അഹമ്മദാബാദ്: ഭൂരിപക്ഷവാദം നിയമമാക്കാനാവില്ലെന്നും ഇന്ത്യയില്‍ ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ദീപ് ഗുപ്ത. ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും’ എന്ന വിഷയത്തില്‍ അഹമ്മദാബാദില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ അധികം പറഞ്ഞിട്ടില്ലാത്ത ഒരു അവകാശം കൂടി എന്നെ സംബന്ധിച്ചുണ്ട്. അഭിപ്രായം പറയാനും മനസ്സാക്ഷിക്കുനിരക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം. അതിന് പുറമെ ഏറ്റവും മുഖ്യമായ ഒന്നുണ്ട്, അത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഓരോ സമൂഹത്തിനും അവരുടേതായ നിയമങ്ങളുണ്ട്. ജനം കാലപ്പഴക്കമുള്ള നിയമങ്ങളിലും സമ്പ്രദായങ്ങളിലും കടിച്ചുതൂങ്ങുമ്പോള്‍ സമൂഹം ക്ഷയിക്കുകയാണ്. അത് പിന്നെ വികസിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയും വിമര്‍ശനത്തിന് അതീതമല്ലെന്നും താന്‍ സുപ്രിംകോടതി ജഡ്ജിയെന്ന നിലയിലല്ല ഈ അഭിപ്രായങ്ങള്‍ പറയുന്നതെന്നും അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്. പൗരന്‍മാരെന്ന നിലയില്‍ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യറിക്കും സായുധസേനയ്ക്കും എതിരേയുള്ള വിമര്‍ശനങ്ങളെ ഒരിക്കലും രാജ്യദ്രോഹമായി കാണാന്‍ സാധിക്കില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നമ്മള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നമ്മുടേത് ജനാധിപത്യരാജ്യത്തിനു പകരം പോലിസ് രാജാവും. അധികാരത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള എല്ലാവിധ അവകാശവും നമുക്കുണ്ട്. അത് ഏത് സര്‍ക്കാരുമായിക്കൊള്ളട്ടെ. രാജ്യദ്രോഹകുറ്റത്തിന്റെ ദുരുപയോഗം സ്വാതന്ത്ര്യസമരസേനാനികള്‍ നമുക്ക് നേടിത്തന്ന അടിസ്ഥന തത്വത്തിന് എതിരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അഭിപ്രായ സ്വാതന്ത്ര്യമെന്നത് ജനാധിപത്യത്തിന്റെ പ്രധാന ആശയങ്ങളിലൊന്നാണ്. ജനങ്ങള്‍ സര്‍ക്കാറിനെ ഒരിക്കലും ഭയപ്പെടുന്ന സാഹചര്യം സൃഷ്ടിക്കരുത്. സര്‍ക്കാറിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുത്. പൊതുസമൂഹത്തില്‍ ആരുടെയെങ്കിലും പ്രവര്‍ത്തിയോ വാക്കുകളോ പ്രശ്‌നങ്ങള്‍ക്ക് കാരണമായാല്‍ മാത്രമേ രാജ്യദ്രോഹകുറ്റം ചുമത്താനാവൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ചിന്തകര്‍ ഉദയം കൊള്ളുന്നത് സമൂഹത്തിന്റെ വളരെ സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോട് വിയോജിക്കുമ്പോഴാണ്. എല്ലാവരും നടക്കുന്ന വഴിയാണ് നാം പിന്തുടരുന്നതെങ്കില്‍ പുതിയ പാതകള്‍ ഒരിക്കലും സൃഷ്ടിക്കപ്പെടില്ല. മനസ്സിന്റെ പുതിയ വാതായനങ്ങള്‍ വികസിക്കുകയുമില്ല. പുതിയ ചിന്തകളും മതാചാരങ്ങളുമെല്ലാം വികസിക്കുന്നത് പഴയതിനെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ്. അതിനാല്‍ തന്നെ അഭിവാഞ്ജകള്‍ ഉപേക്ഷിക്കരുത്. എന്തുകൊണ്ട് ഈ വിശ്വാസം, എന്തു കൊണ്ട് പുതിയതൊന്നും ഉണ്ടാവുന്നില്ല എന്ന് എല്ലായ്‌പ്പോഴും ചോദിച്ചുകൊണ്ടിരിക്കണം. അപ്പോഴേ സമൂഹം വികസിക്കൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to comment