തെറ്റിയ ഭരണക്രമത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭരണഘടനയെ തന്നെ ധ്വംസിക്കുന്ന വിധം അധികാര വര്‍ഗങ്ങളുടെ നീക്കങ്ങള്‍ ദുശിച്ചിരിക്കുന്നു. ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും വ്യവസ്തിയുടെ പോരായ്മയെ മുതലെടുത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ സാരാഥ്യം ഏറ്റടുത്തതു മുതല്‍ ഇന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായിരിക്കുകയാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുക്കൂട്ടുന്ന കോപ്രായങ്ങള്‍ സഹിക്കാവുന്നതിലപ്പുറമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ലക്ഷ്യങ്ങളിലൊന്നാണ് ന്യൂനപക്ഷ അധഃസ്ഥിത വിഭാഗക്കാരുടെ ഉന്നമനം.അത് കണ്ടില്ലെന്ന് നടിക്കുകയാണ് നരേന്ദ്രമോദിയും അദ്ദേഹം നേതൃത്വം നല്‍കുന്ന ബി ജെ പി സര്‍ക്കാറും. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്ന വര്‍ത്തമാനങ്ങളാണ് അധികാരമേലാളന്മാരുടെ നാവില്‍ നിന്നും പുറത്ത്ചാടിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഒരു പോലെ കാണേണ്ടത് അത്യന്താപേക്ഷിതമാണ്. അതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് രാജ്യത്ത് അസഹിഷ്ണുതക്ക് ബീജാവാഹം നല്‍കാന്‍ ഹേതുവായത്. ന്യൂനപക്ഷ വേര്‍തിരിവുണ്ടാക്കി ലാഭം കൊയ്യാനാണ് സര്‍ക്കാറും സര്‍ക്കാറിന്‍റെ പിന്‍ബലത്തോടെയുള്ള കോര്‍പറേറ്റുകളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ പുരോഗതിയില്‍ ഭരണഘടനാ നിര്‍മാണ ശില്‍പികള്‍ തുടക്കത്തില്‍ തന്നെ അങ്ങേയറ്റം ആശങ്കാകുലരായിരുന്നു. അവരുടെ ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ല എന്നാണ് സമകാലിക സംഭവവികാസങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നതും. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന്നും അവകാശ സംരക്ഷണത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്ന ഭരണഘടനയെ വെല്ലുവിളിച്ചാണിന്ന് ഭരണചക്രം കറങ്ങുന്നത്. പ്രത്യേകിച്ച്, വര്‍ധിച്ചുവരുന്ന വര്‍ഗ- ജാതി സങ്കല്‍പം ഭരണാധികാരികളെ കീഴ്പെടുത്തിയപ്പോള്‍ ദളിത് ആത്മഹത്യകളും കൂട്ടക്കുരുതികളും അനിയന്ത്രിതമായി വളര്‍ന്നു. ഇന്നലകളിലെ ബീഭത്സകമായ ജാതീയ വേര്‍ത്തിരിവുകളെയും മനം മടുപ്പിക്കുന്ന സാമൂഹ്യ അസ്പൃശ്യതകളെയും അതിജയിച്ച ഒരു നാട്ടില്‍ അത്തരം തീണ്ടിക്കൂടായ്മകള്‍ വീണ്ടും ഫണം വിടര്‍ത്തുന്നത് ന്യൂനപക്ഷങ്ങള്‍ അഭയാര്‍ത്ഥികളാകുമെന്നതില്‍ സന്ദേഹമില്ല.

എന്നാല്‍ ഇത്തരത്തില്‍ മാത്രമാണോ ഇവര്‍ രാജ്യത്ത് അനീതി സൃഷ്ടിച്ചത് ?. തളിരിടുന്ന മതേതരത്വത്തിന്‍റെ നാമ്പുകളെ വേരോടെ പിഴുതെറിയുന്ന ഫാസിസ്റ്റ് നയമാണ് ഇന്നലകളില്‍ അവര്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. ഈ പ്രത്യായ ശാസ്ത്രത്തിന്‍റെ അനന്തര ഫലമെന്നോണമാണ് എന്‍. ആര്‍. സി. യും, സി. എ. എ യും.

