മക്കളുടെ വിദ്യാഭ്യാസം : അദബില്ലായ്മയിലെ ആശങ്കകള്‍

കെ കെ സിദ്ധീഖ് വേളം

മകന് അല്ലെങ്കില്‍ മകള്‍ക്ക് നല്ല ബുദ്ധിയും സാമര്‍ത്ഥ്യവും ഉണ്ടായിരുന്നിട്ടും അവര്‍ പ0നത്തില്‍ വളരെ പിന്നാക്കമാണെന്നു വേവലാതിപ്പെടുന്ന രക്ഷിതാക്കളെയും മക്കള്‍ക്ക് നല്ല വിദ്യഭ്യാസ യോഗ്യത ഉണ്ടായിട്ടും പ0ിച്ചതനുസരിച്ചുള്ള ജോലി ഇതുവരെ കിട്ടീട്ടില്ല എന്നു നിരാശപ്പെടുന്ന രക്ഷിതാക്കളെയും നമ്മുടെ ജീവിത പരിസങ്ങളില്‍ കാണാറുണ്ട്.ഇവിടെ പറയപ്പെട്ട രണ്ടുതരം രക്ഷിതാക്കളുടെയും മക്കള്‍ക്ക് സംഭവിച്ച പിഴവിന്‍റെ മുഖ്യകാരണങ്ങളെ ചികഞ്ഞന്വേഷിക്കുബോള്‍ വര്‍ത്തമാന വിദ്യാര്‍ത്ഥികളില്‍ പ്രകടമായി കാണപ്പെടുന്ന ഗുരുനിന്ദകള്‍ അതിനൊരുകാരണമാവുന്നുണ്ടെന്നാണ് മനസ്സിലാവുന്നത്.

അധ്യാപകരെ ഘരോവോ ചെയ്യല്‍ , അവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കല്‍, അവര്‍ പറയുന്നത് പുഛത്തോടെ തള്ളിക്കളയല്‍,തക്കം കിട്ടിയാല്‍ കടന്നാക്രമിക്കല്‍ ഇതൊക്കെയല്ലേ വര്‍ത്തമാന വിദ്യാര്‍ത്ഥീ സമൂഹം അറിവിന്‍റെ അക്ഷയ ഖനികളായ അധ്യാപക സമൂഹത്തോട് ചെയ്തുകൂട്ടുന്നത്.പിന്നെ എങ്ങനെയാണ് നമ്മുടെ മക്കള്‍ നന്നാവുന്നത്.ഗുരുനാഥന്മാരോടുള്ള അദബുകേടുകളും അനുസരണക്കേടുകളും ഒരു ട്രെന്‍റാക്കിമാറ്റിയാല്‍ എത്രപ0ിച്ചിട്ടും എത്ര സര്‍ട്ടിഫിക്കറ്റുകള്‍ വാരിക്കൂട്ടിയിട്ടും എന്തുകാര്യം.അതെവിടെയെങ്കിലും ഉപകാരപ്പെടുമോ…ഒരിക്കലുമില്ല.നമ്മുടെ മക്കളുടെ പ0ന രംഗത്തെയും പ0നം കഴിഞ്ഞുള്ള തുടര്‍ ചലനങ്ങളെയും പിന്നോട്ടടിപ്പിക്കുന്നതിനുള്ള പ്രധാന കാരണം അവര്‍ അധ്യാപകരോടും രക്ഷിതാക്കളോടും കാണിക്കുന്ന അദബുകേടുതന്നെയാണ്.

പരിപാവനമായ ഗുരു-ശിഷ്യ ബന്ധത്തിന് വിള്ളലുകള്‍ വിഴ്ത്തുന്ന പ്രവൃത്തികള്‍ ഹോബിയാക്കി മാറ്റിയ ന്യൂജെന്‍ തലമുറയുടെ ഈ പോക്ക് അത്യന്തം അപലപനീയവും ആശങ്കാജനകവുമാണ്.ആദരവും ബഹുമാനവും നിറഞ്ഞ ഗുരു-ശിഷ്യ ബന്ധത്തിന്‍റെ നിത്യ ശ്രാവന്തികള്‍ ഇന്ന് കുറെക്കൂടി ഒഴുകുന്നത് മത വിദ്യാലയങ്ങളില്‍ മാത്രമാണെന്ന് പറയുന്നതാവും ശരി. ഭൗതിക വിദ്യാലയങ്ങളില്‍ ഗുരു-ശിഷ്യ മര്യാദകള്‍ ഇന്നില്ലെന്നു തന്നെ പറയാം.