മതേതര ഭാരതം സ്വപ്നം കണ്ട ഭരണഘടനാ ശില്‍പികളുടെ ചിന്തയ്ക്ക് അതീതമായാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ദുഷ്ടലാക്കിലൊന്നായ പൗരത്വ ഭേതഗതി ബില്ലിനെ കണക്കാക്കേണ്ടത്. മതേതരത്വത്തിന്‍റെ സര്‍വ്വ സീമകളെയുമാണ് അത് ലംഘിച്ചിരിക്കുന്നത്. ആസാമിലെ തദ്ദേശിയരായ മുസ്ലീംകളെ അവഹേളിച്ചു കൊണ്ട് രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് പൗരത്വം കൊടുക്കുന്ന പിടിവാശി എന്തിന്ന് വേണ്ടിയാണ്.?. വര്‍ഗീയത വെളിവാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ മതേതരത്വത്തിന്‍റെ വാക്താക്കള്‍ ജാഗരൂകരാകേണ്ടതുണ്ട്. മുസ്ലീംകളുടെയും മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും ഉന്മൂലന നാശത്തെ ലക്ഷ്യം വെച്ച് പൗരത്വ ഭേതഗതി ബില്ല് ഇറക്കി ഇന്ത്യയെ ഹിന്ദുത്വ ഫാസിസ്റ്റ് രാജ്യമാക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാര്‍ മുസ്ലീംകളെക്കുറിച്ച് ബോധവാരായിരിക്കേണ്ടതുണ്ട്. വൈദേശിക ശക്തികള്‍ക്കെതിരെ ശക്തിയുക്തം ആഞ്ഞടിച്ച അനേകം ഭാരതീയരില്‍ നല്ലൊരു പങ്ക് മുസ്ലീം സമൂഹത്തിനായിരുന്നു എന്ന തിരിച്ചറിവില്ലാതെ പോയത് ഖേദകരമാണ്.

രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു അവബോധമില്ലാതെ അവര്‍ക്കു നല്‍കേണ്ട സംരക്ഷണം എന്തൊക്കെയാണെന്ന സാമാന്യ തിരിച്ചറിവ് കൂടി ഇല്ലാതെ അധികാര മേലാളന്മാര്‍ മുസ്ലീം സമുദായത്തെ മാത്രം ഉന്നം വെച്ച് കൊണ്ടും ഭരണഘടനയെ മറയാക്കിക്കൊണ്ടും ചെയ്യുന്ന എന്‍. ആര്‍. സി. യും സി. എ. എ. യും ഭരണഘടനാ വിരുദ്ധം തന്നെയാണ്. ഇന്ത്യക്കാര്‍ക്ക് പൗരത്വ അവകാശവും മത, വംശ- ജാതി, ലിംഗം, ജന്മ സ്ഥല ഭേമന്യേ ഭരണഘടനയുടെ അഞ്ച്, പത്ത്, പതിനാല്, പതിനെഞ്ച് വകുപ്പുകള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ നിയമം.

ബഹുസ്വരതയും തുല്യതയും മതേരത്വവും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിച്ച ഒരു ഭരണഘടനയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്ത് ആള്‍ക്കൂട്ട നീതിയുടെ പൊതു ബോധത്തെയാണ് സര്‍ക്കാര്‍ ഉല്ലംഗിച്ചിരിക്കുന്നത്. 19 ലക്ഷം ജനങ്ങളുടെ രാജ്യ രഹിതരാക്കി മാറ്റിയ ആസാമിലെ പൗരത്വ പട്ടിക പരീക്ഷണം ഇന്ത്യയിലാകമാനം നടപ്പിലാക്കാനുള്ള വെടി അമിത് ഷാ പൊട്ടിച്ചു കഴിഞ്ഞു. ജീവിച്ചിരിക്കുന്ന ആത്മാവ് എന്ന് വിശേഷണം സിദ്ധിച്ച് ഭാരതാംബയുടെ അന്തഃസത്തയായ ഭരണഘടനയെ അതിന്‍റെ അടിവേരറുത്ത് സംഘ്പരിവാറിന്‍റെ തത്വ സംഹിതയായ മനുസ്മൃതിയെ ഭരണഘടനയായി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ശ്രമിക്കുന്നത്.