ഈയ്യടുത്ത് കേരളത്തിലെ പ്രശസ്തമായ മലയാള സര്‍വ്വകലാശാലയില്‍ പ0ിക്കുന്ന ഒരു സുഹൃത്ത് കോളേജ് വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ പറഞ്ഞത് ഇപ്രകാരമാണ്.’ അവിടെ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഒരുവിലയും കൊടക്കാറില്ല.അധ്യാപകന്‍ ക്ലാസില്‍ വരുബോള്‍ ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കുന്നതുപോലും അവരുടെ സ്റ്റാറ്റസിനു നിരക്കാത്ത പ്രവൃത്തിയാണത്രെ.’.ഈ അവസ്ഥ കേരളത്തിലെന്നല്ല ലോകത്തിലെ തന്നെ പല ഭൗതിക കോളേജുകളിലെയും അവസ്ത ഇതുതന്നെയാണ്.

വിദ്യാര്‍ത്ഥികളുടെ അരുതായ്മകളും അപകീര്‍ത്തിപ്പെടുത്തലുകളും സഹിക്കാന്‍ കഴിയാതായിട്ടും പല അധ്യാപകരും തങ്ങളുടെ ജോലി തുടരുന്നത് കുടുംബത്തേ ഓര്‍ത്തിട്ടു തന്നെയാണെന്നു വേണം കരുതാന്‍

ഗുരു-ശിഷ്യ ബന്ധത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് അദബ് (മര്യാദ).ജ്ഞാനമെന്നത് അല്ലാഹുവിന്‍റെ പ്രകാശമാണ്.ആ പ്രകാശത്തേ തേടിവരുന്ന ഏതൊരു വിദ്യാര്‍ത്ഥിയും ഗരുമുഖത്ത് കാണിക്കേണ്ട ചില മര്യാദകളും ചിട്ടകളുമുണ്ട്.അത് പൂര്‍ണ്ണമായി ഓരോ വിദ്യാര്‍ത്ഥിയും പാലിച്ചാലെ അവനിക്ക്/അവള്‍ക്ക് ഉപകാരപ്രദമായ വിജ്ഞാനം ലഭിക്കുകയുള്ളൂ.കുട്ടികളില്‍ ചെറുപ്പകാലം മുതല്‍ക്കേ രക്ഷിതാക്കള്‍ ഈ ശീലം വളര്‍ത്തിയെടുക്കണം.അവരെയും ഗുരുനാഥന്മാരെയും ബഹുമാനിക്കണമെന്ന് ഉപദേശിച്ചുകൊടുക്കുകയും അതവരെക്കൊണ്ട് പ്രാക്ടീസ് ചെയ്യിപ്പിക്കുകയും വേണം.ചെറുപ്പകാലം മുതലെയുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം എന്ന് കുഞ്ഞുണ്ണിമാഷ് പാടിയതുപോലെ ചെറുപ്പത്തിലെ മുതിര്‍ന്നവരോടും അധ്യാപകരോടുമുള്ള ആദാബുകള്‍ ശീലമാക്കിയാല്‍ അവര്‍ ജീവിതാന്ത്യംവരെ കാത്തുസൂക്ഷിക്കുമെന്നുറപ്പാണ്.

അദബിന് വിജ്ഞാന സമ്പാദന രംഗത്തും മറ്റുസാമൂഹ്യ ചുറ്റുപാടിലും വലിയ പ്രാധാന്യമുണ്ട്.മക്കളുടെ ജീവിതത്തിലും വിജ്ഞാന സമ്പാദനത്തിലും വിജയം വേണേല്‍ ഈ ചിട്ടകള്‍ അനുവര്‍ത്തിക്കല്‍ അനിവാര്യമാണ്.ബഹുമാനപ്പെട്ട ഇബ്നു മുബാറക് (റ) പറയുന്നു:’ഒരാളുടെ അമല്‍ അദബ് കൊണ്ട് അലങ്കരിക്കപ്പെട്ടില്ലെങ്കില്‍ ഒരുതരത്തിലുള്ള ഇല്‍മിനാലും അയാള്‍ അനുഗ്രഹീതനാകില്ല’.അലിഫ് മുതല്‍ അറിവിന്‍റെ അക്ഷയഖനികളിലേക്ക് വരെ ഒരുവിദ്യാര്‍ത്ഥിയെ കൈപിടുച്ചുകൊണ്ടുപോകുന്ന ഗുരുനാഥന്മാരെയും പംിക്കുന്ന കിതാബുകളെയും വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥിത്വം അര്‍ത്ഥശൂന്യമാകുമെന്ന മുന്നറീപ്പാണ് ഇബ്നു മുബാറക് (റ) തരുന്നത്.