പൗരത്വ ഭേതഗതി ബില്ലില്‍ രണ്ട് തരത്തിലുള്ള വിഭജനങ്ങള്‍ പ്രകടമാണ്. ഒന്ന് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്സി എന്നിങ്ങനെ മതപരമായ വിഭജനം. രണ്ട്, അഫ്ഗാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ രാജ്യങ്ങള്‍ അനുസരിച്ചുളള വിഭജനം. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. 14-ാം വകുപ്പനുസരിച്ച് ഇന്ത്യന്‍ അതിരുകള്‍ക്കുള്ളില്‍ ഒരു മനുഷ്യനും നിയമത്തിന് മുന്നില്‍ തുല്യതയോ തുല്യമായ നിയമ പരിരക്ഷയോ നിഷേധിക്കാന്‍ പാടുള്ളതല്ല. നിയമം എല്ലാവര്‍ക്കും തുല്യമായിരിക്കണം. അതിനര്‍ത്ഥം ഒരു വേര്‍തിരിവും പാടില്ലെന്നല്ല, വിവേക പൂര്‍ണമായ വേര്‍ത്തിരിവുകള്‍ ആവാം. മാത്രമല്ല, അതിന് നിയമത്തിന്‍റെ ഉദ്ധേശവുമായി യുക്തി പൂര്‍വ്വമായ ബന്ധം ഉണ്ടാവണം.

എന്നാല്‍, ഏത് തരം തിരിവിനും ഒരു മാനദണ്ഡം ഉണ്ടായിരിക്കണം. മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിങ്ങനെയുള്ള കാരണങ്ങള്‍ക്കൊണ്ട് വിവേചനങ്ങള്‍ പാടില്ലെയെന്ന് 15-ാം വകുപ്പില്‍ പറയുന്നുണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രം ബാധകമാണ്. അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യന്‍ പൗരന്മാരല്ല. എന്നിരുന്നാലും വകുപ്പ് 14 ശാസിക്കുന്ന ‘ വിവേക പൂര്‍ണ്ണമായ വര്‍ഗീകരണം നീതിയുക്തമായിരിക്കണം എന്ന് സ്വവര്‍ഗരതിയെ ക്രിമിനല്‍ വര്‍ക്കരിക്കുന്ന സെക്ഷന്‍ 377 റദ്ദാക്കിയ സുപ്രധാന വിധിയില്‍ സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്. വിവേക പൂര്‍ണ്ണമായ വര്‍ഗീകരണത്തിന് ഒരു പൊതു മാനദണ്ഡം ഉണ്ടാവണമെന്ന് മാത്രമല്ല, അത് നിയുക്തമായിരിക്കണമെന്ന് കൂടി കോടതി വിലയിരുത്തി. മനുഷ്യന്‍റെ ആന്തരിക സ്വത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, വ്യക്തികളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയുമുള്ള വര്‍ഗീകരണങ്ങള്‍ പാടില്ലയെന്ന് പ്രസ്താവിച്ചുകൊണ്ട് തന്നെ മതം, വംശം, ജാതി, ലിംഗം, ജډദേശം എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്.

രാജ്യങ്ങള്‍ അനുസരിച്ചുള്ള വര്‍ഗീകരണവും തഥൈവ. നമ്മുടെ അയല്‍ രാജ്യമാണ് മാനദണ്ഡമെങ്കില്‍ ശ്രീലങ്കയും നേപ്പാളും ചൈനയും മ്യാന്മറും നിയമത്തിന്‍റെ ഭാഗമാകേണ്ടിയിരുന്നു. അടിച്ചമര്‍ത്തലുകള്‍ക്ക് പാത്രീഭൂതരായ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് നിയമം കൊണ്ട് ഉദ്ധേശിക്കുന്നുവെങ്കില്‍ ആദ്യം സംരക്ഷിക്കേണ്ടത് മ്യാന്മറില്‍ വേട്ടയാടപ്പെടുന്ന റോഹിങ്ക്യകളെയാണ്. ശ്രീലങ്കയിലെ തമിഴ് വംശജരാണ് മറ്റൊരു വിഭാഗം. അവരും ബില്ലിന്‍റെ പിരിധിയിലല്ല. പാകിസ്ഥാനില്‍ പീഢനം അനുഭവിക്കുന്ന ശിയ, അഹ്മദീയ വിഭാഗങ്ങള്‍ അങ്ങനെ അ സംഖ്യം പേര്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതില്‍ നിന്നും ഈ വര്‍ഗീകരണത്തിന് നിയമത്തിന്‍റെ ഉദ്ധേശ ലക്ഷ്യവുമായി യുക്തി ഭദ്രമായ ബന്ധങ്ങളൊന്നുമില്ലന്ന് കാണാം. രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവായും ഭരണഘടനാ ലംഘനവുമാണ്.

ജനാതിപ്യമെന്നാല്‍ കേവലം ഭൂരിപക്ഷാഭിപ്രായങ്ങള്‍ ഉളവാക്കുന്ന ഭരണസംവിധാനമല്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാനപ്രമാണങ്ങളെ കേന്ദ്രീകരിച്ചാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. ഭരണം ജന നീതിയിലേക്ക് വഴുതി വീഴാതെ ഭരണകൂടത്തിന്‍റെ അധികാരത്തെ പരിമിധപ്പെടുത്തുന്ന ജനങ്ങളുടെ അവകാശ പ്രഖ്യാപന രേഖയാണ് ഭരണ ഘടന.

നിയമ വ്യവസ്ഥയും ഭരണഘടനയുമെല്ലാം അധികാരം കൈയ്യാളുന്നവര്‍ക്ക് അസൗകര്യമായിരിക്കും. അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ അവര്‍ തേടിക്കൊണ്ടേയിരിക്കും, പ്രത്യേകിച്ചും ഭരണഘടന ഉയര്‍ത്തിപ്പിടുക്കുന്ന ബഹുസ്വരതയുടെയും, സമത്വത്തിന്‍റെയും വിശാല ദര്‍ശങ്ങളെ നിഷേധിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളെ പിന്‍പറ്റുന്നവര്‍ അധികാരത്തിലെത്തിയിരിക്കുമ്പോള്‍. ആയതിനാല്‍ മതേതര ഇന്ത്യയുടെ നെടും തൂണായ ഭരണഘടനയെയും മത സഹിഷ്ണുതയെയും സംരക്ഷിക്കേണ്ടതുമാണ്. ആ മഹിതമായ ലക്ഷ്യങ്ങള്‍ അടിയുറച്ച് നില്‍ക്കുന്ന ചര്‍ച്ചകള്‍ കേവലം നാടകങ്ങളായി മാറാതെ അതിലപ്പുറം ഫലം കാണുന്ന വിശാല സംവാദങ്ങള്‍ക്കു തന്നെ വിഷയീഭവിക്കേണ്ടതുണ്ട്. ക്രിയാത്മകമായ ചലനങ്ങളിലൂടെയും സൗഹാര്‍ദ്ദത്തിലൂന്നിയ പെരുമാറ്റങ്ങളിലൂടെയും ഭാവി ഇന്ത്യയെ സംരക്ഷിക്കേണ്ടത് പ്രതിജ്ഞാ ബദ്ധരായ പൗരന്മാരാണ് .

About Ahlussunna Online 723 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*