ഗുരുനാഥരോടുള്ള മര്യാദകളില്‍ ഏറ്റവും മര്‍മ്മ പ്രധാനമായത് അനുസരണയാണ്.വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളെ പോലെ കാണുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികളിടെ പുരോഗതി ലക്ഷ്യമാക്കി വല്ല കാര്യവും ചെയ്യാന്‍ പറയുമ്പോഴും മറ്റും അതനുസരിക്കാതെ അധ്യാപകരുടെ തീരുമാനങ്ങളെ വിപരീത ബുദ്ധിയോടെ കണ്ട് വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ വര്‍ത്തമാന കലാലയങ്ങളുടെ ശാപമായി മാറിയിട്ടുണ്ട്.ചിലപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഇളം ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനങ്ങളും അധ്യാപകരെടുക്കുന്ന കൂട്ടത്തില്‍ ഉണ്ടാകാം.എന്നിരുന്നാലും അതിനെ വിമര്‍ശനബുദ്ധിയോടെ കാണാതെ നിലകൊള്ളുകയാണ് വേണ്ടത്.ഒരുകുട്ടിയുടെ യും അധോഗതി ലക്ഷ്യമാക്കി ഒരധ്യാപകനും ഒരു തീരുമാനവുമെടുക്കുകയില്ലന്നത് തീര്‍ച്ചയാണ്.അധ്യാപകരുടെ നിര്‍ദ്ദേശങ്ങളെ തങ്ങളുടെ പുരോഗതിക്കുള്ള പിടിവള്ളികളായി കാണുന്ന വിദ്യാര്‍ത്ഥികള്‍ക്കേ അവസാനത്തില്‍ വിജയമുണ്ടാവുകയുള്ളൂ.

റസൂല്‍ (സ)യെ അവിടുത്തെ അനുചരവൃന്ദം എല്ലാ അര്‍ത്ഥത്തിലും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തതുകൊണ്ടായിരുന്നു അന്ധകാരനിബിഢിമായ ജാഹിലിയ്യാ യുഗത്തില്‍ അപരിഷ്കൃതരായി കഴിഞ്ഞിട്ടുപോലും പിന്നീടവര്‍ക്ക് ലോകം കണ്ട മഹാപുരുഷന്മാരായിമാറാന്‍ കഴിഞ്ഞത്.ഇതുപോലെ ഈസാനബി (അ) യെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തതുകൊണ്ടാണ് മഹാന്‍റെ അനുയായികളായ ഹവാരിയ്യുകള്‍ ഉന്നത സൃംഖങ്ങളിലെത്തിയത്.എന്നാല്‍ ഗുരുനാഥന്മാരോട് അദബുകേടും അനുസരണക്കേടും കാണിക്കുന്നവര്‍ക്ക് വന്‍ പരാജയം തന്നെയായിരിക്കു ഉണ്ടാവുകയെന്നതിന് ചരിത്രം സാക്ഷിയാണ്.

താബിഅുകളില്‍ പ്രമുഖനായ ബഹുമാനപ്പെട്ട ഹസ്സന്‍ ബസരി (റ)വിനോട് ഖദറ് ഖളാഅിന്‍റെ വിഷയത്തില്‍ അനാവശ്യമായി തര്‍ക്കിച്ച് അനാദരവ് കാട്ടിയതിന്‍റെ പേരില്‍ മഹാന്‍റെ സദസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട വാസ്വിലു ബ്നു അത്വാഇന് പില്‍ക്കാലത്ത് മുഅ്തസിലീ എന്ന പിഴച്ച പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി വഴിപിഴച്ചുപോവേണ്ടിവന്നത് അയാള്‍ തന്‍റെ ഗുരുനാഥനോടു കാണിച്ച അനാദരവിന്‍റെയും അനുസരണക്കേടിന്‍റെയും ഫലമായിരുന്നു.

ചെറുപ്പക്കാലം മുതലേ ഉസ്താദുമാരോടും മാതാപിതാക്കളോടും അദബോടെ പെരുമാറിയ മുഹ് യുദ്ദീന്‍ ശൈഖ് തങ്ങളും വലിയ പണ്ഡിതനായിരുന്നിട്ടും ഗുരുനാഥډാരോട് തീരെ അദബില്ലാത്ത ഇബ്നു സഖയും സമകാലികരും കൂട്ടുകാരുമായിരുന്നു.ഒരിക്കല്‍ അവര്‍ രണ്ടുപേരും മറ്റൊരു കൂട്ടുകാരനായ അബൂ സഈദ് അബ്ദുല്ലാഹി ബ്നു അബീ ഉസ്റൂനും കൂടി ബഗ്ദാദില്‍ അടിത്തകാലത്ത് ആഗതനായ ഒരു വലിയ മഹാനെ കാണാന്‍ പുറപ്പെട്ടു.വഴിയില്‍ വെച്ച് ഇബ്നു സഖ പറഞ്ഞു:’ഞാന്‍ ഇന്ന് ആ ശൈഖിനെ ഉത്തരം മുട്ടിക്കും ‘ അപ്പോള്‍ അബീ ഉസ്റൂന്‍ പറഞ്ഞു:അയാള്‍ എന്താണ് പറയുന്നതെന്ന് ഞാനൊന്ന് നോക്കട്ടെ’ എന്നാല്‍ ശൈഖ് ജീലാനി തങ്ങളുടെ പ്രതികരണം അദബ് നിറഞ്ഞതായിരുന്നു.’ഞാന്‍ മഹാനെ കണ്ട് ബറക്കത്തെടുക്കാനേ ഉദ്ദേശിക്കുന്നുള്ളൂ’.

അങ്ങനെ ശൈഖിനടുത്തെത്തിയ അവര്‍ താമസിയാതെ ശൈഖിനെ കണ്ടു.പക്ഷേ ഇബ്നു സഖയെ കണ്ടമാത്രയില്‍ ദേഷ്യപ്പെട്ടടുകൊണ്ട് ശൈഖ് പറഞ്ഞു:’എന്നെ ഉത്തരം മുട്ടിക്കാന്‍ വന്നതാണ് അല്ലേ……?നിന്‍റെ മുഖത്ത് കുഫ്രിയ്യത്ത് കാണുന്നുണ്ട് .നിനക്ക് നാശം….,ഉത്തരം മുട്ടിക്കാന്‍ ഇബ്നു സഖ കരുതിയ ചോദ്യവും ഉത്തരവും ശൈഖ് പറയുകയും ചെയ്തു.പിന്നെ ജീലാനി തങ്ങളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു:’നിങ്ങളുടെ അദബുകാരണം അല്ലാഹുവും റസൂലും നിങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു’.പില്‍ക്കാലത്ത് ഉസ്താദുമാരോട് അദബ് കാണിച്ച ശൈഖ് ജീലാനി തങ്ങള്‍ വലിയ പണ്ഡിതനും വലിയ്യുമായി തീര്‍ന്നു.എന്നാല്‍ അദബില്ലാത്ത ഇബ്നു സഖയാവട്ടെ ഒരു അവിശ്വാസിയായ നസ്രാണിപെണ്ണിന്‍റെ വലയില്‍പ്പെട്ടുകൊണ്ട് കാഫിറായി മരണപ്പെട്ടു.

നോക്കൂ ഗുരുനാഥന്മാരോട് അദബോടെ പെരുമാറിയാല്‍ നമ്മുടെ മക്കള്‍ക്ക് ലഭിക്കാവുന്ന ഔന്നിത്യവും അവരോട് അദബുകേട് കാണിച്ചാല്‍ അവര്‍ക്ക് കിട്ടുന്ന ദുഷ്ഫലവും എത്ര വലുതാണ്.അതുകൊണ്ട് നമ്മുടെ മക്കളെ അദബുള്ളവരായി വളര്‍ത്താന്‍ ഓരോ രക്ഷിതാക്കളും ഒന്നുകൂടി ഉണര്‍ന്ന് പ്രവര്‍ത്തക്കണമെന്ന് ഗൗരവമായി സൂചിപ്പിക്കുകയാണ്.”നിങ്ങള്‍ അദബ് പ0ിക്കൂ പിന്നെ ഇല്‍മ് പ0ിക്കൂ”വെന്ന് ഇമാം ശാഫി (റ) പറഞ്ഞതുപോലെ ആദ്യം അദബുണ്ടായാലേ നമ്മുടെ മക്കള്‍ക്ക് ഉപകാരപ്രദമായ വിജ്ഞാനം ലഭിക്കുകയുള്ളൂ.ഗുരുനാഥന്മാരോടും രക്ഷിതാക്കളോടും മുതിര്‍ന്നവരോടും അദബോടെ വര്‍ത്തിക്കുന്ന മക്കളായി നമ്മുടെ മക്കള്‍ വളര്‍ന്നു വരാന്‍ നമുക്ക് ജാഗ്രതയോടെ പ്രവര്‍ത്തിക്കാം.നാഥന്‍ അനുഗ്രഹിക്കട്ടെ..ആമീന്‍

About Ahlussunna Online 723 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*